sections
MORE

ബിറ്റ്‌കോയിന്‍ സൃഷ്ടിച്ചത് ഓസ്‌ട്രേലിയക്കാരനോ? കോബ്രായും റൈറ്റും നേർക്കുനേർ

bitcoin
SHARE

ബിറ്റ്‌കോയിന്റെ സൃഷ്ടാവിനെ കുറച്ചുകാലമായി ഇന്റര്‍നെറ്റ് ലോകം അന്വേഷിക്കുന്നുണ്ട്. ഈ ക്രിപ്‌റ്റോകറന്‍സി പുറത്തുവന്ന് കുറച്ചുകാലത്തേക്ക് സൃഷ്ടാവായി സറ്റോഷി നക്കമോട്ടോ എന്നൊരു പേരാണ് പറഞ്ഞു കേട്ടിരുന്നത്. തുടക്കത്തില്‍ നക്കമോട്ടോയോട് ഇമെയില്‍ വഴി ബന്ധപ്പെടുകയും ചെയ്യാമായിരുന്നു. ഇതൊരു വ്യക്തിയോ ഗ്രൂപ്പോ ആകാമെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ബിറ്റ്‌കോയിന്റെ സൃഷ്ടിയുമായി ബന്ധിപ്പിച്ച് സ്‌പേസ്എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്റേതടക്കം പല പേരുകളും പറഞ്ഞുകേട്ടിട്ടുണ്ട്. ഇതു കൂടാതെ, ഇതിനു മുൻപും പലരും അതിന്റെ മാതൃത്വം ഏറ്റെടുക്കാന്‍ മുന്നോട്ടു വരികയും ചെയ്തിരുന്നു. ഇപ്പോള്‍ ഓസ്‌ട്രേലിയക്കാരനായ ക്രെയ്ഗ് റൈറ്റ് എന്നൊരു ശാസ്ത്രജ്ഞന്‍ താനാണ് ബിറ്റ്‌കോയിന്‍ സൃഷ്ടിച്ചതെന്ന വാദവുമായി ലണ്ടന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ബിറ്റ്‌കോയിന്റെ മാതൃത്വവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇതോടെ ഒരു തീരുമാനമുണ്ടുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. റൈറ്റിന് തന്റെ വാദങ്ങള്‍ വ്യക്തമായി കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ നിയമപരമായെങ്കിലും ബിറ്റ്‌കോയിന്‍ സൃഷ്ടാവെന്ന് ഔദ്യോഗിക സ്ഥാനം കിട്ടിയേക്കാം.

ബിറ്റ്‌കോയിനെക്കുറിച്ച് 2008ല്‍ ഇറക്കിയ ഒരു ധവളപത്രമാണ് എല്ലാത്തിനും തുടക്കമിട്ടത്. ഇപ്പോള്‍ ബിറ്റ്‌കോയിന്‍.ഓര്‍ഗ് എന്നൊരു വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റ ഉടമ കോബ്രാ എന്ന വ്യാജപ്പേരിലാണ് അറിയപ്പെടുന്നത്. ബിറ്റ്‌കോയിന്‍.ഓര്‍ഗില്‍ ധവളപത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അത് നീക്കം ചെയ്യണമെന്നും റൈറ്റാണ് ബിറ്റ്‌കോയിന്‍ സൃഷ്ടിച്ചതെന്ന വാദവുമായാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കോബ്രാ ആരാണ് എന്ന് തനിക്കറിയില്ലെന്നും റൈറ്റിന്റെ പരാതിയില്‍ പറയുന്നു. കോടതി ഈ കേസുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കി എന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന പുതിയ സംഭവവികാസം. ബിറ്റ്‌കോയിന്‍ ഭ്രമം വാനോളം ഉയര്‍ന്നതോടെ അതിന്റെ ഉടമസ്ഥാതാവകാശത്തിനുള്ള പിടിവലിയും തുടങ്ങുകയാണ്. പിയര്‍-ടു-പിയര്‍ ഡിജിറ്റല്‍ പണമായ ബിറ്റ്‌കോയിന്റെ സോഫ്റ്റ്‌വെയര്‍ സൃഷ്ടിച്ച സറ്റോഷി നക്കമോട്ടോ താനാണ് എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പലരില്‍ ഒരാളാണ് റൈറ്റ്. ഇത് റൈറ്റിന്റെ ആദ്യ പരിശ്രമം ഒന്നുമല്ല. അദ്ദേഹം 2019ല്‍ ധവളപത്രത്തിനും ബിറ്റ്‌കോയിനും തുടക്കമിട്ട ആദ്യ കംപ്യൂട്ടര്‍ കോഡിലും തനിക്കുള്ള അവകാശം സ്ഥാപിച്ചുകിട്ടാനായി അമേരിക്കയില്‍ കേസ് കൊടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള പല കേസുകളും അദ്ദേഹം നല്‍കിയിട്ടുണ്ട്.

അതേസമയം, ബിറ്റ്‌കോയിന്‍.ഓര്‍ഗിന്റെ ഉടമയായ കോബ്രയും മോശക്കാരനല്ല. താന്‍ റൈറ്റിനെ ബിറ്റ്‌കോയിന്റെ സൃഷ്ടാവായി അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നാണ് കോബ്ര പറയുന്നത്. ഒരാള്‍ക്ക് താന്‍ സറ്റോഷി നക്കമോട്ടോ ആണെന്നു ക്രിപ്‌റ്റോഗ്രാഫിക്കലായി തെളിയിക്കണമെങ്കില്‍ 'പിജിപി പബ്ലിക് കീ' നല്‍കണം. അതൊന്നും റൈറ്റിന്റെ കയ്യിലില്ലെന്നും ഇയാളുടെ അവകാശവാദം അംഗീകരിക്കില്ലെന്നുമാണ് കോബ്രയുടെ നിലപാട്. അതേസമയം, കോബ്ര തനിക്ക് അയച്ചിരിക്കുന്ന തെറിവിളി അടക്കമുള്ള ട്വിറ്റര്‍ സന്ദേശം ഉള്‍പ്പടെയാണ് റൈറ്റ് യുകെ കോടതിയില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. റൈറ്റിന്റെ അവകാശവാദം പരിപൂര്‍ണമായും തെറ്റാണെന്ന് എളുപ്പത്തില്‍ തെളിയിക്കാവുന്നതേയുള്ളുവെന്ന് കോബ്രയും പറയുന്നു. ധവളപത്രത്തിന്റെ അവകാശി താനാണ് എന്നൊരു വിധി പ്രതീക്ഷിച്ചാണ് റൈറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, അവകാശം അംഗീകരിച്ചാല്‍ മതി, ധവളപത്രം മറ്റാരെങ്കിലും പ്രദര്‍ശിപ്പിക്കുന്നതില്‍ തനിക്കു വിരോധമില്ലെന്ന് മഹാമനസ്‌കനാകുന്നുമുണ്ട് റൈറ്റ്. ഇപ്പോള്‍ ബ്രിട്ടനില്‍ തമാസിക്കുന്ന റൈറ്റ് പറയുന്നത് തന്റെ കയ്യില്‍ വേണ്ടത്ര തെളിവുകളുണ്ടെന്നാണ്.

അതേസമയം, തങ്ങള്‍ക്ക് ധവളപത്രം എടുത്തു നീക്കാനും പറഞ്ഞുള്ള റൈറ്റിന്റെ മെയില്‍ കിട്ടിയിട്ടുണ്ടെന്ന് ബിറ്റ്‌കോയിന്‍.ഓര്‍ഗ് പറയുന്നു. ഈ ക്രിപ്‌റ്റോകറന്‍സിയുടെ മാതൃത്വം പതിച്ചുകിട്ടിയാല്‍ റൈറ്റ് നിന്ന നില്‍പ്പില്‍ ലോകത്തെ 25-ാമത്തെ വലിയ ധനികനാകുമെന്നും അവര്‍ പറയുന്നു. പക്ഷേ, അയാളല്ല അതിന്റെ സൃഷ്ടാവെന്നും പഠനാവശ്യത്തിനുള്ള കണ്ടെന്റ് നല്‍കുന്ന തങ്ങളുടേതു പോലെയൊരു ചെറിയ വെബ്‌സൈറ്റിനെ ഭീഷണിപ്പെടുത്തി അവകാശം സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോബ്രാ ആരോപിക്കുന്നു. എന്നാല്‍, കോബ്രാ എന്നത് ഒരു വ്യാജനാമം ആണ്. താനാരാണ് എന്നു വെളിപ്പെടുത്തിയില്ലെങ്കില്‍ കോബ്രയ്ക്ക് കോടതിയിലെത്തി വാദങ്ങള്‍ മുന്നോട്ടുവയ്ക്കാനായേക്കില്ല. അങ്ങനെ വന്നാല്‍ റൈറ്റിന് അനുകൂലമായ വിധിവരുമോ എന്ന പേടിമൂലം താനാരാണ് എന്നു കോബ്ര വെളിപ്പെടുത്തുമോ എന്ന കാര്യത്തിലും സംശയം നിലനനില്‍ക്കുന്നു.

അതേസമയം, 2015ല്‍ ബിറ്റ്‌കോയിന്‍ സൃഷ്ടാവാണോ എന്നതിനുള്ള തെളിവു തേടി റൈറ്റിന്റെ വീട് ഓസ്‌ട്രേലിയന്‍ പൊലിസ് അരിച്ചുപെറുക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫിസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു റെയ്ഡ്. തുടര്‍ന്ന് 2016ല്‍ താന്‍ തന്നെയാണ് നിങ്ങള്‍ അന്വേഷിക്കുന്ന നക്കമോട്ടോ എന്ന് വാദിച്ച് റൈറ്റ് രംഗത്തെത്തി. പക്ഷേ വിദഗ്ധര്‍ ഈ വാദം തള്ളി. കൂടുതല്‍ തെളിവുനല്‍കാനുള്ള ധൈര്യം തനിക്കിപ്പോഴില്ലെന്നു പറഞ്ഞ് റൈറ്റ് അപ്പോള്‍ ഒഴിവാകുകയായിരുന്നു. കൂടാതെ, 2019ല്‍ അമേരിക്കയില്‍ നല്‍കിയ കേസിലും കുറേ രേഖകള്‍ റൈറ്റ് കൈമാറിയിട്ടുണ്ട്. ഈ കേസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരിക്കുകയാണ്.

∙ വാട്‌സാപ്പില്‍ 24 മണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമാകുന്ന സന്ദേശം അയക്കാനായേക്കും

ലോകമെമ്പാടും ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇന്‍സ്റ്റന്റ് മെസേജിങ് സംവിധാനമായ വാട്‌സാപ്പില്‍ 7 ദിവസം കഴിയുമ്പോള്‍ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയയ്ക്കാനാണ് സാധിക്കുക. എന്നാല്‍, 24 മണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സൗകര്യമൊരുക്കാന്‍ ഒരുങ്ങുകയാണ് വാട്‌സാപ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാട്‌സാപ്പില്‍ വരാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റായ വാബീറ്റാഇന്‍ഫോ ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. പുതിയ സംവിധാനം വന്നു കഴിഞ്ഞാല്‍ 24 മണിക്കൂര്‍ അല്ലെങ്കില്‍ 7 ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഉപയോക്താക്കള്‍ക്കു സാധിച്ചേക്കും. അതേസമയം, വാട്‌സാപ്പിന്റെ എതിരാളികളില്‍ ഒന്നായ സിഗ്നലില്‍ മിനിറ്റുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങളും അയയ്ക്കാം.

∙ ഇന്ത്യയ്ക്കു സഹായവുമായി പിച്ചൈയും നദേലയും

കൊറോണാവൈറസിന്റെ ആക്രമണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഇന്ത്യയ്ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സുന്ദര്‍ പിച്ചൈയുടെ കീഴിലുള്ള ഗൂഗിള്‍. അവര്‍ 135 കോടി രൂപ നല്‍കുമെന്ന് അറിയിച്ചുകഴിഞ്ഞു. മൈക്രോസോഫ്റ്റ് മേധാവി സുന്ദര്‍ പിച്ചൈയും ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തിനു പിന്തുണ നല്‍കുമെന്ന് അറിയിച്ചു കഴിഞ്ഞു.

∙ 10,000 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ എത്തിക്കാന്‍ ആമസോണ്‍

ഇന്ത്യ നേരിടുന്ന ഓക്‌സിജന്‍ പ്രതിസന്ധിയില്‍ സഹായിക്കാന്‍ ആമസോണ്‍ ഇന്ത്യയും മുന്നോട്ടിറങ്ങി. സിങ്കപ്പൂരില്‍ നിന്ന് 8000 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും, 500 ബിപാപ് (BiPAP) മെഷീനുകളും എത്തിക്കുകയാണ് അവര്‍. ഏപ്രില്‍ 30നു മുൻപ് മൊത്തം എണ്ണവും എത്തിച്ചേക്കും.

iphone-se-plus

∙ 48എംപി ക്യാമറയുളള ഐഫോണും എആര്‍ ഹെഡ്‌സെറ്റും ആപ്പിള്‍ അവതരിപ്പിച്ചേക്കും

ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ പ്രകാരം അടുത്ത വര്‍ഷത്തെ ഐഫോണിന് അടുത്തകാലത്ത് ലഭിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ക്യാമറാ അപ്‌ഗ്രേഡ് കിട്ടിയേക്കും- 48എംപി സെന്‍സര്‍ ലഭിച്ചേക്കുമെന്നാണ് പറയുന്നത്. വളരെ കാലമായി പറഞ്ഞു കേള്‍ക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റും കമ്പനി അടുത്ത വര്‍ഷം വിപണയിലെത്തിച്ചേക്കുമെന്നും പറയുന്നു.

English Summry: Australian man Craig Wright’s claim he invented bitcoin to be considered by UK court

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA