ADVERTISEMENT

ബ്രിട്ടനില്‍ 66 ലക്ഷം ഡോളറിനുള്ള (ഏകദേശം 49.16 കോടി രൂപ) ആപ്പിള്‍ ഉപകരണങ്ങളുമായി പോകുകയായിരുന്ന ട്രക്ക് തട്ടിയെടുത്തു. കള്ളന്മാര്‍ക്കുള്ള തിരച്ചിൽ നടക്കുകയാണെന്ന് ബ്രിട്ടിഷ് പൊലീസ് പറഞ്ഞു. ട്രക്കിന്റെ ഡ്രൈവറെയും, സുരക്ഷാ ഉദ്യോഗസ്ഥനെയും കെട്ടിയിട്ട ശേഷമാണ് ട്രക്കുമായി കടന്നത്. നോര്‍താംപ്റ്റണ്‍ഷെയറിലുള്ള എം1 മോട്ടര്‍വേയിലാണ് സംഭവം നടന്നത്. അടുത്തുള്ള വ്യവസായ മേഖലയിലേക്ക് ട്രക്ക് ഓടിച്ചു പോകുകയായിരുന്നു കള്ളന്‍മാർ. അവിടെ വച്ച് തങ്ങളുടെ കൊള്ളമുതല്‍ മറ്റൊരു ട്രക്കിലാക്കി, ലട്ടര്‍വര്‍ത് എന്നൊരു ടൗണിലെത്തിക്കുകയും അവിടെ നിന്ന് മൂന്നാമതൊരു ട്രക്കില്‍ ആപ്പിളിന്റെ പ്രൊഡക്ടുകള്‍ കയറ്റി ഓടിച്ചു പോകുകയുമാണ് ഉണ്ടായതെന്നാണ് പൊലീസ് ഭാഷ്യം. ഈ കാര്യങ്ങള്‍ ആരെങ്കിലും കാണാനിടയായെങ്കില്‍ അവര്‍ തങ്ങളോട് അക്കാര്യം പറയണമെന്നും, ആപ്പിള്‍ ഉപകരണങ്ങള്‍ ആരെങ്കിലും വില കുറച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നതു കണ്ടാലും തങ്ങളെ അറിയിക്കണമെന്നും അധികാരികള്‍ അറിയിച്ചിട്ടുണ്ട്.

 

∙ ഏറ്റവും ശക്തിയുള്ള രണ്ടു സൂപ്പര്‍കംപ്യൂട്ടറുകള്‍ ഇന്ത്യയുടേത്

 

ഇന്ത്യയിലെ ഏറ്റവും ശക്തമായ സൂപ്പർ കംപ്യൂട്ടർ ‘പരം സിദ്ധി-എഐ’ (Param Siddhi-AI) എന്ന എച്പിസി-എഐ സൂപ്പര്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തനക്ഷമം ആകുകയാണെന്ന് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വിവരം വച്ച് ലോകത്തെ ഏറ്റവും ശക്തിയേറിയ സൂപ്പര്‍കംപ്യൂട്ടറുകളുടെ ലിസ്റ്റില്‍ ഇന്ത്യയുടെ സൂപ്പര്‍ കംപ്യൂട്ടര്‍ ഇടംപിടിച്ചു കഴിഞ്ഞു. ആഗോള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സേവന ദാതാവായ അറ്റോസ് (Atos) പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം പരം സിദ്ധി- എഐക്ക് ലോകത്തെ ഏറ്റവും ശക്തമായ 500 സൂപ്പര്‍ കംപ്യൂട്ടറുകള്‍ക്കിടയില്‍ 63-ാം സ്ഥാനമാണ് ഉള്ളത്. ഇതാണ് ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ സൂപ്പര്‍ കംപ്യൂട്ടര്‍. പരം സിദ്ധി-എഐയുടെ നിര്‍മാണത്തില്‍, എന്‍വിഡിയോ ഡിജിഎക്‌സ് എ100 സിസ്റ്റംസ്, എന്‍വിഡിയ മെലനോക്‌സ് (Mellanox) എച്ഡിആര്‍ ഇന്‍ഫിനിബന്‍ഡ് നെറ്റ് വര്‍ക്ക്, സി-ഡാക് എച്പിസി-എഐ എൻജിന്‍, എഐ സോഫ്റ്റ്‌വെയര്‍ സ്റ്റാക്ക്, ക്ലൗഡ് പ്ലാറ്റ്‌ഫോം എന്നിവയുമായി കണക്ടു ചെയ്തിരിക്കുകയാണ്. ഇതിന്റെ പ്രകടനം 4.6 പെറ്റാഫ്‌ളോപ്‌സ് സസ്റ്റെയ്ന്‍ഡ്, 210 എഐ പെറ്റഫ്‌ളോപ്‌സ് എന്നിങ്ങനെയാണ്.

 

ദേശീയ സൂപ്പര്‍ കംപ്യൂട്ടിങ് മിഷന്റെ കീഴിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിനും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കും കീഴിലാണ് നാഷണല്‍ സൂപ്പര്‍ കംപ്യൂട്ടിങ് മിഷന്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, പരം സിദ്ധി- എഐ മാത്രമല്ല ഏറ്റവും കരുത്തുറ്റ 100 സൂപ്പര്‍കംപ്യൂട്ടറുകളുടെ ലിസ്റ്റിലുള്ളത്. ലിസ്റ്റില്‍ 78-ാം സ്ഥാനത്താണ് പ്രത്യൂഷ് (Pratyush) ഉള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ഇത് കാലാവസ്ഥാ പ്രവചനത്തിനാണ് ഉപയോഗിക്കുന്നത്.

മാർക്ക് സക്കർബർഗ്.
മാർക്ക് സക്കർബർഗ്.

 

∙ ഫെയ്‌സ്ബുക്കിനെതിരെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍

 

അമേരിക്കയില്‍ ഭരണത്തിലിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റര്‍മാര്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ പ്രചരിക്കാന്‍ അനുവദിച്ചില്ലെന്നു പറഞ്ഞ് ഫെയ്‌സ്ബുക്കിനെയും ട്വിറ്ററിനെയും ആക്രമിച്ചപ്പോള്‍, തെരഞ്ഞെടുപ്പിനെക്കുറിച്ച് സമൂഹ മാധ്യമങ്ങള്‍ പരത്തുന്ന വ്യാജവാര്‍ത്തയെക്കുറിച്ചാണ് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ രോഷംപൂണ്ടത്. എന്നാല്‍, ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും, ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സെയും തങ്ങളുടെ തീരുമാനങ്ങള്‍ ശരിയായിരുന്നുവെന്നു വാദിച്ചു. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജോ ബൈഡന്റെ മകനെക്കുറിച്ചു ന്യൂയോര്‍ക് പോസ്റ്റ് പുറത്തുവിട്ട ആരോപണങ്ങള്‍ ഫെയ്‌സബുക്കിലൂടെയും ട്വിറ്ററിലൂടെയും പ്രചരിക്കാന്‍ അനുവദിക്കാതിരുന്നത് ശരിയായ നടപടിയായിരുന്നു എന്നാണ് കമ്പനി മേധാവികളുടെ വാദം.

 

പക്ഷേ, നിങ്ങള്‍ ഒരു വാര്‍ത്താ മാധ്യമമല്ലെങ്കില്‍ പിന്നെ എന്തിനാണ് ന്യൂ യോര്‍ക് പോസ്റ്റിന്റെ വാര്‍ത്ത പ്രചരിക്കാന്‍ അനുവദിക്കാതിരുന്നത്? എന്നാണ് ജുഡിഷ്യറി കമ്മറ്റിയുടെ ചെയര്‍മാന്‍ ലിന്‍ഡ്‌സെ ഗ്രയാം ചോദിച്ചത്. ഹണ്ടര്‍ ബൈഡനെക്കുറിച്ചുള്ള വാര്‍ത്ത ബൈഡന്റെ പ്രചാരണത്തിനുണ്ടായിരുന്നവര്‍ തള്ളിക്കളഞ്ഞതാണ്. അപ്പോള്‍ പോലും എന്തുകൊണ്ട് ഫെയ്‌സ്ബുക്കും ട്വിറ്ററും അത് ഫ്‌ളാഗു ചെയ്യുകയോ, നിരോധിക്കുകയോ ചെയ്തു എന്നാണ് ഉയരുന്ന ചോദ്യം. അതായത്, മാധ്യമങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ സ്വാതന്ത്ര്യം സമൂഹ മാധ്യമങ്ങള്‍ ആസ്വദിക്കുന്നുണ്ടോ എന്നാണ് അവര്‍ ഉയര്‍ത്തുന്ന ചോദ്യം. സമൂഹ മാധ്യമങ്ങള്‍ക്കെതിരെ വ്യക്തമായ നയം രൂപികരിക്കേണ്ട കാലമെത്തിരിയിരിക്കുകയാണ് എന്ന അഭിപ്രായമാണ് ഉയരുന്നത്. ഇരു കമ്പനികളും തങ്ങള്‍ കണ്ടെന്റ് പ്രചരിക്കുന്ന കാര്യത്തെക്കുറിച്ച് കൂടുതല്‍ വീണ്ടുവിചാരത്തോടെ പ്രവര്‍ത്തിക്കാം എന്നു സമ്മതിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങള്‍ക്കും മറ്റും ഇപ്പോഴത്തെ നിലയില്‍ പോകാന്‍ അനുമതി നല്‍കുന്ന സെക്ഷന്‍ 230 എടുത്തു നീക്കണമെന്ന വാദമുള്ളയാളാണ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും. എന്നാല്‍, ഇത് എടുത്തു മാറ്റിയാല്‍ ആളുകള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ വഴിയുളള സംസാര സ്വാതന്ത്ര്യം ഇല്ലാതാകുമെന്നാണ് ട്വിറ്റര്‍ മേധാവിയുടെ വാദം. എന്നാല്‍, സെക്ഷന്‍ 230 നീക്കുന്നതിനെ താന്‍ പിന്തുണയ്ക്കുന്നുവെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്.

 

∙ ഉപയോക്താക്കളെ ട്രാക്കു ചെയ്യുന്നില്ലെന്ന് ആപ്പിള്‍

 

ഉപയോക്താക്കളെ ട്രാക്കു ചെയ്യുന്നു എന്ന തരത്തില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ശരിയല്ലെന്നു പറഞ്ഞ് ആപ്പിള്‍ രംഗത്തെത്തി. ഉപയോക്താവിന്റെ ഫോണില്‍ സൃഷ്ടിക്കപ്പെടുന്ന ഐഡിഎഫ്എ (Identifier for Advertisers, IDFA) തങ്ങള്‍ ഒരു കാര്യത്തിനും ഉപയോഗിക്കുന്നില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. തങ്ങളുടെ ലക്ഷ്യം ഉപയോക്താവിന്റെ സ്വകാര്യതാ സംരക്ഷണമാണ്. ഇത്ര നാള്‍ സാധ്യമായിരുന്നതിനേക്കള്‍ കൂടുതല്‍ നിയന്ത്രണങ്ങളാണ് തങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നത് എന്നാണ് കമ്പനിയുടെ വാദം. അവരവരുടെ ഡേറ്റ പരസ്യക്കാരുമായി ബന്ധിപ്പിക്കമമോ വേണ്ടയോ എന്ന കാര്യം ഉപയോക്താവിന് തീരുമാനിക്കാം. അതു കൂടാതെ തങ്ങളുടെ പുതിയ മാറ്റങ്ങള്‍ യൂറോപ്പിന്റെ ഡേറ്റാ സ്വകാര്യതാ നിയമമായ ജിഡിപിആര്‍ ലംഘിക്കുന്നില്ലെന്നും അവര്‍ അവകാശപ്പെട്ടു. ഉപയോക്താക്കളുടെ ഡേറ്റയുടെ സമ്പൂര്‍ണ നിയന്ത്രണം അവരെ തന്നെ ഏല്‍പ്പിച്ചിരിക്കുകയാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

എന്നാല്‍, ആപ്പിളിനെതിരെ ആരോപണം ഉന്നയിച്ച നോയിബ് (Noyb) ഗ്രൂപ് തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഐഫോണുകളിലും മറ്റും ഐഡിഎഫ്എ ആപ്പിള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് നിയമപരമല്ല എന്നാണ് അവര്‍ തറപ്പിച്ചു പറയുന്നത്. ഇതിലൂടെ ആപ്പിളിനും, തേഡ് പാര്‍ട്ടി ആപ്പുകള്‍ക്കും, പരസ്യക്കാര്‍ക്കുമൊക്കെ ഉപയോക്താവിന്റെ ചെയ്തികള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്നുവെന്ന ഗുരുതരമായ ആരോപണം അവര്‍ ആവര്‍ത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. തങ്ങളുടെ നിലപാട് ലളിതമാണ്- നിരീക്ഷിക്കല്‍ പരിപാടി നിയമവിരുദ്ധമാണ്. അല്ലെങ്കില്‍ ഉപയോക്താവിന്റെ വ്യക്തമായ സമ്മതം വാങ്ങിയിരിക്കണം. ഒരു വ്യക്തിയുടെ അന്തരംഗമറിയാവുന്ന ഉപകരണമാണ് സ്മാര്‍ട് ഫോണ്‍. അത് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതു ശരിയല്ല. ഒരു ട്രാക്കര്‍ പോലും അതില്‍ പാടില്ല. അതിനെതിരെയുള്ള യുദ്ധം തുടരുമെന്നാണ് നോയിബ്  പറയുന്നത്. ഗൂഗിളിനും ഫെയ്‌സ്ബുക്കിനും എതിരെയും സമാനമായ നീക്കങ്ങള്‍ കമ്പനി നടത്തുന്നുണ്ട്.

 

∙ ഫ്‌ളിപ്കാര്‍ട്ടും ഫോണ്‍പേയും മികച്ച നേട്ടമുണ്ടാക്കിയെന്ന് വാള്‍മാര്‍ട്ട്

 

മൂന്നാം പാദത്തില്‍ തങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളിപ്കാര്‍ട്ടും, ഫോണ്‍പേയും മികച്ച പ്രകടനം നടത്തിയെന്ന് വാള്‍മാര്‍ട്ട് അറിയിച്ചു.

 

∙ സാംസങ് ഗ്യാലക്‌സി എം42ന് 6000 എംഎഎച് ബാറ്ററി?

 

സാംസങ് ഗ്യാലക്‌സി എം42, എം12 എന്നീ മോഡലുകള്‍ ഈ വര്‍ഷം പുറത്തിറക്കിയേക്കുമെന്നു പറയുന്നു. ഇതില്‍ എം42ന് 6000 എംഎഎച് ബാറ്ററിയുണ്ടാകാമെന്നും പറയുന്നു.

 

English Summary: Truck hijacked with $6.6M worth of Apple products on board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com