ADVERTISEMENT

രാജ്യത്തെ ടെലികോം മേഖലയിൽ ഓരോ പാദത്തിലും വൻ മാറ്റങ്ങളാണ് സംഭവിക്കുന്നത്. തുടക്കത്തിൽ മുന്നേറ്റം നടത്തിയ ജിയോ പിന്നീട് താഴോട്ട് പോയി, എയർടെൽ വൻ മുന്നേറ്റം നടത്തി, ഇതിനിടെ വോഡഫോൺ ഐഡിയ വൻ നഷ്ടത്തിലേക്ക് പോയി. എന്നാൽ, ഫെബ്രുവരിയിലെ ട്രായിയുടെ റിപ്പോർട്ട് പ്രകാരം പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ വൻ തിരിച്ചുവരവ് നടത്തിയെന്നാണ്. ഇതോടൊപ്പം തന്നെ 15 മാസങ്ങൾക്കു ശേഷം വോഡഫോൺ ഐഡിയയും പുതിയ വരിക്കാരെ നേടുന്നതിൽ വിജയിച്ചു.

 

ഫെബ്രുവരിയിൽ ഭാരതി എയർടെലിനേക്കാൾ കൂടുതൽ മൊബൈൽ ഫോൺ ഉപയോക്താക്കളെ റിലയൻസ് ജിയോ ചേർത്തു. സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം കമ്പനിയോട് തുടർച്ചയായ ആറ് മാസമാണ് പുതിയ വരിക്കാരെ നേടുന്നതിൽ ജിയോ പിന്നിലായത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശേഖരിച്ച ഏറ്റവും പുതിയ വരിക്കാരുടെ കണക്കുകൾ പ്രകാരം മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ 42.6 ലക്ഷം പുതിയ വയർലെസ് വരിക്കാരെ നേടി. എന്നാൽ എയർടെലിന് 37.3 ലക്ഷം വരിക്കാരെയും ലഭിച്ചു. 

 

ടെലികോം വിപണിയിൽ മുന്നിട്ടു നിൽക്കുന്ന ജിയോയുടെ 4 ജി ഫീച്ചർ ഫോണാണ് ഫെബ്രുവരിയിൽ പുതിയ വരിക്കാരെ നേടാൻ ജിയോയെ സഹായിച്ചതെന്നും കരുതുന്നു. ഫെബ്രുവരിയിൽ 6.25 ലക്ഷം പുതിയ മൊബൈൽ ഉപയോക്താക്കളാണ് വോഡഫോൺ ഐഡിയ നേടിയതെന്ന് ട്രായ് പറഞ്ഞു.

 

ഒരു മൊബൈൽ നെറ്റ്‌വർക്കിലെ സജീവ വരിക്കാരുടെ എണ്ണം പ്രതിഫലിപ്പിക്കുന്ന വിസിറ്റർ ലൊക്കേഷൻ റജിസ്റ്റർ (വിഎൽആർ) കാണിക്കുന്നത് എയർടെലിന്റെ 97.47 ശതമാനം ഉപയോക്താക്കളും സിം ഉപയോഗിക്കുന്നുണ്ടെന്നാണ്. വോഡഫോൺ ഐഡിയ ഉപയോക്താക്കൾ 90.61 ശതമാനവും ജിയോയുടെ 78.16 ശതമാനം ഉപയോക്താക്കളും മാത്രമാണ് സജീവമായി സർവീസ് ഉപയോഗിക്കുന്നത്.

 

എയർടെല്ലിനും വോഡഫോൺ ഐഡിയക്കും ഡിസംബർ അവസാനം യഥാക്രമം 30.8 ലക്ഷവും 26.98 ലക്ഷവും വരിക്കാരുണ്ടായിരുന്നു. മാർച്ച് അവസാനത്തെ കണക്കുകൾ ഇരുകമ്പനികളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജനുവരി-മാർച്ച് പാദത്തിൽ എയർടെൽ 1.4 കോടിയിലധികം ഉപയോക്താക്കളെ ചേർത്തുവെന്ന് ആക്സിസ് ക്യാപിറ്റൽ പ്രതീക്ഷിക്കുന്നു. എന്നാൽ ഈ പാദത്തിൽ വോഡഫോൺ ഐഡിയക്ക് 18 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു.

 

ട്രായ് ഡേറ്റ പ്രകാരം ജിയോയുടെയും എയർടെലിന്റെ വിപണി വിഹിതം യഥാക്രമം 35.54 ശതമാനം, 29.83 ശതമാനം എന്നിങ്ങനെയാണ്. ഫെബ്രുവരിയിൽ ഇന്ത്യയുടെ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 82.9 ലക്ഷം ഉയർന്ന് 116.7 കോടിയായി ഉയർന്നു. ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 757.61 ദശലക്ഷത്തിൽ നിന്ന് 765.09 ദശലക്ഷമായും ഉയർന്നു.

 

ഫെബ്രുവരി അവസാനത്തെ കണക്കുകൾ പ്രകാരം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ 98.83 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയത് അഞ്ച് സേവന ദാതാക്കളാണ്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (41.74 കോടി, അല്ലെങ്കിൽ 54.56%), ഭാരതി എയർടെൽ (18.82 കോടി, അല്ലെങ്കിൽ 24.60%), വോഡഫോൺ ഐഡിയ (12.32 കോടി, അല്ലെങ്കിൽ 16.11%), ബി‌എസ്‌എൻ‌എൽ (2.54 കോടി, അല്ലെങ്കിൽ 3.32%), ആട്രിയ കൺവെർജൻസ് (18.2 ലക്ഷം, അല്ലെങ്കിൽ 0.24%) എന്നിങ്ങനെയാണ്.

 

English Summary: Jio pips Airtel in February; Vodafone Idea adds subscribers after 15 months: Trai data

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com