ADVERTISEMENT

ഇന്ത്യയില്‍ 40 കോടിയിലേറെ പേര്‍ ഉപയോഗിക്കുന്ന വാട്‌സാപ് പുതിയ സ്വകാര്യതാ നയം കൊണ്ടുവരികയാണ്. മെയ് 15 നാണ് ഇത് അംഗീകരിക്കേണ്ട അവസാന തിയതി എന്നാണ് ഫെയ്‌സ്ബുക്കിന്റെ അധീനതയിലുള്ള വാട്‌സാപ് അറിയിച്ചിരിക്കുന്നത്. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്കും വാട്‌സാപ് തുടര്‍ന്നും ഉപോയഗിക്കാനുള്ള അനുമതി യൂറോപ്പിലും മറ്റും ഉണ്ട്. ഇന്ത്യക്കാര്‍ക്ക് അതു നല്‍കിയിട്ടില്ലെന്നു കാണിച്ചുള്ള കേസുകള്‍ രാജ്യത്തെ സുപ്രീം കോടതിയലടക്കം ഉണ്ട്. എന്നാല്‍, നിലവിലെ സാഹചര്യമാണ് തുടരുന്നതെങ്കില്‍, മെയ് 15ന് നിങ്ങള്‍ വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും?

 

അത്തരം ഉപയോക്താക്കള്‍ക്ക് 120 ദിവസം വരെ സമയം നീട്ടി നല്‍കുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, ആ സമയത്ത് വാട്‌സാപ്പിന്റെ ഫീച്ചറുകൾ പലതും പ്രവര്‍ത്തിക്കില്ല. ഏതാനും ദിവസത്തേക്ക് ഉപയോക്താവിന് കോളുകളും നോട്ടിഫിക്കേഷനുകളും ലഭിക്കും. എന്നാല്‍, നിങ്ങള്‍ക്കുവരുന്ന മെസേജുകള്‍ വായിക്കാനോ, സന്ദേശങ്ങള്‍ അയയ്ക്കാനോ സാധിക്കില്ല. മെയ് 15 കഴിഞ്ഞ് ഇങ്ങനെ നല്‍കിയിരിക്കുന്ന 120 ദിവസം കഴിയുമ്പോഴും പുതിയ സ്വകാര്യതാ നയം അംഗീകരിക്കുന്നില്ലെങ്കില്‍ അത്തരം അക്കൗണ്ടുകള്‍ ഡിലീറ്റു ചെയ്യുമെന്നും കമ്പനി അറിയിച്ചു. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ നമ്പറില്‍ വാട്‌സാപ് ഉപയോഗിക്കണമെങ്കില്‍ വേറൊരു അക്കൗണ്ട് ക്രിയേറ്റു ചെയ്യേണ്ടതായി വരും. എന്നു പറഞ്ഞാല്‍ നിലവിലുള്ള അക്കൗണ്ടിലുള്ള ചാറ്റുകളും മറ്റും നഷ്ടമാകും. പുതിയ അക്കൗണ്ട് സൃഷ്ടിക്കുമ്പോഴും പുതിയ സ്വകാര്യതാ നയം അംഗീകരിക്കേണ്ടതായും വരും.

 

അതേസമയം, ശരാശരി ഉപയോക്താവിനെ പ്രീണിപ്പിച്ചു നിർത്താനുള്ള പ്രചാരണ വേലകളും വാട്‌സാപ് നടത്തുന്നുണ്ട്. അവരുടെ സന്ദേശങ്ങളൊന്നും ആര്‍ക്കും കാണാനൊക്കില്ല എന്നതാണ് വാട്‌സാപ് ആവര്‍ത്തിച്ചു പറയുന്നത്. പിന്നെ നിങ്ങളുടെ ചാറ്റുകള്‍ മറ്റു കമ്പനികള്‍ക്ക് കാണാന്‍ അനുവദിക്കണമെങ്കില്‍ അതും ചെയ്യാമെന്നും പറയുന്നു. തങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നിലനിര്‍ത്തുക തന്നെ ചെയ്യുമെന്നാണ് കമ്പനി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. അതേസമയം, സ്വകാര്യതയ്ക്കായി വാദിക്കുന്നവര്‍ പറയുന്നത് വാട്‌സാപ്പില്‍ ഉപയോക്താക്കളെക്കുറിച്ച് സൃഷ്ടിക്കപ്പെടുന്ന മെറ്റാഡേറ്റ മുഴുവന്‍ ശേഖരിക്കപ്പെട്ടേക്കാമെന്നും അത് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കൈമാറിയേക്കാമെന്നുമാണ്. ഇന്ത്യയില്‍ ബിസിനസ് സ്ഥാപനങ്ങളുമായി നേരിട്ടു പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് വാട്‌സാപ് എന്നും വാര്‍ത്തകളുണ്ട്.

 

∙ ഫെയ്‌സ്ബുക് വഴിക്കു വന്നു തുടങ്ങിയെന്ന് ഓസ്‌ട്രേലിയ

 

ഓസ്‌ട്രേലിയയില്‍ ഫെയ്‌സ്ബുക് ദേശീയവും അന്തര്‍ദേശീയവുമായ വാര്‍ത്താ മാധ്യമങ്ങളുടെ ലിങ്കുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കി. കൂടാതെ, രാജ്യത്തെ പല സ്‌റ്റേറ്റുകളുടെയും അടിയന്തര സേവനങ്ങളെ ബ്ലോക്ക് ചെയ്ത് പ്രകോപനം സൃഷ്ടിച്ചു. ഇതോടെ ഫെയ്‌സ്ബുക്കിനെയും വാട്‌സാപ്പിനെയും രാജ്യങ്ങളുടെ ഔദ്യോഗിക കാര്യങ്ങള്‍ക്കായി ആശ്രയിക്കരുതെന്ന വാദം ഉയര്‍ന്നു. ഫെയ്‌സ്ബുക്കിന്റെ പ്രവൃത്തി ധാര്‍ഷ്ട്യം നിറഞ്ഞതും നിരാശാജനകവുമാണ് എന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞത്.

 

SPACE-EXPLORATION/SPACEX-LAUNCH

മാധ്യമങ്ങളുമായി ധാരണയിലെത്തണമെന്ന സർക്കാരിന്റെ നിര്‍ദ്ദേശം പാടെ തള്ളിയാണ് ഓസ്‌ട്രേലിയക്കാര്‍ വാര്‍ത്താ ലിങ്കുകള്‍ ഫെയ്‌സ്ബുക്കിലിടേണ്ടെന്നും, ഇതോടൊപ്പം സർക്കാർ സേവനങ്ങളുടെ പേജുകളും ഫെയ്‌സ്ബുക്കില്‍ വേണ്ടെന്ന നിലപാട് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കമ്പനി കൈക്കൊണ്ടത്. ഇത് പ്രകോപനപരമായ തീരുമാനമാണെന്നും ടെക്‌നോളജി കമ്പനികള്‍ക്ക് തിരിച്ചടി കൊടുക്കണമെന്നും പറഞ്ഞ് ഓസ്‌ട്രേലിയ ഇന്ത്യയടക്കം വിവിധരാജ്യങ്ങളുമായി തമ്മില്‍ ചര്‍ച്ച ചെയ്തു. ഇതോടെയാണ് ഫെയ്‌സ്ബുക് ഭാഗികമായെങ്കിലും ചര്‍ച്ചയ്ക്ക് തയാറായതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും ചില അടിയന്തര സേവനങ്ങളുടെ പേജുകള്‍ തിരിച്ചുകൊണ്ടുവരികയും ചെയ്തിട്ടുണ്ട്. താന്‍ സക്കര്‍ബര്‍ഗുമായി സംസാരിച്ചുവെന്നും സംഭാഷണങ്ങള്‍ ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഓസ്‌ട്രേലിയയുടെ ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് പറഞ്ഞു.

 

ടെക്‌നോളജി കമ്പനികള്‍ക്കെതിരെയുള്ള നിയമം ഓസ്‌ട്രേലിയിന്‍ പാര്‍ലമെന്റ് അടുത്ത ദിവസങ്ങളില്‍ വോട്ടിനിടും. ഇതു വന്നു കഴിഞ്ഞാല്‍ പിന്നീട് ഗൂഗിളും ഫെയ്‌സ്ബുക്കും മാധ്യമങ്ങള്‍ക്ക് പണം നല്‍കേണ്ടതായി വരും. എന്നാല്‍, സെനറ്റു വഴി പാസാക്കാന്‍ ശ്രമിക്കുന്ന ഈ നിയമത്തില്‍കേവലം സാമ്പത്തിക പ്രശ്‌നമല്ല ഉള്ളതെന്നും ഫ്രൈഡന്‍ബര്‍ഗ് പറഞ്ഞു. ഇവിടെ ഓസ്‌ട്രേലിയയുടെ പരമാധികാരത്തെയാണ് ടെക്‌നോളജി കമ്പനികള്‍ ചോദ്യംചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, ചര്‍ച്ചയ്‌ക്കെത്താന്‍ തയാറാണെന്ന സക്കര്‍ബര്‍ഗിന്റെ പുതിയ സമീപനത്തെ, താത്കാലികമായി ഫെയ്‌സ്ബുക് വീണ്ടും തങ്ങളുടെ 'ഫ്രണ്ട്' ആയിരിക്കുന്നു എന്നാണ് മോറിസണ്‍ വിശേഷിപ്പിച്ചത്. ചര്‍ച്ചയ്ക്കു തയാറാണെന്ന് ഫെയ്‌സ്ബുക് പറഞ്ഞത് തനിക്ക് സന്തോഷം പകരുന്ന കാര്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

 

അതേസമയം, ഫെയ്‌സബുക്കുമായി ചര്‍ച്ച നടക്കുന്നുവെന്ന് ഓസ്‌ട്രേലിയ പറയുന്നുണ്ടെങ്കിലും അതു സംഭവിച്ചോ എന്നതിന് തെളിവൊന്നുമില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രശ്‌നം കൂടുതല്‍ വഷളാക്കാതിരിക്കാനാണ് ഇരു കക്ഷികളും ശ്രമിക്കുന്നത്. എന്നാല്‍, കൂടുതല്‍ രാജ്യങ്ങള്‍ ടെക്‌നോളജി കമ്പനികള്‍ക്കെതിരെ രംഗത്തിറങ്ങിയേക്കുമെന്നും സൂചനകളുണ്ട്. ഓസ്‌ട്രേലിയ എടുത്തതു പോലെയുള്ള നടപടി തങ്ങളും കൈക്കൊള്ളാന്‍ ആഗ്രഹിക്കുന്നു എന്നാണ് കാനഡ പറഞ്ഞിരിക്കുന്നത്. തങ്ങളുടെ സ്വന്തം നിയമമായിരിക്കും അവതരിപ്പിക്കുക എന്നാണ് കാനഡ സൂചന നൽകിയത്. അതേസമയം, ഫെയ്‌സ്ബുക് ലിങ്കുകള്‍ ഷെയർ ചെയ്യില്ലെന്ന തീരുമാനം മാധ്യമങ്ങളുടെ ട്രാഫിക്കിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എന്നാല്‍, ചില വെബ്‌സൈറ്റുകളുടെ ട്രാഫിക് 13 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ടെന്നും പറയുന്നു. ഇത് മറ്റു തന്ത്രങ്ങളിലൂടെ തിരിച്ചുകൊണ്ടുവരാവുന്നതെയുള്ളു എന്നും പറയുന്നു. 

 

∙ ലോകത്തെ ഏറ്റവും വലിയ ധനികനായി വീണ്ടും മസ്‌ക്

 

ടെക്‌നോളജി മാന്ത്രികനും ബിസിനസുകാരനുമായ ഇലോണ്‍ മസ്‌കിന്റെ കീഴിലുള്ള കമ്പനികളിലൊന്നായ സ്‌പേസ്എക്‌സിന്റെ ഓഹരി വില ഉയര്‍ന്നതോടെ അദ്ദേഹം വീണ്ടും ലോകത്തെ ഏറ്റവും വലിയ ധനികനായി. സ്‌പേസ്എക്‌സിന്റെ ഇപ്പോഴത്തെ മൂല്യം ഏകദേശം 74 ബില്ല്യന്‍ ആണെന്നാണ് വിലയിരുത്തല്‍. അടുത്തിടെ സെക്യോയിയ ക്യാപ്പിറ്റല്‍ സ്‌പേസ്എക്‌സിലേക്ക് 850 ദശലക്ഷം ഡോളര്‍ മുടക്കിയതോടെയാണ് ഓഹരി വില ഉയര്‍ന്നത്. എന്തായാലും ഇതോടെ മസ്‌കിന്റെ ആസ്തി 199.9 ബില്ല്യന്‍ ഡോളറായിരിക്കുകയാണ്. തൊട്ടുപിന്നിലുള്ള ജെഫ് ബെസോസിന്റെ മൂല്യം ഇപ്പോള്‍ 194.2 ബില്ല്യന്‍ഡോളറാണ്.

 

∙ റെസലൂഷന്‍ കുറഞ്ഞ ഫോണുകളിലും യുട്യൂബില്‍ 4കെ വിഡിയോ കാണാം

 

നിങ്ങളുടെ ഹാന്‍ഡ്‌സെറ്റിന് 4കെ സപ്പോര്‍ട്ട് ഇല്ലെങ്കിലും, ആന്‍ഡ്രോയിഡ് ഫോണുകളിലെ യുട്യൂബ് ആപ്പില്‍ 4കെ 60പി റെസലൂഷനുള്ള വിഡിയോ കാണാന്‍ ഇനി സാധക്കും. ഇതു വഴി 4കെ വിഡിയോയുടെ മികവൊന്നും റെസലൂഷന്‍ കുറഞ്ഞ സ്‌ക്രീനുകളില്‍ കാണാനാകില്ലെങ്കിലും, സാധാരണ ലഭിക്കുന്നതിനേക്കാള്‍ മികച്ച വിഡിയോ കാണാനാകും. എന്നാല്‍, ഇന്റര്‍നെറ്റിനു വേണ്ട സ്പീഡില്ലെങ്കില്‍ വിഡിയോ മുറിഞ്ഞു മുറിഞ്ഞു പോകുന്നതും കാണാം.

 

English Summary: Facebook Has "Tentatively Friended Us Again": Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com