sections
MORE

ചിപ്പുകൾക്ക് ക്ഷാമം, ടെക്‌നോളജി പുരോഗതി പ്രതിസന്ധിയിലേക്ക്?; ആപ്പിളിനിത് 45-ാം പിറന്നാള്‍

make-in-india-chip
SHARE

ടെക്‌നോളജി പ്രേമികളെ ഭീതിയിലാഴ്ത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലോകത്തെ സാങ്കേതികവിദ്യയുടെ പുരോഗതി താത്കാലികമായെങ്കിലും പ്രതിസന്ധിയിലായേക്കാം. ഉപകരണങ്ങള്‍ക്കു വേണ്ട ചിപ്പുകള്‍ നിര്‍മിച്ചെടുക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രതിസന്ധിയുണ്ടെന്ന തോന്നലുണ്ടാക്കുന്നത്. പുതിയതായി അമേരിക്കയില്‍ ചിപ്പ് വിതരണ ശൃംഖലയെക്കുറിച്ചു നടത്തിയ പഠനങ്ങളും അത്തരമൊരു സാധ്യത തള്ളിക്കളയുന്നില്ല. ചിപ്പ് നിര്‍മാണ ഫാക്ടറികള്‍ നേരിടുന്ന പ്രകൃതി ദുരന്തങ്ങളാണ് ഒരു പ്രശ്‌നം. ചിപ്പ് നിര്‍മാണത്തിന്റെ സിംഹഭാഗവും ചില ഭൂപ്രദേശങ്ങളില്‍ മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം തന്നെ തയ്‌വാനിലെ ചിപ്പ് നിര്‍മാണ കമ്പനികള്‍ക്ക് തങ്ങാനാകുന്നതിലേറെ ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു. പ്രശ്‌നങ്ങള്‍ സമീപഭാവിയില്‍ വഷളായേക്കാമെന്നതിന്റെ സൂചനകളും പഠനം പുറത്തുവിടുന്നുണ്ട്. ജപ്പാനിലെ ഒരു പ്രധാന ചിപ്പ് നിര്‍മാണ ഫാക്ടറയില്‍ തീപ്പിടുത്തമുണ്ടായി. അമേരിക്കയിലെ ടെക്‌സസിലെ ഒരു പ്ലാന്റില്‍ വൈദ്യുതി പ്രശ്നമുണ്ടായി കാര്യങ്ങള്‍ താറുമാറായി. തയ്‌വാനാകട്ടെ വരുംമാസങ്ങളില്‍ കടുത്ത വരള്‍ച്ചയിലേക്കാകാം പോകുന്നത്. ചിപ്പ് ദൗര്‍ലഭ്യം ഇപ്പോള്‍ത്തന്നെ അമേരിക്ക, യൂറോപ്, ഏഷ്യ തുടങ്ങിയ മേഖലകളിലെ വാഹന നിര്‍മാണ ഫാക്ടറികളെ നിശ്ചലമാക്കിയിട്ടുണ്ട്.

ആധുനിക ചിപ്പ് നിര്‍മാണത്തിന് ആയിരത്തിലേറെ പ്രക്രിയകള്‍ ആവശ്യമാണ്. അതിനു പുറമേ അതിസങ്കീര്‍ണമായ ബൗദ്ധികാവകാശ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതൊന്നും പോരെങ്കില്‍ ലോകമെമ്പാടും നിന്നുള്ള ഉപകരണങ്ങളും രാസവസ്തുക്കളും ഉപയോഗിക്കണം. ചിപ്പ് നിര്‍മാണത്തിനുള്ള ബൗദ്ധികാവകാശങ്ങളില്‍ വലിയൊരു പങ്കും കയ്യില്‍വച്ചിരിക്കുന്നത് അമേരിക്കയാണ്. അതേസമയം, ചിപ്പ് ഫാബ്രിക്കേഷന്റെ കാര്യത്തില്‍ നിര്‍ണായകമായ പ്രത്യേക വാതകങ്ങള്‍ എത്തിച്ചുനല്‍കുന്നതില്‍ യൂറോപ്പിനാണ് ആധിപത്യം. അതുകൂടാതെ, അത്യാധുനിക ചിപ്പ് നിര്‍മാണം ഏകദേശം പൂര്‍ണമായും ഏഷ്യയിലാണ് നടക്കുന്നത്. ഇതില്‍ത്തന്നെ 92 ശതമാനവും തയ്‌വാനിലാണ്. വേണ്ടത്ര ചിപ്പുകള്‍ നിര്‍മിച്ചു നല്‍കാന്‍ തയ്‌വാനു സാധിക്കുന്നില്ലെങ്കില്‍ ഇലക്ട്രോണിക്‌സ് വ്യവസായത്തിന് ഈ വര്‍ഷം ഉണ്ടാകാന്‍ പോകുന്ന വരുമാന നഷ്ടം ഏകദേശം അര ട്രില്ല്യന്‍ ഡോളറായിരിക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ വിതരണ ശൃംഖല പരിപൂര്‍ണമായും നിലച്ചേക്കാമെന്ന ഭീതിയും പഠനം പങ്കുവയ്ക്കുന്നു.

ഓരോ സർക്കാരും തങ്ങളുടെ നിലയില്‍ ചിപ്പ് നര്‍മാണം നടത്താന്‍ ശ്രമിക്കുക എന്നു പറയുന്നതും പരിപൂര്‍ണമായും അപ്രായോഗികമായിരിക്കും. കാരണം ഇതിനായി ആഗോള തലത്തില്‍ ഏകദേശം 1.2 ട്രില്ല്യന്‍ ഡോളറിന്റ നിക്ഷേപം ഉടനടി നടത്തേണ്ടതായി വരും. അമേരിക്ക മാത്രം 450 ബില്ല്യന്‍ ഡോളര്‍ ഇറക്കേണ്ടിവരും. ഇത്രയധികം നിക്ഷേപമിറക്കിയാല്‍ ചിപ്പുകളുടെ വില വാനംമുട്ടെ ഉയരും. ഉപകരണങ്ങള്‍ക്കൊക്കെ സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത വില വരും. അതേസമയം, ചിപ്പ് നിര്‍മാണത്തിന് പ്രോത്സാഹനം നല്‍കുന്നത് ഗുണകരമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അമേരിക്കയും യൂറോപ്പും ആധുനിക ചിപ്പുകളുടെ നിര്‍മാണം തയ്‌വാനിലും ദക്ഷിണ കൊറിയയിലുമായി കേന്ദ്രീകരിച്ചു നിർത്താനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയില്‍ വേണ്ടത്ര സെമികണ്ടക്ടര്‍ നിര്‍മാണശാലകളില്ലെന്നും അത് പരിഹരിക്കാന്‍ ശ്രമം വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേസമയം, ചിപ്പ് നര്‍മാതാക്കള്‍ക്ക് വന്‍ പ്രോത്സാഹനങ്ങളാണ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. പക്ഷേ, പ്രധാന ചിപ്പ് നിര്‍മാതാക്കളൊന്നും ഇതുവരെ ഈ പദ്ധതിയിലേക്ക് ആകര്‍ഷിക്കപ്പെട്ടതായി സൂചനയില്ല.

∙ ആപ്പിളിനിത് 45-ാം പിറന്നാള്‍

ലോകത്തെ ഏറ്റവും വ്യത്യസ്ത ടെക്‌നോളജി കമ്പനികളിലൊന്നായ ആപ്പിള്‍ 45-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ കമ്പനിയുടെ മേധാവി ടിം കുക്ക് ട്വിറ്ററിലെത്തി മുന്‍ മേധാവിയും സഹ സ്ഥാപകനുമായ സ്റ്റീവ് ജോബ്‌സിനെ സ്മരിച്ചു. ഒപ്പം കമ്പനിയുടെ എല്ലാ ജോലിക്കാര്‍ക്കും നന്ദിയും അറിയിച്ചു. 1976 ഏപ്രില്‍ 1നായിരുന്നു ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും റോണാള്‍ഡ് വെയ്‌നും ചേര്‍ന്ന് കമ്പനിക്കു തുടക്കമിടുന്നത്. ഈ വേളയില്‍, ലോകത്തെ ആദ്യ 2 ട്രില്ല്യന്‍ ഡോളര്‍ മൂല്യമുളള കമ്പനിയുടെ മേധാവി കുക്ക് ജോബ്‌സിന്റെ ഒരു വാചകം ഓര്‍ത്തെടുക്കുകയാണ് ചെയ്തത്. 'ഇതുവരെയുള്ളത് ഗംഭീര യാത്രയായിരുന്നു. പക്ഷേ നമ്മള്‍ യാത്ര കഷ്ടി തുടങ്ങിയിട്ടേയുള്ളു', എന്ന വാചകമാണ് അദ്ദേഹം ഓര്‍ത്തെടുത്തത്. ജീവിതങ്ങളെ സമ്പുഷ്ടമാക്കാന്‍ ആപ്പിള്‍ കുടുംബത്തിലെ ഓരോ അംഗവും ചെയ്ത ജോലിക്ക് നന്ദി പറയുന്നുവെന്നും കുക്ക് കുറിച്ചു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആപ്പിൾ 2 ട്രില്ല്യന്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായത്. ഈ വിലയിരുത്തല്‍ പ്രതീകാത്മകമാണെങ്കില്‍ പോലും മഹാമാരിയുടെ സമയത്തും ആപ്പിള്‍ വന്‍ കുതിപ്പാണ് നടത്തിയത്. ആപ്പിള്‍ അതിന്റെ മൂല്യം രണ്ടു വര്‍ഷത്തിനുള്ളിലാണ് ഇരട്ടിയാക്കിയത്. കമ്പനി 2018 ഓഗസ്റ്റിലാണ് 1 ട്രില്ല്യന്‍ ഡോളര്‍ കമ്പനിയാകുന്നത്. ഹാര്‍ഡ്‌വെയര്‍ നിര്‍മാണത്തിലാണ് പൊതുവെ ആപ്പിള്‍ ശ്രദ്ധിക്കുന്നതെങ്കിലും വിവിധ സേവനങ്ങള്‍ വഴിയും (ആപ് സ്‌റ്റോര്‍, ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ കെയര്‍) കമ്പനി ധാരാളം പണമുണ്ടാക്കാൻ തുടങ്ങിയിരിക്കുന്നു. ഐഫോണുകള്‍, മാക്കുകള്‍, ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ് തുടങ്ങി വിവിധ ഉപകരണങ്ങള്‍ കമ്പനിയുടെ മികവിനെക്കുറിച്ച് സംസാരിക്കുന്നു.

apple-logo

∙ മി11 അള്‍ട്രാ ഇന്ത്യയിലേക്ക്

ഷഓമി അവതരിപ്പിച്ച മി11 സീരീസിലെ ഫോണുകള്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്തായാലും കമ്പനിയുടെ ഏറ്റവും ശക്തമായ ഫോണായ മി11 അള്‍ട്രാ ഏപ്രില്‍ 23ന്ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുമെന്ന് ഷഓമി അറിയിച്ചു. ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഇപ്പോഴത്തെ ഏറ്റവും ശക്തിയേറിയ ഫോണുകളിലൊന്നാണ് മി11 അള്‍ട്രാ. ഇന്ത്യയിലെ അവതരണവുമായി ബന്ധപ്പെട്ട് കമ്പനി ട്വീറ്റ് ചെയ്തിട്ടുണ്ട്. https://bit.ly/3mdOQY9

∙ വിപ്രോ ഓസ്‌ട്രേലിയന്‍ സൈബര്‍ സുരക്ഷാ കമ്പനി വാങ്ങുന്നു

ഓസ്‌ട്രേലിയന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ ആംപിയോണ്‍ താമസിയാതെ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ ഭീമന്‍ വിപ്രോയക്ക് സ്വന്തമായേക്കും. ജൂണ്‍ 30 മുൻപായി വേണ്ട കാര്യങ്ങള്‍ നടപ്പിലാക്കാനാണ് ഇരു കമ്പനികളും ശ്രമിക്കുന്നത്.

English Summary: Global chip shortage affects more Companies

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA