sections
MORE

കോവിഡ് പ്രതിരോധം: ആശുപത്രികളും കെട്ടിട സമുച്ചയങ്ങളും ശുചീകരിക്കാൻ ഇനി ഡ്രോണുകളും

drone
Photo: twitter/eagle_drones_u
SHARE

ആശുപത്രികളും കെട്ടിട സമുച്ചയങ്ങളും ശുചീകരിക്കാൻ ഇനി ഡ്രോണുകളും രാജ്യത്ത് ആദ്യമായി ഡ്രോണുകൾ ഉപയോഗിച്ചുള്ള ശുചീകരണം ജാർഖണ്ഡിലെ ധൻബാദ് ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യാ ലിമിറ്റ‍ഡിന്റെ അനുബന്ധ സ്ഥാപനമായ ഭാരത് കുക്കിങ് കോൾ ലിമിറ്റഡ് (ബിസിസിഎൽ) വിജയകരമായി പരീക്ഷിച്ചു. ഡ്രോൺ ഉപയോഗിച്ച് ഒാഫിസുകൾ, റസിഡൻഷ്യൽ കോളനികൾ, ആശുപത്രികൾ തുടങ്ങിയവ അണുവിമുക്തമാക്കി. ധൻബാദ് ജഗ്ജിവൻ നഗറിലെ ബിസിസിഎല്ലിലെ സെൻട്രൽ ആശുപത്രികളിലെ മുഴുവൻ ക്യാംപസുകളും കോവിഡ് വാർഡുകൾ, നഴ്സിങ് സ്കൂളുകൾ, ഹോസ്റ്റൽ, തുടങ്ങിയവ ഡ്രോൺ ഉപയോഗിച്ച് വിജയകരമായി ശുചീകരിച്ചതായി ബിസിസിഎൽ അധികൃതർ അവകാശപ്പെട്ടു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വൈറസിനെ പ്രതിരോധിക്കാനാണ് പുതിയ പരീക്ഷണത്തിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനം തയാറായത്.

∙ കാവൽക്കാരനായും തോട്ടക്കാരനായും

കൃഷിത്തോട്ടത്തിന്റെ കാവൽക്കാരനായും തോട്ടക്കാരനായും പ്രവർത്തിച്ചിരുന്ന ഡ്രോൺ ഇപ്പോൾ അണുനശീകരണവും ഏറ്റെടുക്കുകയാണ്. വലിയ പാടശേഖരത്തിൽ ഏതൊക്കെയിടങ്ങളിൽ കളകളുടെയും കീടങ്ങളുടെയും ആക്രമണമുണ്ട്, ഏതൊക്കെ മേഖലകളിലാണു കൂടുതൽ വെള്ളം ആവശ്യമുള്ളത്, വിളവെടുപ്പിനു സമയമായോ തുടങ്ങി എല്ലാ വിവരങ്ങളും നൽകാൻ ഡ്രോണുകൾക്കു കഴിയും. ഇൻഫ്രാറെഡ് ഇമേജിങ്ങിലൂടെ കീടങ്ങളുടെ ഉപദ്രവം എവിടെയാണുണ്ടാകുന്നതെന്ന് അറിയാം.

ഡ്രോൺ വഴിയുള്ള അണുനശീകരണമെന്ന നൂതന സാങ്കേതിക വിദ്യ വഴി തുറന്ന സ്ഥലങ്ങളും കെട്ടിട സമുച്ചയങ്ങളും ആദൃശ്യമായ സ്ഥലങ്ങളും അണുവിമുക്തമാക്കുന്നതിന് വളരെ ഉപയോഗപ്രദമാണ്. ഒരു ഡ്രോണിന് ഒരുസമയം 10 ലീറ്റർ അണുനാശിനി വഹിക്കാൻ കഴിയുമെന്ന് ബിസിസിഎൽ ജനറൽ മാനേജർ ആർ.എം.റാവു വ്യക്തമാക്കി. 

∙ സാമ്പത്തിക സമയ ലാഭം

കമ്പനിയുടെ എല്ലാ പ്രവർത്തന മേഖലകളിലും റസിഡൻഷ്യൽ കോളനികളും കെട്ടിട സമുച്ചയങ്ങളും ഇനി ഡ്രോൺ ഉപയോഗിച്ചാവും അണുനശീകരണം നടത്തുകയെന്ന് അധികൃതർ വ്യക്തമാക്കി. ഇതുവഴി സാമ്പത്തിക, സമയ ലാഭത്തിനു പുറമേ തൊഴിലാളികൾക്കുണ്ടാവുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ പൂർണമായി ഒഴിവാക്കാനാവും.

കെട്ടിടങ്ങളുടെ അകത്തും പുറം വശങ്ങളിലും കടന്ന് ചെന്ന് ‍ഡ്രോണുകൾക്ക് അണുനശീകരണം നടത്താൻ കഴിയുമെന്ന് റാവു വ്യക്തമാക്കി. ജോലിക്കാരെ ഉപയോഗിച്ചുള്ള അണുനശീകരണത്തെക്കാൾ കൂടുതൽ വേഗവും സൂക്ഷ്മതയും ഡ്രോണുകൾക്കുണ്ട്. ബിസിസിഎൽ സിഎംഡി പി.എം. പ്രസാദ്, ഡയറക്ടർ ടെക്നിക്കൽ (ഒാപറേഷൻ) ചഞ്ചൽ ഗോസ്വാമി തുടങ്ങി ഉയർന്ന ഉദ്യോഗസ്ഥർ ഡ്രോൺ പദ്ധതിക്ക് നേതൃത്വം നൽകി. 

drone

∙ പ്രവർത്തന രീതി

ഡ്രോണുകൾ രണ്ടു തരമുണ്ട്. വിമാനം പോലെ നിശ്ചല ചിറകുകളുള്ളതാണ് ഒന്നാമത്തേത്. എൻജിന്റെ ശക്തിയുപയോഗിച്ചാണ് അവ പറക്കുന്നത്. യുദ്ധാവശ്യങ്ങൾക്കുപയോഗിക്കുന്ന ഡ്രോണുകൾ ഇത്തരത്തിലുള്ളവണ്.

റോട്ടറുകൾ (പ്രൊപ്പല്ലറുകൾ) ഉപയോഗിച്ചു പറക്കുന്നവയാണ് രണ്ടാമത്തെ വിഭാഗം. ഫൊട്ടോഗ്രഫിക്കും നിരീക്ഷണങ്ങൾക്കും ഉപയോഗിക്കുന്ന ഡ്രോണുകൾ. മിക്കതിലും നാലു റോട്ടറുകൾ ഘടിപ്പിച്ചിട്ടുണ്ടാകും. രണ്ടു റോട്ടറുകൾ ഘടികാരദിശയിലും മറ്റു രണ്ടെണ്ണം എതിർ ദിശയിലും കറങ്ങുന്നവയാണ്. താഴെ നിന്നു നിയന്ത്രിക്കുന്നതിനനുസരിച്ചു ഡ്രോണുകൾ മുകളിലേക്കും താഴേക്കും വശങ്ങളിലേക്കുമൊക്കെ നീങ്ങുന്നതിനു പിന്നിൽ ഈ റോട്ടറുകളാണ്.

ഉദാഹരണത്തിന്, നേരേ നിൽക്കുന്ന ഡ്രോണിന്റെ റോട്ടറുകൾ കറങ്ങുമ്പോൾ അവ വായുവിൽ താഴേക്കു ശക്തി ചെലുത്തുന്നു. ഇതിനു നേരേ എതിർ ദിശയിലേക്കു വായുവും ശക്തി ചെലുത്തുന്നു. തൽഫലമായി ഡ്രോൺ മുകളിലേക്കു പൊങ്ങുന്നു (ലിഫ്റ്റ്). എത്ര മാത്രം വേഗത്തിൽ റോട്ടറുകൾ കറങ്ങുന്നുവോ അത്രയും ശക്തിയിൽ ഡ്രോണുകൾ മുകളിലേക്കു പോകും. വേഗം കുറച്ചാൽ താഴേക്കും.

∙ സെൻസർ വഴി കംപ്യൂട്ടർ സാങ്കേതിക വിദ്യ

ഭൂഗുരുത്വബലം, ത്രസ്റ്റ് എന്നിങ്ങനെ മറ്റു ചില ശക്തികൾ കൂടി ഡ്രോണിനെ നിയന്ത്രിക്കുന്നുണ്ട്. എന്നാൽ, ഇവയെല്ലാം ഓരോ റോട്ടറുകളുടെയും ഫലപ്രദമായ ഉപയോഗം വഴി നിയന്ത്രിക്കാം. ഓരോ റോട്ടറുകളും വ്യത്യസ്ത വേഗത്തിൽ, രീതികളിൽ കറക്കിയാൽ മാത്രമേ ഡ്രോണിനെ കൃത്യമായി നിയന്ത്രിക്കാൻ സാധിക്കൂ. ഇതു ചെയ്യുന്നതു സെൻസറുകൾ വഴി കംപ്യൂട്ടർ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ചും. അതുകൊണ്ടു തന്നെ താഴെ നിന്നു ഒരു ജോയ്സ്റ്റിക് ഉപയോഗിച്ചു റേഡിയോ തരംഗങ്ങൾ വഴി ഡ്രോണിനെ വളരെയെളുപ്പം നിയന്ത്രിക്കാം.

English Summary: Covid-19 in a first drones being used for sanitization

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA