ADVERTISEMENT

ആഭ്യന്തര സുരക്ഷയെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ വിവാദ ചൈനീസ് കമ്പനിയായ വാവെയെ ഇന്ത്യയുടെ ടെലികോം മേഖലയില്‍ നിന്ന് വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടെലികോം കമ്പനികള്‍ വാവെയ് നിർമിക്കുന്ന ഉപകരണങ്ങള്‍ വാങ്ങരുതെന്നായിരിക്കും അറിയിപ്പ് വരിക. ജൂണ്‍ മുതലായിരിക്കും പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരിക. വാവെയെ വിലക്കുക വഴി ഒരു വെടിക്കു രണ്ടു പക്ഷികളെ വീഴ്ത്തുക എന്നതു തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം. ചൈനീസ് കമ്പനികളുമായി ടെക്‌നോളജി ബിസിനസ് കുറയ്ക്കുക, ഇന്ത്യയില്‍ ഉപകരണ നിര്‍മാണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. 

 

അമേരിക്കയാണ് വാവെയ്‌ക്കെതിരെ അങ്കത്തിനു തുടക്കമിട്ടതെങ്കില്‍ ഇന്ത്യ ഇക്കാര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തിപ്രശ്‌നം കൂടി ഉള്‍പ്പെടുത്തുന്നുവെന്നും കാണാം. സർക്കാർ അംഗീകരിച്ച് 'വിശ്വസനീയമായ പ്രഭവസ്ഥാനം' എന്ന് പറയുന്ന കമ്പനികളില്‍ നിന്നു മാത്രമായിരിക്കും ഇനി ടെലികോം കമ്പനികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങാനാകുക. കൂടാതെ ചില കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്‌തേക്കും. ഇവരില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങരുതെന്ന് നിര്‍ദ്ദേശംവയ്ക്കുകയും ചെയ്യും. വാവെയെ കരിമ്പട്ടികയില്‍ പെടുത്തിയേക്കുമെന്നാണ് പേരുവെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ചില ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

∙ എയര്‍ടെല്ലും, വോഡഫോൺ ഐഡിയയും വീണ്ടും തളര്‍ന്നേക്കും

 

വാവെയ് തുടങ്ങിയ ചൈനീസ് കമ്പനികളില്‍ നിന്ന് സാധനസാമഗ്രികള്‍ വാങ്ങിയാല്‍ കമ്പനികള്‍ക്ക് ലാഭം കിട്ടിയേക്കും. എന്നാല്‍, ഇത് ദേശീയ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെങ്കില്‍ അനുവദിക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വാവെയ്‌ക്കൊപ്പം മറ്റൊരു ചൈനീസ് പ്രമുഖനായ സെഡ്ടിഇയെയും (ZTE) ഒഴിവാക്കിയേക്കും. ചൈനീസ് സർക്കാരിനു നിരീക്ഷണത്തിനുതകുന്ന തരത്തിൽ പിന്‍വാതിലുകള്‍ സജ്ജമാക്കുന്ന കമ്പനികളെന്ന ആരോപണമാണ് ഇരു കമ്പനികള്‍ക്കുമെതിരെ നിലനില്‍ക്കുന്നത്. അതേസമയം, ഈ നീക്കം വഴി കടുത്ത പ്രത്യാഘാതം നേരിടാന്‍ പോകുന്നത് എയര്‍ടെല്ലും, വി അഥവാ വോഡഫോണ്‍ ഐഡിയയും ആണെന്നു പറയുന്നു. ഇരു കമ്പനികളും വാവെയ് നിര്‍മിച്ച സാധനസാമഗ്രികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മറ്റു കമ്പനികളില്‍ നിന്ന് ഘടകഭാഗങ്ങള്‍ വാങ്ങേണ്ടിവരുമ്പോള്‍ ഇരു കമ്പനകള്‍ക്കും വീണ്ടും തളര്‍ച്ച നേരിട്ടേക്കാം. എറിക്‌സണ്‍, നോക്കിയ തുടങ്ങിയ യൂറോപ്യന്‍ കമ്പനികളെ അപേക്ഷിച്ച് താതരമ്യേന വില കുറവാണ് വാവെയ് തുടങ്ങിയ കമ്പനികള്‍ നല്‍കുന്ന ഉപകരണഭാഗങ്ങള്‍ക്ക്.

 

∙ 18 ജിബി റാമുമായി അസ്യൂസ് റോഗ്‌ഫോണ്‍ 5 അള്‍ട്ടിമേറ്റും!

 

തങ്ങളുടെ ഗെയിമിങ് പ്രേമികള്‍ക്കുള്ള ശ്രേണിയായ റോഗ്‌ഫോണ്‍ സീരീസിലെ പുതിയ മോഡലുകള്‍ തയ്‌വനീസ് കമ്പനിയായ അസ്യൂസ് പുറത്തിറക്കി. സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലുകള്‍ക്ക് ഗെയ്മിങ് അനുഭവം സുഖകരമാക്കാനായി പല തരം ആക്‌സസറികളും ഒപ്പം പുറത്തിറക്കിയിട്ടുണ്ട്. ശ്രേണിയിലെ റോഗ്‌ഫോണ്‍ 5ന്റെ കൂടിയ വേരിയന്റിന് 57,999 രൂപയാണ് വില. ഇതിന് 12 ജിബി റാം/256 ജിബി സ്റ്റോറേജ് ശേഷിയുണ്ട്. അതേസമയം, കുറഞ്ഞ വേരിയന്റിന് 8 ജിബി റാം/128 ജിബി സ്റ്റോറേജ് ശേഷിയുമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, റോഗ്‌ഫോണ്‍ 5 പ്രോ വേരിയന്റിന് 16 ജിബി റാമും, 512 ജിബി സ്റ്റോറേജ് ശേഷിയുമാണുള്ളത്. ഇതിന് 69,999 രൂപയായിരിക്കും വില. അതേസമയം, ഈ വര്‍ഷത്തെ ഏറ്റവും കരുത്തന്‍ ഹാന്‍ഡ്‌സെറ്റുകളിലൊന്നായിരിക്കാന്‍ പോകുന്ന റോഗ്‌ഫോണ്‍ 5 അള്‍ട്ടിമേറ്റിന് 18 ജിബി റാമും 512 ജിബി സ്റ്റോറേജ് ശേഷിയുമായിരിക്കും നല്‍കുക. വില 79,999 രൂപയായിരിക്കും. ഫോണുകളെല്ലാം ഏപ്രില്‍ 15ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വാങ്ങാം. റോഗ്‌ഫോണ്‍ അള്‍ട്ടിമേറ്റ് അധികം എണ്ണം നിർമിക്കുന്നില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

1200-tiktok

 

താമസിയാതെ പുറത്തിറക്കാന്‍ പോകുന്ന വണ്‍പ്ലസ് 9 സീരീസ്, എംഐ 11 സീരീസ് എന്നീ കരുത്തന്‍ ശ്രേണികള്‍ക്കു മുൻപെ തങ്ങളുടെ ഫോണുകള്‍ അവതരിപ്പിക്കാനാണ് അസ്യൂസ് ശ്രമിച്ചിരിക്കുന്നത്. പുതിയ റോഗ്‌ഫോണ്‍ മോഡലുകള്‍ക്ക് 5ജി സപ്പോര്‍ട്ടും ഉണ്ട്. ഓരോ മോഡലും നിലവിലുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കൊപ്പമോ അതിൽ കൂടുതൽ പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്നവയാണെങ്കിലും, അള്‍ട്ടിമേറ്റ് മോഡലിലാണ് കൂടുതല്‍ പ്രാധാന്യം നല്‍കി വികസിപ്പിച്ചിരിക്കുന്നതെന്നു കാണാം. ഫോണിന് 6.78-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് നല്‍കിയിരിക്കുന്നത്. ഈ സ്‌ക്രീനിന് 144 ഹെട്‌സ് റിഫ്രഷ് റേറ്റും ഉണ്ട്. എച്ഡിആര്‍10 പ്ലസ് ആണ് മറ്റൊരു ഗംഭീര ഫീച്ചര്‍. ടച്‌സാംപിള്‍ റേറ്റ് 300ഹെട്‌സ് ആണ്. ഗെയിമിങ് കേന്ദ്രീകൃത ഫീച്ചറുകളാല്‍ സമൃദ്ധമായ ഫോണിൽ മികച്ച ഒരു ട്രിപ്പിള്‍ ക്യാമറാ സെറ്റ്-അപ്പും ഉണ്ട്. സോണിയുടെ 64 എംപി സെന്‍സര്‍ ആണ് പ്രധാന ക്യാമറ. 8കെ വിഡിയോയും ഷൂട്ട് ചെയ്യാം. കെട്ടിലും മട്ടിലും റോഗ്‌ഫോണ്‍ 5 സീരീസ് അവ്യക്തയ്ക്ക് ഇടനല്‍കാത്ത രീതിയില്‍ ഗെയിമര്‍മാരെ ആകര്‍ഷിക്കാന്‍ ഇറക്കിയിരിക്കുന്ന മോഡലുകളാണ്. ഇന്ത്യയില്‍ ലഭ്യമാകാന്‍ പോകുന്ന ആദ്യ 18 ജിബി റാം ഫോണ്‍ ഇതായിരിക്കുമെന്നും പറയുന്നു.

 

∙ സ്‌പോട്ടിഫൈയില്‍ മലയാളം അടക്കം 12 ഭാഷകള്‍ക്ക് സപ്പോര്‍ട്ട്

 

പാട്ടുകള്‍ സ്ട്രീം ചെയ്യുന്ന മികച്ച സേവനങ്ങളിലൊന്നായ സ്‌പോട്ടിഫൈയ്ക്ക് മലയാളമടക്കം 12 ഇന്ത്യന്‍ ഭാഷകളില്‍ സപ്പോര്‍ട്ട് ലഭിക്കുന്നു. മലയാളം കൂടാതെ, ഹിന്ദി, ഗുജറാത്തി, ഭോജ്പൂരി, കന്നഡ, മറാത്തി, ഒഡിയ, തമിഴ്, തെലുങ്ക്, ഉര്‍ദു, ബംഗാളി തുടങ്ങിയ ഭാഷകളിലാണ് സപ്പോര്‍ട്ട് ലഭിക്കുന്നത്.

 

∙ പാക്കിസ്ഥാനും ടിക്‌ടോക് നിരോധിക്കാന്‍ ഒരുങ്ങുന്നു

 

വിവിദ ചൈനീസ് ആപ്പായ ടിക്‌ടോക് പാക്കിസ്ഥാനിലും നിരോധിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ഷോർട്ട് വിഡിയോ പങ്കുവയ്ക്കുന്ന ആപ് നിരോധിക്കുന്നത്. സഭ്യമല്ലാത്ത ഉള്ളടക്കം പ്രചരിപ്പിക്കുന്നു എന്നതാണ് നിരോധനത്തിനുള്ള കാരണങ്ങളിലൊന്ന്.

 

∙ എംഐ നോട്ട്ബുക്കുകള്‍ക്ക് ഡിസ്‌കൗണ്ട്

 

എംഐ ലാപ്‌ടോപ്പുകള്‍ ഡിസ്‌കൗണ്ടോടെ വാങ്ങാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് കമ്പനി. ഇന്റല്‍ കോര്‍ ഐ7 പ്രോസസറുള്ള ഹൊറൈസണ്‍ വേരിയന്റ് വിറ്റുവന്നിരുന്നത് 59,999 രൂപയ്ക്കാണ്. എന്നാല്‍ ഇത് ഇപ്പോള്‍ 54,99 രൂപയ്ക്ക് വാങ്ങാം. മറ്റു വേരിയന്റുകള്‍ക്കും ആയിരം രൂപയുടെ കിഴിവ് നല്‍കുന്നുണ്ട്. അതേസമയം, ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിനും കിഴിവിനൊപ്പം എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ട്.

 

English Summary: India likely to block China's Huawei over security fears: Officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com