ADVERTISEMENT

പാക്കിസ്ഥാനിൽ ജല വൈദ്യുതി ഉപയോഗിച്ച് ക്രിപ്‌റ്റോകറന്‍സി ഖനന ഫാമുകൾ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഖൈബര്‍ പാക്ടുന്‍ഖാവയാണ് (Pakhtunkhwa) ക്രിപ്‌റ്റോകറന്‍സിയ്ക്ക് ആഗോള വിപണിയില്‍ ഉണ്ടായിരിക്കുന്ന കുതിപ്പ് മുതലെടുക്കാന്‍ ഫാമുകൾ തുടങ്ങാന്‍ പോകുന്നത്. ഇതിനു കംപ്യൂട്ടര്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ ധാരാളം മുതല്‍മുടക്കു വേണ്ടിവരും. കൂടാതെ ധാരാളം വൈദ്യുതിയും വേണം. ആളുകള്‍ ക്രിപ്‌റ്റോകറന്‍സി ഖനന മേഖലയില്‍ മുതല്‍മുടക്കാന്‍ തയാറായി നില്‍ക്കുകയാണ്. അത്തരം ആളുകളോട് ഖൈബര്‍ മേഖലയിലേക്ക് സ്വാഗതം എന്നാണ് പ്രാദേശിക സർക്കാരിന്റെ ഉപദേശകരില്‍ ഒരാളായ സിയാ ഉല്ല പറഞ്ഞത്. ഫാമുകൾ വഴി പ്രാദേശിക സർക്കാരിനും കുറച്ചു പണമുണ്ടാക്കാമെന്നും സിയ പറഞ്ഞു. ക്രിപ്‌റ്റോകറന്‍സിയോടുള്ള സമീപനം എന്താണെന്നു തീരുമാനിക്കാനായി ഒരു ദേശീയ കമ്മറ്റി ചേരാനിരിക്കുകയാണ് പാക്കിസ്ഥാന്‍. അതേസമയം, ഇന്ത്യ വിദേശ ക്രിപ്‌റ്റോകറന്‍സിക്ക് സമ്പൂര്‍ണ നിരോധനം എര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

 

പാക്കിസ്ഥാനിലും ഇപ്പോൾ ക്രിപ്‌റ്റോകറന്‍സി ഖനനവും വില്‍ക്കല്‍ വാങ്ങലുമൊന്നും പൂര്‍ണമായി നിയമവിധേയമല്ല. അക്കാര്യത്തില്‍ സർക്കാർ താമസംവിനാ ഒരു തീരുമാനം എടുത്തേക്കും. എന്നാല്‍, അതു നിയമവിധേയമാക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്നു പറയുന്നു. അതുവഴി ധാരാളം നിക്ഷേപകരെ ആകര്‍ഷിക്കാമെന്നതാണ് കാരണം. അതേസമയം, 2018ല്‍ ക്രിപ്‌റ്റോകറന്‍സി നിയമപരമായി പണയംവയ്ക്കാനാവില്ലെന്ന വിധി പാക് സുപ്രീംകോടതി പ്രസ്താവിച്ചിട്ടുമുണ്ട്. നിലവില്‍ രാജ്യം ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റിലാണുള്ളത്. ഇവിടെ കള്ളപ്പണം വെളുപ്പിക്കല്‍ നടക്കാമെന്നും ക്രിപ്‌റ്റോകറന്‍സികളെ നിയന്ത്രിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

 

എന്നാല്‍, പാക്കിസ്ഥാന്റെ പല ഭാഗത്തും ക്രിപ്‌റ്റോകറന്‍സി ഖനനവും വില്‍ക്കല്‍ വാങ്ങലുകളും വ്യാപകമായി നടക്കുന്നുമുണ്ട്. പാക്കിസ്ഥാനികള്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളുടെ പട്ടികയിലാണ് ബിനാന്‍സും കോയിന്‍ബെയ്‌സുമെന്നത് കാര്യങ്ങള്‍ എവിടെയാണ് നില്‍ക്കുന്നത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം കാണിച്ചുതരുന്നു. ഇപ്പോള്‍ ഞങ്ങളുടെ സർക്കാർ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ആളുകളെല്ലാം ക്രിപ്‌റ്റോ ജ്വരത്തിലാണ് എന്നാണ് സിയ പറയുന്നത്. ക്രിപ്‌റ്റോകറന്‍സി ഖനനം ചെയ്‌തോ വിപണനം നടത്തിയോ ധാരാളം പേര്‍ പണമുണ്ടാക്കുന്നു എന്നാണ് സിയ പറയുന്നത്. എന്നാല്‍, തങ്ങള്‍ ഇത് സർക്കാരിന്റെ കീഴില്‍ തന്നെ നടത്താനുളള ഉദ്യമവുമായാണ് ഇറങ്ങുന്നത്. അതുവഴി തട്ടിപ്പുകള്‍ കുറയ്ക്കാനാകുമെന്നും സിയ പറഞ്ഞു. 

 

പ്രതീകാത്മക ചിത്രം (Photo by Indranil MUKHERJEE / AFP)
പ്രതീകാത്മക ചിത്രം (Photo by Indranil MUKHERJEE / AFP)

ആഗോളതലത്തില്‍ ക്രിപ്‌റ്റോകറന്‍സിക്ക് ആരാധകര്‍ അനുദിനം വര്‍ധിക്കുകയാണ്. ഏറ്റവും പ്രശസ്തമായ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ടെസ്‌ല കമ്പനി മേധാവി ഇലോണ്‍ മസ്‌കിനെ പോലെയുള്ളവര്‍ ഇതിലേക്ക് ധാരാളം നിക്ഷേപം നടത്തുന്നുവെന്നതും, വമ്പന്‍ അമേരിക്കന്‍ ബാങ്കുകളിലൊന്നായ മോര്‍ഗന്‍ സ്റ്റാന്‍ലി ബിറ്റ്‌കോയിന്‍ വിപണനത്തിനു വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുന്നു എന്നതും ക്രിപ്‌റ്റോകറന്‍സിയിലുള്ള താത്പര്യം വാനോളമുയര്‍ത്തി. അതേസമയം, പാക്കിസ്ഥാന്‍ പോലെയൊരു രാജ്യം ക്രിപ്‌റ്റോകറന്‍സി ഖനനം പോലെ സൂക്ഷിച്ചു മാത്രം ഇടപെടേണ്ട ഒരു മേഖല തുറന്നുകൊടുത്താല്‍ അതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.

 

∙ വാട്‌സാപ്പിന്റെ നയം നടപ്പാക്കാന്‍ അനുവദിക്കരുതെന്ന് കേന്ദ്രം

 

ഇന്ത്യയിലെ ജനപ്രിയ സമൂഹ മാധ്യമ സേവനമായ വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം മെയ് 15 മുതല്‍ നടപ്പാക്കുന്നത് വിലക്കണമെന്ന് കേന്ദ്ര സർക്കാർ ഡല്‍ഹി ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചു. കേന്ദ്ര ഐടി മന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണിത്. പുതിയ സ്വകാര്യതാ നയത്തിനെതിരെ സാധാരണ ഉപയോക്താക്കള്‍ കോടതിയില്‍ നൽകിയ കേസുമായി ബന്ധപ്പെട്ടാണ് കോടതി കേന്ദ്രത്തോട് അഭിപ്രായം ചോദിച്ചത്. സീമാ സിങ്, മേഗന്‍, വിക്രം സിങ് എന്നിവരാണ് ഇന്ത്യയുടെ ഡേറ്റാ നിയമത്തിനെതിരാണ് വാട്‌സാപ്പിന്റെ വരാന്‍പോകുന്ന നയങ്ങളെന്നു കാണിച്ച് കോടതിയെ സമീപിച്ചത്. നിലവില്‍ ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പിന്റെ പോളിസി അംഗീകരിക്കുകയോ, ആപ് ഉപേക്ഷിക്കുകയോ ചെയ്യാനുള്ള അവസരം മാത്രമാണ് നല്‍കുന്നതെന്ന് പരാതിക്കാര്‍ കോടതിയോടു പറഞ്ഞു. വാട്‌സാപ് അധികാരികളോടും അവരുടെ വാദം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

 

യൂറോപ്യന്‍ ഉപയോക്താക്കള്‍ക്ക് സ്വകാര്യതാ നയം അംഗീകിരിച്ചില്ലെങ്കിലും ആപ് തുടര്‍ന്നും ഉപയോഗിക്കാനുള്ള അനുവാദം നല്‍കുന്നുണ്ടെന്നും പരാതിക്കാര്‍ കോടതിയെ അറിയിച്ചു. വാട്‌സാപ് പുതിയ നയം രാജ്യത്തു നടപ്പാക്കാതിരിക്കുകയോ, യൂറോപ്പിലേതു പോലെ പുതിയ നയം അംഗീകരിക്കാത്തവര്‍ക്കും ആപ് തുടര്‍ന്നും ഉപയോഗിക്കാന്‍ അനുവദിക്കുകയോ വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

 

∙ 45 മിനിറ്റു നേരത്തേക്ക് ഫെയ്‌സ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം നിശ്ചലമായി

 

ആഗോളതലത്തില്‍ ഫെയ്‌സ്ബുക്കും അതിനു കീഴിലുള്ള ആപ്പുകളായ വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും നിരവധി ഉപയോക്താക്കള്‍ക്ക് 45 മിനിറ്റോളം നേരത്തേക്ക് ലഭ്യമല്ലാതായി. ഇക്കാര്യം ഫെയ്സ്ബുക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമുണ്ട്. 45 മിനിറ്റോളം സേവനങ്ങള്‍ തടസപ്പെട്ടുവെന്നും ക്ഷമയോടെ കാത്തിരുന്നതിനു നന്ദി എന്നുമാണ് കമ്പനി ട്വീറ്റു ചെയ്തത്. 

 

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 10.40 മുതലാണ് പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കാതെ വന്നതെന്നാണ് വിവരം. പ്രശ്‌നകാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഫെയ്‌സ്ബുക്കിന്റെ സെര്‍വറുകള്‍ അവസാനമായി ആഗോള തലത്തില്‍ തകരാറിലായത് 2020 ഡിസംബറിലായിരുന്നു.

 

∙ 13 വയസിനു താഴെയുള്ളവര്‍ക്കുള്ള ഇന്‍സ്റ്റഗ്രാം തുടങ്ങാന്‍ ഫെയ്‌സ്ബുക്

 

ഇന്‍സ്റ്റഗ്രാം ഫോര്‍ കിഡ്‌സ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായി ഫെയ്‌സ്ബുക് അറിയിച്ചു. ഇത് മെസഞ്ചര്‍ ഫോര്‍ കിഡ്‌സിനു സമാനമായിരിക്കും. മാതാപിതാക്കള്‍ക്ക് നിയന്ത്രണാധികാരം നല്‍കിയായിരിക്കും ഈ ആപ്.

 

∙ യുട്യൂബ് വിഡിയോ ട്വീറ്റില്‍ തന്നെ കാണാന്‍ അവസരമൊരുക്കാന്‍ ട്വിറ്റര്‍

 

ഒരാളുടെ ടൈംലൈനിനു വെളിയില്‍ പോകാതെ തന്നെ യുട്യൂബ് വിഡിയോകളുടെ ലിങ്ക് പ്രവര്‍ത്തിപ്പിക്കാനാകുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ നടത്തുകയാണ് ട്വിറ്റര്‍. നിലവില്‍ യുട്യൂബ് ലിങ്ക് കാണണമെങ്കില്‍ ട്വിറ്ററിനു വെളിയില്‍ വരണം.

 

∙ ടിക്‌ടോക്കില്‍ പരസ്യം കാണല്‍ നിര്‍ബന്ധമാക്കുന്നു

 

ചൈനീസ് ആപ്പായ ടിക്‌ടോക്ക് തങ്ങളുടെ ആഗോള ഉപയോക്താക്കള്‍ക്ക് പുതിയ നിയമം കൊണ്ടുവരുന്നു. ഇതിനു ശേഷം ആപ് ഉപയോഗിക്കുന്നവരെല്ലാം പരസ്യം കാണേണ്ടതായി വരും. എന്തുതരം കണ്ടെന്റാണ് ഇഷ്ടമെന്നത് ഉപയോക്താവിന് തിരഞ്ഞെടുക്കാം.

 

∙ വണ്‍പ്ലസ് 9 പ്രോയ്ക്ക് 50w വയര്‍ലെസ് ചാര്‍ജിങ്

 

ഈ മാസം പുറത്തിറക്കിയേക്കുമെന്നു കരുതുന്ന വണ്‍പ്ലസ് 9 പ്രോ മോഡലിന് 50w വയര്‍ലെസ് ചാര്‍ജിങ് ശേഷിയുണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

 

English Summary: Pakistani province plans to build pilot crypto currency mining farms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com