ADVERTISEMENT

ഡിജിറ്റൽ യുഗത്തിൽ ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും സൂക്ഷിച്ചു വയ്ക്കുമ്പോഴും ഉയർന്ന കരുതൽ പുലർത്തേണ്ടതുണ്ടെന്ന് ലോറിയൽ ഡിജിറ്റൽ മാർക്കറ്റിങ് ലീഡ് അന്വേഷ പോസ്‍വാലിയ. മനോരമ ഓൺലൈൻ ടെക്സ്പെക്ടേഷൻ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. തന്റെ തൊട്ടടുത്ത് എന്തു കിട്ടുമെന്നാണ് മൊബൈൽ ഫോണിലൂടെ ഉപയോക്താക്കൾ തേടുന്നത്. ഒരു പരസ്യത്തിലൂടെ സേവനങ്ങളൊ ഉൽപന്നങ്ങളൊ അവതരിപ്പിക്കുമ്പോൾ ഉപഭോക്താക്കളുടെ കാഴ്ചപ്പുറത്ത് അവയെത്തിയിട്ടുണ്ടായിരിക്കണം. സ്ഥല സാഹചര്യങ്ങൾ പരിഗണിച്ചാണ് ഓരോ ഉപഭോക്താവും ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നതിനാൽ അത് പ്രധാനമാണ്. 

 

മൊബൈൽ ഫോൺ കമ്യൂണിക്കേഷനുള്ള ഏറ്റവും വലിയ മാർഗമായി മാറിയതിൽ നിന്ന് ഇനി തിരിച്ചു പോക്കില്ല. പാൻഡമിക് വന്നപ്പോൾ ബ്രാൻഡുകളും ഉൽപാദകരുമെല്ലാം പുതിയ ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ മൊബൈൽ ഫോണിനെെ ഉപയോഗപ്പടുത്തി. അതിൽ വിജയിച്ച എല്ലാബ്രാൻഡുകളുടെയും കാര്യത്തിൽ ദീർഘകാല മാറ്റമാണ് ഇത് വരുത്തിയത്. ഇതാണ് പുതിയ ജീവിതരീതി. വിപണിയിലെ മൊബൈൽഫോൺ വാഴ്ചയിലെ കാലഘട്ടത്തിൽ ബ്രാൻഡുകൾ വിപണിയിൽ വിജയിക്കാൻ കൂടുതൽ ശ്രദ്ധ പുലർത്തണം. ഉൽപന്നങ്ങളുടെ അവതരണം പ്രധാനമാണ്. ഉപഭോക്താവിന്റെ ആവശ്യം പരഹരിക്കും വിധമുള്ള പരസ്യങ്ങളാവണം അവതരിപ്പിക്കേണ്ടത്. 

 

ഉൽപന്നങ്ങളും സേവനങ്ങളും മാത്രമല്ല, അവരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങളും മൊബൈൽ ഫോണിൽ തേടുന്നുണ്ട്. അതുകൂടി മുൻകൂട്ടി കണ്ടു വേണം പരസ്യത്തിന്റെ ഉള്ളടക്കം തീരുമാനിക്കാൻ. ഉൽപന്നത്തിന്റെയൊ സേവനത്തിന്റെയൊ കാറ്റലോഗ് തന്നെയിരിക്കണം ആ പരസ്യം. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കൊടുക്കാനും പരസ്യങ്ങൾക്കു സാധിക്കണം. മൊബൈൽ വിൽപനയ്ക്ക് ശ്രമിക്കുമ്പോൾ ഏറ്റവും പ്രധാന്യം ഉൽപന്ന അവതരണത്തിനു തന്നെയായിരിക്കണം. ഉപഭോക്താക്കളുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം മൊബൈൽ പരസ്യങ്ങളിലൂടെ ലഭ്യമായിട്ടുണ്ടാകണം. പരസ്യങ്ങളും മൊബൈൽ ആപ്പുകളും വ്യക്തികേന്ദ്രീകൃത സംശയ നിവാരണത്തിന് ഉതകുന്ന വിധമായിരിക്കണം നിർമിക്കാൻ. ചാറ്റ്ബോട്ട് പോലെയുള്ള സംവിധാനങ്ങൾ അതിന് ഉപയോഗപ്പെടുത്താം. 

 

വിജ്ഞാനവും വിനോദവും ഒരുമിച്ചു നൽകുന്നതാകണം ഓരോ പരസ്യ ചിത്രങ്ങളും. പരസ്യചിത്രങ്ങളുടെ ദൈർഘ്യവും വളരെ പ്രധാനമാണ്. ഓരോ പരസ്യവും ഉപഭോക്താക്കളെ ഉൽപന്നങ്ങളിലേയ്ക്ക് ചുവടു വയ്പിക്കുന്നതായിരിക്കണം. അല്ലാത്ത പക്ഷം വിൽപന എന്ന ലക്ഷ്യം നിറവേറാതെ പോകുമെന്നും അന്വേഷ വിശദീകരിക്കുന്നു. 

 

മൊബൈൽ ഫോണിൽ വ്യക്തികളോട് സംവദിക്കണം: റിഷി വർമ

മൊബൈൽ ഫോണിലൂടെ കാണുന്ന ഒരു പരസ്യം തന്നോട് നേരിട്ടു സംവദിക്കുന്നു എന്ന് ഓരോ വ്യക്തികൾക്കും തോന്നും വിധമാകുമ്പോഴാണ് അത് വിജയകരമാകുന്നതെന്ന് അക്കാമ പ്രോഡക്ട് മാനേജ്മെന്റ്(മീഡിയ) ഡയറക്ടർ റിഷി വർമ. ഒരു ടിവി സ്ക്രീനിൽ വരുന്ന പരസ്യം കുറെപ്പേർ ഒരു പോലെ കണ്ടു മറയുമ്പോൾ മൊബൈൽ ഫോണിലെ പരസ്യങ്ങൾ വ്യക്തികളുമായാണ് സംവദിക്കുന്നത്. ഒരു പ്രദേശത്തുള്ളവരോടൊ ഒരു പ്രായത്തിൽ പെട്ടവരോടോ മാത്രം സംവദിക്കുംവിധമാകരുത് മൊബൈൽ പരസ്യങ്ങളുടെ നിർമാണം. കാണുന്നവർക്ക് ആ ഉൽപന്നം തനിക്കു വേണ്ടിയാണെന്ന തോന്നലുളവാക്കുന്നവയായിരിക്കണം. മികച്ച മൊബൈൽ ഫോണുകളുടെയും ഇന്റർനെറ്റ് വേഗതയുടെയും കാലഘട്ടത്തിൽ മൊബൈൽ ഉപഭോക്താക്കവുടെയും പ്രതീക്ഷകൾ വലുതാണ്. പരസ്യങ്ങൾ അതിനൊപ്പം നിന്നില്ലെങ്കിൽ അത് ജനങ്ങളുമായി വേണ്ടരീതിയിൽ സംവദിച്ചു എന്നു വരില്ല. ഒരു പ്ലാറ്റ്ഫോമിൽ എഴുതപ്പെട്ട ഉള്ളടക്കങ്ങൾക്ക് പല തലങ്ങളിലേയ്ക്ക് സ്വാധീനം ഉറപ്പിക്കാൻ സാധിക്കണം. ഓരോ ബ്രാൻഡുകൾക്കും ഉപഭോക്താക്കളിലേയ്ക്കെത്താൻ അവരവരുടേതായ സംമ്പ്രദായങ്ങൾ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പരസ്യത്തിന്റെ ഉള്ളടക്കം പ്രധാനം: നവീൻ മാധവൻ

ഉൽപന്നം തിരഞ്ഞെടുക്കാൻ ഉപഭോക്താവ് മുതിരുമ്പോൾ പരസ്യത്തിൽ കണ്ട ബ്രാൻഡിനെ ഓർത്തെടുത്ത് അതിലേയ്ക്ക് എത്തിക്കാൻ സാധിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് ഇൻമൊബി മാർക്കറ്റിങ് പ്ലാറ്റ്ഫോം വൈസ് പ്രസിഡന്റും ജനറൽ മാനേജരുമായ നവീൻ മാധവൻ. മൊബൈൽ ഫോണിന്റെ ഉപയുക്തത പുതിയ തലങ്ങളിലേയ്ക്ക് വളർന്നു കൊണ്ടിരിക്കുകയാണ്. ഡാറ്റയുടെ ഉപഭോഗം 2017ൽ നിന്ന് 2022ലേയ്ക്കെത്തുമ്പോൾ അഞ്ച് മടങ്ങായാണ് വർധിക്കുന്നത്. 49 ശതമാനമായിരിക്കും വളർച്ചാ നിരക്ക്. കോവിഡിനു ശേഷമുള്ള കാലഘട്ടമായതിനാൽ അത് കൂടാനേ സാധ്യതയുള്ളൂ എന്നും അദ്ദേഹം വിലയിരുത്തുന്നു.

 

മാറിയ കാലത്തിൽ ജനങ്ങളുടെ കാഴ്ചയുടെ പ്രധാന തലം ടിവിയിൽ നിന്ന് മൊബൈൽ ഫോണിലേയ്ക്ക് മാറിയിരിക്കുകയാണ്. 37 ശതമാനമാണ് ടിവിയെക്കാൾ കൂടുതലായി മൊബൈൽ ഫോൺ സ്ക്രീനിനുള്ള കാഴ്ചയിലുണ്ടായ വർധന. ഒരു ശരാശരി മനുഷ്യൻ നാലര മണിക്കൂർ മൊബൈൽ ഫോണിൽ സമയം ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരിലേയ്ക്കെത്താൻ മികച്ച കഥകൾ ഏറ്റവും മികച്ച സ്മാർട്ഫോൺ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തി മെനയാൻ സാധിക്കണം. 

 

പരസ്യം രൂപപ്പെടുത്തുമ്പോൾ അതിന്റെ അവതരണത്തിൽ മാത്രമായിരിക്കരുത് ശ്രദ്ധ, പകരം അതിന്റെ ഉള്ളടക്കത്തിന് വേണ്ട പ്രാധാന്യം നൽകിയിട്ടുണ്ടാകണം. ഓരോ പരസ്യത്തിന്റെയും ഉള്ളടക്കം യാഥാർഥ്യത്തോട് ചേർന്നു നിൽക്കുന്നതും ഉപയോക്താക്കളോട് വേഗത്തിൽ സംവദിക്കുന്നതും ആയിരിക്കണം. അങ്ങനെയുള്ള പരസ്യങ്ങളാണ് വൈറലാകുക. മൊബൈൽ വിഡിയോകളുടെ കാലത്ത് ജനം വൈറാലിറ്റിയുടെ പിന്നാലെയാണ്. പരസ്യങ്ങളിലൂടെ നൽകുന്ന സന്ദേശങ്ങൾ ശക്തവും ലളിതവുമായിരിക്കണം. കോവിഡ് കാലഘടത്തിനു ശേഷം ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ വ്യാപനം തുടരുമെന്നതിനാൽ ഡിജിറ്റൽ വിൽപന ഉയർന്നു തന്നെ നിൽക്കുമെന്നതിൽ തർക്കമില്ല. ഇതൊരു താൽക്കാലിക പ്രതിഭാസമായി അവസാനിക്കില്ലെന്നർഥം. 

 

ഇപ്പോഴും പരസ്യ മേഖലയുടെ 25 ശതമാനം മാത്രമേ മൊബൈൽ ഡിജിറ്റൽ മേഖലയിൽ ചെലവഴിക്കപ്പെടുന്നുള്ളൂ. ഇത് ഇനിയും ഉയരങ്ങൾ താണ്ടേണ്ടതുണ്ട്. അതേ സമയം പരസ്യ ചിത്രങ്ങളോടുള്ള ജനങ്ങളുടെ വിമുഖത മറികടക്കാൻ ജനങ്ങൾക്ക് താൽപരം ജനിപ്പിക്കുന്ന വിഷയങ്ങളിലൂടെ ഉൽപന്നത്തെ അവതരിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. അത്തരം പരസ്യങ്ങൾ നജങ്ങൾ സ്വീകരിക്കും. ഓരോപരസ്യങ്ങളും വ്യക്തികളെ സംബന്ധിച്ച് പ്രസക്തമായിരിക്കണം എന്നതാണ് - നവീൻ മാധവൻ പറയുന്നു. 

 

∙ പരസ്യങ്ങൾ ഇഷ്ടത്തോടെ കാണണം: വിശാൽ രുപാനി

 

മൊബൈൽ ആഡുകൾ വന്നു തുടങ്ങിയ കാലത്ത് ഉയർന്നു വന്ന പല പ്രശ്നങ്ങളും ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നതായി ട്രിപ്പർവൈഫൈ അഡ്വൈസർ വിശാൽ രുപാനിയുടെ വിലയിരുത്തൽ. പരമ്പരാഗത മാധ്യമങ്ങളെക്കാൾ കരുത്തുണ്ട് മൊബൈൽ ഫോണിന് എന്ന് ഇന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. മടുപ്പിക്കുന്ന പരസ്യങ്ങൾ എന്ന നിലയിൽ നിന്ന് ഇഷ്ടത്തോടെ കാണുന്ന പരസ്യങ്ങളിലേയ്ക്ക് മൊബൈൽ പരസ്യങ്ങൾ മാറേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. മൊബൈൽ ഫോണിലൂടെ ഒരു ബ്രാൻഡ് ബിൽഡിങ് ലഭ്യമിടുന്നുണ്ടെങ്കിൽ അതിനു വേണ്ടി പ്രത്യേകം നിർമിക്കപ്പെട്ട പരസ്യങ്ങൾ തന്നെ ഉപയോഗിക്കേണ്ടതുണ്ട്. പരസ്യ ചിത്രങ്ങൾ മൊബൈലിൽ ശക്തമായ പ്രതികരണമുണ്ടാക്കാൻ ഇത് ഒഴിവാക്കാനാവില്ല. 

 

മൊബൈൽ പരസ്യ രംഗത്ത് 5ജി വലിയ സ്വാധീനമാണ് വരുത്താൻ പോകുന്നത് എന്ന് തിരിച്ചറിയണം. വരും കാലം മൊബൈലിനപ്പുറത്തേയ്ക്കും കാര്യങ്ങൾ വളരുന്നതു ഒരു നല്ല പരസ്യസൃഷ്ടാവ് മുൻകൂട്ടികാണണം. ഫൈവ്ജി കാലം വാച്ചുകളിലേയ്ക്കും മറ്റ് ആക്സസറികളിലേയ്ക്കും വളർന്നേക്കാം എന്നതിൽ തർക്കമില്ല. പൊതുവിൽ ജനങ്ങൾ പരസ്യങ്ങൾ ഇഷ്ടപ്പെടുന്നില്ല. അതേ സമയം ജനങ്ങൾക്ക് പരസ്യം ആവശ്യമാണെന്ന നില പരസ്യകർത്താവ് തിരഞ്ഞെടുക്കുന്ന ഉള്ളടക്കങ്ങളിലൂടെ സൃഷ്ടിക്കപ്പെടണം. ഹയാത്ത് കൊച്ചി ഉൾപ്പടെയുള്ളവയുടെ പരസ്യങ്ങൾ ഇതിനുദാഹരണമാണെന്നും വിശാൽ പറയുന്നു.

 

English Summary: How brands should approach mobiles & mobile advertising

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com