ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന സോളാര്‍വിന്‍ഡ്‌സ് ഹാക്കിങ് അമേരിക്കയുടെ പല സർക്കാർ സംവിധാനങ്ങളെയും സ്വകാര്യ കമ്പനികളെയും ബാധിച്ചു. ഇതിന്റെ ആഘാതം അളന്നു വരികയാണെന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക പ്രതികരണം. എന്നാല്‍, ആക്രമണകാരികള്‍ തങ്ങളുടെ സോഴ്‌സ് കോഡിലേക്ക് നുഴഞ്ഞുകയറി എന്ന ഗൗരവമുള്ള വെളിപ്പെടുത്തലാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്ന സമയം മുതലെ, മറ്റു കമ്പനികളെപ്പോലെ തങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ നേരിട്ടുവെന്നു വെളിപ്പെടുത്തിയിരുന്നെങ്കിലും ഇത്ര ഗുരുതരമായ പ്രശ്‌നം സംഭവിച്ചിരിക്കാമെന്ന സൂചന നല്‍കിയിരുന്നില്ല. പുതിയ വെളിപ്പെടുത്തല്‍ ഹാക്കര്‍മാരുടെ ഉദ്ദേശത്തെക്കുറിച്ച് ആധിയുണ്ടാക്കുന്നു എന്നാണ് വിദഗ്ധര്‍ പ്രതികരിച്ചത്.

 

ഒരു സോഫ്റ്റ്‌വെയറിന്റെ അല്ലെങ്കില്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അടിസ്ഥാനശിലയാണ് സോഴ്‌സ് കോഡ്. ഇതായിരിക്കും ഏതു ടെക്‌നോളജി കമ്പനിയും ഏറ്റവും രഹസ്യമായി സൂക്ഷിക്കുന്ന കാര്യം. ചരിത്രം പരിശോധിച്ചാല്‍ മൈക്രോസോഫ്റ്റ് ഇത് 'പൊന്നുപോലെ' സൂക്ഷിച്ചിരുന്നു എന്നും കാണാമെന്ന് പറയുന്നു. എന്നാല്‍, സോഴ്‌സ്‌കോഡ് പൂര്‍ണമായി കൈവശപ്പെടുത്തുകയാണോ അതൊ അതിന്റെ ചില ഭാഗങ്ങളിലേക്ക് കടന്നുകയറുകയാണോ ഹാക്കര്‍മാര്‍ ചെയ്തതെന്ന് കമ്പനി ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. എന്തായാലം, സോളാര്‍വിന്‍ഡ്‌സ് എന്ന സോഫ്റ്റ്‌വെയറിലൂടെ അമേരിക്കന്‍ സർക്കാരിന്റെ നെറ്റ്‌വര്‍ക്കുകളില്‍ കയറിക്കൂടിയ ഹാക്കര്‍മാര്‍ക്ക് മൈക്രോസോഫ്റ്റിന്റെ പ്രൊഡക്ടിന്റെ പ്രവര്‍ത്തനത്തിന്റെ ഉള്ളുകള്ളികള്‍ അറിഞ്ഞുവയ്ക്കാന്‍ ശ്രമിച്ചിരിക്കുന്നു എന്നത് ഉല്‍കണ്ഠാജനകമായ കാര്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ പ്രൊഡക്ഷന്‍ സര്‍വീസുകളിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയോ എന്ന് ഇതുവരെ തീര്‍ച്ചപ്പെടുത്താനായിട്ടില്ലെന്നാണ് കമ്പനിയുടെ നിലപാട്. 

 

അതേസമയം, സോഴ്‌സ്‌കോഡില്‍ ഹാക്കര്‍മാര്‍ കൈവച്ച കാര്യം കമ്പനിക്ക് കഴിഞ്ഞ ഏതാനും ദിവസമായി അറിയാമായിരുന്നു എന്നും പറയുന്നു. തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ 24 മണിക്കൂറും പണിയെടുക്കുകയാണെന്നും, എന്തെങ്കിലും നടപടി സ്വീകരിക്കേണ്ട കാര്യത്തെക്കുറിച്ചറിഞ്ഞാല്‍ അത് പ്രസിദ്ധീകരിക്കുമെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു.

 

ലോകത്തെ ഏറ്റവും വലിയ സൈബര്‍ ആക്രമണങ്ങളുടെ ഗണത്തിലാണ് സോളാര്‍വിന്‍ഡ്‌സ് ആക്രമണത്തെ പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ ആറ് ഫെഡറല്‍ ഏജന്‍സികള്‍ക്കു നേരെയെങ്കിലും ആക്രമണം ഉണ്ടായിരിക്കാമെന്നു പറയുന്നു. ആയിരക്കണക്കിന് കമ്പനികളെയും സ്ഥാപനങ്ങളെയും ഇതു ബാധിച്ചിരിക്കാം. അമേരിക്കയുടെ സർക്കാർ തലത്തിലും സ്വാകാര്യമേഖലയിലുമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ വര്‍ഷത്തെ വര്‍ഷാവസാന അവധി ദിനങ്ങള്‍ പോലും വേണ്ടെന്നുവച്ച് ഇതിന്റെ ആഘാതം പഠിച്ചുകൊണ്ടിരിക്കുകയാണ്. ലോഗുകള്‍ പരിശോധിച്ച്, എന്തു ഡേറ്റയാണ് മോഷ്ടിക്കുകയോ മാറ്റി എഴുതുകയോ ചെയ്തതെന്നാണ് അവര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്.

 

അതേസമയം, മൈക്രോസോഫ്റ്റിന്റെ സോഴ്‌സ്‌കോഡ് മാറ്റിയെഴുതപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ലോകവ്യാപകമായി ദുരന്തം തന്നെ സൃഷ്ടിച്ചേക്കാമെന്ന് വിദഗ്ധര്‍ ഭയക്കുന്നു. കാരണം, വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റവും, ഓഫിസ് പ്രൊഡക്ടിവിറ്റി സൂട്ടും ഉൾപ്പടെ മൈക്രോസോഫ്റ്റിന്റെ പ്രൊഡക്ടുകള്‍ അത്ര വ്യാപകമായാണ് ഉപയോഗിക്കപ്പെടുന്നത്. അതേസമയം, സോഴ്‌സ്‌കോഡ് മാറ്റിയെഴുതിയിട്ടില്ല എന്ന നിലപാടാണ് കമ്പനി ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത്. അതേസമയം, സോഴ്‌സ്‌കോഡിലേക്ക് ഹാക്കര്‍മാര്‍ക്ക് എത്തിനോക്കാനെങ്കിലും സാധിച്ചിട്ടുണ്ടെങ്കില്‍ അത് മൈക്രോസോഫ്റ്റിന്റെ പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഭാവിയില്‍ വിനാശകരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

 

സോഴ്‌സ്‌കോഡ് ആണ് ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചിരിക്കുന്നതിന്റെ രൂപകല്‍പ്പനാപരമായ പ്രാഥമിക രേഖാരൂപമെന്ന് ഇസ്രയേലി സോഴ്‌സ് കോഡ് സംരക്ഷണ കമ്പനിയായ സൈകോഡിലെ (Cycode) ആന്‍ഡ്രൂ ഫൈഫ് പറഞ്ഞു. ഈ രേഖാരൂപം കൈവശപ്പെടുത്തിയാല്‍ ആക്രമണങ്ങള്‍ എളുപ്പത്തില്‍ നടത്താനാകുമെന്നും അദ്ദേഹം പറയുന്നു. സ്വതന്ത്ര സൈബര്‍ സുരക്ഷാ വിദഗ്ധനായ മാറ്റ് ടെയ്റ്റും ഇതു ശരിവയ്ക്കുന്നു. സോഴ്‌സ് കോഡ് ഉപയോഗിച്ച് മൈക്രോസോഫ്റ്റിന്റെ പ്രൊഡക്ടുകള്‍ക്കു നേരെ ആക്രമണം ഉണ്ടാകാമെന്ന് അദ്ദേഹവും പറഞ്ഞു. അതേസമയം, സോഴ്‌സ് കോഡ് വിദേശ സർക്കാരുകള്‍ അടക്കമുള്ളവരുമായി പങ്കുവയ്ക്കുന്നതാണെന്നും ടെയ്റ്റ് പറഞ്ഞു. എന്നാല്‍, അതിലെ ക്രിപ്‌റ്റോഗ്രാഫിക് കീകളും പാസ്‌വേഡുകളും അതില്‍ നിക്ഷേപിക്കുക എന്ന സാധാരണ മണ്ടത്തരം മൈക്രോസോഫ്റ്റും നടത്തിയിട്ടുണ്ടോ എന്നതാണ് ഇനി അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ നടന്നിട്ടില്ലെങ്കില്‍ അവരുടെ ഉപയോക്താക്കളുടെ സുരക്ഷയെ അതു പ്രതികൂലമായി ബാധിച്ചേക്കില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, തങ്ങളുടെ സോഴ്‌സ് കോഡിലേക്ക് മറ്റു കമ്പനികള്‍ അനുവദിക്കുന്നതിനേക്കാളേറെ എത്തി നോക്കാന്‍ അനുവദിച്ചിട്ടുണ്ടെന്ന് ചില മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.

 

അതേസമയം, പ്രൊഡക്ഷന്‍ സേവനങ്ങളെക്കുറിച്ചുള്ളതും, കസ്റ്റമര്‍ ഡേറ്റയും നഷ്ടപ്പെട്ടതിന് തെളിവില്ലെന്നും കമ്പനി പറയുന്നു. എന്നാല്‍ സമഗ്രമായ അന്വേഷണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ടെയ്റ്റും സൈക്കോഡിന്റെ മുഖ്യ ടെക്‌നോളജി ഓഫിസറായ റൊണന്‍ സ്ലാവിനും പറയുന്നത് ഏത് അറയിലേക്കാണ് ഹാക്കര്‍മാര്‍ കയറിയത് എന്നറിഞ്ഞാല്‍ മാത്രമെ കൂടുതലെന്തെങ്കിലും പറയാനൊക്കൂ എന്നാണ്. കൂടാതെ, മൈക്രോസോഫ്റ്റിന് സോഫ്റ്റ്‌വെയറിന്റെ ഒരു വന്‍ നിര തന്നെയുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. വ്യാപകമായി ഉപയോഗിക്കുന്ന വിന്‍ഡോസ് മുതല്‍ അവരുടെ അധികം പ്രശസ്തമല്ലാത്ത സമൂഹ മാധ്യമ ആപ്പായ യാമര്‍ വരെ ഇതില്‍ പെടും. മൈക്രോസോഫ്റ്റിന്റെ സോഴ്‌സ് കോഡ് സൂക്ഷ്മമായി പഠിച്ച് അടുത്ത വന്‍ ആക്രമണത്തിനു പദ്ധതി തയാറാക്കുകയാണോ എന്ന പേടി തനിക്കുണ്ടെന്ന് സ്ലാവിന്‍ പറഞ്ഞു. നമ്മള്‍ കാണാന്‍ പോകുന്ന വമ്പന്‍ ആക്രമണത്തിന്റെ മുന്നോടി മാത്രമാണോ ഇതെന്നാണ് അറിയേണ്ടിയിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

 

∙ കൊല്‍ക്കത്തയിലെ എസി ട്രാം കോച്ചുകളില്‍ വൈ-ഫൈ

 

യുവാക്കളെ ആകര്‍ഷിക്കാനായി കൊല്‍ക്കത്താ നഗരത്തിലെ എസി ട്രാം കോച്ചുകളില്‍ വൈ-ഫൈ ഏര്‍പ്പെടുത്തി.

 

∙ ടെസ്‌ല വൈ എസ്‌യുവിയ്ക്ക് ചൈനീസ് മോഡലുകളെക്കാള്‍ വിലക്കുറവ്

 

ഈ മാസം വില്‍പന തുടങ്ങാനിരിക്കുന്ന തങ്ങളുടെ ടെസ്‌ല വൈ എസ് എസ്‌യുവി മോഡലിന് ചൈനീസ് കമ്പനികള്‍ ഇറക്കുന്ന മോഡലുകളേക്കാള്‍ വില കുറവായിരിക്കുമെന്ന് കമ്പനി അറിയിച്ചു. തുടക്ക മോഡലിന് 339,900 യുവാന്‍ അഥവാ 52,074 ഡോളറായിരിക്കും വില. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വൈ പെര്‍ഫോമന്‍സ് മോഡലിന്റെ ശ്രേണിയുടെ തുടക്ക വില 369,900 യുവാന്‍ ആയിരിക്കും. മാറ്റം വരുത്തിയ മോഡല്‍ 3 സെഡാന് സബ്‌സിഡി ഉള്‍പ്പടെയുള്ള വില 249,900 യുവാനായിരിക്കും.

 

∙ ടെന്‍സെന്റിന്റെ ഗെയിമുകള്‍ വാവെയ് ആപ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

 

ചൈനീസ് ടെക്‌നോളജി ഭീമന്മാരായ വാവെയും ടെന്‍സന്റും തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് ടെന്‍സന്റിന്റെ ഗെയിമുകള്‍ വാവെയുടെ ആപ് സ്റ്റോറില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ തുടര്‍ന്നു നടന്ന സന്ധി സംഭാഷണങ്ങള്‍ക്കു ശേഷം അവയെ തരിരിച്ചെത്തിക്കാന്‍ ഇരു കമ്പനികളും തമ്മില്‍ തീരുമാനമായി.

 

∙ പോകോ എഫ് 2 അവസാനം ഇന്ത്യയിലേക്കും

 

വ്യാപകമായി വാങ്ങിക്കപ്പെട്ട ഫോണായിരുന്ന പോകോ എഫ്1 ന്റെ പിന്‍ഗാമിയായ പോകോ എഫ്2 കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചെങ്കിലും അത് ഇന്ത്യയില്‍ വരുമോ എന്ന് ഉറപ്പില്ലായിരുന്നു. ഈ വര്‍ഷം രാജ്യത്ത് പോകോ അവതരിപ്പിക്കാന്‍ പോകുന്ന ആദ്യ മോഡല്‍ പോകോ എഫ്2 ആയിരിക്കാം. അതേസമയം വിദേശത്ത് അവതരിപ്പിച്ച ക്വാല്‍കമിന്റെ 800 സീരിസ് പ്രോസസര്‍ കേന്ദ്രീകരിച്ചായിരിക്കില്ല ഇന്ത്യയിലെ പോകോ എഫ്2, മറിച്ച് സ്‌നാപ്ഡ്രാഗണ്‍ 732ജി ആയിരിക്കും അതില്‍ ഉപയോഗിക്കുക എന്നും അതിനാല്‍ അത്ര ആവേശംകൊള്ളാനില്ലെന്നും കേള്‍ക്കുന്നു.

 

English Summary: Microsoft says hackers were able to see some of its source code

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com