ADVERTISEMENT

ആലിബാബയുടെ സ്ഥാപകനും ശതകോടീശ്വരനുമായ ജാക് മാ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. മായുടെ ഗതി വരാതിരിക്കാനാണോ എന്നറിയില്ല ചൈനയിലെ പുതിയ കോടീശ്വരന്മാരിലൊരാൾ ഒളിച്ചിരിക്കുകയാണ്. അത് ചൈനയ്ക്ക് പിടികൊടുക്കാതിരിക്കാനാകാം, നികുതി കുറയ്ക്കാനായിരിക്കാം, മറ്റ് ഉദ്ദേശങ്ങളുമുണ്ടാകാം. എന്തായാലും, 2020ല്‍ മഹാമാരിയുടെ സമയത്ത് 261 ശതമാനം വളര്‍ന്ന് 175 ബില്ല്യന്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി മാറിയ ചൈനീസ് ഷോപ്പിങ് വെബ്‌സൈറ്റാണ് പിന്‍ഡുവോഡുവോ (Pinduoduo). ഇതടക്കം പല ബിസിനസുകളുടെയും ഉടമയായ 40 കാരനായ കോളിന്‍ സെങ് ഹുവാങ് (Colin Zheng Huang) ആണ് മാ ശൈലിക്കു വിരുദ്ധമായ സമീപനം സ്വീകരിച്ചിരിക്കുന്നത്. ചൈനീസ് മാധ്യമങ്ങള്‍ കോളിനെ വിശേഷിപ്പിക്കുന്ന പ്രയോഗങ്ങളിലൊന്ന് നിഗൂഢത നിറഞ്ഞയാള്‍ എന്നാണ്. കോളിന്‍ വിവാഹിതനാണോ എന്നുപോലും ആര്‍ക്കും അറിയില്ല. ഇതേ നിഗൂഢത തന്റെ സംരംഭമായ പിന്‍ഡുവോഡുവോയിലും തുടരുന്നു. അവിടെ ജോലിക്കാര്‍ക്കെല്ലാം ഇരട്ടപ്പേരുകള്‍ നല്‍കിയിരിക്കുകയാണ്. കമ്പനിയില്‍ നിന്നു പുറത്തു വന്ന രണ്ടു ജോലിക്കാര്‍ പറഞ്ഞത് വളരെ വിരളമായി മാത്രമാണ് തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നയാളുടെ ശരിയായ പേരുപോലും അറിയാനാകുക എന്നാണ്.

 

പിന്‍ഡുവോഡുവോ കൂടാതെ നിരവധി ബിസിനസ് സംരംഭങ്ങളും കോളിനുണ്ട്. മറ്റ് ഇകൊമേഴ്‌സ് വെബ്‌സൈറ്റുകള്‍, ഗെയിമിങ് സംരംഭങ്ങള്‍, ചൈനയ്ക്കു വെളിയിലുള്ള ബിസിനസുകള്‍ തുടങ്ങി പല മേഖലകളിലും കോളിന്റേതായുണ്ട്. താനടക്കം വളരെ ഒത്തൊരുമയോടു കൂടി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇവയെല്ലാം കൈകാര്യം ചെയ്യുന്നത്. ഇതെല്ലാം അദ്ദേഹത്തെ ഷാന്‍ഹായിയിലെ എതിരില്ലാത്ത ഇന്റര്‍നെറ്റ് രാജാവാക്കുന്നു. യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ ഷോപ്പിങ് ആപ്പുകളിലൊന്നാണ് വൊവാ. ഫ്രാന്‍സിലും ഇറ്റലിയിലും ഇത് ആദ്യ പത്തു ഷോപ്പിങ് സേവനങ്ങള്‍ക്കുള്ളിലാണ് വോവോ ഉള്ളത്. ഇതടക്കം പല സംരംഭങ്ങളും കോളിന്റെ ഉടമസ്ഥതയിലാണ്. തങ്ങളുടെ നിക്ഷേപകരുമായി സംസാരിക്കവെ പിന്‍ഡുവോഡുവോ പ്രതിനിധികള്‍ ഒരിക്കല്‍ പറഞ്ഞത് കോളിന്‍ മറ്റ് സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും, വേറെ ചിലത് അദ്ദേഹവുമായി ബന്ധമുള്ളവയാണെന്നുമാണ്. അതേസമയം, ചൈനീസ് അധികാരികള്‍ പരിശോധിക്കുമ്പോള്‍ ഇത്തരം കമ്പനികളൊന്നും കോളിനുമായി ബന്ധമില്ലാത്തവയാണ് എന്നാണ് കാണുന്നത്. മായ്ക്ക് വരാന്‍ പോകുന്നത് എന്താണെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയതാണോ കോളിന്റെ സമീപനത്തിലെ മാറ്റമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

 

കോളിന്‍ വളരെ വിരളമായി മാത്രമാണ് ചൈനയില്‍ ഓഹരി കൈവശം വച്ചിരിക്കുന്നത്. മറ്റുള്ളവരുടെ പേരില്‍ പണമിറക്കുന്ന വലിയ കാശുകാരെ ചൈനക്കാര്‍ വിളിക്കുന്നത് ബൈഷോട്ടാവോ അഥവാ വെള്ളക്കൈയ്യുറകള്‍ എന്നാണ്. ഇത്തരക്കാര്‍ തങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരിലായിരിക്കും ഓഹരികള്‍ സൂക്ഷിക്കുക. ഇത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന തിരിച്ചറിവിലാണ് അവര്‍. ഈ നീക്കം വഴി പൊതുജനവും അമിതമായി പണം കൈയ്യില്‍ വയ്ക്കുന്നവന്‍ എന്ന മുദ്ര കുത്താതിരിക്കും. കോളിനു വേണ്ടി ഓഹരി സൂക്ഷിക്കുന്ന ആളുകളിലൊന്നായി അറിയപ്പെടുന്നത് 69-വയസുകാരിയായ ഗ്രാമീണ സ്ത്രീയാണ്. പല കമ്പനികളിലും തന്റെ നിക്ഷേപത്തിന്റെ 90 ശതമാനം പണവും ഇവരുടെ പേരിലാണ് കോളിന്‍ ഇട്ടിരിക്കുന്നത്. കോളിന്‍ അറിയപ്പെടുന്നത് ഒരു സീരിയല്‍ ബിസിനസുകാരന്‍ എന്നാണ്.

 

∙ കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചയാള്‍, ഗൂഗിൾ ഉദ്യോഗസ്ഥന്‍

 

Pinduoduo

ആലിബാബയുടെ മാതൃദേശമയ ഹാങ്‌സൗവിലാണ് കോളിന്റെ ജനനം. ഫാക്ടറി ജോലിക്കാരായ മാതാപിതാക്കളുടെ മകന്‍. സെജിയാങ് യൂണിവേഴ്‌സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചശേഷം 2002ല്‍ അമേരിക്കയ്ക്കു പോകുകയായിരുന്നു കോളിന്‍. തുടര്‍ന്ന് ഗൂഗിളിലും, ഗൂഗിള്‍ ചൈനയിലും ഉദ്യോഗസ്ഥനായിരുന്നു. തുടര്‍ന്ന് അദ്ദേഹം അതുപയോഗിച്ച് സ്വയം പണമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചു. അതുവഴി സ്വന്തം വ്യക്തിത്വത്തിന് അംഗീകാരം തേടാനായിരുന്നു ഉദ്ദേശം. ഗൂഗിളിന്റെ ഓഹരി വിറ്റ് 2.2 ദശലക്ഷം ഡോളര്‍ സമാഹരിച്ചാണ് തന്റെ ആദ്യ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വെബ്‌സൈറ്റായ ഓകു (Ouku) 2010ല്‍ തുടങ്ങുന്നത്. അടുത്ത വെബ്‌സൈറ്റായ ലെക്വീ തുടങ്ങാനുള്ള ശ്രമവും ഇതോടൊപ്പം ആരംഭിച്ചിരുന്നു. ഓക്കുവിലെ ഒരു ഇന്റേണ്‍ ആയിരുന്ന ചെന്നിന്റെ (Chen) പേരിലായിരുന്നു പുതിയ കമ്പനി റജിസ്റ്റര്‍ ചെയ്തത്. രണ്ടു വര്‍ഷത്തിനു ശേഷം ലെബ്ബേ (Lebbay) എന്നൊരു പദ്ധതിയും തുടങ്ങി. ഇതിന്റെ ഉടമയും ചെന്‍ ആയിരുന്നു. ഗൂഗിളില്‍ നിന്നു പഠിച്ച പാഠങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേര്‍ച്ച് റാങ്കിങ്ങില്‍ മുന്നിലെത്താന്‍ സാധിച്ച പല വെബ്‌സൈറ്റുകളും ലെബ്ബെയുടെ കീഴില്‍ സ്ഥാപിച്ചു.

 

∙ പുത്തന്‍ ആശയം വിറ്റ് കാശുകാരനായി

 

കോളിന്‍ നിരവധി പുതിയ വെബ്‌സൈറ്റകള്‍ തുടങ്ങി. എന്നാല്‍, ഇവയുടെ എല്ലാം പിന്നാമ്പുറം ഒരേ സിസ്റ്റമായിരുന്നു. ചെന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും സംഭവ വികാസങ്ങളെല്ലാം കോളിനെ അറിയിക്കുകയും ചെയ്തുവന്നു. തുടര്‍ന്ന് ഷാങ്ഹായ് സന്‍മെങ് എന്ന പേരില്‍ കംപ്യൂട്ടര്‍ ഗെയിമുകള്‍ വികസിപ്പിക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കെ 2015ലാണ് പിന്‍ഹാവോഹുവോ എന്നൊരു വെബ്‌സൈറ്റ് എന്ന ആശയം കോളിന്റെ മനസ്സിലുദിച്ചത്. ഒരു സോഷ്യൽ ഇകൊമേഴ്‌സ് സ്ഥാപനം തുടങ്ങണം എന്നാണ് അദ്ദേഹം ടീം അംഗങ്ങളോടു പറഞ്ഞത്. ഇതിനായി അദ്ദേഹം ഒരു ഗംഭീര ആശയവും പുറത്തെടുത്തു. നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന പ്രൊഡക്ട് നിങ്ങളുടെ സുഹൃത്തിനെക്കൊണ്ടും വാങ്ങിപ്പിച്ചാല്‍ വിലകുറച്ചു നല്‍കും! ആദ്യ കാലത്ത് പഴങ്ങളായിരുന്നു വില്‍പ്പന. മാസങ്ങള്‍ക്കുള്ളില്‍ സോഷ്യൽ ഇകൊമേഴ്‌സ് അഥവാ ഒരു കൂട്ടം ആളുകളെക്കൊണ്ട് ഒരു ഉല്‍പ്പന്നം വാങ്ങിപ്പിക്കുക എന്ന ലക്ഷ്യവുമായി രണ്ടാമതൊരു ആപ്പ് അദ്ദേഹത്തിന്റെ ഗെയിം ഡവലപ്പര്‍മാര്‍ പുറത്തിറക്കി. അതായിരുന്നു പിന്‍ഡുവോഡുവോ.

 

പിന്‍ഡുവോഡുവോയുടെ ബിസിനസ് അതിവേഗം വളര്‍ന്നു. ലെബ്ബെ വഴിയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. 2016ല്‍ തന്നെ പിന്‍ഡുവോഡുവോയ്ക്ക് 50 ദശലക്ഷം ഡോളര്‍ നിക്ഷേപം ലഭിച്ചു. സുണ്‍മെങ് കമ്പനിയുടെ 90 ശതമാനം ഓഹരി കൈവശം വച്ചിരുന്ന 69കാരിയായ ഗു (Gu) ഓഹരി അമേരിക്കന്‍ നിക്ഷേപകര്‍ക്കായി തുറന്നു കൊടുത്തു. തുടര്‍ന്ന് ഗു മറ്റൊരു ഗെയ്മിങ് കമ്പനിക്കു തുടക്കമിട്ടു. കോളിന്റെ മറ്റു കമ്പനികള്‍ ചെറിയ രീതിയില്‍ മാത്രമാണ് പണമുണ്ടാക്കിയിരുന്നതെങ്കില്‍ പിന്‍ഡുവോഡുവോയിലൂടെ കാശു കുമിഞ്ഞു കൂടുമെന്ന് കോളിന് അറിയാമായിരുന്നു.

 

∙ പിടികൊടുക്കാതെ ഗു

 

ഓരോ കമ്പനിക്കും അതിന്റെ ജോലിക്കാര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ കീഴിലുള്ള ഗെയ്മിങ് കമ്പനികള്‍ 489 ദശലക്ഷം ഡോളര്‍ വിറ്റുവരവുണ്ടാക്കി. അതേസമയം, മാധ്യമങ്ങള്‍ ഈ ഗു ആരാണെന്നുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയപ്പോള്‍ അവരുടെ കൈവശമുള്ള മൊത്തം ഓഹരികളും മറ്റൊരു പുരുഷന് കൈമാറുകയായിരുന്നു. മറ്റു ചൈനീസ് ബിസിനസുകര്‍ തങ്ങളുടെ വിവരങ്ങള്‍ ഒളിച്ചു വച്ചല്ല കച്ചവടം നടത്തുന്നത്. ജാക് മാ, ടെന്‍സെന്റിന്റെ ഉടമ പോണി മാ , ബായിഡു ഉടമ റിച്ചഡ് ലി, ഇവരാരും ഒളിച്ചിരുന്നല്ല ബിസിനസ് നടത്തുന്നത്. അതേസമയം, കോളിന്റെ കളി തീക്കളിയാകാമെന്നു കരുതുന്നവരും ഉണ്ട്.

 

English Summary: Did Colin guessed the fate of Jack Ma?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com