ADVERTISEMENT

നമ്മുടെ ഉറക്കവും കിടക്കയും തമ്മില്‍ വേര്‍പിരിക്കാനാവാത്ത ബന്ധമുണ്ട്. നിങ്ങളെ ഏറ്റവും സുഖകരമായ രീതിയില്‍ ഉറങ്ങാന്‍ സഹായിക്കുന്ന കിടക്ക അവതരിപ്പിച്ചിരിക്കുകയാണ് എമ്മ മോഷന്‍ എന്ന കമ്പനി. ഉറക്കം അനായാസമാക്കാന്‍ സഹായിക്കുന്ന നിര്‍മിത ബുദ്ധിയുടെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന 360 സെന്‍സറുകളാണ് ഈ കിടക്കയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതുവഴി ഉറങ്ങുന്നയാളുടെ ചെറു ചലനങ്ങള്‍ പോലും തിരിച്ചറിയാനും അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും കിടക്കക്ക് സാധിക്കും. 

 

ജര്‍മ്മന്‍ സ്ലീപ് ടെക് ബ്രാന്‍ഡായ എമ്മയാണ് ഈ സ്മാര്‍ട് മാട്രസിന് പിന്നില്‍. 'ആളുകളുടെ ഉറക്കത്തെ സഹായിച്ച് അവരുടെ ജീവിതത്തെ തന്നെ നല്ല രീതിയില്‍ മാറ്റുകയെന്നതാണ് ഞങ്ങളുടെ ദൗത്യം. ഓരോ മനുഷ്യന്റെയും ഉറക്കം അവരുടെ ആരോഗ്യത്തെ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന് കൂടുതല്‍ പഠനങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്' എമ്മയുടെ സിഇഒയായ മാന്വല്‍ മ്യൂളര്‍ പറയുന്നു.

 

വ്യക്തികളുടെ ഉറക്കം കൂടുതല്‍ അനായാസകരമാക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യകളില്‍ കൂടുതലായി നിക്ഷേപം നടത്തുന്ന കമ്പനിയാണ് എമ്മ. തങ്ങള്‍ മുന്നില്‍ നിന്നു നയിക്കുന്ന ഒരു മാറ്റമാണിതെന്നാണ് കമ്പനി ഉടമകള്‍ അവകാശപ്പെടുന്നത്. എമ്മ മോഷന്‍ കിടക്കകള്‍ വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും രാത്രി സമയത്ത് പ്രത്യേകമായി ശബ്ദമൊന്നും പുറപ്പെടുവിക്കുകയില്ല.

 

കിടക്കയുടെ ഏറ്റവും മുകളിലെ പതുപതുത്ത ഭാഗത്തിന് താഴെയായാണ് എഐ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുള്ളത്. ഉറക്കത്തില്‍ കിടക്കുന്ന രീതിക്കുണ്ടാകുന്ന മാറ്റങ്ങള്‍ ഇതുവഴിയാണ് തിരിച്ചറിയുക. ഓരോ ചലനങ്ങളിലൂടെയും ശരീരത്തിന് കൂടുതലായി സമ്മര്‍ദം അനുഭവിക്കേണ്ടി വരുമോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും തല്‍സമയം ശേഖരിക്കും. എമ്മയുടെ നെറ്റ്‌വര്‍ക്കില്‍ നേരത്തെ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഏറ്റവും മികച്ച പൊസിഷനിലാണോ ഉറങ്ങുന്നയാള്‍ കിടക്കുന്നതെന്ന് ഉറപ്പുവരുത്തും. ഇതിനു വേണ്ട രീതിയില്‍ പൊങ്ങിയും താഴ്ന്നും സ്വയം മാറുകയാണ് ഈ കിടക്കകള്‍  ചെയ്യുന്നത്. 

 

രാത്രി മുഴുവനായും ഇത്തരത്തില്‍ സ്വയം മാറുന്ന കിടക്കയുടെ ചലനങ്ങളിലൂടെ ഏറ്റവും സുഖകരമായ ഉറക്കം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഉറക്കത്തിനിടെ നട്ടെല്ല് പൂര്‍ണമായും സുഖകരമായ അവസ്ഥയിലാണെന്ന് ഉറപ്പുവരുത്താനും ഇതുവഴി സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കിടക്കയില്‍ കിടക്കുന്നയാള്‍ക്ക് ഉറക്കത്തിനിടെ ഒരിക്കല്‍ പോലും അധികമായി ചൂട് അനുഭവിക്കേണ്ടി വരില്ലെന്ന് ഡയമണ്ട് ഡിഗ്രി സാങ്കേതികവിദ്യ ഉറപ്പുവരുത്തുമെന്നും എമ്മ അധികൃതര്‍ പറയുന്നു. കിടക്കയുടെ മുകള്‍ ഭാഗത്തെ ദശലക്ഷക്കണക്കിന് ഗ്രാഫൈറ്റ് പാര്‍ട്ടിക്കിള്‍സാണ് അധികം ചൂടാവാതിരിക്കാന്‍ സഹായിക്കുന്നത്. 

 

എമ്മ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് തങ്ങള്‍ക്കിഷ്ടപ്പെടുന്ന ഫീച്ചറുകള്‍ കിടക്കയില്‍ ഉള്‍ക്കൊള്ളിക്കാനാവുകയും ചെയ്യും. 

'നിങ്ങള്‍ വിശ്രമിക്കുമ്പോള്‍ പണിയെടുക്കുന്ന' ഈ കിടക്കക്ക് പിന്നിലെ എഐ സാങ്കേതികവിദ്യകള്‍ രണ്ട് വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് കണ്ടെത്തിയതെന്നാണ് എമ്മ മോഷന്‍ അറിയിക്കുന്നത്. ഇപ്പോള്‍ തന്നെ യൂറോപ്യന്‍ വിപണിയില്‍ ലഭ്യമായ ഈ എഐ കിടക്കക്ക് 2499 യൂറോയാണ് (ഏകദേശം 2.19 ലക്ഷം രൂപ) വിലയിട്ടിരിക്കുന്നത്.

 

English Summary:  Emma Motion mattress moulds to the sleeper's body during a night's sleep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com