ADVERTISEMENT

റോബോട്ടുകളെന്നു കേള്‍ക്കുമ്പോള്‍ ലോഹ കൈകാലുകളും, യാന്ത്രിക ചലനങ്ങളുമുള്ള യന്ത്രങ്ങളെയാണ് ഓര്‍മവരിക. അവയുടെ വഴക്കമനുവദിക്കാത്ത ശരീരഘടന എല്ലാ ഇടപെടലുകള്‍ക്കും ഉചിതവുമല്ല. പ്രത്യേകിച്ചും മനുഷ്യരോട് ഇത്തരം റോബോട്ടുകള്‍ അടുത്തിടപഴകിയാല്‍ അപകടങ്ങളും സംഭവിച്ചേക്കാം. ഈ പ്രശ്‌നം പരിഹരിക്കാനായാണ് മാര്‍ദ്ദവമുള്ള 'ശരീര'മുള്ള സോഫ്റ്റ് റോബോട്ടുകള്‍ രംഗപ്രവേശനം ചെയ്യുന്നത്. ഇടുങ്ങിയ ഇടങ്ങളില്‍വച്ചു പോലും ഇത്തരം റോബോട്ടുകളുമായി ഇടപെടുന്നത് അപകടകരമായേക്കില്ലെന്നാണ് വിലയിരുത്തല്‍. കൂടാതെ, റോബോട്ടുകള്‍ക്ക് അവയെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി പ്രശ്‌നമില്ലാതെ ചെയ്യണമെങ്കില്‍ അവ നില്‍ക്കുന്ന ഇടത്തെപ്പറ്റിയും അവയുടെ 'ശരീര' ഭാഗങ്ങളെക്കുറിച്ചും വ്യക്തമായ 'ബോധവും' വേണം. ഈ ഇടത്തേക്കാണ് സോഫ്റ്റ് റോബോട്ടുകള്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. മാസച്ചൂസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അഥവാ എംഐടിയിലെ ഗവേഷകരാണ് നില്‍ക്കുന്ന സ്ഥലത്തെക്കുറിച്ച് സാധാരണ റോബോട്ടുകളെക്കാള്‍ ബോധമുള്ള സോഫ്റ്റ് റോബോട്ടുകളെ നിര്‍മിക്കുന്നത്.

 

ഡീപ് ലേണിങ് അല്‍ഗോറിതം ആണ് സോഫ്റ്റ് റോബോട്ടുകളുടെ ഏതു ഭാഗത്ത് സെന്‍സറുകള്‍ വയ്ക്കുന്നതാണ് ഏറ്റവും പ്രയോജനപ്രദമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. അതു നില്‍ക്കുന്ന ഇടത്തിന് ചേരുന്ന രീതിയില്‍ മാത്രം ചലനങ്ങള്‍ നടത്താന്‍ സഹായിക്കുന്ന തരത്തിലായിരിക്കും സെന്‍സറുകള്‍ ഘടിപ്പിക്കുക. ഇതോടെ റോബോട്ടിക്‌സിന്റെ അല്ലെങ്കില്‍ റോബോട്ടുകളുടെ രൂപകല്‍പനയിലെ അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു. ഒരു പ്രവൃത്തി ചെയ്യാന്‍ ഏതാണ് നല്ല വഴിയെന്നു കണ്ടെത്താനുള്ള കഴിവ് റോബോട്ടുകള്‍ക്ക് ലഭിക്കും. റോബോട്ടുകളില്‍ എവിടെയാണ് സെന്‍സര്‍ ഘടിപ്പിക്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, പുതിയ നീക്കം വളരെ നല്ലതാണെന്നാണ് ഗവേഷകരില്‍ ഒരാളും എംഐടി വിദ്യാര്‍ഥിയുമായ അലക്‌സാണ്ടര്‍ അമിനി പറയുന്നത്. തങ്ങളുടെ ഗവേഷണ പുരോഗതി ഏപ്രിലില്‍ നടക്കാനിരിക്കുന്ന സോഫ്റ്റ് റോബോട്ടിക്‌സിനെക്കുറിച്ചുള്ള ഐഇഇഇ രാജ്യാന്തര കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കും.

robot

 

സോഫ്റ്റ് റോബോട്ടുകളെ സൃഷ്ടിക്കുക എന്നതും അവയ്ക്ക് യഥാര്‍ഥ ലോകത്ത് പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ സാധിക്കുക എന്നതും റോബോട്ടിക്‌സിലെ കടുത്ത വെല്ലുവിളികളില്‍പ്പെട്ട കാര്യങ്ങളിലൊന്നായിരുന്നു. വഴക്കമില്ലാത്ത ലോഹ റോബോട്ടുകള്‍ക്ക് വളരെ കുറച്ചു സ്ഥലത്ത് മാത്രമെ നീങ്ങാന്‍ അനുവദിച്ചിരുന്നുള്ളു. അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ പ്രവര്‍ത്തിക്കാന്‍ അവയ്ക്ക് സാധിക്കുകയും ചെയ്തിരുന്നു. ഒരു പ്രവൃത്തിക്കായി പരിമിതപ്പെടുത്തിയ ഇടങ്ങളിലെ ജോലിയെടുപ്പിക്കാന്‍ ഇവ നല്ലാതായിരുന്നെങ്കിലും പൊതു സ്ഥലങ്ങളിലേക്കും മറ്റും അവയ്ക്ക് പ്രവേശനം നല്‍കാനാകുമായിരുന്നില്ല.

 

killer-robot

മാര്‍ദ്ദവമുള്ള ശരീരമുള്ള റോബോട്ടുകള്‍ക്ക് ധാരാളം വഴക്കമുണ്ട്. അവ റബര്‍ ബോളുകളെ പോലെയാണ്. എന്നാല്‍, ഇവയ്ക്കും അവയുടെ പരിമിതികളുമുണ്ടെന്നാണ് മറ്റൊരു ഗവേഷകനായ ആന്‍ഡ്രൂ സ്പീല്‍ബര്‍ഗ് പറയുന്നത്. ഇവയ്ക്ക് ഏതു രീതിയല്‍ വേണമെങ്കിലും രൂപപരിണാമം വരാമെന്നതാണ് സോഫ്റ്റ് റോബോട്ടുകളുടെ പ്രശ്‌നങ്ങളിലൊന്ന്. നേരത്തെ നടത്തിയിരുന്ന പരീക്ഷണങ്ങളില്‍ പുറത്തു സ്ഥാപിച്ചിരുന്ന ക്യാമറ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ റോബോട്ടിനെ നിയന്ത്രിക്കുന്ന പ്രോഗ്രാമിന് എത്തിച്ചു നല്‍കുകയായിരുന്നു ചെയ്തുവന്നത്. എന്നാല്‍, റോബോട്ടിനുള്ളില്‍ തന്നെ മതി അതിനെ നിയന്ത്രിക്കുന്ന സംവിധാനങ്ങളും എന്നാണ് ഗവേഷകര്‍ തീരുമാനിച്ചത്. അതേസമയം, റോബോട്ടിനുമേല്‍ നിരവധി സെന്‍സറുകള്‍ വയ്ക്കാനും സാധിക്കില്ല. എന്നാല്‍, റോബോട്ടിന്റെ ശരീരത്തില്‍ എവിടെ സെന്‍സര്‍ വച്ചാലാണ് ഏറ്റവും പ്രയോജനം കിട്ടുക എന്നതു കണ്ടെത്താനാണ് ഗവേഷകര്‍ ഡീപ് ലേണിങ്ങിന്റെ സഹായം തേടിയത്.

 

ഇവിടെയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പുതിയ ന്യൂറല്‍ നെറ്റ്‌വര്‍ക് ആര്‍ക്കിടെക്ചറിന്റെ പ്രാധാന്യം. ഒരോ പ്രവൃത്തിയും നിര്‍വഹിക്കാന്‍ റോബോട്ടിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ സെന്‍സര്‍ ഘടിപ്പിക്കുന്നതാണ് ഉചിതമെന്ന് കണ്ടെത്തുകയാണ് ഇതു വഴി സാധ്യമായിരിക്കുന്നത്. ഇതിനായി ഗവേഷകര്‍ റോബോട്ടിന്റെ ശരീരത്തെ വിവിധ ഭാഗങ്ങളായി തിരിക്കുന്നു. ഇവയ്ക്ക് പാര്‍ട്ടിക്കിൾസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഓരോ പാര്‍ട്ടിക്കിൾസിലും സംഭവിക്കുന്ന കാര്യങ്ങള്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് വഴി വിശകലനം ചെയ്യുന്നു. തെറ്റിയാലും, ആവര്‍ത്തിച്ചു നടത്തുന്ന പരീക്ഷണങ്ങളിലൂടെ, ഒരു പ്രവൃത്തിയിലേര്‍പ്പെടാന്‍ റോബോട്ടിന്റെ ഏതു ഭാഗത്താണ് സെന്‍സര്‍ ഘടിപ്പിക്കേണ്ടതെന്നു കണ്ടെത്തുന്നു, അഥവാ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് പഠിച്ചെടുക്കുന്നു. ഓരോ പ്രവൃത്തിയിലും ഏതെല്ലാം പാര്‍ട്ടിക്കിൾസാണ് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതെന്നു മനസ്സിലാക്കിയെടുക്കുന്നു. പിന്നീടു നടത്തുന്ന പരീക്ഷണങ്ങളില്‍ കുറച്ച് ഉപയോഗിക്കപ്പെടുന്ന പാര്‍ട്ടിക്കിൾസിന്റെ പ്രാധാന്യം കുറച്ചുകൊണ്ടുവരുന്നു.

 

പ്രധാനപ്പെട്ട പാര്‍ട്ടിക്കിൾസിന്റെ പ്രവര്‍ത്തനം ഉത്തമീകരിക്കുക വഴി റോബോട്ടിന്റെ പ്രവര്‍ത്തനം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നും മനസ്സിലാക്കിയെടുക്കാമെന്ന് ഗവേഷകര്‍ പറയുന്നു. ഉദാഹരണത്തിന് 'കൈ' വച്ച് എന്തെങ്കിലും പിടിച്ചുയര്‍ത്തണമെന്നതാണ് റോബോട്ടിന്റെ പണിയെങ്കില്‍ വിരലുകളുടെ ഭാഗത്ത് കൂടുതല്‍ സെന്‍സറുകള്‍ ഉള്‍ക്കൊള്ളിക്കാം. ഇതുവഴി കൃത്യമായി റോബോട്ട് നടത്തുന്ന ഇടപെടലിനെക്കുറിച്ചുള്ള ഡേറ്റ കൈമാറപ്പെടും. ഇത് സാമാന്യബുദ്ധിക്കു മനസ്സിലാക്കാവുന്ന കാര്യമാണെങ്കിലും, അല്‍ഗോറിതം സെന്‍സറുകള്‍ എവിടെ വയ്ക്കണമെന്ന കാര്യത്തില്‍ വളരെ കൃത്യമായ കണക്കുകൂട്ടലുകള്‍ നടത്തിയെന്നാണ് പറയുന്നത്. ഒരേ കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായവും, അല്‍ഗോറിതത്തിന്റെ കണ്ടെത്തലുകളും പരീക്ഷിച്ചറിഞ്ഞ ശേഷമാണ് ഗവേഷകര്‍ തങ്ങളുടെ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. തങ്ങളുടെ ഗവേഷണം റോബോട്ടുകളുടെ നിര്‍മാണം ഓട്ടോമേറ്റു ചെയ്യുന്നതിന് ഉപകരിക്കുമെന്നാണ് സ്പീല്‍ബര്‍ഗ് പറയുന്നത്.

 

∙ സോഫ്റ്റ് റോബോട്ടുകള്‍ കൂടുതല്‍ മേഖലകളില്‍ യന്ത്രവല്‍ക്കരണത്തിന് വഴിവച്ചേക്കാം

 

കൃത്യ സ്ഥലത്ത് സെന്‍സറുകള്‍ ഘടിപ്പിക്കുക എന്നത് ടച്ച് തിരിച്ചറിയുന്നതില്‍ വളരെ സഹായകമായിരിക്കുമെന്നു പറയുന്നു. ഇതുവഴി അതിവേഗം മനുഷ്യരെ സഹായിക്കാന്‍ 'ബുദ്ധി'യുള്ള ടൂളുകളായി മാറാന്‍ റോബോട്ടുകള്‍ക്ക് സാധിച്ചേക്കും. സെന്‍സറുകള്‍ വഴി സോഫ്റ്റ് റോബോട്ടിനു 'കാണാനും' ലോകവുമായുള്ള ബന്ധം മനസ്സിലാക്കാനും കൂടുതല്‍ എളുപ്പത്തില്‍ സാധിച്ചേക്കും. നിലവിലെ സേവനമേഖലയ്ക്ക് അപ്പുറത്തേക്ക് റോബോട്ടുകള്‍ പ്രവേശിക്കുന്നതായിരിക്കാം ഇനി കാണാനിരിക്കുന്നത്. സോഫ്റ്റ് റോബോട്ടുകളെക്കുറിച്ചുള്ള കൂടുതല്‍ കൃത്യമായ വിവരണം ഐഇഇഇ രാജ്യാന്തര കോണ്‍ഫറന്‍സില്‍ പ്രതീക്ഷിക്കുന്നു.

 

English Summary: Algorithm-designed soft robots are coming! Next step in robotics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com