ADVERTISEMENT

ഇന്ത്യ 5ജി സാങ്കേതികവിദ്യയെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്ന ഈ വേളയില്‍ അതിനെതിരെയുള്ള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചൈനയില്‍ ആദ്യമായി 5ജി സേവനങ്ങള്‍ കൊണ്ടുവന്ന നഗരം വുഹാനാണ്. വുഹാനിലാണ് കൊറോണാ വൈറസ് ആദ്യം വന്നത് തുടങ്ങി സന്ദേശങ്ങളാണ് വാട്‌സാപ് വഴി ഇന്ത്യയിലും വ്യാപകമായി പ്രചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ സംഘടനയായ സെല്ല്യൂലര്‍ ഓപ്പറേറ്റേഴസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ ) മുന്നറിയിപ്പുമായി രംഗത്തെത്തി. ഇത്തരം സന്ദേശങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അവര്‍ പറയുന്നു. സമാനമായ സന്ദേശങ്ങള്‍ ബ്രിട്ടനില്‍ പ്രചരിക്കുകയും അവിടെ ഇരുനൂറോളം 5ജി ടവറുകള്‍ ആളുകള്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു. കോവിഡിനിടയില്‍ യുകെയിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് വ്യാജവാര്‍ത്തയ്‌ക്കെതിരെയും നശിപ്പിക്കപ്പെട്ട ടവറുകള്‍ പുനഃസ്ഥാപിക്കുന്നതിനായും ഒരേ സമയം പ്രവര്‍ത്തിക്കേണ്ടി വന്നിരുന്നു. 

 

ഇന്ത്യയില്‍ പുതിയതായി കോവിഡ് കൂടിയതിന്റെ കാരണം 5ജി സ്‌പെക്ട്രം ട്രയലുകള്‍ തുടങ്ങിയതിനാലാണ് എന്ന രീതിയിലുള്ള സന്ദേശങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങള്‍ പാടേ സത്യവിരുദ്ധമാണെന്നാണ് അറിയിപ്പില്‍ പറയുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ 5ജി പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയുള്ള ആളുകള്‍ സുരക്ഷിതമായി 5ജി സേവനങ്ങള്‍ ആസ്വദിക്കുന്നുമുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. കോവിഡും 5ജിയുമായി യാതൊരു ബന്ധവുമില്ലെന്ന് ലോകാരോഗ്യ സംഘനയും പറഞ്ഞിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. അതുപോലെ, ഇതുവരെ രാജ്യത്ത് 5ജി ട്രയലുകള്‍ തുടങ്ങിയിട്ടു പോലുമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ഒരു 5ജി ടവര്‍ പോലും സ്ഥാപിട്ടിട്ടില്ലെന്നും സിഒഎഐ വ്യക്തമാക്കി. 

 

രാജ്യത്തിന് ആശ്വാസം പകരുന്ന സേവനങ്ങളിലൊന്നാണ് ടെലികോം മേഖല. പ്രത്യേകിച്ചും ഇതുപോലൊരു സമയത്ത്. നിലവില്‍ ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ ഈ നെറ്റ്‌വര്‍ക്കുകളുടെ പങ്ക് ചെറുതല്ലെന്ന് ഓര്‍ക്കണമെന്നും സിഒഎഐ പറയുന്നു. വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ക്ലാസുകള്‍, ഓണ്‍ലൈനായി ഡോക്ടറോട് സംസാരിക്കാന്‍ സാധിക്കുന്നത് തുടങ്ങിയവ അടക്കമുള്ള കാര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് ഓര്‍ക്കണമെന്നും സിഒഎഐ ജനങ്ങളെ ഓര്‍മപ്പെടുത്തുന്നു.

 

∙ മെയ് 15ന് വാട്‌സാപ് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ല

whatsapp

 

പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത അക്കൗണ്ടുകള്‍ മെയ് 15ന് ഡിലീറ്റു ചെയ്യുമെന്നായിരുന്നു ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ് ഉപയോക്താക്കള്‍ക്കു നല്‍കിയിരുന്ന മുന്നറിയിപ്പ്. എന്നാല്‍, പുതിയ അറിയിപ്പു പ്രകാരം സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ മെയ് 15ന് ഡിലീറ്റു ചെയ്യില്ലെന്നു കമ്പനി അറിയിച്ചിരിക്കുകയാണ്. പല ഉപയോക്താക്കളും പുതിയ സ്വകാര്യതാ നയം അംഗീകരിച്ചു. എന്നാല്‍ ചിലര്‍ക്ക് അതിനുള്ള അവസരം ലഭിച്ചിട്ടില്ല. മെയ് 15ന് ആരുടെയും അക്കൗണ്ട് ഡിലീറ്റു ചെയ്യില്ല. അടുത്ത ആഴ്ചകളിലും പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് നോട്ടിഫിക്കേഷനുകള്‍ നല്‍കിക്കൊണ്ടിരിക്കുമെന്നും കമ്പനി അറിയിച്ചു. നേരത്തെ നല്‍കിയിരുന്ന മുന്നറിയിപ്പില്‍ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റു ചെയ്യുമെന്ന് വാട്‌സാപ് വ്യക്തമാക്കിയിരുന്നു. വാട്‌സാപ്പിലെ ഡേറ്റ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ പല ഉപയോക്താക്കളും സിഗ്നല്‍, ടെലഗ്രാം തുടങ്ങി ആപ്പുകളിലേക്ക് ചേക്കേറിയിരുന്നു. സ്വകാര്യതാ നയം അഗംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ട് ഒരിക്കലും ഡിലീറ്റു ചെയ്യില്ലെന്ന് വാട്‌സാപ് പറഞ്ഞിട്ടില്ല എന്ന കാര്യവും മനസ്സില്‍ വയ്ക്കണം. ആഴ്ചകള്‍ക്കു ശേഷം അവ ഡിലീറ്റു ചെയ്യപ്പെട്ടേക്കാം.

 

∙ വാട്‌സാപ്പിന്റെ സ്വകാര്യതാ നയത്തില്‍ നിലപാടറിയിക്കാന്‍ കോടതി

 

ശക്തമായ സ്വകാര്യതാ നിയമങ്ങള്‍ നിലനില്‍ക്കുന്ന യൂറോപ്പില്‍ പുതിയ നയം അംഗീകരിക്കാത്തവര്‍ക്കും വാട്‌സാപ് ഉപയോഗിക്കാന്‍ നേരത്തെ തന്നെ കമ്പനി അനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍ കോടതികളില്‍ വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയോട് ഇതിലുള്ള നിലപാട് അറിയിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അറിയിച്ചിരിക്കുകയാണ്. മെയ് 21ന് മുൻപ് നിലപാട് അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

 

∙ തങ്ങളുടെ കമ്പനികളെ ഇന്ത്യയുടെ 5ജി ട്രയല്‍സില്‍ പങ്കെടുപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് ചൈന

 

അടുത്തു തുടങ്ങാനിരിക്കുന്ന ഇന്ത്യയിലെ 5ജി ട്രയല്‍സില്‍ ചൈനീസ് ടെലികോം കമ്പനികളെയും പങ്കെടുപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് ചൈന രംഗത്തെത്തി. ചൈനീസ് കമ്പനികള്‍ക്ക് ഇടം നല്‍കാതെയുള്ള ഇന്ത്യയുടെ പുതിയ ടെലികോം നയത്തില്‍ അവര്‍ കടുത്ത ഉല്‍കണ്ഠ രേഖപ്പെടുത്തി. ഇന്ത്യ പന്ത്രണ്ടോളം കമ്പനികള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതില്‍ ഒരു ചൈനീസ് കമ്പനി പോലും ഉള്‍പ്പെട്ടിട്ടില്ല. 

 

∙ ചൈനയില്‍ നിര്‍മിച്ച വൈഫൈ മൊഡ്യൂളുകളും തടഞ്ഞുവച്ചു

 

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത, ചൈനയില്‍ നിര്‍മിച്ച വൈഫൈ മൊഡ്യൂളുകളും അധികാരികളുടെ അംഗീകാരം കാത്ത് കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ഡെല്‍, എച്ച്പി തുടങ്ങിയ കമ്പനികളും, ഷഓമി, ഒപ്പോ, വിവോ തുടങ്ങിയ കമ്പനികളും ഇറക്കുമതി ചെയ്ത മൊഡ്യൂളുകളാണ് തടഞ്ഞുവച്ചിരിക്കുന്നത്. ചൈനയില്‍ പൂര്‍ണമായും നിര്‍മിച്ച ബ്ലൂടൂത്ത് സ്പീക്കറുകള്‍, വയര്‍ലെസ് ഇയര്‍ഫോണ്‍സ്, സ്മാര്‍ട് ഫോണുകള്‍, സ്മാര്‍ട് വാച്ചുകള്‍ തുടങ്ങിയവയും വൈകുന്നതായി റിപ്പോര്‍ട്ടുണ്ട്. കമ്യൂമിക്കേഷന്‍സ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് പ്ലാനിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വിഭാഗമാണ് ഇവ തടഞ്ഞുവച്ചിരിക്കുന്നതെന്ന് പറയുന്നു. 

 

∙ വിന്‍ഡോസ് 10ലേക്ക് പുതിയ ഐക്കണ്‍സ്

 

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ പഴയ ഐക്കണുകൾ സ്മാര്‍ട് ഉപകരണങ്ങളുടെ കാലത്തും നിലനിര്‍ത്തിവരികയായിരുന്നു മൈക്രോസോഫ്റ്റ്. കൃത്യമായി പറഞ്ഞാല്‍ വിന്‍ഡോസ് 95 ഒഎസ് ഇറക്കിയ കാലത്തെ ഐക്കണുകള്‍ക്ക് ഇതുവരെ മാറ്റം വരുത്തുന്ന കാര്യത്തേക്കുറിച്ച് മൈക്രോസോഫ്റ്റ് ആലോചിച്ചിട്ടു പോലുമില്ലായിരുന്നു എന്നത് അതിശയകരമായ കാര്യമാണ്. എന്തായാലും വിന്‍ഡോസ് 10ന് അടിമുടി ദൃശ്യപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഫയല്‍ എക്‌സ്‌പ്ലോറര്‍, റീസൈക്കിൾ ബിന്‍, ഡിസ്‌ക് ഡ്രൈവ് തുടങ്ങിയവയ്ക്കുള്ള ഐക്കണുകള്‍ ഒരുങ്ങുന്നതായി മാര്‍ച്ചില്‍ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്തായാലും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിന്‍ഡോസ് 95 കാലഘട്ടത്തെ ഐക്കണുകള്‍ എല്ലാം നീക്കിയേക്കാം. 

 

English Summary: Fake claim in circulation that people are dying due to 5G trials and not COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com