sections
MORE

ഒരു മാസം 12 ലക്ഷം രൂപ മൊബൈൽ ബിൽ! എയര്‍ടെല്ലിനു പിഴ; സെല്‍ഫ് ഗോള്‍ അടിച്ച് ആമസോണ്‍

airtel
SHARE

പരമാവധി പോസ്റ്റ് പെയ്ഡ് ബില്ല് 9,100 രൂപ എന്നു നിജപ്പെടുത്തിയിരുന്നിട്ടും ബെംഗളൂരു സ്വദേശിക്ക് എയര്‍ടെല്‍ നല്‍കിയത് 12,18,732 രൂപയുടെ ബില്ല്! ബില്ല് കണ്ട് തനിക്ക് ഹൃദയാഘാതം വന്നുവെന്നു കാണിച്ചാണ് വരിക്കാരനായ മെല്‍വിന്‍ ജോണ്‍ തോമസ് ശാന്തിനഗറിലെ ജില്ലാ ഉപഭോക്തൃപ്രശ്‌ന പരിഹാര കോടതിയല്‍ 2016 ഡിസംബര്‍ 12ന് കേസു കൊടുത്തത്. ഈ കേസിലാണ് കോടതി ഇപ്പോള്‍ വധി പറഞ്ഞിരിക്കുന്നത്. എയര്‍ടെല്‍ പരമാവധി 9,100 രൂപയെ വാങ്ങാവൂവെന്നും ഉപയോക്താവിന് 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും 5000 രൂപ കോടതി ചെലവായി നല്‍കണമെന്നുമാണ് വിധി.

കേസ് ഇങ്ങനെ: മെല്‍വിന്‍ ജോലി ചെയ്തിരുന്ന കമ്പനി കോര്‍പറേറ്റ് അക്കൗണ്ടിന്റെ ഭാഗമായി ഒരു എയര്‍ടെല്‍ സിം  നല്‍കിയിരുന്നു. ജോലിയുടെ ഭാഗമായി ഉപയോക്താവിന് ചൈനയില്‍ പോകേണ്ടി വന്നിരുന്നു. മെല്‍വിന്‍ 2016 ഒക്ടോബറില്‍ ചൈനയിലേക്കു പോകുന്നതിനു മുൻപായി എയര്‍ടെല്ലിനെ വിളിച്ച് തനിക്ക് ഇന്റര്‍നാഷല്‍ ഡേറ്റാ റോമിങ് ആക്ടിവേറ്റു ചെയ്തു തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, ഇത് ആക്ടിവേറ്റു ചെയ്തതായി തനിക്ക് എസ്എംഎസ് നോട്ടിഫിക്കേഷന്‍ ഉൾപ്പടെ ഒന്നും ലഭിച്ചില്ലെന്നു മെല്‍വിന്‍ പറയുന്നു. 

2016 ഒക്ടോബര്‍ 29 മുതല്‍ നവംബർ 2 വരെ മാത്രമായിരുന്നു ചൈനാ സന്ദര്‍ശനം. ഇതടക്കം പ്രതിമാസ ഉപയോഗത്തിന് എയര്‍ടെല്‍ നല്‍കിയത് 12,14,566 രൂപയുടെ ബില്ല്! ഈ ബില്ലു കണ്ട് തനിക്ക് ഹൃദയാഘാതം വന്നുവെന്നാണ് മെല്‍വിന്‍ പറയുന്നത്. എഎസ്എംഎസ് ആയി ലഭിച്ച ബില്ലിനെ കുറിച്ച് കമ്പനിയുമായി സംസാരിച്ചു. തുടര്‍ന്ന് അവര്‍ തുക അല്‍പം കൂടി വര്‍ധിപ്പിച്ച് പുതിയ ബില്ലു നല്‍കി - 12,18,732 രൂപ! അതേസമയം, തന്റെ പ്ലാനില്‍ പരമാവധി ഉപയോഗിക്കാവുന്നത് 9,100 രൂപയ്ക്കുള്ള സേവനങ്ങളാണെന്നിരിക്കെ എങ്ങനെയാണ് ഇത്ര വലിയ ബില്ല് അടിച്ചു നല്‍കുന്നതെന്ന് മെല്‍വിന്‍ കമ്പനിയോടു ചോദിച്ചു.

ചൈനാ സന്ദര്‍ശനവേളയില്‍ താന്‍ മുഖ്യമായും വൈ-ഫൈ ഡേറ്റയാണ് ഉപയോഗിച്ചതെന്നും കമ്പനിയെ ധരിപ്പിക്കാന്‍ മെല്‍വിന്‍ ശ്രമിച്ചു. ഇതിന്റെയെല്ലാം ഫലമായി കമ്പനി ബില്ല് ഒന്നുകൂടി പുതുക്കി അയച്ചു. ഇത്തവണ 5,22,407 രൂപ അടച്ചാല്‍ മതിയെന്നാണ് പറഞ്ഞത്. ഈ കമ്പനിയോട് വാദിച്ചിട്ടു കാര്യമില്ലെന്നു കണ്ട മെല്‍വിന്‍ ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു. തോമസിന്റെ വക്കീല്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ എയര്‍ടെല്ലിന്റെ വക്കീല്‍ വാദിച്ചത് ഈ കേസ് ഇങ്ങനെ തീര്‍പ്പാക്കാന്‍ പറ്റില്ല, ഇതൊരു കോര്‍പറേറ്റ് പ്ലാനിന്റെ ഭാഗമായുള്ള ബില്ലാണ് എന്നാണ്. ചൈന സന്ദര്‍ശന വേളയില്‍ തന്റെ ഡേറ്റാ അറിയാതെ ആക്ടിവേറ്റു ചെയ്തിട്ടിരുന്നിരിക്കാം അതുകൊണ്ടായിരിക്കാം 12,18,732 ബില്ലു വന്നത്. അത് തങ്ങള്‍ കുറച്ച് 5,22,407 ആക്കി നല്‍കിയിട്ടുണ്ടെന്നും, ഹൃദയാഘാതമൊക്കെ വെറും കെട്ടുകഥയാണെന്നും കോടതിയോടു പറഞ്ഞു.

ഇതേ തുടര്‍ന്നാണ് ജഡ്ജി പറഞ്ഞത് തോമസിന് നല്‍കാവുന്ന പരമാവധി ബില്ല് 9,100 രൂപയ്ക്കുളളതാണെന്ന്. കൂടാതെ, തനിക്ക് പരമാവധി ഉപയോഗപരിധിയുടെ 70 ശതമാനം എത്തുമ്പോള്‍ ഉപഭോക്താവിനെ അറിയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കസ്റ്റമര്‍ എയര്‍ടെല്‍ പറഞ്ഞ രീതിയില്‍ ഡേറ്റ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആദ്യം നൽകിയ 12,18,732 രൂപയുടെ ബില്ല് കുറച്ച് 5,22,407 രൂപ ആക്കിയത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. ഇത്തരം ബില്ലു കിട്ടുമ്പോള്‍ ചിലര്‍ മാത്രമാണ് കോടതിയെ സമീപിക്കുന്നതെന്നും, കൂടുതല്‍ പേരും അത് എങ്ങനെയെങ്കിലും അടച്ച് തലവേദന ഒഴിവാക്കുന്ന രീതിയാണ് കണ്ടുവരുന്നതെന്നും നിരീക്ഷണമുണ്ടായി. എന്തായാലും 5,22,407 രൂപയൊന്നും വാങ്ങേണ്ടന്നും 9,100 രൂപ കൊണ്ട് തൃപ്തിപ്പെടാനുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

∙ ജോലിക്കാര്‍ കുപ്പികളില്‍ മൂത്രമൊഴിച്ചു എന്ന ആരോപണത്തില്‍ ക്ഷമാപണവുമായി ആമസോണ്‍

കമ്പനിയുടെ സ്റ്റാഫിന് അമിത ജോലിഭാരമില്ലെന്ന നിലപാടു സ്വീകരിച്ചിരുന്ന ആമസോണ്‍ തങ്ങളുടെ ചില ഡ്രൈവര്‍മാര്‍ക്ക് ജോലിസമയത്ത് കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടി വന്നിട്ടുണ്ടാകാമെന്ന സെല്‍ഫ് ഗോള്‍ അടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഗ്രാമീണ മേഖലയിലേക്ക് പോകുന്ന ചില ഡ്രൈവര്‍മാര്‍ക്കും അമിത ട്രാഫിക് ഉള്ള റോഡുകളില്‍ പോകുന്നവര്‍ക്കും വിശ്രമ മുറികള്‍ കണ്ടെത്തുന്നതില്‍ പ്രശ്‌നമുണ്ടാകാറുണ്ടെന്ന കാര്യം തങ്ങള്‍ക്ക് അറിയാമെന്നാണ് ആമസോണ്‍ പറഞ്ഞിരിക്കുന്നത്. കോവിഡ്-19 ബാധയെ തുടര്‍ന്ന് വിശ്രമ മുറികള്‍ കണ്ടെത്തുക എന്നത് പ്രശ്‌നമാണെന്നും കമ്പനി പറയുന്നു.

ആമസോണില്‍ നിലനില്‍ക്കുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ക്കെതിരെ ഭരണ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തുവന്നിരുന്നു. ജോലിക്കാര്‍ കുപ്പിയില്‍ മൂത്രമൊഴിക്കേണ്ടിവരുന്നു എന്ന ആരോപണം ആദ്യമായി ഉയര്‍ന്നപ്പോള്‍ ആമസോണ്‍ അതിനെ കളിയാക്കിയാണ് രംഗത്തെത്തിയത്. ഇതു നിങ്ങള്‍ വിശ്വസിക്കുമോ? അങ്ങനെയാണെങ്കില്‍ ആരെങ്കിലും ആമസോണിനു വേണ്ടി ജോലിയെടുക്കുമോ എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം. തുടര്‍ന്നാണ് സെല്‍ഫ് ഗോളടിച്ചത്. ഇതൊരു സെല്‍ഫ് ഗോളാണെന്നും എന്നാല്‍, തങ്ങള്‍ക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി മാര്‍ക് പൊകാനോട് ഈ വിഷയത്തില്‍ ഒരു ക്ഷമാപണം നടത്തേണ്ടിയിരിക്കുന്നു എന്നുമാണ് ആമസോണ്‍ പറഞ്ഞത്. 

അതേസമയം, ഇത് ആമസോണിന്റെ മാത്രം പ്രശ്‌നമല്ലെന്നും ഈ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കമ്പനികളിലും ഇങ്ങനെയൊക്കെയാണെന്നും ആമസോണ്‍ അവകാശപ്പെട്ടു. ഇതിന് എങ്ങനെ പരിഹാരം കാണാമെന്ന കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു.

∙ ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് കാര്‍ വിഭാഗ മേധാവി രാജിവച്ചു

ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് കാര്‍ നിര്‍മാണ കമ്പനിയായ വെയ്‌മോയുടെ മേധാവി ജോണ്‍ ക്രാഫ്‌സിക്ക് രാജിവച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി അദ്ദേഹം കമ്പനിയെ നയിച്ചുവരികയായിരുന്നു. വെയ്‌മോയെ ഒരു 3000 കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയായി ഉയര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ പങ്ക് സ്മരണീയമാണെന്നു പറയുന്നു. കമ്പനിയുടെ ഒരു ഉപദേഷ്ടാവായി അദ്ദേഹം തുടരും.

microsoft

∙ ഓഫിസുകള്‍ സെപ്റ്റംബര്‍ 7ന് മുൻപായി പൂര്‍ണമായി തുറക്കില്ലെന്ന് മൈക്രോസോഫ്റ്റ്

കോവിഡ്-19നു ശേഷം സ്ഥിതിഗതികള്‍ അമേരിക്കയില്‍ കാര്യമായി മാറിയിട്ടുണ്ട്. എങ്കിലും ഓഫിസുകള്‍ സെപ്റ്റംബര്‍ 7നു മുൻപ് പരിപൂര്‍ണമായി പ്രവര്‍ത്തന സജ്ജമാക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ അറിയിച്ചു.

English Summary: Bengalurean sues telecom major over Rs 12 lakh bill

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA