ADVERTISEMENT

ചൈനീസ് സൈനിക മേഖലയിലേക്ക് ടെസ്‌ല-നിര്‍മിത വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചു. ഇവയ്ക്ക് ചാരവൃത്തി നടത്താനുള്ള ശേഷിയുണ്ടാകാമെന്ന ഭീതി മൂലമാണ് നിരോധനം. കാറുകളില്‍ ഉപയോഗിച്ചിരിക്കുന്ന ക്യാമറകള്‍ രഹസ്യങ്ങള്‍ ചോര്‍ത്തുമോ എന്ന ഭീതിയാണ് സൈനിക മേഖലയിൽ ടെസ്‌ലയുടെ വാഹനങ്ങള്‍ക്ക് വിലക്കേർപ്പെടുത്താൻ കാരണം. ചൈനയും അമേരിക്കയും തമ്മില്‍, ജോ ബൈഡന്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ സ്ഥാനപതി തലത്തിലുള്ള ചര്‍ച്ചകളുടെ സമയത്താണിതെന്നതും ശ്രദ്ധേയമാണ്.

 

∙ ടെസ്‌ല ചാരപ്പണി നടത്തുമെങ്കില്‍ ചൈന എപ്പോഴേ കമ്പനി അടച്ചുപൂട്ടിക്കുമായിരുന്നു– മസ്‌ക്

 

അതേസമയം, ടെസ്‌ല കമ്പനി മേധാവി ഇലോണ്‍ മസ്‌ക് പുതിയ സംഭവവികാസങ്ങളെക്കുറിച്ചു പ്രതികരിച്ചു രംഗത്തെത്തി. ചൈനയിലോ മറ്റെവിടെയെങ്കിലുമോ ചാരപ്പണി നടത്താനുളള കഴിവ് ടെസ്‌ല കാറുകള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ കമ്പനി എപ്പോഴെ അടച്ചുപൂട്ടിച്ചേനെ എന്നാണ് അദ്ദേഹം പറഞ്ഞത്. ലഭിക്കുന്ന വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കാനുള്ള പ്രചോദനം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

∙ പരസ്പര വിശ്വാസം വര്‍ധിക്കണം

(Photo by Frederic J. BROWN / AFP)
(Photo by Frederic J. BROWN / AFP)

 

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള പരസ്പരവിശ്വാസം വര്‍ധിക്കണമെന്നും മസ്‌ക് ആവശ്യപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന നയതന്ത്ര പ്രതിനിധി തലത്തിലുള്ള ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് മസ്‌കിന്റെ ആവശ്യം. ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണിയായി അറിയപ്പെടുന്ന ചൈനയിലായിരിക്കും ഇലക്ട്രിക് വാഹന വില്‍പനയിലെ മത്സരവും കാര്യമായി നടക്കുക. ഈ വിപണിയില്‍ ടെസ്‌ല കഴിഞ്ഞ വര്‍ഷം 147,445 കാറുകളാണ് വിറ്റത്. ആഗോള തലത്തില്‍ ടെസ്‌ലയുടെ വില്‍പനയില്‍ 30 ശതമാനവും ചൈനയിലായിരുന്നു. എന്നാല്‍, ഈ വര്‍ഷം ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനികളായ നിയോ, ഗീലി (Geely) എന്നീ കമ്പനികളില്‍ നിന്ന് കടുത്ത മത്സരം ഉണ്ടായേക്കുമെന്നു കരുതുന്നു. ടെസ്‌ല കാറുകള്‍ നിര്‍മിക്കുന്നതും ചൈനയിലാണ്.

 

∙ ഇനി ട്വീറ്റുകള്‍ ഡിലീറ്റു ചെയ്യാന്‍ അനുവദിച്ചേക്കും; പക്ഷേ പണം നല്‍കേണ്ടിവരും

 

പണമടച്ചു സബ്‌സ്‌ക്രൈബ് ചെയ്യാവുന്ന ഒരു സേവനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് തങ്ങളെന്ന് ട്വിറ്റര്‍ അറിയിച്ചു. മാസവരി നല്‍കുന്ന സബ്‌സ്‌ക്രൈബര്‍മാര്‍ക്കായി പ്രീമിയം ഫീച്ചറുകള്‍ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. നടത്തിയ ട്വീറ്റുകള്‍ അണ്‍ഡൂ ചെയ്യാന്‍ അഥവാ വേണ്ടെന്നു വയ്ക്കാനുമുള്ള അവസരം ട്വിറ്റര്‍ വരിക്കാര്‍ക്കു ലഭിച്ചേക്കുമെന്നും പറയുന്നു.

 

∙ 5ജി യ്ക്കു സ്പീഡില്ല; കൊറിയന്‍ ഉപയോക്താക്കള്‍ നഷ്ടപരിഹാരം ചോദിക്കുന്നു

 

ദക്ഷിണ കൊറിയയിലെ 5ജി ഉപയോക്താക്കള്‍ സേവനദാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ചോദിച്ച് എത്തിയിരിക്കുകയാണ്. കൊട്ടിഘോഷിച്ചെത്തിയ 5ജിക്ക് തങ്ങള്‍ പ്രതിമാസം 3206.40 രൂപയോളം (50,000 വണ്‍) അടയ്ക്കുന്നു. എന്നാല്‍, 4ജിയേക്കാള്‍ സ്പീഡ് കൂടുതല്‍ ഉണ്ടെന്നു പറയാനാവില്ലെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ഏകദേശം 1,000 ഉപയോക്താക്കളാണ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ടെലികോം ഓപ്പറേറ്റര്‍മാരായ എസ്‌കെ ടെലികോം, കെടി, എല്‍ജി യു പ്ലസ് എന്നിവയ്‌ക്കെതിരിയാണ് അവര്‍ നീങ്ങുന്നത്. ഒരോ ഉപയോകതാവിനും ഏകദേശം 64468.48 രൂപ അഥവാ 889.99 ഡോളര്‍ നഷ്ടപരിഹാരമാണ് അവര്‍ ചോദിക്കുന്നത്. തുടക്കത്തില്‍ 4ജിയെക്കാള്‍ 20 മടങ്ങ് വേഗം നല്‍കുമെന്നായിരുന്നു കമ്പനികള്‍ അവകാശപ്പെട്ടത്.

 

എന്നാല്‍, സർക്കാർ പരിശോധിച്ചപ്പോള്‍ അത് 4ജിയേക്കാള്‍ ഏകദേശം നാലു മടങ്ങു മാത്രമാണെന്നു കണ്ടു. എന്നാല്‍, ഇപ്പോള്‍ അത് 4ജിയെക്കാള്‍ ഒട്ടും സ്പീഡ് വ്യത്യാസം അനുഭവപ്പെടാത്ത അവസ്ഥയിലെത്തി. സേവനദാതാക്കള്‍ 5ജിക്കായി 166,250 ബെയ്‌സ് ടവറുകളാണ് പുതിയതായി സ്ഥാപിച്ചത്. എന്നാല്‍, ഇത് 4ജി ടവറുകളുടെ ഏകദേശം അഞ്ചിലൊന്നു മാത്രമാണ്. സ്പീഡുമില്ല, സേവനത്തിനു ഗുണനിലവാരവുമില്ല എന്നതാണ് ഉപയോക്താക്കളെ ചൊടിപ്പിച്ചത്. ദക്ഷിണ കൊറിയയില്‍ ഏകദേശം 12.87 ദശലക്ഷം 5ജി ഉപയോക്താക്കളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അതേസമയം, രാജ്യത്തെ മൊത്തം ടെലികോം ഉപയോക്താക്കളുടെ എണ്ണം 70.69 ദശലക്ഷമാണ്. അതായത് ഇവരില്‍ ഏകദേശം 18.2 ശതമാനം പേരാണ് 5ജി ഉപഭോക്താക്കൾ. കൂടുതല്‍ പേരെ ആകര്‍ഷിക്കാനായി അടുത്തിടെ 5ജിക്ക് കുറഞ്ഞ പ്ലാനുകളും കൊണ്ടുവന്നിരുന്നു.

 

∙ ടിസിഎസില്‍ ശമ്പള വര്‍ധന

 

രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിൽ (ടിസിഎസ്) ജോലിക്കാര്‍ക്ക് ശമ്പള വര്‍ധന പ്രഖ്യാപിച്ചു. ഏകദേശം 6-7 ശതമാനം വരെ വര്‍ധനയാണ് കമ്പനിയുടെ 4.7 ലക്ഷത്തോളം ജോലിക്കാര്‍ക്ക് ലഭിക്കുക എന്നാണ് സൂചന. കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് രണ്ടാമത്തെ ശമ്പള വര്‍ധനയുമാണിത്. കമ്പനിയുടെ മൊത്തം ആദായം 7.2 ശതമാനം വളര്‍ന്ന് 8,701 കോടി രൂപയായിരുന്നു. കമ്പനി തുടര്‍ന്നും മികച്ച വളര്‍ച്ചയുടെ പാതയിലാണെന്നാണ് കരുതുന്നത്.

 

∙ ആപ്പിളിന് 308.5 ദശലക്ഷം ഡോളര്‍ പിഴ

 

പിഎംസി കമ്പനിക്ക് പേറ്റന്റുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചതിന് ഐഫോണ്‍ നിര്‍മാതാവ് ആപ്പിളിന് ടെക്‌സസിലെ ഫെഡറല്‍ കോടതി 308.5 ദശലക്ഷം ഡോളര്‍ പിഴയിട്ടു. ഐട്യൂണ്‍സ് സേവനത്തിലാണ് ആപ്പിള്‍ പേറ്റന്റ് മാനിക്കാതെ പിഎംസിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചത്.

 

∙ ടെസ്‌ല കാറുകളുടെ അപകടങ്ങള്‍ പരിശോധിക്കും

 

ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ല നിര്‍മിച്ചിറക്കിയ കാറുകള്‍ക്ക് ഇതുവരെ 23 അപകടങ്ങളാണ് സംഭവിച്ചത്. ഇതിനെതിരെ ട്രാഫിക് സുരക്ഷാ ഭരണസമിതിയടക്കം അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇവയില്‍ മൂന്ന് അപകടങ്ങള്‍ കഴിഞ്ഞ ആഴ്ചകളിലാണ് സംഭവിച്ചിരിക്കുന്നത്. ഇതേപ്പറ്റി സംസാരിക്കാന്‍ ടെസ്‌ല പ്രതിനിധികള്‍ വിസമ്മതിച്ചു.

 

∙ ഫെയ്‌സ്ബുക് സേവനങ്ങള്‍ മുടങ്ങിയതിനു ക്ഷമ പറഞ്ഞ് കമ്പനി

 

ഫെയ്‌സ്ബുക്കിന്റെയും കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സേവനങ്ങളുടെയും പ്രവര്‍ത്തനം കഴിഞ്ഞ ദിവസം 45 മിനിറ്റു മുടങ്ങിയിരുന്നു. ഇതില്‍ ഖേദം രേഖപ്പെടുത്തി കമ്പനി എത്തിയിരിക്കുകയാണ്. അതൊരു ടെക്‌നോളജി പ്രശ്‌നമായിരുന്നു എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

 

∙ ഇതായിരിക്കാം വണ്‍പ്ലസിന്റെ ആദ്യ സ്മാര്‍ട് വാച്ച്

 

വണ്‍പ്ലസ് കമ്പനിയുടെ ആദ്യ സ്മാര്‍ട് വാച്ച് അടുത്ത ദിവസങ്ങളില്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഇതിന്റേതെന്നു കരുതുന്ന ആദ്യ ചിത്രങ്ങളും ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്.  https://bit.ly/3sja8Wo

 

English Summary: Tesla cars banned by China military due to safety issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com