ADVERTISEMENT

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം മെയ് 15 മുൻപ് അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് പല പരിരമിതികളും അടുത്ത ദിവസം തന്നെ കൊണ്ടുവരുമെന്ന് വാട്‌സാപ് വക്താവ് വ്യക്തമാക്കി. എന്നു പറഞ്ഞാല്‍, നേരത്തെ പ്രഖ്യാപിച്ചിരുന്നു നയത്തില്‍ നിന്ന് കമ്പനി തെല്ലും പിന്നോട്ടുപോയിട്ടില്ലെന്നാണ് ഇപ്പോള്‍ വാട്‌സാപ് വക്താവ് ആന്‍ഡ്രോയിഡ് സെന്‍ട്രലിന് നല്‍കിയിരിക്കുന്ന അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ മെയ് 15ന് തന്നെ ഡിലീറ്റു ചെയ്യില്ലെന്ന് മാസങ്ങള്‍ക്കു മുൻപെ കമ്പനി പ്രഖ്യാപിച്ചിരുന്നു. അതേസമയം, അടുത്ത ദിവസം മുതല്‍ തന്നെ പല ഫീച്ചറുകളും ഉപയോഗിക്കാനുമാവില്ല. അക്കൗണ്ട് നിലനിര്‍ത്തപ്പെട്ടാലും, ചാറ്റ് ലിസ്റ്റ് കാണാനോ, പുതിയതായി ചാറ്റ് നടത്താനോ, ഓഡിയോ, വിഡിയോ കോളുകൾ ചെയ്യാനോ സാധിക്കില്ല. എന്നാൽ, ഉപയോക്താവിനു വരുന്ന കോളുകള്‍ എടുക്കാന്‍ സാധിക്കും. എടുക്കാന്‍ സാധിക്കാതിരുന്ന കോളുകള്‍ തിരിച്ചുവിളിക്കാനുമാവില്ല. കുറച്ചു ദിവസത്തേക്ക് കൂടി നോട്ടിഫിക്കേഷന്‍സ് ലഭിക്കും.

കൂടാതെ, ആരെങ്കിലും അയയ്ക്കുന്ന സന്ദേശങ്ങള്‍ കാണാൻ സാധിക്കുമെന്നും പറയുന്നു. അവയ്ക്ക് മറുപടി അയയ്ക്കാനും സാധിക്കും. എന്നാല്‍, ഇതെല്ലാം ഏതാനും ആഴ്ചകള്‍ മാത്രമേ നിലനില്‍ക്കൂ. ഒന്നും അനിശ്ചിതമായി നീട്ടില്ല. ഘട്ടംഘട്ടമായി, വരുന്ന കോളുകള്‍ എടുക്കാന്‍ അനുവദിക്കാതെയാക്കും, നോട്ടിഫിക്കേഷന്‍സ് നല്‍കാതെയാക്കും അങ്ങനെ ആപ് പരിപൂര്‍ണമായി പ്രവര്‍ത്തനരഹിതമാകും. നേരത്തെ, ഫെബ്രുവരി 8ന് സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റു ചെയ്യുമെന്നു കമ്പനി പറഞ്ഞിരുന്നു. അന്ന് നയം അംഗീകരിക്കാത്തവര്‍ക്കും എല്ലാ സേവനങ്ങളും നീട്ടിനല്‍കുകയായിരുന്നു. അതുപോലെ ഒന്നും ഇത്തവണ ഉണ്ടാവില്ലെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞിരിക്കുകയാണ്. സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്കും ഒന്നുകൂടി ആലോചിച്ച് തീരുമാനം എടുക്കാനുള്ള സമയം നീട്ടി നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നാണ് കമ്പനിയുടെ വക്താവ് ആന്‍ഡ്രോയിഡ് സെന്‍ട്രലിനോട് പറഞ്ഞത്. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് അതുടനെ ചെയ്യണമെന്ന നോട്ടിഫിക്കേഷന്‍സ് എല്ലാ ദിവസവും നല്‍കുന്നതു തുടരുന്നുണ്ടെന്നും, ചാറ്റ് ലിസ്റ്റിനു മുകളില്‍ ഇക്കാര്യം എഴുതിക്കാണിക്കുന്നുണ്ട്. ഇതെല്ലാം, മെയ് 15 എന്ന ദിവസത്തിനപ്പുറത്തേക്ക് എല്ലാ ഫീച്ചറുകളും ഉപയോഗിക്കാമെന്ന ധാരണ വേണ്ട എന്നതിന്റെ വ്യക്തമായ സൂചന തന്നെയാണെന്നും പറയുന്നു. 

 

∙ ഇന്ത്യക്കാര്‍ക്കായി നയം മാറ്റുമോ?

 

അതേസമയം, ഇത് ആഗോള ഉപയോക്താക്കള്‍ക്കുള്ള നിബന്ധനകളാകാമെന്ന് വാദിക്കുന്നവരുമുണ്ട്. ഇന്ത്യക്കാര്‍ക്ക് പരിമിതികൾ ഏര്‍പ്പെടുത്തിയേക്കില്ലെന്നും കേള്‍ക്കുന്നു. എന്നാല്‍, ഇന്ത്യയിലും സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് ഒരോ ദിവസവും റിമൈന്‍ഡറുകള്‍ കാണിക്കുന്നത് എന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്. ഇന്ത്യയില്‍ വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം അടിച്ചേല്‍പ്പിക്കാതിരിക്കാനുള്ള ചില സാധ്യതകളും നിലനില്‍ക്കുന്നു. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന കേസില്‍ പറയുന്നത് വാട്‌സാപ്പിന്റെ പുതിയ നയം ഇന്ത്യ 2011ല്‍ കൊണ്ടുവന്ന സ്വകാര്യതാ നയം അഞ്ചു രീതിയില്‍ മാനിക്കുന്നില്ല എന്നാണ്. സുപ്രീം കോടതിയിലും കേസ് ഉണ്ട്. പുതിയ നയത്തിനെതിരെ കേന്ദ്ര ഐടി മന്ത്രാലയവും വാട്‌സാപ്പിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. ഐടി മന്ത്രാലയം വാട്സാപ്പിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ വില്‍ ക്യാത്കാര്‍ട്ടിനു നല്‍കിയ കത്തില്‍ പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. 

 

യൂറോപ്പില്‍ സ്വകാര്യതാ നയം അംഗീകരിക്കാത്തവരെയും വാട്‌സാപ് ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന കേസുകളുടെയും, വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ അതുപോലെ എന്തെങ്കിലും തീരുമാനം ഇന്ത്യക്കാരുടെ കാര്യത്തില്‍ വാട്‌സാപ് സ്വീകരിക്കുമോ എന്ന കാര്യം ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു. എന്തായാലും, ഇന്ത്യക്കാര്‍ക്കും പരിമിതികള്‍ വരുമോ എന്നറിയാന്‍ മെയ് 16 വരെ കാത്തിരിക്കണം.

 

∙ മാതൃദിനത്തില്‍ വാട്‌സാപ്പില്‍ പുതിയ സ്റ്റിക്കറുകള്‍

 

മദേഴ്‌സ് ഡേ ആയ മെയ് 9ന് ഉപയോഗിക്കാനായി പുതിയ സ്റ്റിക്കര്‍ പാക്ക് വാട്‌സാപ് പുറത്തിറക്കി. മാമാ ലൗ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന സ്റ്റിക്കറുകള്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. മൊത്തം 11 സ്റ്റിക്കറുകളാണ് പാക്കിലുള്ളത്. 

 

∙ കോവിഡ് വ്യാജ വാര്‍ത്തകള്‍ വ്യാപിക്കുന്നത് തടയണമെന്ന് സർക്കാർ

 

ഫെയ്‌സ്ബുക്, വാട്‌സാപ്, ട്വിറ്റര്‍, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന കോവിഡ്-19 മായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ നീക്കംചെയ്യണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000 പ്രകാരം നടപടി എടുക്കേണ്ടിവരുമെന്ന് സർക്കാർ മുന്നറിയിപ്പു നല്‍കുന്നു.

 

∙ സാംസങ് എ52 5ജി താമസിയാതെ ഇന്ത്യയിലെത്തും

 

സാംസങ് പുതിയൊരു 5ജി ഫോണ്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. എ52 5ജി ഫോണായിരിക്കും അവതരിപ്പിക്കുക. ഈ മോഡലിന്റെ 5ജി വേരിയന്റിന് 31,499 രൂപയായിരിക്കും വില. അതേസമയം, 5ജി വേണ്ടന്നാണെങ്കില്‍ 26,499 രൂപയക്ക് എ52 മോഡല്‍ വാങ്ങാം. 64എംപി മൊഡ്യൂള്‍ അടക്കം ക്വാഡ് ക്യാമറാ സിസ്റ്റമായിരിക്കും പിന്നില്‍.  

 

∙ റെഡ്മി നോട്ട് 10എസിന് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ, 5000 എംഎഎച് ബാറ്ററി

 

ഷഓമിയുടെ സബ് ബ്രാന്‍ഡ് ആയ റെഡ്മി അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന നോട്ട് 10എസ് മോഡലിന് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ ഉണ്ടാകുമെന്ന് പറയുന്നു. ഇതിന് 5000എംഎഎച് ബാറ്ററിയും, 64എംപി പ്രധാന ക്യമറയും ഉണ്ടായിരിക്കും. നാലു പിന്‍ക്യാമറാ സിസ്റ്റം ഉണ്ടായിരിക്കും. മെഡിയടെക്ഹെലിയോ ജി95 ആയിരിക്കും പ്രോസസര്‍. 

 

∙ തങ്ങളുടെ സെന്‍സറുകള്‍ക്ക് 500 മീറ്റര്‍ അകലെ മറ്റു വാഹനങ്ങളെ തിരിച്ചറിയാനാകുമെന്ന് ഇവാ

 

സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ക്കുള്ള സെന്‍സറുകള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയായ ഇവ (Aeva) പുറത്തിറക്കിയ പുതിയ സെന്‍സറുകള്‍ ഉപയോഗിച്ച് ഓടുന്ന കാറുകള്‍ക്ക് 500 മീറ്റര്‍ അകലെയുള്ള വാഹനങ്ങളെ പോലും തിരിച്ചറിയാമെന്ന് കമ്പനി പറയുന്നു. മുന്‍ ആപ്പിള്‍ എൻജിനിയര്‍മാര്‍ ചേര്‍ന്നു സ്ഥാപിച്ച കമ്പനിയുടെ സെന്‍സറുകള്‍ക്ക് 350 മീറ്റര്‍ അകലെയുള്ള കാല്‍നടയാത്രക്കാരെയും തിരിച്ചറിയാമെന്നും പറയുന്നു. ലൈഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കമ്പനി സെന്‍സറുകള്‍ നിര്‍മിക്കുന്നത്. ഇവയുടെ എതിരാളികളുടെ സെന്‍സറുകള്‍ക്ക് ഏകദേശം 300 മീറ്റര്‍ അകലെയുള്ള വാഹനങ്ങളെ തിരിച്ചറിയാനുള്ള ശേഷിയാണുള്ളത്. 

 

∙ സെന്‍ഹെയ്‌സര്‍ ഓഡിയോ കമ്പനി വിറ്റു

 

സുപ്രശസ്ത സെന്‍ഹെയ്‌സര്‍ ഹെഡ്‌ഫോണുകളും മറ്റും നിര്‍മിച്ചു വിറ്റിരുന്ന ജര്‍മന്‍ കമ്പനി സ്വീഡിഷ് കമ്പനിയായ സോണോവാ ഹോള്‍ഡിങ്‌സ് എജിക്ക് വിറ്റിരിക്കുകയാണ്. സർക്കാരുകള്‍ എതിര്‍ക്കുന്നില്ലെങ്കില്‍ ഇനി സെന്‍ഹെയ്‌സര്‍ സോണോവയ്ക്ക് സ്വന്തമായിരിക്കും. നിലവില്‍ ഏകദേശം 600 ജോലിക്കാരാണ് സെന്‍ഹെയ്‌സറിനുള്ളത്. 

 

∙ ഇന്ത്യയിലെ പ്രൈം ഡേ സെയില്‍ ആമസോണ്‍ മാറ്റിവച്ചു

 

ഇന്ത്യയിലെ ഈ വര്‍ഷത്തെ പ്രൈം ഡേ സെയില്‍ മാറ്റിവച്ചിരിക്കുന്നതായി ഈ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആമസോണ്‍ അറിയിക്കുന്നു.

 

English Summary: WhatsApp backtracks on forcing new privacy policy, but holdouts will have 'limited account functionality'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com