sections
MORE

ഐഒഎസ് 14.5 എത്തി! ആപ്പിള്‍ വാച്ച് ഉപയോഗിച്ച് ഐഫോണ്‍ അണ്‍ലോക് ചെയ്യാം, എങ്ങനെ?

ios-14
SHARE

ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവയ്ക്ക് പുതുക്കിയ 14.5 വേര്‍ഷന്‍ അവതരിപ്പിച്ചു. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ അപ്‌ഡേറ്റുകളില്‍ ഒന്നാണിതെന്ന് വിലയിരുത്തപ്പെടുന്നു. പുതുക്കിയ ഒഎസില്‍ ആപ്പുകള്‍ക്ക് ഫോണിലും ഐപാഡിലും നടക്കുന്ന ഇന്റര്‍നെറ്റ് ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ അറിയണമെങ്കില്‍ ഉപയോക്താവിനോട് സമ്മതം വാങ്ങണമെന്നാണ് ആപ്പിള്‍ പറയുന്നത്. പകുതിയിലേറെ ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ തങ്ങളെ ഇത്തരത്തില്‍ ട്രാക്കുചെയ്യാന്‍ അനുവദിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍. 

അതേസമയം, ആപ്പിളിന്റെ ഈ നീക്കം ചെറുകിട ബിസിനസുകാര്‍ക്കും മറ്റും വന്‍തിരിച്ചടി സമ്മാനിക്കുമെന്ന് ഫെയ്‌സ്ബുക് വാദിക്കുന്നു. ഇക്കാര്യത്തില്‍ ഇരു കമ്പനികളും തുറന്ന പോരു തന്നെ നടത്തിയിരുന്നു. ഫെയ്‌സ്ബുക് തങ്ങള്‍ക്കു പരസ്യം തരുന്ന ചെറുകിട കമ്പനികള്‍ക്കു വേണ്ടിയെന്ന് പറഞ്ഞ് അമേരിക്കയില്‍ മുഴുവന്‍ പേജ് പത്ര പരസ്യങ്ങള്‍ പോലും നല്‍കിയിരുന്നു. അതേസമയം, ഇത് ചെറുകിട കച്ചവടക്കാരെ ബാധിക്കില്ല. ഒരാള്‍ ഒരു സാധനം വാങ്ങുന്നുണ്ടെങ്കില്‍ അത് ഫെയ്‌സ്ബുക്കിലെ പരസ്യം കണ്ടിട്ടല്ല, മറിച്ച് അയാളുടെ കൈയ്യില്‍ പണമുള്ളതുകൊണ്ടാണ്. അതിനാല്‍ വാങ്ങാനിരിക്കുന്ന സാധനങ്ങള്‍ എങ്ങനെ വന്നാലും വാങ്ങുമെന്നു വാദിക്കുന്നവരും ഉണ്ട്.

ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ നിരന്തര ട്രാക്കിങ് വഴി അറിഞ്ഞ് പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നു എന്നൊരു ആരോപണം ആദ്യകാലം തന്നെയുണ്ട്. ഇത് ഉപയോക്താവിന്റെ സ്വഭാവം ആഴത്തില്‍ അറിഞ്ഞ് ഉചിതമായ പരസ്യം കാണിക്കാനാണ് എന്നാണ് വയ്പ്. എന്നാല്‍, ഇങ്ങനെ സൃഷ്ടിക്കുന്ന പ്രൊഫൈലുകള്‍ ഇരു കമ്പനികളും നശിപ്പിക്കുന്നില്ലെന്ന ആരോപണവും ഉണ്ട്. എന്തായാലും ആപ്പിളിന്റെ നടപടി ഇതിനൊരു പുതിയ മാനം കൊണ്ടുവന്നേക്കും. തങ്ങളുടെ ഉപയോക്താക്കളെ അവരറിയാതെ ട്രാക്കു ചെയ്യേണ്ട. ട്രാക്കു ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ അനുമതി നേരിട്ടു ചോദിച്ചുവാങ്ങിയ ശേഷം ചെയ്യൂ എന്നാണ് ആപ്പിള്‍ വാദിക്കുന്നത്. ഇത് എങ്ങനെയായിരിക്കും മൊബൈല്‍ പരസ്യരംഗത്തെ ബാധിക്കുക എന്ന് കണ്ടറിയേണ്ട കാര്യമാണ്. സ്വകാര്യതയ്ക്കു പുറമെ നിരവധി പുതിയ ഫീച്ചറുകളും ഐഒഎസ്/ഐപാഡ് ഒഎസ് 14.5 ല്‍ എത്തുന്നു. ഐഫോണ്‍ 6എസ് മുതല്‍ മുൻപോട്ടുളള മോഡലുകള്‍ക്കും ഐപാഡ് എയര്‍ 2 മുതല്‍ മുൻപോട്ടുള്ള മോഡലുകള്‍ക്കുമായിരിക്കും പുതിയ അപ്‌ഡേറ്റ് സ്വീകരിക്കാനാകുക.

∙ ഐഒഎസ് 14.5

ഈ നിര്‍ണായക അപ്‌ഡേറ്റ് ഇപ്പോള്‍ ലോകമെമ്പാടും ലഭ്യമാക്കി കഴിഞ്ഞിരിക്കുകയാണ് ആപ്പിള്‍. ആപ്പിള്‍ വാച്ച് ഉപയോഗിച്ച് ഫെയ്‌സ്‌ഐഡിയുള്ള ഐഫോണുകള്‍ അണ്‍ലോക്ക് ചെയ്യുക, പുതിയ ബ്ലൂടൂത്ത് ഉപകരണമായ എയര്‍ടാഗ് സപ്പോര്‍ട്ട്, സിറി വോയിസ് അസിസ്റ്റന്റിന്റെ ശബ്ദം മാറ്റുക, ഗെയിം കണ്ട്രോളര്‍ സപ്പോര്‍ട്ട്, പുതിയ ഇമോജി ക്യാരക്ടറുകള്‍, ഫിറ്റ്നസ് പ്ലസിന് എയര്‍പ്ലേ സപ്പോര്‍ട്ട്, മൊത്തത്തില്‍ മാറ്റംവരുത്തിയ പോഡ്കാസ്റ്റ് ആപ് തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.

∙ ഐപാഡ് ഒഎസ് 14.5

പുതിയ ഇമോജികള്‍ അടക്കം മുകളില്‍ പറഞ്ഞ പല ഫീച്ചറുകളും ഐപാഡുകള്‍ക്കും കിട്ടും. സ്മാര്‍ട് ഫോളിയോ സുരക്ഷാ ഓപ്ഷനാണ് പുതിയ ഐപാഡ് ഫീച്ചറുകളിലൊന്ന്. ഇനി സ്മാര്‍ട് ഫോളിയോ അടയ്ക്കുമ്പോള്‍ ഐപാഡുകളുടെ ബില്‍റ്റ്-ഇന്‍ മൈക്രോഫോണുകളും മ്യൂട്ടാകും. ഐപാഡ് ലോഡാകുമ്പോള്‍ ഇനി ആപ്പിള്‍ ലോഗോ തിരശ്ചീനമായും കാണാനാകും.

∙ മാക്ഒഎസ് ബിഗ് സര്‍ 11.3

അത്രയധികം എടുത്തുപറയത്തക്ക മാറ്റങ്ങള്‍ ഇതിലില്ല. ഐഒഎസ് ആപ്പുകള്‍ എം1 മാക്കുകളില്‍ ഉപയോഗിക്കുന്നതിലുള്ള ഒപ്റ്റിമൈസേഷന്‍, സഫാരി കസ്റ്റമൈസേഷന്‍, പുതിയ പിഎസ്5 സപ്പോര്‍ട്ട്, എക്‌സ്‌ബോക്‌സ് സീരീസ് എക്‌സ് കണ്ട്രോളറുകള്‍ മാക്ഒഎസ് ഗെയിമുകള്‍ക്കൊപ്പം ഉപയോഗിക്കാനുള്ള ശേഷി തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എയര്‍ടാഗിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ശേഷി, പുതിയ ഇമോജികള്‍, പരിഷ്‌കരിച്ച ആപ്പിള്‍ ന്യൂസ് പ്ലസ് ആപ് തുടങ്ങിയവയും ഉണ്ട്.

∙ വാച്ച് ഒഎസ് 7.4

വാച്ച്ഒഎസിന്റെ പ്രധാന ഫീച്ചറുകളില്‍ ഒന്ന് ഐഫോണ്‍ അൺലോക്ക് ചെയ്യാനുള്ള ശേഷിയാണ്. എയര്‍പ്ലേ 2 സപ്പോര്‍ട്ട് തുടങ്ങിയവയും എത്തുന്നു.

∙ ആപ്പിള്‍ വാച്ച് ഉപയോഗിച്ച് ഐഫോണ്‍ അണ്‍ലോക് ചെയ്യുന്നത് എങ്ങനെ?

ആപ്പിള്‍ ഫെയ്‌സ്‌ഐഡി ഉള്‍ക്കൊള്ളിച്ച ഫോണുകളില്‍ ടച് ഐഡി, അഥവാ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടുത്തിയില്ല. എന്നാല്‍, മഹാമാരി പടര്‍ന്നതോടെ എല്ലാവരും മാസ്‌ക് ധാരികളായപ്പോള്‍ ഫെയ്‌സ്‌ഐഡി വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കാതെയായി. ഇത് പല ഉപയോക്താക്കള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ വഴി ഇതിന് വളഞ്ഞവഴിക്കൊരു പരിഹാരം കാണാനുള്ള ശ്രമമാണ് ആപ്പിള്‍ നടത്തിയിരിക്കുന്നത്. ആപ്പിള്‍ വാച്ച് സീരീസ് 3 മുതലുളളവ ഉപയോഗിക്കുന്ന ഐഫോണ്‍ ഉപയോക്താക്കള്‍ക്കാണ് പുതിയ മാറ്റം ഉപകാരപ്രദമാകുക. ആപ്പിള്‍ വാച്ചും ഐഫോണും പുതിയ അപ്‌ഡേറ്റ് സ്വീകരിച്ചു കഴിഞ്ഞെങ്കില്‍ ഐഫോണിന്റെ സെറ്റിങ്‌സ് തുറക്കുക. അതില്‍ ഫെയ്‌സ്‌ഐഡി ആന്‍ഡ് പാസ്‌കോഡ് വിഭാഗത്തില്‍ എത്തുക. അതില്‍ പുതിയതായി ഉള്‍പ്പെടുത്തിയരിക്കുന്ന അണ്‍ലോക് വിത് ആപ്പിള്‍ വാച്ച് എന്ന ബട്ടണ്‍ ഓണ്‍ ചെയ്യുക. വൈ-ഫൈയും ബ്ലൂടൂത്തും ഓണായിരിക്കണം. ഫെയ്‌സ്‌ഐഡി ഓണായിരിക്കണം, ആപ്പിള്‍ വാച്ചില്‍ റിസ്റ്റ് ഡിറ്റെക്ഷന്‍ ഓണായിരിക്കണം. അത് ഉപയോക്താവ് അണിഞ്ഞിരിക്കണം. തുടര്‍ന്ന് ഐഫോണ്‍ നിങ്ങളുടെ മാസ്‌ക് അണിഞ്ഞ മുഖം കാണുമ്പോള്‍ ആപ്പിള്‍ വാച്ചില്‍ നോട്ടിഫിക്കേഷന്‍ എത്തുന്നു. ആപ്പിള്‍ വാച്ച് ഉപയോഗിച്ചു തന്നെ വീണ്ടും ലോക്കു ചെയ്യുകയും ആകാം.

∙ ആപ്പിള്‍ സിലിക്കണ്‍ എം2ന്റെ നിര്‍മാണം തുടങ്ങി

ആപ്പിളിന്റെ സ്വന്തം കംപ്യൂട്ടര്‍ പ്രോസസറായ എം1 ന്റെ അഭൂതപൂര്‍വമായ വിജയത്തിനു ശേഷം അതിന്റെ രണ്ടാം പതിപ്പായ എം2ന്റെ നിര്‍മാണം തുടങ്ങിയിരിക്കുകയാണെന്ന് വാര്‍ത്തകള്‍ പറയുന്നു.

iPhone-12

∙ ഇന്ത്യക്കാരുടെ സ്മാര്‍ട് ഫോണ്‍ ഭ്രമം വിഘ്‌നമില്ലാതെ തുടരുന്നു

മഹാമാരി ആഞ്ഞു വീശുകയാണെങ്കിലും ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കഴിഞ്ഞ വര്‍ഷം ഇതി കാലത്തുണ്ടായതിനേക്കാള്‍ 23 ശതമാനം വളര്‍ച്ചായാണ് സ്മാര്‍ട് ഫോണ്‍ വില്‍പനയില്‍ കാണാനായതെന്ന് ഗവേഷണ കമ്പനിയായ കൗണ്ടര്‍പോയിന്റ് പറയുന്നു. ഈ കാലയളവില്‍ 28 ദശലക്ഷം ഫോണുകളാണ് വിറ്റുപയോരിക്കുന്നത് എന്നാണ് കണക്കുകള്‍. വില്‍പനയില്‍ ഒന്നാം സ്ഥാനത്ത് ഷഓമി തുടരുന്നു. സാംസങിന്റെ ഓഹരി 20 ശതമാനമാണ്. വിവോ, റിയല്‍മി, ഒപ്പോ എന്നീ കമ്പനികളുടെ ഓഹരി യഥാക്രമം 16, 11, 11 എന്നിങ്ങനെയാണ്. ഫീച്ചര്‍ ഫോണ്‍ മാര്‍ക്കറ്റിലും വളര്‍ച്ചയുണ്ട്- 14 ശതമാനം. ജിയോ ഫോണാണ് വില്‍പനയില്‍ മുൻപില്‍. അവരുടെ ഓഹരി 21 ശതമാനാമാണ്.‌

English Summary: Apple Starts Rolling Out iOS 14.5 With Face ID Mask Feature, App Tracking Transparency

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA