ADVERTISEMENT

ഇന്ത്യയിലെ ചില പ്രധാന ടെക്‌നോളജി ബിസിനസ് കമ്പനി മേധാവികളും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ അഭിപ്രായം അനുസരിച്ച് വാട്‌സാപ് ഉപേക്ഷിച്ച് സിഗ്നല്‍ മെസേജിങ് ആപ്പിലേക്ക് മാറിയിരിക്കുകയാണ്. വാട്‌സാപ്പിന്റെ സഹസ്ഥാപന്‍ ആയിരുന്ന ബ്രയാന്‍ ആക്ടണ്‍ അടക്കമുളളവരാണ് സിഗ്നലിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നതും അതൊരു സമ്പൂര്‍ണ ഓപ്പണ്‍ സോഴ്‌സ് ആപ്പാണ് എന്നതുമാണ് പലര്‍ക്കും ആകര്‍ഷകമായി തോന്നിയിരിക്കുന്നത്. മാതൃകമ്പനിയായ ഫെയ്സ്ബുക്കുമായി കൂടുതല്‍ ഡേറ്റ പങ്കുവയ്ക്കാനുള്ള വാട്‌സാപ്പിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കൂട്ടപ്രയാണം. ഇന്ത്യയുടെ സ്റ്റാര്‍ട്ട്-അപ് പരിസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന പല കമ്പനി മേധാവികളും കഴിഞ്ഞ മാസം മാറുകയും തുടര്‍ന്ന് അവരില്‍ ചിലര്‍ ട്വിറ്ററിലെത്തി തങ്ങള്‍ മാറിയ കാര്യം അറിയിക്കുകയായിരുന്നു. 

 

ഫോണ്‍പേയുടെ സഹസ്ഥാപകനായ സമീര്‍ നിഗം ആണ് അവരില്‍ ഒരാള്‍. ഒരു പ്രൊഡക്ട് എന്ന നിലയില്‍ സിഗ്നല്‍ മികവു പുലര്‍ത്തുന്നു. തന്റെ വര്‍ക്ക് ഗ്രൂപ്പുകളെയും കുടുംബ ഗ്രൂപ്പുകളെയും സിഗ്നലിലെത്തിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ തന്റെ കോണ്ടാക്ട്‌സിലുള്ള പലരും മാറാന്‍ തയാറാണെന്നും അദ്ദേഹം പറയുന്നു. മാറാന്‍ ഒരു പണവും മുടക്കേണ്ട. വാട്‌സാപ് അക്കൗണ്ട് പഴയതു പോലെ തന്നെ നിലനിര്‍ത്തിയേക്കുക. പലരും 90കളില്‍ എടുത്ത ഹോട്ട്‌മെയില്‍ അക്കൗണ്ട് നിലനിര്‍ത്തുന്നതു പോലെ അതും നില്‍ക്കട്ടെ. പഴയ പരാമര്‍ശങ്ങള്‍ വല്ലതും നോക്കണമെങ്കിലോ എന്നാണ് അദ്ദേഹം പറയുന്നത്.

 

പേടിഎം സ്ഥാപകന്‍ വിജയ് ശേഖറും ഇതേ ആശയം തന്നെയാണ് മുന്നോട്ടുവയ്ക്കുന്നത്. വാട്‌സാപ് പറയുന്നത് തങ്ങള്‍ വിപണിയിലെ വന്‍ശക്തിയാണെന്നാണ്. ഇന്ത്യയാണ് അവരുടെ ഏറ്റവും വലിയ വിപണി. നമ്മുടെ രാജ്യത്ത് അവരുടെ കുത്തകാവകാശം വച്ച് ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍അവരുടെ ആജ്ഞ അനുസരിച്ചോളും എന്നാണ് കരുതിയിരിക്കുന്നത്. നമ്മുടെ സ്വകാര്യത എടുത്തുകളയുന്നു. നമ്മള്‍ സിഗ്നലിലേക്കു മാറണം. നമ്മള്‍ ഇരകളാകാതിരിക്കണമെങ്കില്‍ വാട്‌സാപ്പും ഫെയ്‌സ്ബുക്കും നടത്തുന്നതു പോലെയുള്ള നീക്കങ്ങള്‍ക്ക് നിന്നു കൊടുക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

 

മുന്‍ ഫെയ്സ്ബുക് എക്‌സിക്യൂട്ടീവ് ചാമത് പാലിഹ്പിത്യയുടെ ട്വീറ്റും അദ്ദേഹം പങ്കുവച്ചു. ഫെബ്രുവരി മുതല്‍ വാട്‌സാപ് എല്ലാത്തരം ഡേറ്റയും ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കും. സ്വകാര്യത എന്ന അവരുടെ ഏറ്റവും നല്ല ഫീച്ചര്‍ അവരിപ്പോള്‍ കൊന്നിരിക്കുകയാണ്. ദയവായി ഇനിയാരും എനിക്ക് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയയ്ക്കരുത്. സിഗ്നല്‍ ആപ് ഡൗണ്‍ലോഡ് ച്യെയൂ എന്നാണ് മുന്‍ ഫെയ്‌സ്ബുക് ഉദ്യോഗസ്ഥന്‍ ട്വീറ്റു ചെയ്തത്. സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്റെ ട്വീറ്റിനെ തുടര്‍ന്ന് ലോകമെമ്പാടും തങ്ങളുടെ ആപ്പിന്റെ ഇന്‍സ്റ്റലേഷനുകളുടെ എണ്ണം കുതിച്ചുയര്‍ന്നതായി സിഗ്നല്‍ അറിയിക്കുന്നു. വിസില്‍ ബ്ലോവറായ എഡ്വേഡ് സ്‌നോഡന്‍, ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സെ തുടങ്ങിയവര്‍ വിശ്വസിച്ച് ഉപയോഗിക്കുന്ന ആപ്പാണ് സിഗ്നല്‍. അമേരിക്കയില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും വാട്‌സാപ് വിവാദം ഒരു പ്രശ്‌നമല്ല. കാരണം അവരെല്ലാം ആപ്പിളിന്റെ ഐമെസേജ് ഉപയോഗിക്കുന്നവരാണ്.

 

അതേസമയം, വാട്‌സാപ്പിനെതിരെയുള്ള നീക്കം വിലപ്പോകില്ലെന്നാണ് ക്രെഡിന്റെ (Cred) കുനാല്‍ ഷായ്ക്ക് പറയാനുള്ളത്. അത് മതം പോലെയാണ്. കൂടുതല്‍ പേരും അവര്‍ എന്താണോ പിന്തുടര്‍ന്നു വന്നത് അതില്‍ തന്നെ നില്‍ക്കും. വാട്‌സാപ് വിട്ട് പുതിയ ആപ്പിലേക്കു മാറുക എന്നു പറയുന്നത് പലരെ സംബന്ധിച്ചും പുതിയൊരു ഭാഷ പഠിച്ചെടുക്കുന്നതു പോലെ വിഷമം പിടിച്ച കാര്യമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഇതേ ചിന്ത തന്നെയായിരിക്കും തങ്ങളുടെ പുതിയ നിയമം അടിച്ചേല്‍പ്പിച്ചേക്കാമെന്ന് ഫെയ്‌സ്ബുക് കരുതാനുള്ള കാരണവും.

 

∙ വാട്‌സാപ്പിലൂടെ ചൈനീസ് ഹാക്കര്‍മാര്‍ പാര്‍ട്ട്-ടൈം ജോലി നല്‍കാമെന്ന സന്ദേശങ്ങള്‍ അയയ്ക്കുന്നു

 

വാട്‌സാപ്പിന് മറ്റൊരു തിരിച്ചടി നല്‍കി, ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈബര്‍സ്‌പെയ്‌സ് ഫൗണ്ടേഷന്‍ പറഞ്ഞത്, ചൈനാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ വാട്‌സാപ്പിലൂടെ ഇന്ത്യക്കാര്‍ട്ട് പാര്‍ട്ട്-ടൈം ജോലി വാഗ്ദാനവുമായി എത്തിയിട്ടുണ്ട് എന്നാണ്. ദിവസം 200 മുതല്‍ 3000 രൂപ വരെയാണ് വാഗ്ദാനം. പത്തു മുതല്‍ മുപ്പതു മിനിറ്റു വരെ പണിയെടുത്താല്‍ മതിയെന്നും പറയുന്നു. ആകര്‍ഷിക്കപ്പെട്ട ആളുകളെ ഒരു ലിങ്കില്‍ ക്ലിക്കു ചെയ്ത് ആലിബാബാ ക്ലൗഡില്‍ എത്തിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 

∙ ടെലഗ്രാമിനു മുന്നില്‍ സിഗ്നല്‍ ഒന്നുമല്ലെന്ന് വാദം

 

ഫെയ്‌സ്ബുക്കിന്റെ അധിനിവേശത്തിനെതിരെ പ്രതികരിക്കുക എന്നത് പല ഇന്ത്യക്കാരും ആഗ്രഹിക്കുന്ന കാര്യമാണ്. അതേ സമയം, മറ്റൊരു സുപ്രധാനമായ കാര്യം കൂടെ പരിഗണിച്ചേ പറ്റൂ- വാട്‌സാപ് വിട്ട് സിഗ്നലിലേക്കു മാറുന്നവരെ അതിലെ ഫീച്ചറുകളുടെ കുറവ് നിരാശരാക്കില്ലെ എന്ന ചോദ്യമാണത്. ചാറ്റുകളുടെ സ്വകാര്യത, ഉഗ്രന്‍ ഓഡിയോ കോള്‍ ക്ലാരിറ്റി എന്നിവ ഒഴിച്ചാല്‍ വാട്‌സാപ്പിലേതു പോലെയുള്ള ഫീച്ചറുകളുടെ അഭാവം സിഗ്നലില്‍ അനുഭവപ്പെട്ടേക്കാം. ഫീച്ചറുകള്‍ക്കാണ് പ്രാധാന്യമെങ്കില്‍ ടെലഗ്രാമാണ് വാട്‌സാപ്പിനു പകരം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് എന്ന അഭിപ്രായവുമായി എത്തിയിരിക്കുന്നവരുടെ കൂട്ടത്തില്‍ ടെലഗ്രാം മേധാവി പാവല്‍ ഡ്യൂറോവുമുണ്ട്. അദ്ദേഹം പറയുന്നത് സിഗ്നലും തന്റെ ആപ്പുമായി താരതമ്യം പോലും സാധ്യമല്ല എന്നാണ്. തങ്ങള്‍ക്ക് അമ്പതു കോടിയിലേറെ സംതൃപ്തരായ ഉപയോക്താക്കളുണ്ട്. അതേസമയം, സിഗ്നലിന് എത്ര ഉപയോക്താക്കളുണ്ടെന്നു പോലും വെളിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഇരു ആപ്പുകളും തമ്മില്‍ യാതൊരു താരതമ്യവും സാധ്യമല്ല. ഫെയ്‌സ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും കുത്തക അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്തേണ്ടത് ടെലഗ്രാമിലാണ്. സിഗ്നലിന്റെ 'സീക്രട്ട് ചാറ്റ്' മാത്രമാണ് ടെലഗ്രാമിന്റേതിനോട് കിടപിടിക്കാവുന്ന ഏക ഫീച്ചര്‍ എന്നാണ് അദ്ദേഹം പറയുന്നത്. ആ ഫീച്ചറിനു മാത്രമായി നിങ്ങള്‍ക്ക് ഒരു ആപ് വേണമെങ്കില്‍ സിഗ്നല്‍ ഇന്‍സ്റ്റാള്‍ ചെയ്‌തോളൂ.

 

അതല്ല, വാട്‌സാപ്പിലേതു പോലെയുള്ള ഫീച്ചര്‍ ധാരാളിത്വം വേണമെങ്കില്‍ ടെലഗ്രാമില്‍ തന്നെ എത്തിയേ മതിയാകൂ എന്നാണ് അദ്ദേഹം പറയുന്നത്. റീ-അപ്‌ലോഡ് നടത്താതെ ഫോട്ടോകളും വിഡിയോയും ഫോര്‍വേഡ് ചെയ്യാം. അതു വഴി ഫോണില്‍ കൂടുതല്‍ സ്‌റ്റോറേജ് ലഭിക്കും. ഫോണ്‍ നഷ്ടപ്പെട്ടാലും ഒരു മെസേജ് പോലും നഷ്ടപ്പെടില്ല. ബാന്‍ഡ്‌വിഡ്ത്, ബാറ്ററി ലൈഫ്, സ്റ്റോറേജ്, യൂസേജ് തുടങ്ങിയവ കുറയ്ക്കാനുള്ള ഫീച്ചറുകള്‍ ടെലഗ്രാമില്‍ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സീക്രട്ട് ചാറ്റ്‌സ് എന്ന ഫീച്ചറിനു വേണ്ടി തന്റെ ആപ്പിന്റെ ഫീച്ചറുകള്‍ വെട്ടിക്കുറയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു. സീക്രട്ട് ചാറ്റുകള്‍ ഒരു ഉപകരണത്തില്‍ മാത്രമേ സ്റ്റോർ ചെയ്യാനാകൂ എന്നും അദ്ദേഹം പറയുന്നു. ഐഒഎസിലും, ആന്‍ഡ്രോയിഡിലും ധാരാളം പിന്‍വാതിലുകള്‍ ഉണ്ട്. ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞു കയറാനും സാധിക്കും. ഇതെല്ലാം കൊണ്ട് ടെലഗ്രാമായിരിക്കും വാട്‌സാപ് ഉപയോക്താക്കള്‍ക്ക് ഉത്തമമായ പ്ലാറ്റ്‌ഫോം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷേ, സിഗ്നലിനെതിരെ സംസാരിച്ചു നിർത്തുകയല്ല ഡ്യൂറോവ് ചെയ്തത്. അദ്ദേഹം വാട്‌സാപ്പിനിട്ടും ഒന്നു കൊട്ടി. അവര്‍ ഉദ്ദേശിക്കുന്നതു പോലെ 30 സെക്കന്‍ഡ് പരസ്യമൊന്നും ടെലഗ്രാമില്‍ തുടങ്ങില്ലെന്നും അദ്ദേഹം പറയുന്നു. ഇനി തുടങ്ങിയാലും അത് വാട്‌സാപ്പില്‍ വരാന്‍പോകുന്നതു പോലെ ഒരു വ്യക്തിയുടെ താത്പര്യങ്ങള്‍ അറിഞ്ഞ ശേഷം ഉള്ള പരസ്യങ്ങള്‍ ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെഎസ് ലീഗല്‍ ആന്‍ഡ് അസോസിയേറ്റ്‌സിന്റെ സോണം ചന്ദ്വാനിയും പറയുന്നത് വാട്‌ലാപ്പില്‍ ഇനി സ്വകാര്യത ഉണ്ടാവില്ലെന്നാണ്. കൂടുതല്‍ വിശ്വസനീയമായ ആപ്പുകള്‍ അന്വേഷിക്കുക തന്നെ വേണമെന്നാണ് അദ്ദേഹത്തിന്റെയും പക്ഷം.

 

∙ നിക്കോണ്‍ ക്യാമറകള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ വാറന്റി ഉണ്ടാവില്ല

 

സാമ്പത്തിക പ്രശ്‌നങ്ങളില്‍ പെട്ടു ഞെരുങ്ങുന്നുവെന്നു കേള്‍ക്കുന്ന ജാപ്പനീസ് ക്യാമറാ നിര്‍മാണ ഭീമന്‍ ജപ്പാനിലെ ക്യാമറാ നിര്‍മാണം പരിപൂര്‍ണമായി അവസാനിപ്പിച്ചതു കൂടാതെ ഇനി തങ്ങളുടെ ക്യാമറകള്‍ക്ക് രാജ്യാന്തര വാറന്റിയും നല്‍കുന്നില്ലെന്ന് അറിയിച്ചിരിക്കുകയാണ്. ഇത് വിദേശത്തു നിന്ന് താരതമ്യേന കുറഞ്ഞ വിലയ്ക്ക് ക്യാമറകള്‍ വാങ്ങിക്കൊണ്ടു വന്നിരുന്നവര്‍ക്ക് വിലിയ തിരിച്ചടിയാണ്.

 

∙ സോളാര്‍വിന്‍ഡ്‌സ് ഹാക്കര്‍മാര്‍ റഷ്യന്‍ ടൂളുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് ഗവേഷകര്‍

 

അമേരിക്കയ്‌ക്കെതിരെ നടന്ന ഏറ്റവും വലിയ ഹാക്കിങ് ആക്രമണങ്ങളിലൊന്നായ സോളാര്‍വിന്‍ഡ്‌സ് ആക്രമണങ്ങള്‍ക്കു പിന്നില്‍ തങ്ങളല്ലെന്നു പറഞ്ഞ് റഷ്യ രംഗത്തെത്തിയിരുന്നെങ്കിലും, തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ഗവേഷകര്‍ റഷ്യയുടെ സ്‌പൈ ടൂളുകള്‍ ധാരാളമായി പ്രയോജനപ്പെടുത്തിനടത്തിയ ആക്രമണമാണിത് എന്നു കണ്ടെത്തിയിരിക്കുകയാണ്.

 

English Summary: India's tech chiefs follow Musk, signal move away from WhatsApp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com