sections
MORE

തായ്‌വാന്റെ ടെക് മേഖലയ്‌ക്കെതിരെ ചൈനയുടെ വാണിജ്യ യുദ്ധം; കുക്കിന്റെ ഉപദേശം കേട്ട് സക്കര്‍ബര്‍ഗ് ഞെട്ടിയത് എന്തിന്?

taiwan-china
SHARE

ചൈനയാണ് ലോകത്തിന്റെ നിര്‍മാണ ഫാക്ടറിയെങ്കിലും രാജ്യാന്തര ടെക്‌നോളജി മേഖല തായ്‌വാനു കൂടുതല്‍ പ്രാധാന്യം നല്‍കിത്തുടങ്ങുന്ന കാലം കൂടിയാണിത്. തായ്‌വാന്‍ തങ്ങളുടേതാണെന്ന വാദവും ഉയര്‍ത്തി വരികയാണ് ചൈന. ഇതിനൊപ്പം തന്നെ അടുത്തിടെയായി അവരുടെ സാങ്കേതികവിദ്യകള്‍ ചൈന മോഷ്ടിക്കുന്നുവെന്നും മിടുക്കരായ എൻജിനീയര്‍മാരെ ആകര്‍ഷിച്ചു കൊണ്ടുപോകുന്നുവെന്നും തായ്‌വാന്‍ ആരോപിക്കുന്നുണ്ട്. ഇതിനെതിരെ നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് തായ്‌വാന്‍ പാര്‍ലമെന്റ്. 

ടെക്‌നോളജി കേന്ദ്രീകൃത ഉപകരണ നിര്‍മാണ മേഖലയില്‍ ചൈനയോട് കിടപിടിക്കില്ലെങ്കിലും സെമികണ്‍ഡക്ടര്‍ നിര്‍മാണ മേഖലയിലെ രാജാവാണ് തായ്‌വാന്‍. ഇവ യുദ്ധ വിമാനങ്ങളിലും കാറുകളിലും വരെ ഉപയോഗിക്കപ്പെടുന്നു. തങ്ങളുടെ ഈ വിജയം ചൈന എന്നെങ്കിലും കോപ്പിയടിക്കുമെന്ന് തായ്‌വാന്‍ ഭയക്കുകയും ചെയ്തിരുന്നു. ഇതിനായി വ്യവസായ മേഖലയില്‍ ചൈന രഹസ്യക്കണ്ണുകള്‍ വിന്യസിച്ചിരുന്നുവെന്നും പരോക്ഷ ഇടപാടുകള്‍ നടത്തിവരികയാണെന്നും തായ്‌വാന്‍ ആരോപിക്കുന്നു.

∙ തായ്‌വാന്‍-ചൈന പോരിനു പിന്നിലെന്ത്?

ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാകണമെങ്കില്‍ ഇതും അറിഞ്ഞിരിക്കണം - തങ്ങളുടെ രാജ്യത്തു നിന്ന് അടര്‍ന്നുമാറിയ ഒരു പ്രവശ്യയാണ് തായ്‌വാന്‍ എന്നും അത് അവസാനം തങ്ങള്‍ക്കൊപ്പം ചേര്‍ന്നേ മതിയാകൂ എന്നുമാണ് ചൈനയുടെ വാദം. കൂടാതെ തായ്‌വാനിലേക്കു വന്ന ആദ്യകാല ഓസ്‌ട്രോഎഷ്യന്‍ ഗോത്രവര്‍ഗക്കാര്‍ ചൈനയില്‍ നിന്നുള്ളവരാണെന്നുമാണ് ചൈനീസ് വാദം. എന്നാല്‍, ഇത്തരം വാദങ്ങളെ ബഹുഭൂരിപക്ഷം തായ്‌വാന്‍കാരും തള്ളിക്കളയുകയാണ്. ചൈനയുടെ കൈവശമുള്ള ചരിത്ര രേഖകളില്‍ എഡി 239ല്‍ തങ്ങളുടെ സേനയെ തായ്‌വാനിലേക്ക് അയച്ചു എന്നൊരു പരാമര്‍ശമുണ്ട്. ഇതാണ് തായ്‌വാന്‍ തങ്ങളുടേതാണെന്ന് ചൈന പറഞ്ഞു നടക്കാനുള്ള കാരണങ്ങളിലൊന്ന്. കുറച്ചുകൂടി പുതിയ കാലത്തേക്കു വന്നാല്‍ 1624-1661 കാലഘട്ടത്തില്‍ ഡച്ച് കോളനിയായിരുന്ന തായ്‌വാന്‍ 1683-1895 ല്‍ നോക്കിനടത്തിയിരുന്നത് ചൈനയുടെ ക്വിങ് രാജവംശമായിരുന്നു. പിന്നീട്, 17-ാം നൂറ്റാണ്ടുമുതല്‍ ഭരണാധികാരികളുടെ പീഢനങ്ങള്‍ സഹിക്കാന്‍ വയ്യാതെ ധാരാളം ചൈനക്കാര്‍ തായ്‌വാനിലേക്ക് കുടിയേറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, 1895 ല്‍ ജപ്പാന്‍ ചൈനയെ കീഴടക്കിയപ്പോള്‍ തായ്‌വാന്‍ വിട്ടുകൊടുക്കേണ്ടി വരികയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ പരാജയപ്പെട്ട ജപ്പാന് വീണ്ടും തായ്‌വാന്‍ ചൈനയ്ക്ക് വിട്ടു നല്‍കേണ്ടി വന്നു. ഇങ്ങനെ മാറിയും മറിഞ്ഞും രാജ്യത്തിന്റെ ഭാവി അമ്മാനമാടപ്പെട്ടു. തുടര്‍ന്ന് 1980കളില്‍ ചൈന ഒരു ആശയം മുന്നോട്ടുവച്ചു - ഒരു രാജ്യം രണ്ടു വ്യവസ്ഥകള്‍ എന്നായിരുന്നു അത്. ഒന്നാകാന്‍ സമ്മതിച്ചാല്‍ ധാരാളം സ്വാതന്ത്ര്യം നല്‍കാമെന്നും ചൈന വാഗ്ദാനം ചെയ്തിരുന്നു.

തായ്‌വാന്‍ 1991ല്‍ ഇതു നിരസിക്കുകയും തങ്ങളുടെ വഴിക്കു നീങ്ങാന്‍ ശ്രമിക്കുകയും ചെയ്തുവരികയായിരുന്നു. തുടര്‍ന്ന് 2000 ല്‍ ചെന്‍ ഷുയി-ബിയാന്‍ തായ്‌വാനില്‍ അധികാരത്തിലേറി. സമ്പൂര്‍ണ സ്വാതന്ത്ര്യം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇത് ചൈനയെ ഭയപ്പെടുത്തി. എന്നാല്‍, 2008ല്‍ അധികാരത്തിലേറിയ മാ യിങ്-ജെയ്ഉ ആകട്ടെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിച്ചു. എട്ടു വര്‍ഷത്തിനു ശേഷം 2016 ല്‍ അധികാരത്തില്‍ വന്ന ഇപ്പോഴത്തെ പ്രസിഡന്റ് റ്റ്‌സായി ഇങ്-വെങ് ആകട്ടെ ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്നയാളാണ്. തുടര്‍ന്ന് 2018ല്‍ ചൈന രാജ്യാന്തര കമ്പനികള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി തുടങ്ങി. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നു സമ്മതിച്ചില്ലെങ്കില്‍ ചൈനയുമായി ഒരു ഇടപാടും വേണ്ടെന്നായിരുന്നു ഭീഷണി. റ്റ്‌സായി 2020ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരത്തിലേറിയ സമയത്ത് ചൈനീസ് യുദ്ധ വിമാനങ്ങള്‍ തായ്‌വാനിലേക്ക് കടന്നുകയറിയിരുന്നു. തുടര്‍ന്ന് നിരവധി സൈനിക ജെറ്റ് വിമാനങ്ങളും തങ്ങളുടെ രാജ്യത്തിനു മുകളിലൂടെ പറത്തിയെന്നും തായ്‌വാന്‍ ആരോപിക്കുന്നു. അമേരിക്ക തായ്‌വാനു നല്‍കുന്ന പിന്തുണയെ എതിർക്കാനായിരുന്നു ഈ നീക്കം.

∙ തായ്‌വനീസ് പാര്‍ലമെന്റില്‍ നീക്കം

നാലു തായ്‌വാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തങ്ങളുടെ വാണിജ്യ രഹസ്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു നിയമം പാസാക്കിയെടുക്കാന്‍ മുന്‍കൈ എടുക്കുകയാണ്. അടുത്തിടെ മിക്ക വ്യവസായശാലകളിലും വിദേശ ചാരന്മാരെ തിരിച്ചറിഞ്ഞതാണ് ഈ നീക്കത്തിനു പിന്നില്‍. സംഘടിതമായി തന്നെ ചൈനീസ് കമ്മ്യൂണിസ്റ്റുകള്‍ ടെക്‌നോളജി മോഷണം നടത്തുകയാണ്. ഇത് മറ്റു രാഷ്ട്രങ്ങള്‍ക്കും ജനാധിപത്യ വിശ്വാസികള്‍ക്കും ഭീഷണിയാണെന്ന് തായ്‌വാന്റെ ദേശീയ സുരക്ഷാ ബ്യൂറോ പറഞ്ഞു. തായ്‌വാനിലേക്ക് നുഴഞ്ഞു കയറുന്നതിനു പിന്നില്‍ ടെക്‌നോളജി മോഷ്ടിക്കാനുള്ള ശ്രമം കൂടാതെ രാഷ്ട്രീയ ലാക്കുമുണ്ടെന്ന് ബ്യൂറോ പറയുന്നു. ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സെമികണ്‍ഡക്ടര്‍ മേഖലയില്‍ നിന്ന് തങ്ങളുടെ മിടുക്കരെ ആകര്‍ഷിച്ചെടുക്കുന്നതു കൂടാതെ ഈ മേഖലയിലെ രഹസ്യങ്ങൾ ചോര്‍ത്തുന്നുവെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ ശേഷി ഇല്ലാതാക്കാനാണ് ഈ നീക്കമെന്നും അവര്‍ ആരോപിക്കുന്നു. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭ പല തവണ യോഗം ചേർന്നിരുന്നു. എന്നാല്‍, എല്ലാ മേഖലയിലേക്കും ചൈനയുടെ സപ്ലൈ ചെയില്‍ നുഴഞ്ഞു കയറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് കണ്ടെത്തിയത്. തായ്‌വാന്‍ ചൈനയുടെ കടന്നുകയറ്റത്തിനെതിരെയുള്ള പുതിയ നിയമം എന്നു കൊണ്ടുവരുമെന്ന് ഇപ്പോള്‍ അറിയില്ല. ഇതേക്കുറിച്ചു ചൈനയും പ്രതികരിച്ചിട്ടില്ല.

∙ കുക്കിന്റെ അഭിപ്രായം കേട്ട് സക്കര്‍ബര്‍ഗ് ഞെട്ടി!

ആപ്പിള്‍ കമ്പനി മേധാവി ടിം കുക്കും ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയൊന്നുമില്ലെന്ന് ടെക്‌നോളജി മേഖലയിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന എല്ലാവര്‍ക്കും അറിയാം. എന്നാല്‍, 2019ല്‍, 50 ദശലക്ഷം ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ന്ന കേംബ്രിജ് അനലിറ്റിക്കാ വിവാദം ഉണ്ടായ സമയത്ത് സക്കര്‍ബര്‍ഗ് കുക്കിന്റെ ഉപദേശം ചോദിച്ചിരുന്നു. അലന്‍ ആന്‍ഡ് കമ്പനി നടത്തിയ ഒരു ചടങ്ങിനിടയിലാണ് ഇതുണ്ടായത്. അന്ന് കുക്ക് പറഞ്ഞത് തങ്ങളുടെ പ്രധാന ആപ്പുകള്‍ ഒഴികെ മറ്റെല്ലായിടത്തുനിന്നും ഉപയോക്താക്കളുടെ ഡേറ്റ ഡിലീറ്റു ചെയ്തു കളയണമെന്നാണ്. ഇതു കേട്ട് സക്കര്‍ബര്‍ഗ് സ്തംഭിച്ചുപോയി എന്നാണ് ഇതിനു സാക്ഷ്യംവഹിച്ച ആളുകളെ ഉദ്ധരിച്ച് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകൾ പറയുന്നത്. പരസ്യങ്ങള്‍ നല്‍കാനായി ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ആഴത്തില്‍ അറിഞ്ഞെടുക്കുന്ന രീതിയാണ് ഫെയ്‌സ്ബുക്കിനുള്ളത്. ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അങ്ങനെ അറിഞ്ഞുവയ്ക്കരുതെന്നും അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും മുന്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ കാലം മുതല്‍ ആപ്പിളും വിശ്വസിക്കുന്നു. പരസ്യം നല്‍കാനാണ് ഇങ്ങനെ ഡേറ്റാ ശേഖരിക്കുന്നതെന്നാണ് പല കമ്പനികളും പറയുന്നതെങ്കിലും ഇത്തരം പ്രൊഫൈലുകള്‍ കമ്പനികള്‍ എക്കാലത്തേക്കും സൂക്ഷിക്കുമെന്നും അത് ശരിയല്ലെന്നുമുള്ള വാദം ഉയര്‍ത്തുന്നവര്‍ക്കൊപ്പമാണ് ആപ്പിള്‍.

tim-cook-zuckerberg

∙ ഗ്യാലക്‌സി ബുക്ക് പ്രോ, പ്രോ 360 ലാപ്‌ടോപ്പുകളുമായി സാംസങ്

ലാപ്‌ടോപ്പുകള്‍ സ്മാര്‍ട്ടാകുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഗ്യാലക്‌സി സ്മാര്‍ട് ഫോണുകളുടെ ഡിഎന്‍എ ഉപയോഗിച്ചാണ് പുതിയ ഗ്യാലക്‌സി ബുക്ക് പ്രോ, പ്രോ 360 എന്നീ ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് സാംസങ് പറഞ്ഞു. കീബോഡിനു പുറമെ എസ്-പെന്‍ സ്റ്റൈലസ് ഉപയോഗിച്ചും ഗ്യാലക്‌സി ബുക്ക് പ്രോ 360യെ നിയന്ത്രിക്കാമെന്ന് കമ്പനി പറയുന്നു. ഇവ 11-ാം തലമുറയിലെ ഇന്റല്‍ കോര്‍ പ്രോസസറുകള്‍ കേന്ദ്രമായി നിര്‍മിച്ചവയാണ്. ഇവയ്ക്ക് 8 മുതല്‍ 32 ജിബി വരെ റാം നല്‍കിയിരിക്കുന്നു. മികച്ച കണക്ടിവിറ്റി ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്. ഫുള്‍എച്ഡി അമോലെഡ് ഡിസ്‌പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്യാലക്‌സി ബുക്കുകളുടെ വില തുടങ്ങുന്നത് 999 ഡോളര്‍ മുതലാണെങ്കില്‍ പ്രോ 360യുടെ വില തുടങ്ങുന്നത് 1199 ഡോളര്‍ മുതലാണ്.

∙ ഡെല്‍ ലാറ്റിറ്റിയൂഡ് 7320 ഡിറ്റാച്ചബിൾ ലാപ്‌ടോപ്പും അവതരിപ്പിച്ചു

വലിയ സ്മാര്‍ട് ഫോണുകളാണ് എന്നു ഭാവിക്കുന്ന ലാപ്‌ടോപ്പുകള്‍ വിപണിയിലേക്ക് എത്തുകയാണ്. ഇവ സ്മാര്‍ട് ഫോണ്‍-ടാബ്‌ലറ്റ് പ്രേമികളുടെ മനംകവരുമെന്നാണ് കമ്പനികള്‍ കരുതുന്നത്. ഡെല്‍ കമ്പനി ഇറക്കിയ ലാറ്റിറ്റിയൂഡ് 7320 ഡിറ്റാച്ചബിൾ അത്തരത്തിലൊന്നാണ്. ഇതിന്റെ സ്‌ക്രീന്‍ മാത്രമെടുത്ത് വലിയ ടാബ് പോലെ ഉപയോഗിക്കാം. യുഎസ്ബി-സി വഴി ചാര്‍ജിങ് നടത്താമെന്നത് വലിയൊരു മികവാണ്. പവർ ബാങ്കുകള്‍ വഴി പോലും ചാര്‍ജ് ചെയ്യാനായേക്കും. 13-ഇഞ്ച് സ്‌ക്രീനിനു മാത്രം 851 ഗ്രാം ഭാരമാണുള്ളത്. 5എംപി മുന്‍ ക്യാമറയും, 8എംപി പിന്‍ ക്യാമറയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇന്റലിന്റെ കോര്‍ ഐ1 വിപ്രോ, 11-ാം തലമുറ പ്രോസസറുകളാണ് ശക്തിപകരുന്നത്. 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേശേഷിയും ഉണ്ട്. തുടക്ക വില ഏകദേശം 1.15 ലക്ഷമായിരിക്കും.

∙ ആരോഗ്യ സേതു, കോവിന്‍ ആപ്പുകള്‍ പ്രവര്‍ത്തന രഹിതമായെന്ന് പരാതി

കൂട്ട വാക്‌സിനേഷന്‍ നടക്കുന്ന ഇക്കാലത്ത് തുണയാകുമെന്നു കരുതുന്ന ആരോഗ്യ സേതു, കോവിന്‍ ആപ്പുകള്‍ പ്രര്‍ത്തനരഹിതമായെന്ന് ചില ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ചെറിയൊരു പ്രശ്‌നമാണ് ഉണ്ടായിരുന്നതെന്നും അതു പരിഹരിച്ചുവെന്നും സർക്കാർ ട്വിറ്റര്‍ വഴി അറിയിച്ചു.

English Summary: Taiwan says China waging economic warfare against tech sector

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA