ADVERTISEMENT

ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സിനിമകളെ കൂടുതൽ പേരിലേക്ക് എത്തിക്കുമെങ്കിലും തിയറ്റർ സംസ്കാരം അവസാനിക്കില്ലെന്ന് ആമസോൺ പ്രൈം വിഡിയോ ഡയറക്ടർ ആൻഡ് ഹെഡ്– കണ്ടന്റ്, ഇന്ത്യ വിജയ് സുബ്രഹ്മണ്യം. മനോരമ ഓൺലൈൻ സംഘടിപ്പിച്ച വെർച്വൽ സംഗമം ടെക്സ്പെക്ടേഷൻസ് 2020 ന്റെ രണ്ടാം ദിനത്തിൽ ‘സ്ട്രീമിങ് കണ്ടന്റ് ഇക്കോ സിസ്റ്റം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ തിയറ്ററുകളുടെ എണ്ണം കുറവായതിനാൽ ഒടിടി പ്ലാറ്റ്ഫോമുകൾ വഴി സിനിമകൾ കൂടുതൽ പേരിലെത്തിക്കാം. സ്മാർട് ടിവികളുടെ വില കുറയുന്നതും ഇന്റർനെറ്റ് കൂടുതൽ പേരിലേക്ക് എത്തുന്നതും അതിന് അനുകൂല സാഹചര്യമാണെന്നും വിജയ് സുബ്രഹ്മണ്യം പറഞ്ഞു. ഡിജിറ്റൽ ലോകത്തെ പുനർനിർവചിക്കുന്ന സജീവ സംവാദങ്ങളോടെ മനോരമ ഓൺലൈൻ ഫസ്റ്റ് ഷോസ് ടെക്സ്പെക്ടേഷൻസ് 2020 ഡിജിറ്റൽ ഉച്ചകോടിക്കും ശനിയാഴ്ച സമാപനമായി. ഡിജിറ്റൽ–സാങ്കേതിക മേഖലയിലെ 27 വിദഗ്ധർ ഉച്ചകോടിയിൽ സംവദിച്ചു. വെ‍ർച്വലായി നടന്ന സംഗമത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂവായിരത്തിലധികം പേരാണ് പങ്കെടുത്തത്.

5 ജി വരുന്നതോടെ തിയറ്ററുകളിൽ സിനിമ സ്ട്രീം ചെയ്തുതുടങ്ങുമെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു. നമ്മുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും ആളുകളുടെ ഉപഭോഗരീതിയും വലിയ തോതിൽ മാറും. സ്ട്രീമിങ്ങിനായി തിയറ്ററുകളിലെ സ്ക്രീൻ മാറ്റേണ്ടി വരും. ഓപ്പറേറ്ററുടെ ആവശ്യമുണ്ടാകില്ല, മറ്റു ചെലവുകളും കുറയും. സീ യു സൂൺ എന്ന സിനിമ ഒരു വർക്ക് ഫ്രം ഹോം മോഡൽ പരീക്ഷണമാണെന്നും സിനിമ മേഖലയിലുണ്ടായ അനിശ്ചിതാവസ്ഥയാണ് തന്നെ ഇൗ ചിത്രമെടുക്കാൻ പ്രേരിപ്പിച്ചതെന്നും മഹേഷ് നാരായണൻ പറഞ്ഞു.

സ്വയം തിരിച്ചറിഞ്ഞു പഠിക്കാനുള്ള അതിമനോഹരമായ അവസരമാണ് ഓൺലൈൻ പഠനത്തിലൂടെ വിദ്യാർഥികൾക്കു ലഭിച്ചിരിക്കുന്നതെന്ന് അമൃത വിശ്വ വിദ്യാപീഠം എൻജിനീയറിങ് വിഭാഗം ഡീല്‍ ഫാക്കൽറ്റിയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കെമിക്കല്‍ എൻജിനീയറിങ് ആന്‍ഡ് മെറ്റീരിയല്‍സ് സയന്‍സ് പ്രഫസറുമായ ഡോ.ശശാങ്കൻ രാമനാഥൻ പറഞ്ഞു. ‘വിദ്യാഭ്യാസ രംഗത്തെ നവരീതികളും ഡിജിറ്റൽ പഠനത്തിലേക്കുള്ള പുതിയ മാറ്റവും’ എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലേണിങ്ങി’നാണു പ്രാധാന്യം നൽകേണ്ടത്. അത് അക്കാദമികം മാത്രമാകരുത്. അത്തരം അറിവുകളെ കേന്ദ്രീകരിച്ചായിരിക്കണം ഓരോ വിദ്യാർഥിയുടെയും പഠനമെന്നും അദ്ദേഹം പറഞ്ഞു.

പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു തൊഴിൽ ലഭിക്കാൻ നിലവിലെ പഠന രീതികൾ അപര്യാപ്തമാകുമെന്ന് കോഴ്‌സെറ ഇന്ത്യ ആൻഡ് എഷ്യ പസിഫിക് മാനേജിങ് ഡയറക്ടർ രാഘവ് ഗുപ്‌ത. പക്ഷേ ഏതു മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു തിരിച്ചറിഞ്ഞാൽ ആ പ്രശ്നമില്ല. ഡിജിറ്റൽ–ഡേറ്റ സംബന്ധിയായ കോഴ്‌സുകൾക്കു പ്രാധാന്യം നൽകേണ്ട സമയമാണ്. ഉന്നത വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ സൂനാമിയുടെ കാലമാണിത്. അതു പ്രയോജനപ്പെടുത്താനാകണമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികപരമായി ഒട്ടും മുന്നിലല്ലെന്ന് പലർക്കും, പല രാജ്യങ്ങൾക്കും തിരിച്ചറിയാനായതാണ് കോവി‍ഡ്‌കാലം സമ്മാനിച്ച മാറ്റങ്ങളിലൊന്നെന്ന് ബ്രിസ്റ്റൾ–മയേഴ്‌സ് സ്ക്വിബ് എക്സി. ഡയറക്ടർ ആൻഡ് ഐടി ഹെഡ് ഡോ.അജയ് ഷാ പറഞ്ഞു.
സമൂഹത്തിൽ സാങ്കേതികമായ അസമത്വം യഥാർഥത്തിൽ പ്രകടമായി. വിദ്യാർഥികളിൽ വലിയൊരു വിഭാഗത്തിനു ലഭിക്കുന്ന നേട്ടങ്ങൾ പിന്നാക്ക മേഖലകളിൽ താമസിക്കുന്നവർക്കു ലഭിക്കുന്നില്ല. ഇവയിലാണു ചർച്ചയുണ്ടാകേണ്ടത്. ഹൈബ്രിഡ് എജ്യുക്കേഷന്റെ ഇക്കാലത്ത് സ്പെഷലൈസ്ഡ് കോഴ്സുകളിലേക്കു മാറണമെന്നും സർവകലാശാലകൾ ഇതു ശ്രദ്ധിക്കണമെന്നും അജയ് പറഞ്ഞു.

പരമ്പരാഗത മാധ്യമങ്ങളെക്കാൾ കരുത്തുണ്ട് മൊബൈൽ ഫോണിന് എന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ട്രിപ്പർവൈഫൈ അഡ്വൈസർ വിശാൽ രുപാനി. മൊബൈൽ ഫോണിലൂടെ ഒരു ബ്രാൻഡ് ബിൽഡിങ് ലക്ഷ്യമിടുന്നുണ്ടെങ്കിൽ അതിനു വേണ്ടി പ്രത്യേകം നിർമിക്കപ്പെട്ട പരസ്യങ്ങൾ തന്നെ ഉപയോഗിക്കേണ്ടതുണ്ട്. മൊബൈൽ പരസ്യ രംഗത്ത് 5ജി വലിയ സ്വാധീനമാണ് വരുത്താൻ പോകുന്നതെന്നും വിശാൽ പറഞ്ഞു.

techspectations-20-mobile-ads

ഡിജിറ്റൽ യുഗത്തിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും സൂക്ഷിച്ചു വയ്ക്കുമ്പോഴും വളരെയധികം കരുതൽ വേണമെന്ന് ലോറിയൽ ഡിജിറ്റൽ മാർക്കറ്റിങ് ലീഡ് അന്വേഷ പോസ്‍വാലിയ. മൊബൈൽഫോൺ വാഴ്ചയുടെ കാലഘട്ടത്തിൽ ബ്രാൻഡുകൾ വിപണിയിൽ വിജയിക്കാൻ കൂടുതൽ ശ്രദ്ധ പുലർത്തണം. ഉൽപന്നങ്ങളുടെ അവതരണം പ്രധാനമാണ്. ഉപഭോക്താവിന്റെ ആവശ്യം പരിഹരിക്കും വിധമുള്ള പരസ്യങ്ങളാവണം അവതരിപ്പിക്കേണ്ടത്. ഉൽപന്നങ്ങളും സേവനങ്ങളും മാത്രമല്ല, അവരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങളും ഉപഭോക്താവ് മൊബൈൽ ഫോണിൽ തേടുന്നുണ്ടെന്നും അന്വേഷ പറഞ്ഞു.

മൊബൈൽ ഫോണിലേക്കുള്ള പരസ്യം രൂപപ്പെടുത്തുമ്പോൾ അവതരണത്തിൽ മാത്രമായിരിക്കരുത് ശ്രദ്ധയെന്നും ഉള്ളടക്കത്തിനും പ്രാധാന്യം നൽകണമെന്നും ഇൻമൊബി മാർക്കറ്റിങ് പ്ലാറ്റ്ഫോം വൈസ് പ്രസിഡന്റും ജനറൽ മാനേജരുമായ നവീൻ മാധവൻ. ഉള്ളടക്കം യാഥാർഥ്യത്തോട് ചേർന്നു നിൽക്കുന്നതും ഉപയോക്താക്കളോട് വേഗത്തിൽ സംവദിക്കുന്നതും ആയിരിക്കണം. അങ്ങനെയുള്ള പരസ്യങ്ങളാണ് വൈറലാകുക. പരസ്യങ്ങളിലൂടെ നൽകുന്ന സന്ദേശങ്ങൾ ശക്തവും ലളിതവുമായിരിക്കണമെന്നും നവീൻ പറഞ്ഞു.

മൊബൈൽ ഫോണിലൂടെ കാണുന്ന ഒരു പരസ്യം തന്നോട് നേരിട്ടു സംവദിക്കുന്നു എന്ന് ഓരോ വ്യക്തിക്കും തോന്നുമ്പോഴാണ് അത് വിജയമാകുന്നതെന്ന് അക്കാമ പ്രോഡക്ട് മാനേജ്മെന്റ് (മീഡിയ) ഡയറക്ടർ റിഷി വർമ. ഒരു ടിവി സ്ക്രീനിൽ വരുന്ന പരസ്യം കുറെപ്പേർ ഒരു പോലെ കണ്ടു മറയുമ്പോൾ മൊബൈൽ ഫോണിലെ പരസ്യങ്ങൾ വ്യക്തികളുമായാണ് സംവദിക്കുന്നത്. കാണുന്നവർക്ക് ആ ഉൽപന്നം തനിക്കു വേണ്ടിയാണെന്ന തോന്നലുണ്ടാകണം. മികച്ച മൊബൈൽ ഫോണുകളുടെയും ഇന്റർനെറ്റ് വേഗതയുടെയും കാലഘട്ടത്തിൽ മൊബൈൽ ഉപഭോക്താക്കളുടെയും പ്രതീക്ഷകൾ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

എഡിറ്റിങ് അടക്കം വ്ലോഗിങ്ങിന്റെ അടിസ്ഥാന കാര്യങ്ങൾ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് ഫുഡ് ആൻഡ് ട്രാവൽ ബ്ലോഗർ എബ്ബിൻ ജോസ് പറഞ്ഞു. ട്രാവൽ വ്ലോഗാണ് ആദ്യം ചെയ്തതെങ്കിലും പുതിയ സ്ഥലത്തെക്കുറിച്ച് അറിയാൻ അവിടുത്തെ രുചികളും ആസ്വദിക്കണം എന്ന ചിന്തയിലാണ് ഫുഡ് വ്ലോഗിലേക്ക് വന്നതെന്നും എബ്ബിൻ പറഞ്ഞു.

techspectations-20-creaters

വിഡിയോകളുടെ ക്വാളിറ്റി മാത്രമല്ല പ്രധാനമെന്നും അതിൽ കാഴ്ചക്കാർക്കു വേണ്ട കണ്ടന്റുമുണ്ടായിരിക്കണമെന്നും മിമി ചാറ്റിന്റെ സിഇഒയും സഹസ്ഥാപകനുമായ കെയ്ല്‍ ഫെർണാണ്ടസ്. നല്ല കണ്ടന്റ് ഉണ്ടാകുമ്പോൾ ഫോളോവേഴ്സ് കൂടും, കൂടുതൽ പണം വരും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കണ്ടന്റ് ഉണ്ടാക്കുന്ന രീതികൾ എളുപ്പമുള്ളതാക്കണമെന്നും ടിക്ടോക് പോലെ ആളുകൾക്ക് ലളിതമായി, വേഗത്തിൽ കണ്ടന്റ് ഉണ്ടാക്കാൻ സാധിക്കണമെന്നും കെയ്ൽ പറഞ്ഞു.

മുൻപ് ആളുകൾക്ക് ആശയവിനിമയത്തിനോ വികാരങ്ങൾ പ്രകടിപ്പിക്കാനോ ഒരു പ്ലാറ്റ്ഫോം ഇല്ലായിരുന്നുവെന്നും സോഷ്യൽ മീഡിയ എത്തിയതോടെ അതിനു മാറ്റം വന്നെന്നും മാനേജ്മെന്റ് കൺസൽറ്റന്റ് മൃണാൾ ദാസ്. അനന്തസാധ്യതകളാണ് അതു തുറന്നുകൊടുത്തത്. അതേസമയം സോഷ്യൽ മീഡിയ തെറ്റിദ്ധരിപ്പിക്കാറുണ്ടെന്നും ചിലസമയം അത് ഇരുതലമൂർച്ചയുള്ള വാൾ പോലെയാണെന്നും മൃണാൾ പറഞ്ഞു.

ദിവസവും പുതിയ ഉള്ളടക്കം കണ്ടുപിടിക്കുകയെന്നത് ശ്രമകരമാണെന്ന് സ്റ്റാൻഡപ് കൊമേഡിയൻ ശബരീഷ് നാരായണൻ. ഒരു തമാശ പറഞ്ഞിട്ട് ആളുകൾ ചിരിക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന മാനസികബുദ്ധിമുട്ട് വലുതാണ്. ഒരു തമാശ എപ്പോഴും പറയാനാവില്ല. മുൻപു കേരളത്തില്‍ മാത്രമാണ് പരിപാടി അവതരിപ്പിച്ചിരുന്നതെങ്കിൽ കോവിഡിനു ശേഷം ഇപ്പോൾ ഷോ വെർച്വലായി ആഗോളതലത്തിൽ പോകുന്നുണ്ടെന്നും ശബരീഷ് പറഞ്ഞു.

ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആയിരുന്നു ഡിജിറ്റൽ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി –ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ്– ‘അമൃത എഹെഡ്’ നോളജ് പാർട്നറായി. അക്കാമെ ആയിരുന്നു സഹപ്രായോജകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com