sections
MORE

ഇനി എല്ലാം ചൈന തീരുമാനിക്കും, കൂട്ടിന് 14 രാജ്യങ്ങളും,‌ ഇന്ത്യ വിട്ടുനിന്നത് വെറുതെയല്ല

jinping-modi
SHARE

ദിവസങ്ങൾക്ക് മുൻപാണ് ലോകത്തെ സാമ്പത്തിക, രാഷ്ട്രീയ മേഖലകളെ കാര്യമായി സ്വാധീനിക്കുന്ന വലിയൊരു കരാറിൽ തീരുമാനമായത്. ചൈന നേതൃത്വം നൽകുന്ന കരാറിൽ നിന്ന് ഇന്ത്യ പിന്‍മാറുകയും ചെയ്തു. ഈ സംഘത്തില്‍ ചേരാൻ ഇന്ത്യയ്ക്ക് എപ്പോൾ വേണമെങ്കിലും ഇടം ബാക്കിവച്ചാണ് ചർച്ച അവസാനിപ്പിച്ചത്. 10 ആസിയാൻ രാജ്യങ്ങളും ചൈന, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുമാണ് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർസിഇപി) ഒപ്പുവച്ചത്.

വിയ്റ്റ്നാം ആതിഥ്യം വഹിച്ച ആസിയാൻ വെർച്വൽ ഉച്ചകോടിയിൽ ഒപ്പുവച്ച കരാറിലൂടെ രൂപംകൊള്ളുന്നത് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയാണ്. ലോക ജനസംഖ്യയുടെ 30 ശതമാനവും ആഗോളതലത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 30 ശതമാനവുമാണ് ആർസിഇപിയിൽ ഉൾപ്പെടുന്ന 15 രാജ്യങ്ങളുടെ പങ്ക്.

കാർഷിക മേഖലയിലേതുൾപ്പെടെ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ, വിപണി തുറക്കുന്നതിന് ആനുപാതികമായി സേവന മേഖലകളിൽ അവസരം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാൻ മറ്റു രാജ്യങ്ങൾ തയാറാകാത്ത സ്ഥിതിയിൽ കരാറിൽനിന്നു പിന്മാറുകയാണെന്ന് 2019 നവംബർ 4ന് ഇന്ത്യ പ്രഖ്യാപിച്ചു. ആശങ്കകൾ പരിഹരിക്കാതെ കരാറിൽ ചേരില്ലെന്ന് ഇത്തവണത്തെ ഉച്ചകോടിയിലും ഇന്ത്യ വ്യക്തമാക്കി. തുടർന്നാണ് മറ്റു 15 രാജ്യങ്ങൾ കരാർ ഒപ്പിട്ടത്.

∙ നേട്ടം ചൈനയ്ക്ക് തന്നെ

കരാറിൽ ഒപ്പുവെച്ച രാജ്യങ്ങളിലെല്ലാം ഫ്രീയായി കച്ചവടം ചെയ്യാം എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കാൻ പോകുന്നത് ചൈന തന്നെയാണ്. ഇലക്ട്രോണിക്സ് മേഖലകളിൽ വൻ മുന്നേറ്റം നടത്തുന്ന ചൈനയ്ക്ക് ഈ കരാർ വഴി പതിനഞ്ചോളം രാജ്യങ്ങളിൽ വേണ്ടപോലെ കച്ചവടം തുടരാം. ഇന്ത്യ പിൻമാറിയെങ്കിലും വിപണി നിയന്ത്രിക്കുക ചൈന തന്നെയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട് ഫോണുകളും മറ്റു ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും നിർമിക്കുന്ന രാജ്യമാണ് ചൈന. ഇതെല്ലാം അതിവേഗം, നിയന്ത്രണങ്ങളില്ലാതെ വിൽക്കാൻ വിപണി വേണ്ടതുണ്ട്. അതായത് ഇനിയുള്ള ദിവസങ്ങളിൽ വിപണിയിലെ കാര്യങ്ങളെല്ലാം ചൈന തീരുമാനിക്കും.

മിക്ക ചൈനീസ് കമ്പനികൾക്കും അമേരിക്കയും യൂറോപ്പും അയിത്തം കൽപ്പിച്ചിരിക്കുകയാണ്. അമേരിക്കയുമായി വ്യാപാര ബന്ധം ഉലഞ്ഞ സാഹചര്യത്തിൽ ആർസിഇപി വഴി അംഗരാജ്യങ്ങളുമായി ചൈനക്ക് വൻതോതിൽ വ്യാപാരത്തിന് വഴിതുറക്കാൻ സാധിക്കും. കൊറോണവൈറസ് കാരണം തകർന്നു പോയ വിപണികൾ തിരിച്ചുപിടിക്കാനും ഇതിലൂടെ സാധിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണിയായി ചൈനയ്ക്ക് ആധിപത്യം തുടരാനും ഇതുവഴി സാധിക്കും. അമേരിക്കയുടെ ആക്രമണത്തിൽ രക്ഷപ്പെട്ട് ഏഷ്യൻ മേഖലയിൽ പുതിയ വ്യാപാരനിയമങ്ങളിലൂടെ ചൈനയ്ക്ക് വൻ മുന്നേറ്റം നടത്താൻ സാധിക്കും. അംഗരാജ്യങ്ങൾക്കിടയിൽ എവിടേക്കും അനായാസം കയറ്റുമതി സാധ്യമാകും. ഇത് ചൈനീസ് കമ്പനികൾക്ക് വൻ നേട്ടമാകും. ഓരോ രാജ്യത്തിനും വേണ്ടി പ്രത്യേകം നടപടിക്രമം എന്നത് പഴങ്കഥയാകുമെന്ന് ചുരുക്കം.

∙ എന്തുകൊണ്ട് ഇന്ത്യ വിട്ടുനിന്നു?

ആർസിഇപി കരാറിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കാൻ വ്യക്തമായ കാരണങ്ങളുണ്ട്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഇവിടെ തന്നെ ഉൽപന്നങ്ങൾ നിർമിച്ച് വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് ഇന്ത്യയുടെ നീക്കം. കരാറിന്റെ ഭാഗമായാൽ ചൈനയുടെ വിലകുറഞ്ഞ ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് ഒഴുകും. ഇതോടെ സ്വദേശി കമ്പനികളെല്ലാം പിടിച്ചുനിൽക്കാനാവാതെ പ്രതിസന്ധിയിലാകും. ശരിക്കും പറഞ്ഞാൽ ചൈനയുടെ സാധനങ്ങൾ വിൽക്കുന്ന ചന്തയാണ് ഇന്ത്യ. ഇതിനൊരു മാറ്റം കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ഇളവുകളും മറ്റു ആനുകൂല്യങ്ങളും നൽകി വിദേശ, ആഭ്യന്തര കമ്പനികളെ നിക്ഷേപമിറക്കാൻ ക്ഷണിക്കുന്നത്. എന്നാൽ, ആർസിഇപി കരാറിന്റെ ഭാഗമാകുന്നതോടെ കാര്യങ്ങളെല്ലാം ചൈനയുടെ കൈവശമാകും.

English Summary: India is shutting the RCEP door. Is it opening others in time?

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA