ADVERTISEMENT

ടെസ്‌ല കമ്പനിയുടെ മേധാവിയും ലോകത്തെ രണ്ടാമത്തെ ധനികനുമായ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റുകള്‍ പ്രസിദ്ധമാണ്. അത്ര ശ്രദ്ധിക്കാതെ കിടന്ന ആപ്പുകളായ സിഗ്നല്‍, ക്ലബ്ഹൗസ് തുടങ്ങിയ്ക്ക് ശാപമോക്ഷം നല്‍കിയത് മസ്‌കിന്റെ ട്വീറ്റുകളായിരുന്നു. അതുപോലെ, അടുത്തകാലത്ത് ബിറ്റ്‌കോയിന് ക്രമാതീതമായ വളര്‍ച്ച സമ്മാനിച്ചതും ടെസ്‌ല വാഹനങ്ങള്‍ ബിറ്റ്‌കോയിന്‍ ഉപയോഗിച്ചു വാങ്ങാമെന്ന ട്വീറ്റായിരുന്നു. എന്നാല്‍, മസ്‌ക് കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റില്‍ വെറുമൊരു സൂചന മാത്രമാണ് വായിച്ചെടുക്കാനാകുന്നതെങ്കിലും ബിറ്റ്‌കോയിന്റെ മൂല്യം ഇടിഞ്ഞിരിക്കുകയാണ്. താന്‍ ബിറ്റ്കോയിനുമായി പിരിഞ്ഞേക്കാമെന്ന സൂചന മാത്രമാണ് മസ്‌ക് നല്‍കിയത്. അപ്പോഴേക്കും ബിറ്റ്‌കോയിന്റെ വില 36,980 ഡോളറായി ലണ്ടനില്‍ ഇടിഞ്ഞു. ഏകദേശം 5.4 ശതമാനമാണ് ഇടിഞ്ഞത്. ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം വിശ്വസിക്കാനാകുന്ന ഒന്നല്ലെന്ന വാദത്തിന് ഒരിക്കല്‍ കൂടി അടിവരയിടുന്നതായിരുന്നു ഈ സംഭവം.

 

കഴിഞ്ഞ മാസം തന്നെ ടെസ്‌ലയുടെ കാറുകള്‍ ബിറ്റ്‌കോയിന്‍ ഉപയോഗിച്ചു വാങ്ങാന്‍ അനുവദിക്കുന്ന തീരുമാനം പിന്‍വലിക്കുന്നു എന്നു പറഞ്ഞിരുന്നു. ബിറ്റ്‌കോയിന്‍ സൃഷ്ടിക്കുന്ന സമയത്ത് പ്രകൃതിക്കു സംഭവിക്കുന്ന ഹാനിയാണ് അതിനു കാരണമായി മസ്‌ക് ചൂണ്ടിക്കാട്ടിയിരുന്നത്. ചൈനയിലെ ക്രിപ്‌റ്റോകറന്‍സി ഖനനത്തിനും വ്യാപാരത്തിനുമെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അടുത്തിടെ ചൈന പ്രഖ്യാപിച്ചതും ബിറ്റ്‌കോയിന്‍ മൂല്യം മൂക്കുകുത്താന്‍ ഇടയാക്കി. മസ്‌കിന്റെ പുതിയ ട്വീറ്റില്‍ പൊട്ടിയ ഹൃദയത്തിന്റെ ഇമോജിയും ലിങ്കിന്‍പാര്‍ക്കിന്റെ, ഇന്‍ ദി എന്‍ഡ് എന്ന വിശ്രുതമായ പാട്ടിനെക്കുറിച്ചൊരു പരാമര്‍ശവും മാത്രമാണ് ഉള്ളത്. ഏപ്രില്‍ മാസത്തില്‍ 65,000 ഡോളര്‍ വരെ ബിറ്റ്‌കോയിന്റെ മൂല്യം ഉയര്‍ന്നിരുന്നു. ഇതില്‍ നിന്ന് ഏകദേശം 28,000 ഡോളറാണ് ഇപ്പോള്‍ ഇടിഞ്ഞിരിക്കുന്നത്.

 

അതേസമയം, ബിറ്റ്‌കോയിന്‍ ആരാധകര്‍ വിശ്വസിക്കുന്നത് ഇനിയും കുതിക്കാനൊരുങ്ങുകയാണ് എന്നാണ്. എന്നാല്‍, പാരിസ്ഥിതികാഘാതത്തെ കുറിച്ചുള്ള മസ്‌കിന്റെ ട്വീറ്റ് ക്രിപ്‌റ്റോകറന്‍സിക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചുവെന്നു കരുതുന്നവരും ഉണ്ട്. തങ്ങള്‍ 1.5 ബില്ല്യന്‍ ഡോളര്‍ വിലയ്ക്കുള്ള ബിറ്റ്‌കോയിന്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നു പറഞ്ഞ ടെസ്‌ല കമ്പനി പിന്നീട് അതിന്റെ 10 ശതമാനം വില്‍ക്കുകയായിരുന്നു. ഇതൊക്കെയാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബിറ്റ്‌കോയിന്റെ മൂല്യം 280 ശതമാനമാണ് വളര്‍ന്നിരിക്കുന്നത്.

bitcoin

 

∙ ക്രിപ്‌റ്റോകറന്‍സി വിപണനത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ആര്‍ബിഐ

 

മസ്‌കിന്റെ ട്വീറ്റില്‍ ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞ വാര്‍ത്തയുമായി നേരിട്ടു ബന്ധമില്ലെങ്കിലും, ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ആര്‍ബിഐ ക്രിപ്‌റ്റോകറന്‍സിയുടെ വിപണനത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. തങ്ങളുടെ മുന്‍ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചത്. ക്രിപ്‌റ്റോകറന്‍സി വിപണനത്തെക്കുറിച്ചുള്ള തങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ആര്‍ബിഐ 2018ല്‍ ഇറക്കിയ സര്‍ക്കുലര്‍ ആധാരമാക്കി ക്രിപ്‌റ്റോകറന്‍സി വിപണനം തടയരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം ഇത് സുപ്രീംകോടതി തള്ളിക്കളഞ്ഞതാണ്. അത്തരം രേഖ എടുത്തുകാട്ടരുതെന്ന് ആര്‍ബിഐ അറിയിച്ചു.

 

∙ ഡിജിറ്റല്‍ പണം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കപ്പെട്ടേക്കാം

 

കേന്ദ്ര ബാങ്ക് പലതവണ ബിറ്റ്‌കോയിന്‍ പോലെയുള്ള ഡിജിറ്റല്‍ പണത്തിലുള്ള വിശ്വാസക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഭീകരപ്രവര്‍ത്തനത്തിനും കള്ളപ്പണം വെളുപ്പിക്കലിനും വഴിവച്ചേക്കാമെന്ന് ആര്‍ബിഐ മുന്നറിയിപ്പു നല്‍കുന്നു. മൂന്നു വര്‍ഷം മുൻപ് ക്രിപ്‌റ്റോകറന്‍സി വ്യാപാരം തടഞ്ഞുകൊണ്ട് ആര്‍ബിഐ ഇറക്കിയ സര്‍ക്കുലര്‍ ഇപ്പോള്‍ പ്രാമാണികമല്ല. നിക്ഷേപകരെ ഉപദേശിക്കാനുള്ള അവകാശവും ആര്‍ബിഐക്കില്ല. അതേസമയം, ഓരോരുത്തരും സൂക്ഷിച്ചുമാത്രം ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപം നടത്തണമെന്നും ബാങ്ക് ഉപദേശിക്കുന്നു. 

 

∙ ജൂഹി ചൗളയുടെ 5ജി ഭയം പ്രശസ്തിക്കു വേണ്ടിയെന്ന് കോടതി

 

ഇന്ത്യയില്‍ 5ജി നടപ്പാക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ബോളിവുഡ് നടി ജൂഹി ചൗള നല്‍കിയ കേസില്‍ വിധി വന്നു. നടിയും മറ്റു രണ്ടു പരാതിക്കാരും ശ്രദ്ധപിടിച്ചുപറ്റാന്‍ വേണ്ടിയാണ് പരാതി നല്‍കിയതെന്ന് ജസ്റ്റിസ് ജെ.ആര്‍. മിധ നിരീക്ഷിച്ചു. പരാതിക്കാര്‍ക്ക് 20 ലക്ഷംരൂപ പിഴയുമിട്ടു. ഈ കേസില്‍ വെര്‍ച്വല്‍ വാദം കേള്‍ക്കലിന്റെ ലിങ്ക് ജൂഹി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും ഇതിനാല്‍ തന്നെ കേസിലെ വാദപ്രതിവാദങ്ങള്‍ മൂന്നു തവണ നിർത്തിവയ്‌ക്കേണ്ടിവന്നുവെന്നും കോടതി പറഞ്ഞു. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും കോടതിപറഞ്ഞു. 

 

റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു ജൂഹി. നിലവിലുള്ള പ്രസരണത്തെക്കാല്‍ 10 മുതല്‍ 100 ഇരട്ടിവരെ അധികം റേഡിയേഷന്‍ 5ജി വഴി ഉണ്ടാകുമെന്നും, ഇത് മനുഷ്യര്‍ക്കും സസ്യജീവിജാലങ്ങള്‍ക്കും കടുത്ത പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അവര്‍ വാദിക്കുന്നു. ഇതേക്കുറിച്ച് ഒരു നിഷ്പക്ഷ പഠനം നടത്തണമെന്ന ആവശ്യമായിരുന്നു ജൂഹി ഉയര്‍ത്തിയത്. ബ്രിട്ടനില്‍ 5ജി കൊണ്ടുവരുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏകദേശം 200 5ജി ടവറുകളാണ് പ്രധിഷേധക്കാര്‍ തീയിട്ടു നശിപ്പിച്ചത്.

 

∙ മൈക്രോസോഫ്റ്റ് ടീംസ് വിഡിയോ കോളുകളില്‍ സമ്പൂര്‍ണ സ്വകാര്യത വരുന്നു

 

ജൂലൈ മാസം മുതല്‍ മൈക്രോസോഫ്റ്റ് ടീംസിലൂടെ നടത്തുന്ന വിഡിയോകോളുകള്‍ക്ക് സമ്പൂര്‍ണ സുരക്ഷിതത്വം കൊണ്ടുവരുമെന്ന് കമ്പനി അറിയിച്ചു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ (ഇ2ഇഇ) ആണ് കൊണ്ടുവരിക. ടീംസ് വഴി അതീവ സ്വകാര്യത വേണ്ട കോളുകളും നടക്കുന്നുണ്ട്. എല്ലാത്തരം ആളുകളും ഇപ്പോള്‍ ടീംസ് ഉപയോഗിക്കുന്നു. ഇതിനാല്‍ തന്നെ, ഡെസ്‌ക്ടോപ്പ്, ഐഒഎസ്, ആന്‍ഡ്രോയിഡ്, മൈക്രോസോഫ്റ്റ് ടീംസ് ജിസിസി, മൊബൈല്‍ എന്നിങ്ങനെ ഏതു പ്ലാറ്റ്‌ഫോമില്‍ നിന്നു നടത്തുന്ന കോളും ഇ2ഇഇ സംവിധാനത്തിലൂടെ സുരക്ഷിതമാക്കും. അതേസമയം, ഇത് ബ്രൗസര്‍ വഴി നടത്തുന്ന കോളുകള്‍ക്ക് ലഭ്യമായേക്കില്ല. ജൂലൈ ആദ്യം തന്നെ ഇതു ലഭിച്ചേക്കും.

 

∙ ചിപ് മേഖലയ്ക്ക് വീണ്ടും തിരിച്ചടി

 

കംപ്യൂട്ടിങ് ഉപകരണങ്ങളുടെ പ്രോസസറുകള്‍ നിര്‍മിച്ചെടുക്കുന്ന കാര്യത്തില്‍ തായ്‌വാനുള്ള സ്ഥാനം എടുത്തുപറയേണ്ട കാര്യമില്ല. തായ്‌വാനില്‍ നിർമിക്കുന്ന ചിപ്പുകള്‍ പായ്ക്കു ചെയ്യുന്ന കമ്പനിയായ കിങ് യുവാന്‍ ഇലക്ട്രോണിക്‌സ് ആണ് ജോലിക്കാര്‍ക്ക് കോവിഡ് ബാധ ഉണ്ടായതിനെത്തുടര്‍ന്ന് തത്കാലം പ്രവര്‍ത്തനം നിർത്തിവച്ചിരിക്കുന്നത്. കോവിഡ് എങ്ങനെ നിയന്ത്രിക്കാമെന്നതിന് ഉത്തമോദാഹരണമാണ് തായ്‌വാന്‍ എന്നാണ് ഇതുവരെ പറഞ്ഞുവന്നിരുന്നത്. രാജ്യത്ത് വീണ്ടും കോവിഡ് ബാധയുണ്ടായിരിക്കുന്നത് കടുത്ത ആശങ്കയ്ക്കു വഴിവച്ചിരിക്കുകയാണ്. വെള്ളിയാഴ്ച തായ്‌വാനില്‍ 472 പുതിയ രോഗബാധിതരാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രോഗം പൊട്ടിപ്പുറപ്പെട്ട നാള്‍ മുതല്‍ തായ്‌വാനില്‍ ആകെ 10,446 രോഗികളാണ് ഉണ്ടായിട്ടുള്ളത്. 187 മരണവും.

 

∙ മി11 ലൈറ്റ് താമസിയാതെ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

 

ഷഓമിയുടെ പുതിയ സ്മാര്‍ട് ഫോണ്‍ മോഡലുകളിലൊന്നായ മി11 ലൈറ്റ് ഇന്ത്യയില്‍ താമസിയാതെ അവതരിപ്പിച്ചേക്കും. കമ്പനിയുടെ ഇന്ത്യയിലെ മേധാവി മനു കുമാര്‍ ജെയിന്‍ ആണ് ഇത് സംബന്ധിച്ച് സൂചന നൽകിയിരിക്കുന്നത്.

 

English Summary: Bitcoin falls after Elon Musk tweets breakup meme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com