ADVERTISEMENT

ഇത്രകാലം നമ്മള്‍ വച്ചു പുലര്‍ത്തിയിരുന്ന ഹാക്കര്‍ എന്ന സങ്കല്‍പ്പത്തില്‍ അത് ഒരു വ്യക്തിയോ, ഏതാനും വ്യക്തികളുടെ കൂട്ടമോ എന്നാണ് കരുതിവന്നത്. എന്നാല്‍, അടുത്തിടെ നടക്കുന്ന സന്നാഹങ്ങള്‍ കണ്ടാല്‍ തോന്നുക സൈബര്‍ യുദ്ധം തുടങ്ങിയേക്കാമെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ രാജ്യങ്ങള്‍ തന്നെ ഹാക്കര്‍ പടയെ ഇറക്കുന്ന കാഴ്ചയാണ്. അതായത് ഒരു മൂന്നാം ലോക മഹായുദ്ധം സംഭവിച്ചാൽ അത് സൈബർ യുദ്ധം തന്നെയായിരിക്കും. 'കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിന്റെ' റിപ്പോർട്ട് പ്രകാരം സൈബർ ആക്രമണത്തിനു പിന്നിൽ പ്രവര്‍ത്തിക്കുന്ന 33 രാജ്യങ്ങളെങ്കിലും ഉണ്ടെന്നാണ്. ഇത് 2005ന് ശേഷമുള്ള കണക്കാണ്. ചൈന, റഷ്യ, ഇറാന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് മൊത്തം സംഭവിച്ചിരിക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ 77 ശതമാനവും നടത്തിയിരിക്കുന്നതെന്നും പറയുന്നു. അവരുടെ കണക്കു പ്രകാരം 2019ല്‍ മാത്രം 76 ആക്രമണങ്ങള്‍ ഉണ്ടായി. ഇവയില്‍ പലതും ചാരവൃത്തിക്കുള്ള ശ്രമങ്ങളായിരുന്നു.

രാജ്യങ്ങള്‍ക്ക് പണം ഒരു പ്രശ്‌നമല്ലാത്തതിനാല്‍, കൂടുതല്‍ ആളുകളെ ജോലിക്കു വയ്ക്കാം. അതിനാല്‍ തന്നെ സൈബറിടങ്ങളില്‍ രാജ്യങ്ങള്‍ക്കായി ആക്രമണം നടത്തുന്ന ഹാക്കര്‍മാരെ ഇഷ്ടംപോലെ കാണാം. ഇവരാകട്ടെ വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും പോലും ഭീഷണിയായി അനുദിനം വളരുകയാണ്. ഇത്തരം ആക്രമണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയപരവും, ധനപരവുമായുള്ള ലക്ഷ്യങ്ങളുണ്ട്. ഇത്തരം ആക്രമണങ്ങള്‍ നിര്‍ണായക സംവിധാനങ്ങള്‍ താറുമാറാക്കി തുടങ്ങാം. ഡേറ്റാ ചോര്‍ത്തലുകളും വര്‍ധിച്ചേക്കും. പഴയകാല ഹാക്കര്‍മാരുടെ ലക്ഷ്യം കുറച്ചു പൈസ പെട്ടെന്ന് ഉണ്ടാക്കുകയെന്നത് ആയിരുന്നെങ്കില്‍ ഇക്കാലത്ത് മെഡിക്കല്‍ രംഗത്ത് ആക്രമണം നടത്തി കോവിഡ്-19 വാക്‌സീന്‍ ഡേറ്റ ചോര്‍ത്താനും കുടിവെളളത്തില്‍ മായംകലര്‍ത്താനും വരെയുള്ള ശ്രമങ്ങള്‍ കാണാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

∙ രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഹാക്കിങ്ങിന്റെ ഉദയം

വന്‍ തോതിലുള്ള സൈബര്‍ ആക്രമണങ്ങളും, രാജ്യാന്തര ഹാക്കര്‍മാര്‍ എന്ന സങ്കല്‍പവും പുതിയതൊന്നുമല്ല. മാധ്യമങ്ങളും സുരക്ഷാ കമ്പനികളും ഇവയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയത് അടുത്ത കാലത്താണ്. എന്നാല്‍, അതിനൊക്കെ വളരെ മുൻപെ അവര്‍ പണിതുടങ്ങിയിരുന്നു. ഇത്തരത്തിലൊരു ആക്രമണം വ്യക്തികളോ, സ്ഥാപനങ്ങളോ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇത്തരത്തിലുള്ള ആദ്യ ആക്രമണങ്ങളിലൊന്ന് 1980കളുടെ അവസാനം നടത്തുന്നത് മാര്‍ക്കസ് ഹെസ് (Markus Hess) എന്ന ജര്‍മന്‍കാരനാണ്. റഷ്യന്‍ ചാരസംഘടനയായ കെജിബി അദ്ദേഹത്തെ ഉൾപ്പടെ കുറച്ചു പേരെ വാടകയ്ക്ക് എടുക്കുകയാണ് ചെയ്തത്. ഹെസും കൂട്ടരും അമേരിക്കന്‍ സൈനിക കംപ്യൂട്ടറുകളിലേക്ക് കടന്നുകയറി. സെമികണ്‍ഡക്ടര്‍, സാറ്റലൈറ്റ്, ബഹിരാകാശ ഗവേഷണം, വ്യോമയാന സാങ്കേതികവിദ്യകള്‍ തുടങ്ങിയ തന്ത്രപ്രധാനമായ ഡേറ്റ മോഷ്ടിച്ച് റഷ്യയ്ക്ക് വില്‍ക്കുകയാണ് അവര്‍ ചെയ്തത് എന്നാണ് രേഖകളില്‍ തെളിയുന്നത്.

എന്നാല്‍, ചെറുകിട ഹാക്കര്‍മാരില്‍ നിന്നും ഹാക്കര്‍ കൂട്ടങ്ങളില്‍ നിന്നും സർക്കാർ ഫണ്ടോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ക്ക് വമ്പന്‍ മാറ്റമാണ് വന്നിരിക്കുന്നത്. സൈനികാക്രമണങ്ങള്‍ പോലെ തന്നെയാണ് പല സൈബര്‍ ആക്രമണങ്ങളും. അവയുടെ ആഘാതവും കടുത്തതായിരിക്കും. ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്, അഥവാ ടാഗിന്റെ കണക്കു പ്രകാരം 2019ന്റെ മൂന്നാം പാദത്തില്‍ മാത്രം രാജ്യങ്ങളുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായ 12,000 ഫിഷിങ് (phishing) ആക്രണങ്ങള്‍ നടന്നിരിക്കുന്നു. ഇവ 149 രാജ്യങ്ങള്‍ക്കെതിരെ നടന്നിരിക്കുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗൂഗിള്‍ ടാഗിന്റെ അനുമാനപ്രകാരം സർക്കാരുകളുടെ പിന്തുണയുള്ള 270 ഹാക്കര്‍ സംഘനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ 50 രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. 

ചെറുകിട ഹാക്കര്‍മാര്‍ അല്‍പം പണമുണ്ടാക്കാനായി ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നുവെങ്കില്‍ രാജ്യങ്ങള്‍ വിരിയിച്ചെടുക്കുന്ന ഹാക്കര്‍ പോരാളികള്‍ക്ക് വിവിധ ഉദ്ദേശങ്ങളാണുള്ളത്. വിവരശേഖരണം, ബൗദ്ധികാവകാശം മോഷ്ടിക്കല്‍, വിമതരെയും ആക്ടിവിസ്റ്റുകളെയും നിലയ്ക്കു നിർത്തല്‍, നശീകരണ ഉദ്ദേശമുള്ള ആക്രമണങ്ങള്‍, വ്യാജ വാര്‍ത്ത വ്യപകമായി പ്രചരിപ്പിക്കല്‍ തുടങ്ങിയവാണ് രാജ്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഹാക്കര്‍മാര്‍ നടത്തുന്ന പണി.

 

∙ അത്യാധുനിക ആക്രമണം തുടങ്ങുന്നത് 2010ല്‍

 

പലരുടെയും അഭിപ്രായത്തില്‍ ആദ്യത്തെ അത്യാധുനിക സൈബര്‍യുദ്ധത്തെ അനുസ്മരിപ്പിക്കുന്ന ആക്രമണം ഉണ്ടാകുന്നത് 2010ലാണ്. സ്റ്റക്‌സ്‌നെറ്റ് (Stuxnet) ആക്രമണമെന്നാണ് ഇതിനെ വിളിക്കുന്നത്. തനിയെ പകര്‍പ്പുണ്ടാക്കാന്‍ ശേഷിയുള്ള ഒരു സൈബര്‍ വേം ആയിരുന്നു അത്. ഇത് നൂറുകണക്കിനു കംപ്യൂട്ടറുകളെയും അവ പ്രവര്‍ത്തിച്ചിരുന്ന സൈബര്‍ നെറ്റ്‌വര്‍ക്കുകളെയും ബാധിക്കുകയായിരുന്നു. ഇതിന്റെ ഏറ്റവും വലിയ പ്രഹരം ഇറാന്റെ ന്യൂക്ലിയര്‍ സെന്‍ട്രിഫ്യൂജ് സൗകര്യങ്ങളെ വിജയകരമായി പൂട്ടിച്ചു എന്നതായിരുന്നു. നറ്റാന്‍സ് ( Natanz) എന്ന പ്രദേശത്തായിരുന്നു ഇത് നിലനിന്നിരുന്നത്. ഇത് ഇസ്രയേലിന്റെയും അമേരിക്കയുടെയും ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്കുകള്‍ സംയുക്തമായി നിര്‍മിച്ചു വിട്ടതാണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ഇറാന്റെ ആണവ പദ്ധതിയുടെ പുരോഗതിയൊക്കെ വിലയിരുത്തി, ഡേറ്റ ശേഖരിച്ചു നല്‍കിയിരുന്ന ഒന്നായിരുന്നു അതത്രെ. ഇതിനു മുൻപ് രാജ്യങ്ങള്‍ നടത്തിയ പല ആക്രമണങ്ങളും കാര്യമായ ശ്രദ്ധ ആകര്‍ഷിച്ചിട്ടില്ലെങ്കിലും സ്റ്റക്‌സ്‌നെറ്റ് ആക്രമണം 1000 സെന്‍ട്രിഫ്യൂഗുഗളെ നശിപ്പിക്കുകയും, ഇറാന്റെ ആണവ പദ്ധതിയുടെ 10 ശതമാനമെങ്കിലും നശിപ്പിക്കുകയും, അവരുടെ ആണവ പുരോഗതിക്ക് വന്‍ തടസങ്ങള്‍ വരുത്തുകയും ചെയ്തുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

 

∙ രാജ്യങ്ങള്‍ എന്തിനെയെല്ലാമാണ് ആക്രമിക്കുന്നത്? 

 

പരമ്പരാഗത സൈനിക യുക്തികൗശലങ്ങളെല്ലാം സൈബര്‍ പോരാളികൾ പയറ്റുന്നുണ്ടെങ്കിലും, രാജ്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ആക്രമണങ്ങള്‍ ഇക്കാലത്ത് കൂടുതലും ശ്രദ്ധിക്കുന്നത് പ്രധാനപ്പെട്ട പല അടിസ്ഥാനസൗകര്യങ്ങളും മാല്‍വെയറോ വൈറസോ ഉപയോഗിച്ച് തകര്‍ക്കാനാണ്. സൈബര്‍പോളിസിയുടെ ( CyberPolicy) റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ ടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മേല്‍ ചൈന ചാരക്കണ്ണു പതിപ്പിച്ചിരുന്നു. അതേസമയം, ഉത്തരകൊറിയ വൈദ്യുത ഗ്രിഡുകളിലേക്ക് നുഴഞ്ഞുകയറാനാണ് വ്യഗ്രത കാട്ടിത്. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വരെ റഷ്യ തങ്ങളുടെ സ്വാധീനം തെളിയിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദേശീയ തലത്തിലുള്ള പല നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരെയും, പ്രധാനപ്പെട്ട സ്ഥാനപതികള്‍ക്കും, സർക്കാർ ഉദ്യോഗസ്ഥര്‍ക്കു നേരെയും സൈബര്‍ ആക്രമണമുതിര്‍ത്ത ചരിത്രമാണ് ഇറാനുള്ളതെന്നും നിരീക്ഷിക്കപ്പെടുന്നു.

 

∙ ആക്രമണത്തില്‍ മുന്നിലാര്?

 

മൈക്രോസോഫ്റ്റ് അടുത്തിടെ പ്രസിദ്ധീകരച്ച ഡിജിറ്റല്‍ ഡിഫന്‍സ് റിപ്പോര്‍ട്ട് പ്രകാരം റഷ്യയാണ് ഏറ്റവും മുന്നില്‍. രാജ്യാന്തര തലത്തില്‍ നടത്തിയ ആക്രമണങ്ങളില്‍ 52ന്റെയും ശില്‍പ്പികള്‍ അവരാണത്രെ. ഇത് ജൂലൈ 2019 മുതല്‍ ജൂണ്‍ 2020 വരെയുള്ള കണക്കാണ്. റഷ്യയ്ക്കു പിന്നിലായി രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് ഇറാനാണ് എന്നത് പലരെയും അദ്ഭുതപ്പെടുത്തും- 25 ശതമാനം ആക്രമണങ്ങള്‍ അവരാണ് നടത്തുന്നത്. ചൈന അവര്‍ക്കൊക്കെ വളരെ പിന്നിലാണ്- വെറും 12 ശതമാനം ആക്രമണങ്ങള്‍ മാത്രമാണ് അവര്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ 11 ശതമാനം ആക്രമണം നടത്തിയ ഉത്തര കൊറിയ അവര്‍ക്കു തൊട്ടുപിന്നിലുണ്ട്. എന്നാല്‍, ഈ ആക്രമണങ്ങളെല്ലാം ഒരേ തരതത്തിലുള്ളവയൊന്നുമല്ല. തങ്ങള്‍ക്ക് ഉപകരിക്കുന്ന തരത്തിലുള്ള രാഷ്ട്രീയവും, സാമ്പത്തികവും, സാങ്കേതികവിദ്യാപരവുമായ നേട്ടങ്ങള്‍ക്കായാണ് വിവിധ രാജ്യങ്ങള്‍ സൈബര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. ദുരന്തങ്ങളെ വരെ മുതലാക്കാന്‍ രാജ്യങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇത്തരം ആക്രമണങ്ങളുടെ ചരിത്രം കാണിച്ചുതരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെറുകിട ബിസിനസുകാര്‍ മുതല്‍ വ്യക്തികള്‍ വരെയുളളവര്‍ക്കു നേരെ ആക്രമണം ഉണ്ടാകും. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അടക്കമുള്ള ആക്രമണങ്ങള്‍ വരും. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ മാത്രം ലക്ഷ്യംവച്ചുള്ള ആക്രമങ്ങള്‍ പഴങ്കഥയാകുകയാണ്.

 

English Summary: The Rise Of International Hacker Networks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com