ക്വാണ്ടം കംപ്യൂട്ടിങ്ങില്‍ വൻ വഴിത്തിരിവെന്ന് ചൈനീസ് അവകാശവാദം; 'പഴയ' ഐഫോണുകള്‍ക്ക് പുതിയ സൂത്രം

Mail This Article
ലോകത്തിന്റെ മുഖച്ഛായ പരിപൂര്‍ണമായി മാറ്റാന്‍ കെല്‍പ്പുള്ള ഒന്നാണ് ക്വാണ്ടം കംപ്യൂട്ടിങ് എന്നാണ് വിലയിരുത്തപ്പെടുന്നത്. പരമ്പരാഗത കംപ്യൂട്ടിങ് രീതികളുപയോഗിച്ചാല്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ വരെ എടുത്തേക്കാവുന്ന ടാസ്‌കുകള്‍ ഞൊടിയിടയില്‍ തീര്‍ത്തു നല്‍കാന്‍ കെല്‍പ്പുള്ളവയായിരിക്കും ക്വണ്ടം കംപ്യൂട്ടിങ്. പരമ്പരാഗത കംപ്യൂട്ടിങ്ങിന്റെ ഹാര്‍ഡ്‌വെയറോ, അല്‍ഗോറിതങ്ങളോ മാറിയാല്‍ പോലും അവയ്ക്ക് സാധ്യമല്ലാത്ത മേഖലയിലേക്കാണ് പുതിയ കംപ്യൂട്ടിങ് രീതിയായ ക്വാണ്ടംകംപ്യൂട്ടിങ് എത്തിക്കുക. എന്നാല്‍ ഇവ പരമ്പരാഗത കംപ്യൂട്ടറുകള്‍ക്ക് പകരമാവില്ല. രണ്ടും ഒരുമിച്ചു പ്രവര്‍ത്തിപ്പിക്കുകയായിരിക്കും ചെയ്യുക. ലോകത്ത് ഇന്ന് നിലവിലുളള ഏറ്റവും വേഗമേറിയ, അല്ലെങ്കില്‍ കരുത്തുറ്റ സൂപ്പര്‍ കംപ്യൂട്ടറിനേക്കാള്‍ 1 ട്രില്ല്യന്‍ മടങ്ങ് (1,000,000,000,000) വേഗത്തില്‍ കൃത്യ നിര്‍വഹണം സാധിക്കുന്ന ഒരു ക്വാണ്ടം കംപ്യൂട്ടര്‍ തങ്ങള്‍ നിര്‍മിച്ചുവെന്ന അവകാശവാദവുമായി എത്തിയിരിക്കുന്നത് ഒരു സംഘം ചൈനീസ് ശാസ്ത്രജ്ഞരാണ്. ഇത് ഒരു നാഴികക്കല്ലാണ് എന്നാണ് അവരുടെ അവകാശവാദം.
തങ്ങള്‍ സൃഷ്ടിച്ച ക്വാണ്ടം കംപ്യൂട്ടറിന്റെ ആദിമ രൂപത്തിന്, സിമുലേഷന്‍ അല്‍ഗോറിതമായ ഗാസിയണ്‍ ബോസോണ്‍ (Gaussian boson) സാംപ്ളിങ്ങിലൂടെ 76 ഫോട്ടോണ്‍സിനെ വരെ കണ്ടെത്താനായി എന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. 'സയന്‍സ്' മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് നലവിലുള്ള ഒരു സൂപ്പര്‍ കംപ്യൂട്ടറിനും സാധിക്കാത്ത തരത്തിലുള്ള വേഗമാണ് ഇതെന്നു വിലയിരുത്തപ്പെടുന്നു. ക്വാണ്ടം കംപ്യൂട്ടിങ് അതിന്റെ ശൈശവദശയിലാണ്. എന്നാല്‍, ഇവ എത്തുന്നതോടെ കംപ്യൂട്ടിങ് രംഗം പുതിയ ഉയരങ്ങള്‍ താണ്ടും. ഊര്‍ജ്ജതന്ത്രം, രസതന്ത്രം തുടങ്ങിയ നിരവധി മേഖലകളില്‍ ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുന്ന പല അന്വേഷണങ്ങള്‍ക്കും പുത്തനുണര്‍വ് പകരും. ഈ മേഖലയില്‍ മേല്‍ക്കൈ നേടുന്നതിനെ ക്വാണ്ടം സുപ്രമസി എന്നാണ് വിളിക്കുന്നത്. ചൈനീസ് ശാസ്ത്രജ്ഞര്‍ അമേരിക്കയിലെ ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ക്കെതിരെയാണ് മത്സരിക്കുന്നത്.
നിലവിലെ ഏറ്റവും വേഗമുള്ള സൂപ്പര്‍ കംപ്യൂട്ടറിന് 10,000 വര്‍ഷമെടുത്തു മാത്രം ചെയ്യാന്‍ സാധിക്കുന്ന ടാസ്‌ക് 200 സെക്കന്‍ഡില്‍ ചെയ്യാന്‍ സാധിക്കും. ഈ ക്വണ്ടം കംപ്യൂട്ടര്‍ ഗൂഗിളാണ് ഉണ്ടാക്കിയതെന്ന് കഴിഞ്ഞ വര്‍ഷം റിപ്പോർട്ട് വന്നിരുന്നു. എന്നാല്‍, ഗൂഗിളിന്റെ പ്രോട്ടോടൈപ്പിനേക്കാള്‍ 10 ബില്ല്യന്‍ മടങ്ങ് വേഗത്തില്‍ കാര്യനിര്‍വഹണം നടത്താന്‍ പ്രാപ്തിയുള്ളതാണ് തങ്ങളുടെ കംപ്യൂട്ടറെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ഗൂഗിള്‍ നടത്തുന്ന ഗവേഷണങ്ങള്‍ക്ക് അമേരിക്കന്‍ സർക്കാരിന്റെ പിന്തുമയുമുണ്ട്.
∙ ഐഫോണ്‍ 8 സീരിസിന് 1080പി എച്ഡി ഫെയ്‌സ്‌ടൈം വിഡിയോ കോള്‍

ഐഒഎസ് 14.2 അപ്‌ഡേറ്റിലൂടെ തങ്ങള്‍ ഐഫോണ്‍ X മോഡലിനും അതിനു ശേഷമിറങ്ങിയ മോഡലുകള്‍ക്കും 1080പി ഫെയ്‌സ്‌ടൈം വിഡിയോ കോള്‍ സാധ്യമാക്കി എന്നാണ് ആപ്പിള്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരം പ്രകാരം ഐഫോണ്‍ 8, 8 പ്ലസ് മോഡലുകള്‍ക്കും 1080പി എച്ഡി ഫെയ്‌സ്‌ടൈം വിഡിയോ കോള്‍ നടത്താനാകും. ആപ്പിള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അതു വിട്ടുപോയതാണ് എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വിശദീകരണം.
∙ ഐഒഎസ് 14ല്‍ പ്രവര്‍ത്തിക്കുന്ന പഴയ ഐഫോണുകള്‍ക്ക് പുതിയ ശേഷി
ഐഒഎസ് 14ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ 8 മുതലുള്ള മോഡലുകളുടെ പിന്‍ ഭാഗത്ത്, രണ്ടോ മൂന്നോ തവണ ടാപ്പു ചെയ്താല്‍ അതിനെക്കൊണ്ട് പുതിയ വേലകള്‍ ചെയ്യിപ്പിക്കാം. കണ്ട്രോള്‍ സെന്റര്‍ തുറക്കാം, ടോര്‍ച്ച് ഓണ്‍ ചെയ്യാം തുടങ്ങി ഏകദേശം 20തോളം സിസ്റ്റം ഫങ്ഷനുകള്‍ എനേബിള്‍ ചെയ്യാം. എങ്ങനെ എനേബിൾ ചെയ്യാമെന്നു പരിശോധിക്കാം: 'സെറ്റിങ്‌സ്' ആപ് തുറക്കുക. തുടര്‍ന്ന് 'അക്‌സസിബിലിറ്റി'യില്‍ ടാപ്പു ചെയ്യുക. തുടര്‍ന്ന് 'ടച്ചില്‍' സ്പര്‍ശിക്കുക. തുടര്‍ന്ന് നിങ്ങള്‍ക്ക് എന്താണ് എനേബിള്‍ ചെയ്യേണ്ടതെന്നു തീരുമാനിക്കാം.
∙ മാക്ബുക്ക് പ്രോകളുടെ ഡിസൈനും മാറ്റാന്‍ ആപ്പിള്‍
ലാപ്‌ടോപ്പുകളുടെ പഴഞ്ചന്‍ ഡിസൈനുകള്‍ക്ക് എങ്ങനെ ആധുനിക മുഖം നല്‍കാമെന്ന കാര്യം മിക്ക കമ്പനികളും ആലോചിക്കുന്ന ഒന്നാണ്. തങ്ങള്‍ 2021ല്‍ ഇറക്കാന്‍ പോകുന്ന രണ്ട് മാക്ബുക്ക് പ്രോ മോഡലുകളുടെ ഡിസൈനില്‍ പുതിയ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. രണ്ടു പ്രോ മോഡലുകളും, വില കുറഞ്ഞ ഒരു എയര്‍ മോഡലുകളും ആപ്പിള്‍ അടുത്ത വര്‍ഷം ഇറക്കിയേക്കും. എല്ലാ മോഡലുകൾക്കും ആപ്പിളിന്റെ പുതിയ സിലിക്കന്‍ പ്രോസസറായിരിക്കും നല്‍കുക. ഇതു കൂടാതെ പ്രോ മോഡലുകള്‍ക്ക് മിനി-എല്‍ഇഡി സ്‌ക്രീനും നല്‍കുമെന്നു പറയുന്നു. മിനി-എല്‍ഇഡി പാനലുകള്‍ക്ക് ചെലവു കൂടും. എന്നാല്‍ തങ്ങളുടെ എം1 ചിപ്പുകള്‍ക്ക് ഇന്റലിന്റെ പ്രോസസറുകള്‍ വാങ്ങുമ്പോള്‍ വരുന്ന ചെലവു വരാത്തതിനാല്‍ പ്രോ മോഡലുകളുടെ വില വര്‍ധിപ്പിക്കാതെ നോക്കാനും ആപ്പിളിനു സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ.
∙ ഐഫോണ്‍ 12 മോഡലുകളുടെ വയര്‍ലെസ് ചാര്‍ജിങ് പ്രശ്നം പരിഹരിക്കാന്‍ ആപ്പിള്‍
തങ്ങളുടെ പുതിയ ഐഫോണ്‍ 12 മോഡലുകള്‍ക്ക് വയര്‍ലെസ് ചാര്‍ജിങ് പ്രശ്‌നമുണ്ടെന്ന് ആപ്പിള്‍ സമ്മതിച്ചു. ഇതിനുള്ള പരിഹാരം സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ നല്‍കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
English Summary: Physicists in China challenge Google’s ‘quantum advantage’