sections
MORE

മസ്‌ക്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ഇന്ത്യയിൽ വിലക്കിയേക്കും: റിപ്പോർട്ട്

starlink
SHARE

സ്പേസ് എക്സ് മേധാവി ഇലോൺ മസ്‌ക്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ വിലക്കിയേക്കുമെന്ന് റിപ്പോർട്ട്. സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങളുടെ ബീറ്റാ പതിപ്പ് മുൻകൂട്ടി വിതരണം ചെയ്യുന്നതും തടഞ്ഞേക്കും. രാജ്യത്ത് സ്റ്റാർലിങ്ക് ഇന്റർനെറ്റ് തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്), ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്‌റോ) എന്നിവയ്ക്ക് ബ്രോഡ്‌ബാൻഡ് ഇന്ത്യ ഫോറം കത്തെഴുതി.

ഇന്ത്യയിൽ ഇത്തരം സേവനങ്ങൾ നൽകാൻ സ്‌പേസ് എക്‌സിന് അനുമതിയില്ലെന്ന് ആമസോൺ, ഫെയ്‌സ്ബുക്, ഗൂഗിൾ, ഹ്യൂസ്, മൈക്രോസോഫ്റ്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന ബ്രോഡ്‌ബാൻഡ് ഇന്ത്യ ഫോറം പ്രസിഡന്റ് ടിവി രാമചന്ദ്രൻ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ സ്റ്റാർ‌ലിങ്ക് ഇന്റർ‌നെറ്റ് സേവനങ്ങളുടെ ബീറ്റാ പതിപ്പ് 99 ഡോളറിന് (7,000 രൂപ) വാങ്ങാമെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഭാരതി ഗ്രൂപ്പിന്റെ കീഴിലുള്ള, ബ്രിട്ടിഷ് സർക്കാർ ഉടമസ്ഥതയിലുള്ള വൺവെബ്, ആമസോണിന്റെ പ്രോജക്റ്റ് കൈപ്പർ എന്നിവ പോലുള്ള മറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങളുമായാണ് മസ്കിന്റെ സ്റ്റാർലിങ്ക് മൽസരിക്കുന്നത്.

ന്യായമായ മത്സരം സംരക്ഷിക്കുന്നതിനും നിലവിലുള്ള നയ, നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും അടിയന്തരമായി ഇടപെടണമെന്ന് രാമചന്ദ്രൻ ട്രോയിയോടും ഇസ്രോയോടും അഭ്യർഥിച്ചു. ഇന്ത്യയിൽ സ്റ്റാർലിങ്കിന് സ്വന്തമായി ഗ്രൗണ്ട് (എർത്ത് സ്റ്റേഷനുകൾ) ഇല്ല. രാജ്യത്ത് സ്റ്റാർലിങ്കിന്റെ ബീറ്റ സേവനങ്ങൾ നൽകുന്നതിന് ഇസ്‌റോ, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) എന്നിവയിൽ നിന്നുള്ള സാറ്റലൈറ്റ് ഫ്രീക്വൻസി അംഗീകാരം ലഭിച്ചിട്ടില്ലെന്നും ഫോറം അറിയിച്ചു.

അടുത്ത വർഷം തന്നെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് അറിയിച്ചിരുന്നത്. പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കൃത്യമായ മാപ്പിങും സമയക്രമവും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലേക്ക് വരുമെന്ന് ഏറെകുറെ ഉറപ്പായിരുന്നു.

ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്ന 99 ഡോളർ തുക ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനു വേണ്ട ഡിഷ് ആന്റിനയും മറ്റു ഉപകരണങ്ങളും വാങ്ങാനാണ് ഉപയോഗിക്കുക. നേരത്തെ ബുക്ക് ചെയ്തവർക്കാണ് ആദ്യം കണക്ഷൻ നൽകുക. എന്നാൽ, ബുക്കിങ് പിൻവലിക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും സ്റ്റാർലിങ്ക് വെബ്സൈറ്റിൽ പറയുന്നുണ്ട്.

English Summary: Elon Musk’s Starlink internet service faces 'regulatory hurdles' in India: Report

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA