sections
MORE

ഐഫോണ്‍ ഹാക്കിങ് ഇനി അത്ര എളുപ്പമാകില്ല; സ്വകാര്യത മനുഷ്യാവകാശമായി കാണുന്ന കാലം വരുമെന്ന് നാദെല്ല

iphone-12-mini
SHARE

ഐഫോൺ സുരക്ഷ കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് ആപ്പിളിന്റെ എൻജിനീയര്‍മാര്‍. ഐഒഎസിന്റെ കോഡ് സുരക്ഷിതമാക്കുന്ന രീതിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങുകയാണ് കമ്പനി. നിലവില്‍ ഹാക്കര്‍മാരുടെ പ്രിയ ടൂളായ സീറോ-ക്ലിക് (0-click) പോലും പ്രവര്‍ത്തിക്കാത്ത രീതിയിലാക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. പുതിയ മാറ്റം ഐഒഎസ് 14.5ന്റെ ബീറ്റാ വേര്‍ഷനില്‍ കാണാമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ഏതാനും ദിവസത്തിനുള്ളില്‍ തന്നെ പുതിയ സോഫ്റ്റ്‌വെയര്‍ പുറത്തിറക്കിയേക്കും. ആപ്പിള്‍ 2018 മുതല്‍ പോയിന്റര്‍ ഓതന്റിക്കേഷന്‍ കോഡ്‌സ് (പിഎസിസി) സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. ഏകദേശം 2018 മുതല്‍ ഇത് കമ്പനിക്ക് അറിയാമായിരുന്നു. എന്നാല്‍, അടുത്തിടെ മാത്രമാണ് ഐഒഎസ് കോഡിലേക്ക് ഉള്‍ക്കൊള്ളിച്ചത്. നേരത്തെ ഉണ്ടായിരുന്ന പോയിന്ററുകള്‍ക്ക് പിഎസി സംരക്ഷണം ഉണ്ടായിരുന്നില്ലെന്നും പറയുന്നു. പിഎസി ടെക്‌നോളജി എത്തുന്നതോടെ ഐഫോണ്‍ ഹാക്കിങ് വിഷമകരമാകുമെന്നാണ് കരുതുന്നത്.

∙ എസ്ഡി കാര്‍ഡ് റീഡറും, എച്ഡിഎംഐ പോര്‍ട്ടുമുള്ള മാക്ബുക്‌പ്രോ ഈ വര്‍ഷം?

ഈ വര്‍ഷം തന്നെ എച്ഡിഎംഐ പോര്‍ട്ടും, എസ്ഡി കാര്‍ഡ് റീഡറുമുള്ള മാക്ബുക്ക് പ്രോ മോഡലുകള്‍ പുറത്തിറക്കുന്നത് ആപ്പിള്‍ സജീവമായി പരിഗണിക്കുകയാണെന്നു റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള രണ്ടു മോഡലുകളുടെ പണിപ്പുരയിലാണ് കമ്പനി. മാക്ബുക്കുകള്‍ കൂടുതല്‍കട്ടി കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇവ രണ്ടും ഇല്ലാതെയുള്ള ലാപ്‌ടോപ്പുകള്‍ കമ്പനി പുറത്തിറക്കി വന്നത്. ഇവയെ തിരിച്ചുകൊണ്ടുവന്നാല്‍ മാക്ബുക്കുകളുടെ വലുപ്പം കൂടുമോ എന്നറിയാനാണ് ടെക്‌നോളജി പ്രേമികള്‍ക്ക് ഇപ്പോള്‍ ജിജ്ഞാസ. അതേസമയം, ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ലാപ്‌ടോപ് ഡിസൈന്‍ ആപ്പിള്‍ ടെസ്റ്റു ചെയ്യുന്നതായുള്ള അഭ്യൂഹങ്ങള്‍ 2020ല്‍ പ്രചരിച്ചിരുന്നു. പുതിയ മാക്ബുക്ക് പ്രോ മോഡലുകള്‍ക്ക് മിനി-എല്‍ഇഡി സ്‌ക്രീനുകളും, ആപ്പിള്‍ സിലിക്കണ്‍ പ്രോസസറുകളും പ്രതീക്ഷിക്കുന്നു.

∙ ഭാവിയില്‍ സ്വകാര്യത മനുഷ്യാവകാശത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടാം

ടെക്‌നോളജി കമ്പനികള്‍ മനുഷ്യരുടെ സ്വകാര്യതയിലേക്ക് ഒന്നര പതിറ്റാണ്ടോളമായി ഇടിച്ചു കയറുന്ന കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധമില്ലായ്മയാണ് ഇതിനു വളംവച്ചു കൊടുക്കുന്നത്. തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയൊരുക്കാനായി പുതിയ സോഫ്റ്റ്‌വെയര്‍ വഴി പ്രതിരോധം തീര്‍ക്കുകയാണ് ആപ്പിള്‍ കമ്പനി. സ്വകാര്യതയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന അഭിപ്രായമാണ് മൈക്രോസോഫ്റ്റ് കമ്പനി മേധാവി സത്യാ നാദെല്ലയും ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

ഹാനികരമല്ലാത്ത ഭക്ഷണവും മരുന്നുകളും ലഭ്യമാക്കുന്നതുപോലെ, ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ ലോകത്തെമ്പാടും വരുന്ന ഭാവിയെക്കുറിച്ചാണ് താൻ സ്വപ്നം കാണുന്നതെന്നും ബയോ ഏഷ്യാ പരിപാടിയില്‍ നാദെല്ല പറഞ്ഞു. വേദിയിലുണ്ടായിരുന്ന തെലങ്കാനാ ഐടി മന്ത്രി കെ.ടി. രാമ റാവുവുമായാണ് നാദെല്ല ഇക്കാര്യം പങ്കുവച്ചത്. അതിപ്രാധാന്യമുള്ള ഒന്നാണ് സ്വകാര്യത എന്നും, ലഭിക്കുന്ന ഡേറ്റ തന്നെ ഉപയോക്താവിന് സ്വകാര്യത ഉറപ്പാക്കുന്ന രീതിയിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യത മനുഷ്യാവകാശമായി കണക്കാക്കുന്ന കാലം വരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. സ്വകാര്യതാ പ്രശ്‌നങ്ങളുണ്ടായി കഴിഞ്ഞിട്ട് അതിനു പരിഹാരം കാണാമെന്ന നിലപാട് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പില്‍ കൊണ്ടുവന്നിരിക്കുന്ന പൊതു ഡേറ്റാ സംരക്ഷണ നിയമം പോലെയുള്ളത് ഓരോ രാജ്യത്തും അതിവേഗം എത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, നിയമങ്ങള്‍ വരുമ്പോള്‍ അനുസരിക്കാന്‍ കാത്തിരിക്കാതെ കമ്പനികള്‍ തന്നെ ആളുകളുടെ സ്വകാര്യതയിലേക്കു കടന്നുകയറുന്നതില്‍ സംയമനം പാലിക്കണമെന്നും നാദെല്ല ആവശ്യപ്പെട്ടു. ടെക്‌നോളജി സര്‍വ്വ മേഖലകളിലേക്കും പടരുകയാണ്. വ്യക്തി ജീവിതത്തിലും, സമൂഹത്തിലും, സമ്പദ്‌വ്യവസ്ഥയിലുമെല്ലാം ടെക്നോളജി എത്തി കഴിഞ്ഞു. മൈക്രോസോഫ്റ്റ് പോലെയൊരു കമ്പനി പോലും ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കി വേണം ഉല്‍പന്നങ്ങള്‍ ഇറക്കാനെന്ന് അദ്ദേഹം പറഞ്ഞു. 

എന്നാല്‍, സ്വകാര്യതയ്ക്ക് ഒപ്പമോ, അതിലേറെയോ പ്രാധാന്യം നല്‍കേണ്ട മേഖലകള്‍ തൊട്ടുമുന്നിലുണ്ടെന്നും നാദെല്ല ഓര്‍മപ്പെടുത്തി. അടുത്ത തലമുറയിലെ ടെക്‌നോളജി ഉല്‍പന്നങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉള്‍ക്കൊള്ളിക്കും. ഇതും ധാര്‍മിക ബോധത്തോടെ വേണം ചെയ്യാനെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഡേറ്റകൊണ്ടുള്ള ഗുണം ആര്‍ക്കു കിട്ടുന്നു എന്നുള്ളതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

∙ അതിവേഗ ഓട്ടോഫോക്കസ് ശേഷിയുള്ള 50 എംപി സെന്‍സറുമായി സാംസങ്

സ്മാര്‍ട് ഫോണ്‍ സെന്‍സറുകള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ് കൊറിയന്‍ കമ്പനിയായ സാംസങ്. ഐസോസെല്‍ ജിഎന്‍2 ( ISOCELL GN2) എന്നു പേരിട്ടിരിക്കുന്ന സെന്‍സറിന് അതിവേഗ ഓട്ടോഫോക്കസ് സമ്മാനിക്കുന്നത് ഡ്യൂവല്‍ പിക്‌സല്‍ പ്രോ എന്ന ടെക്‌നോളജിയാണ്.

∙ വണ്‍പ്ലസ് 8 പ്രോ, വണ്‍പ്ലസ് 8ടി മോഡലുകളുടെ വില കുറച്ചു

വണ്‍പപ്ലസ് 9 മോഡലുകള്‍ അടുത്ത മാസം പുറത്തിറക്കുമെന്നുള്ള കൂടുതല്‍ ശരിവച്ചുകൊണ്ട് വണ്‍പ്ലസ് തങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ മോഡലുകളായ 8 പ്രോ, 8ടി എന്നീ മോഡലുകളുടെ വില കുറച്ചു. ഇപ്പോള്‍ 8 പ്രോ മോഡലിന് 4000 രൂപയും, 8ടി മോഡലിന് 3000 രൂപയുമാണ് കുറച്ചിരിക്കുന്നത്. ഇനി 8 പ്രോയുടെ തുടക്ക വേരിയന്റിന്റെ വില 50,999 രൂപയായിരിക്കും. അതേസമയം, 8ടിയുടെ തുടക്ക വേരിയന്റിന് വില 39,999 രൂപയായിരിക്കും.

whatsapp

∙ ഒരു വാട്‌സാപ് വിഡിയോ കോളില്‍ എത്ര പേര്‍ക്കു പങ്കെടുക്കാം

വാട്‌സാപ് വിഡിയോ കോള്‍ ഫീച്ചര്‍ ഒരേസമയം എത്ര പേര്‍ക്ക് ഉപയോഗിക്കാം? നേരത്തെ 4 പേരെ വരെയാണ് വിഡിയോ കോളിങ്ങില്‍ അനുവദിച്ചിരുന്നത്. ഇതിനിടെ മഹാമാരി പടര്‍ന്ന സാഹചര്യത്തില്‍ അത് എട്ടു പേര്‍ വരെയായി ഉയര്‍ത്തിയിട്ടുണ്ട്. 

∙ നാസയുടെ പെര്‍സീവെറന്‍സ് റോവറിന്റെ ആദ്യ 360 വിഡിയോ പുറത്തുവിട്ടു

ഫെബ്രുവരി 18ന് ചൊവ്വയില്‍ ഇറങ്ങിയ പെര്‍സിവെറന്‍സ് റോവറിന്റെ ആദ്യ 360 ഡിഗ്രി വിഡിയോ നാസ പുറത്തുവിട്ടു. 

ഇതു കാണാന്‍ അനുയോജ്യമായ ബ്രൗസറാണ് ഉപയോഗിക്കുന്നതെങ്കില്‍ വിഡിയോ 360ഡിഗ്രിയിലും കാണാവുന്നതാണ്.

English Summary: Hacking an iPhone may get tougher, here's why

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA