ADVERTISEMENT

സ്മാര്‍ട് ഫോണിലെ ആപ് സംസ്‌കാരത്തെ പിടിച്ചുലച്ച വിവാദമായിരുന്നു ആപ്പിള്‍ ആപ് സ്റ്റോറിലൂടെ വില്‍ക്കുന്ന ആപ്പുകളുടെ 30 ശതമാനം ലാഭം പിടിച്ചുവാങ്ങുന്നു എന്നത്. ഇതിനെതിരെ അമേരിക്കയിലടക്കം അന്വേഷണവും നടക്കുന്നുണ്ടായിരുന്നു. സർക്കാർ തങ്ങളെ താമസിയാതെ പിടികൂടുമെന്നോ, കമ്പനിയുടെ സദ്‌പേരിനു കളങ്കമേല്‍പ്പിക്കുമെന്നോ തോന്നിയതിനാലാകണം ഈ 'നോക്കുകൂലി' ഇനി കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഒട്ടു മിക്ക ആപ് ഡവലപ്പര്‍മാരില്‍ നിന്നും ഇനി 15 ശതമാനം ഫീ മാത്രമെ വാങ്ങൂ എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2008ല്‍ തുടങ്ങിയ ആപ് സ്റ്റോറിനു വന്നിരിക്കുന്ന ഏറ്റവും വലിയ മാറ്റമാണിതെന്നാണ് അവലോകകര്‍ വിലയിരുത്തുന്നത്. എന്നാല്‍, എല്ലാ ആപ് നിര്‍മാതാക്കള്‍ക്കും ഇതിന്റെ ഗുണം ലഭിക്കില്ല.

 

പ്രതിവര്‍ഷം 10 ലക്ഷം ഡോളര്‍ വരെ ഉണ്ടാക്കുന്ന എല്ലാ ആപ് നിര്‍മാതാക്കള്‍ക്കും, പുതിയതായി ആപ് സ്റ്റോറിലെത്തുന്ന ആപ്പുകള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. അടുത്ത ജനുവരി 1 മുതല്‍ ഇതു നിലവില്‍ വരും. എന്നാല്‍, ഇത് നെറ്റ്ഫ്‌ളിക്‌സ്, സപോട്ടിഫൈ തുടങ്ങിയ ആപ്പുകളെ ബാധിക്കില്ല. അവര്‍ 30 ശതമാനം വച്ചു തുടര്‍ന്നും നല്‍കേണ്ടിവരും. പാവപ്പെട്ട ആപ് നിര്‍മാതാക്കളുടെ പിച്ചച്ചട്ടിയില്‍ ആപ്പിള്‍ കൈയ്യിട്ടു വാരുന്നു എന്നാണ് കമ്പനിക്കെതിരെ ഇതുവരെ ഉയര്‍ന്നു കേട്ടിരുന്ന ആരോപണം. കുറച്ചു പണം മതി എന്ന പുതിയ തീരുമാനത്തിനു ശേഷവും ആപ്പിളിന് അടുത്ത വര്‍ഷം ആപ് സ്റ്റോറില്‍ നിന്നു മാത്രം 18.7 ബില്ല്യന്‍ ഡോളര്‍ വരുമാനം ലഭിക്കുമെന്നാണ് വിശകലന വിദഗ്ധനായ ടോണി സാക്കോനാഗി പ്രവചിക്കുന്നത്. തങ്ങളുടെ ആപ് സ്റ്റോറില്‍ 1.8 ദശലക്ഷം ആപ്പുകളുണ്ടെന്നാണ് ആപ്പിള്‍ പറയുന്നത്. ആപ്‌സ്റ്റോറിന് 28 ദശലക്ഷം റജിസ്റ്റര്‍ ചെയ്ത ഡവലപ്പര്‍മാരുമുണ്ട്. കമ്പനി ഈ വര്‍ഷം ആദ്യം പുറത്തുവിട്ട കണക്കു പ്രകാരം, ആപ്‌സ്റ്റോറിന്റെ തുടക്കം മുതല്‍ ഡവലപ്പര്‍മാരില്‍ നിന്നു കമ്പനിക്കു ലഭിച്ചിരിക്കുന്നത് 155 ബില്ല്യന്‍ ഡോളറാണ്.

 

ആപ്‌സ്റ്റോറില്‍ വാങ്ങുന്ന 'നോക്കുകൂലിക്കെതിരെ' അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ കമ്പനിയുടെ മേധാവി ടിം കുക്കിനെ ചോദ്യംചെയ്തിരുന്നു. ഇനിയും പ്രതിവര്‍ഷം 10 ലക്ഷം ഡോളറിലേറെ ആപ്‌സ്റ്റോറില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്ന ആപ്പുകള്‍ ആപ്പിളിന് 30 ശതമാനം വിഹിതം നല്‍കേണ്ടതായി വരും. എന്നാല്‍, പാവപ്പെട്ട ആപ് ഡവലപ്പര്‍മാരെയും ആപ്പിള്‍ പിഴിയുന്നു എന്ന പഴി ഓഴിവാക്കാനായി തന്നെയായിരിക്കണം പുതുയ നീക്കം. ആപ്പിളിനെ കണ്ടു പഠിച്ച ഗൂഗിളും തങ്ങളുടെ ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ നിന്ന് 30 ശതമാനം പൈസ വാങ്ങുന്നുണ്ട്. ഇതും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ താമസിയാതെ കുറച്ചേക്കാം.

 

∙ ബെംഗളൂരു ടെക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രി

 

ടെക്‌നോളജിയെ വിവിധ സംസ്ഥാനങ്ങള്‍ ഗൗരവത്തിലെടുത്തു തുടങ്ങി എന്നതിന്റെ വ്യക്തമായ സൂചനയാണ് കര്‍ണ്ണാടക സംസ്ഥാനത്തിന്റെ വാര്‍ഷിക ടെക്‌നോളജി സമ്മേളനമായ ബെംഗളൂരു സമ്മിറ്റ് 2020. ഈ വര്‍ഷത്തെ ഉന്നതതലസമ്മേളനം നവംബർ 19 മുതല്‍ 21 വരെ വരെയാണ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലസമ്മേളനം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യും. വെര്‍ച്വല്‍ സമ്മേളനത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറസണ്‍, സ്വിറ്റസര്‍ലൻഡിന്റെ ഉപരാഷ്ട്രപതി ഗായ് പാര്‍മലെയ്ന്‍ തുടങ്ങിയവരും സംസാരിക്കും. 270 പേര്‍ സംസാരിക്കുന്ന ഈ സമ്മേളനത്തില്‍ 75 പാനല്‍ ഡിസ്‌കഷനുകളും ഉണ്ടായിരിക്കും. പ്രതിദിനം 50,000 ലേറെ പേര്‍ പങ്കെടുക്കുമെന്നു കരുതുന്നു.

 

∙ വാവെയ് കമ്പനിയോടുള്ള സമീപനം മാറിയോ?

 

ചൈനീസ് ടെക്‌നോളജി ഭീമന്‍ വാവെയെ ഒരു ഭീകരനായി ഉയര്‍ത്തിക്കാട്ടുക എന്നതായിരുന്നു അടുത്തിടെ വരെ കണ്ടുവന്ന രീതി. ഇതിന്റെ തുടര്‍ച്ചെയന്നോണം സ്വീഡന്‍ തങ്ങളുടെ 5ജി ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വാവെയെ വിലക്കുകയും ചെയ്തു. എന്നാലിപ്പോള്‍, വാവെയുടെ പ്രധാന എതിരാളികളിലൊരാളായ എറിക്‌സണ്‍ ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. വാവെയെ ലേലത്തില്‍ പങ്കെടുപ്പിക്കണം എന്നാണ് അവര്‍ സ്വീഡണിലെ അധികാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പങ്കെടുപ്പിക്കാതിരുന്നാല്‍ മത്സരം കുറയുമെന്നും, സ്വതന്ത്രവ്യാപാരമെന്ന സങ്കല്‍പ്പത്തിനു കളങ്കമേശുമെന്നുമാണ് അവര്‍ പറഞ്ഞിരിക്കുന്നത്. വാവെയ് രംഗത്തില്ലാതിരുന്നാല്‍ അതിന്റെ ഗുണം കിട്ടുക എറിക്‌സണ്‍, നോക്കിയ, സാംസങ് തുടങ്ങിയ കമ്പനികള്‍ക്കാണ് എന്നിരിക്കെയാണ് ഈ പുതിയ സംഭവിവികാസത്തിന്റെ പ്രാധാന്യം. വാവെയ് കമ്പനി ഒരുക്കുന്ന 5ജി ഒരു സുരക്ഷാ ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു തുടങ്ങിയതോടെയാണ് മിക്ക രാജ്യങ്ങളും ഈ ചൈനീസ് കമ്പനിയെ പടിക്കു പുറത്തു നിർത്താന്‍ തീരുമാനിച്ചത്. ട്രംപ് ഇനി തിരിച്ചു വരില്ലെന്ന തോന്നലിലാണോ മനംമാറ്റം എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ 5ജി ലേലത്തില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കണമെന്ന ശക്തമായ ആവശ്യമുണ്ടായിട്ടും സർക്കാർ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

 

∙ പുതിയ ആപ്പിള്‍ കംപ്യൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി

 

ആപ്പിളിന്റെ സ്വന്തം സിലിക്കണ്‍ പ്രോസസറായ എം1 ല്‍ പ്രവര്‍ത്തിക്കുന്ന മാക്ബുക്ക് പ്രോ, മാക്ബുക്ക് എയര്‍ ലാപ്‌ടോപ്പുകളും മാക് മിനിയും വില്‍പ്പന തുടങ്ങി. മാക്ബുക്ക് എയര്‍ ശ്രേണിയുടെ ഇന്ത്യയിലെ തുടക്ക വില 92,900 രൂപയാണ്. ഏഴു കോറുള്ള ജിപിയു, 256 ജിബി എസ്എസ്ഡി എന്നിവയുള്ള മോഡലിനാണ് ഈ വില. എട്ടു കോര്‍ ജിപിയു, 512ജിബി സംഭരണശേഷി എന്നീ മാറ്റം വേണ്ടവര്‍ 1,17,900 രൂപ നല്‍കണം. മാക്ബുക്ക് പ്രോയുടെ തുടക്ക വില 1,22,900 രൂപയാണ്. എട്ടു കോര്‍ ജിപിയു, 256ജിബി എസ്എസ്ഡി എന്നിവ ഉള്ള മോഡലിനാണ് ഈ വില. അതേസമയം, 256 ജിബി സംഭരണശേഷിയുള്ള മോഡലിന് 1,42,900 രൂപ നല്‍കണം.

 

പുതിയ മാക്മിനിയുടെ തുടക്ക വേരിയന്റിന് 64,900 രൂപയാണ് വില. 8ജിബി റാമും, 256 ജിബി സംഭരണശേഷിയുമാണ് തുടക്ക മോഡലിന്. 512 ജിബി സംഭരണശേഷിയുള്ള മോഡലാണ് വേണ്ടതെങ്കില്‍ 84,900 രൂപ നല്‍കണം. എന്നാല്‍, ഫോട്ടോഷോപ് അടക്കമുള്ള പല പ്രോഗ്രാമുകളും പുതിയ സിലിക്കണ്‍ പ്രോസസറില്‍ പ്രവര്‍ത്തന സജ്ജമാകുന്നതേയുള്ളു. എം1 പ്രോസസറിനു വേണ്ടിയുള്ള ഫോട്ടോഷോപ്പിന്റെ ബീറ്റാ വേര്‍ഷന്‍ കഴിഞ്ഞ ദിവസം അഡോബി പുറത്തിറക്കിയിരുന്നു.

 

∙ സോണിയുടെ ഏറ്റവും ചെറിയ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ ഇന്ത്യയില്‍

 

സോണിയുടെ ഏറ്റവും ചെറിയ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയുടെ വില്‍പ്പന ഇന്ത്യയില്‍ തുടങ്ങി. സോണി ആല്‍ഫാ 7സി എന്നു പേരിട്ടിരിക്കുന്ന മോഡലിന്റെ ബോഡിക്കു മാത്രം 1,67,990 രൂപയാണ് വില. കിറ്റ് ലെന്‍സുമൊത്തു വാങ്ങാന്‍ 1,96,990 രൂപ നല്‍കണം. ഈ മോഡലിന് 4കെ വിഡിയോ റെക്കോഡു ചെയ്യാനാകും. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് കേന്ദ്രീകൃത ഐ ഓട്ടോഫോക്കസും ഉണ്ട് ഈ 24.2 എംപി ക്യമാറയ്ക്ക്.

 

∙ റിയല്‍മി ഈ ഉത്സവകാലത്തു 6.3 ദശലക്ഷം ഫോണുകള്‍ വിറ്റുവെന്ന്

 

ചൈനീസ് കമ്പനിയായ റിയല്‍മി ഈ വര്‍ഷത്തെ ഉത്സവകാല സീസണില്‍ 6.3 ദശലക്ഷം സ്മാര്‍ട് ഫോണുകളും, 8.3 ദശലക്ഷം സ്മാര്‍ട് ഹോം ഉപകരണങ്ങളും വിറ്റതായി അവകാശപ്പെട്ടു. തങ്ങളുടെ 1,90,000 സ്മാര്‍ട് ടിവികള്‍ വിറ്റുപോയതായി കമ്പനി പറയുന്നു.

 

English Summary: Apple slashes commission fees to developers on its App Store

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com