sections
MORE

എക്കാലത്തേയും റെക്കോർഡ് തകർത്ത് ബിറ്റ്‌കോയിൻ; 1 കോയിൻ വില 36.82 ലക്ഷത്തിനു മുകളിൽ

crypto-bitcoin
SHARE

രാജ്യാന്തര വിപണിയിൽ ഇപ്പോൾ കാര്യമായ മുന്നേറ്റം നടത്തുന്നത് ബിറ്റ്‌കോയിനാണ്. ക്രിപ്റ്റോകറൻസി റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. പല രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ നൽകുന്ന മുന്നറിയിപ്പുകൾ വകവയ്ക്കാതെ കുതിച്ചുയരുന്ന ഡിജിറ്റൽ കറൻസി ബിറ്റ്കോയിനിന്റെ വില ചൊവ്വാഴ്ച 50,576.33 ഡോളറിനു മുകളിലെത്തി. ഇന്ത്യൻ രൂപയിൽ 36.82 ലക്ഷത്തിനു മുകളിലായിരുന്നു ചൊവ്വാഴ്ച ഇടപാടുകൾ നടന്നത്. ബിറ്റ്‌കോയിനിന്റെ വിലയിൽ പെട്ടെന്നുണ്ടാകുന്ന അനിയന്ത്രിതമായ ചാഞ്ചാട്ടത്തെത്തുടർന്ന് ബിറ്റ്കോയിൻ സ്വീകരിക്കുന്ന പല കമ്പനികളും നേരത്തെ തന്നെ നിർത്തിവച്ചിരുന്നു.

കഴിഞ്ഞ മാസം ക്രിപ്‌റ്റോകറൻസിയിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിച്ചതായി ടെസ്‌ല സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ബിറ്റ്‌കോയിന്റെ മൂല്യത്തിൽ വൻ കുതിപ്പുണ്ടായത്. ഫെബ്രുവരി തുടക്കത്തിൽ ഏകദേശം 33,000 ഡോളറിൽ വ്യാപാരം നടന്നിരുന്ന ബിറ്റ്കോയിൻ ആണ് ഇന്ന് 50,576.33 ഡോളറിലെത്തിയിരിക്കുന്നത്.

ഇരുപതോളം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നിരീക്ഷിക്കുന്ന പോർട്ടലായ കോയിൻ മാർക്കറ്റ്കാപ്പ് റിപ്പോർട്ട് പ്രകാരം ബിറ്റ്കോയിൻ 50,576.33 ഡോളറിലെത്തി എന്നാണ്. ഇത് 60,000 ഡോളറിനു മുകളിൽ വരെ പോകാമെന്നാണ് ഇപ്പോൾ നിരീക്ഷകർ പറയുന്നത്. തിങ്കളാഴ്ച ബിറ്റ്കോയിൻ വില 49,000 ഡോളറായിരുന്നു എന്ന് കോയിൻ മാർക്കറ്റ്കാപ്പ് രേഖകൾ പറയുന്നു. ഒരു നിക്ഷേപമെന്ന നിലയിൽ ഇപ്പോൾ സ്വർണത്തേക്കാൾ നല്ലത് ബിറ്റ്കോയിൻ വാങ്ങുന്നതാണെന്ന് വരെ പ്രവചിക്കുന്നവരുണ്ട്.

ഒരു ബിറ്റ്കോയിന് 2017 തുടക്കത്തിൽ 60,000 രൂപയോളമായിരുന്നു വില. ദിവസങ്ങൾക്കു ശേഷം അത് ഏഴു ലക്ഷത്തിലെത്തി. പിന്നീട് 10 ലക്ഷത്തോളം എത്തിയെങ്കിലും വീണ്ടും താഴോട്ട് പോയിരുന്നു. ഇപ്പോൾ കുറച്ച് ദിവസങ്ങളായി വീണ്ടും കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്. ലോകത്തൊരു കേന്ദ്ര ബാങ്കിന്റെയും അംഗീകാരം ലഭിച്ചിട്ടില്ലാത്ത ബിറ്റ്കോയിനിന്റെ വിലയിൽ വൻ ചാഞ്ചാട്ടങ്ങൾ പ്രകടമായതോടെ ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്.

ക്രിപ്‌റ്റോകറൻസി 2017 ഡിസംബറിൽ 19,650 ഡോളറിലെത്തിയിരുന്നു. തുടർന്ന് വൻ തകർച്ചയിലേക്ക് പോയി. 2018 നവംബറിൽ ഇത് 4,000 ഡോളറിന് താഴെയായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷങ്ങളിൽ ഇത് വീണ്ടും തിരിച്ചുവരാൻ തുടങ്ങുകയായിരുന്നു. 2009 ൽ ആരംഭിച്ച ബിറ്റ്കോയിൻ വികേന്ദ്രീകൃത ബ്ലോക്ക് ചെയിൻ അധിഷ്ഠിത നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന ആദ്യത്തെ ക്രിപ്‌റ്റോകറൻസിയാണ്. ഇപ്പോൾ, ലോകത്തെ ക്രിപ്‌റ്റോകറൻസി വിപണിയുടെ ഏകദേശം 71 ശതമാനമാണിത്. ഇതിന്റെ മൂല്യം ഒരു ‘ഖനന’ പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനാൽ ബിറ്റ്കോയിൻ ഏതെങ്കിലും സെൻ‌ട്രൽ ബാങ്ക് നയങ്ങൾക്കോ ചട്ടങ്ങൾക്കോ വിധേയമല്ല.

English Summary: Bitcoin Breaks All-Time Record Shooting Past $50,000

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA