sections
MORE

ആപ്പിളിന്റെ ഫെയ്‌സ്‌ടൈം ഉപാധികളോടെ ആന്‍ഡ്രോയിഡിലും! ഇതൊരു തുടക്കം മാത്രമോ?

apple-facetime
SHARE

ആപ്പിളിന്റെ വിഡിയോ കോളിങ് സംവിധാനമായ ഫെയ്‌സ്‌ടൈം ഇനി ആന്‍ഡ്രോയിഡ്, വിന്‍ഡോസ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ലഭ്യമാക്കും. കമ്പനിയുടെ ഈ വര്‍ഷത്തെ വേള്‍ള്‍ഡ് വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളില്‍ ഒന്നായാണ് ഇതിനെ കാണുന്നത്. സൂം, ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ വിഡിയോ കോളിങ് ആപ്പുകളുമായി മത്സരിക്കാനാണ് ഇതെന്നാണ് പറയുന്നത്. ആപ്പിളിന്റെ വേലികെട്ടിയടച്ച ഉദ്യാനത്തിനു വെളിയിലിക്ക് ഒരു ആപ് എത്തുന്നതിനെ കൗതുകത്തോടെയാണ് നിരീക്ഷകര്‍ നോക്കുന്നത്.

∙ എന്താണ് ഫെയ്‌സ്‌ടൈം?

ഐഫോണ്‍ 4 മോഡലിനൊപ്പം 2010ലാണ് ഫെയ്‌ടൈം എന്ന വിഡിയോ/ഓഡിയോ കോളിങ് സംവിധാനം അവതരിപ്പിക്കുന്നത്. ആപ്പിള്‍ ഉപയോക്താക്കള്‍ക്കു തമ്മില്‍ തമ്മില്‍ വൈ-ഫൈ അല്ലെങ്കില്‍ സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് വഴി വിളിക്കാനായിരുന്നു ഇത്. ഐഫോണ്‍ ഉപയോക്താക്കള്‍ ധാരാളമായുള്ള അമേരിക്കയിലും മറ്റും ഇതൊരു വമ്പന്‍ ഹിറ്റുമായിരുന്നു.

∙ ഫെയ്‌സ്‌ടൈം ആന്‍ഡ്രോയിഡിലേക്ക് എത്തുന്നത് വേലി പൊളിക്കാതെ!

ഫെയ്‌സ്‌ടൈം ആപ്പിളിന്റെ വേലിക്കകത്തു നിന്ന് പുറത്തിറങ്ങുന്നു എന്ന തോന്നലുണ്ടെങ്കിലും അതു ശരിയല്ല. സാങ്കേതികമായി ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗിക്കാമെങ്കിലും ധാരാളം പരിമിതികള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കമ്പനി. ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഉപയോക്താക്കള്‍ക്കായി പ്രത്യേക ആപ് ഒന്നും ഇറക്കുന്നില്ല. അവര്‍ ബ്രൗസറുകള്‍ വഴി കയറി വേണം ഫെയ്‌സ്‌ടൈം കോള്‍ അറ്റന്‍ഡു ചെയ്യാന്‍. ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റു നിബന്ധനകളും ഇന്ത്യ പോലെയുള്ള ഇടങ്ങളില്‍ നിരാശാജനകമാണ്. ഉദാഹരണത്തിന് ഏതെങ്കിലും ആപ്പിള്‍ ഉപകരണത്തിന്റെ ഉടമയായിരിക്കണം എന്ന നിലപാട്. ഒരു ആപ്പിള്‍ അക്കൗണ്ട് വേണമെന്ന നിബന്ധന തരതമ്യേന മനസ്സിലാക്കാന്‍ എളുപ്പമാണ്. ഇതൊന്നും പോരെങ്കില്‍ ഒരു ആപ്പിള്‍ ഉപയോക്താവ് അയച്ചു നൽകുന്ന വിഡിയോ കോളിങ് ലിങ്ക് വഴി മാത്രമായിരിക്കും ഫെയ്‌സ്‌ടൈം കോളില്‍ പങ്കെടുക്കാനാകുക. ചുരുക്കിപ്പറഞ്ഞാല്‍ ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കു മാത്രമെ ഫെയ്‌സ്‌ടൈമിന്റെ മുഴുവന്‍ ഗുണങ്ങളും ഇപ്പോഴും ഉപയോഗിക്കാനാകൂ. 

∙ ആൻ‌ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ചൂണ്ടയിടുന്നു

അതേസമയം, സ്വകാര്യതയുടെ വില അറിയാവുന്ന ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഉപയോക്താക്കള്‍ ഇതില്‍ ആകൃഷ്ടരായേക്കുമെന്നും പറയുന്നു. കാരണം കോളുകള്‍ എൻക്രിപ്റ്റഡാണ്. എന്‍ക്രിപ്റ്റഡ് ആണെന്ന് ആപ്പിള്‍ പറഞ്ഞാല്‍ എന്‍ക്രിപ്റ്റഡ് ആണ്. മറ്റ് ആപ്പുകളുടെ പൊള്ള വാഗ്ദാനങ്ങള്‍ പോലെയല്ലെന്ന് വ്യക്തമാക്കുന്നു. ഫെയ്‌സ്‌ടൈം ആന്‍ഡ്രോയിഡിലും വിന്‍ഡോസിലും എത്തിക്കുക വഴി ഇത്തരം ഉപയോക്താക്കളെയും തങ്ങളുടെ സോഫ്റ്റ്‌വെയര്‍ പരിസ്ഥിതിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നതെന്നും പറയുന്നു.

∙ ഇതൊരു തുടക്കം മാത്രമോ?

ആപ്പിളിന്റെ സേവനങ്ങള്‍ മറ്റ് ഒഎസ് ഉപയോഗിക്കുന്നവര്‍ക്ക് നല്‍കിയ അധികം ഉദാഹരണങ്ങളില്ല. വിന്‍ഡോസിനായി ഇറക്കി വര്‍ഷങ്ങളായി അപ്‌ഡേറ്റില്ലാതെ കിടന്ന സഫാരിയാണ് ഒന്ന്. വിന്‍ഡോസിലെ ഐട്യൂൺസ് ഇപ്പോഴും ലഭ്യമാണ്. കാരണം എല്ലാ ഐഫോണ്‍ ഉപയോക്താക്കളും മാക് കൂടെ വാങ്ങണമെന്ന് നിര്‍ബന്ധിക്കാനാവില്ലല്ലോ. ഇനിയും ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. 

∙ സൂമിനെതിരെ മത്സരിക്കാനാകുമോ?

കഴിഞ്ഞ മാസങ്ങളില്‍ ലോകം വിഡിയോ കോളിങ് ആപ്പുകളിലേക്ക് കാര്യമായി ശ്രദ്ധ തിരിച്ചു. ഇത്ര കാലം പതുങ്ങിക്കിടന്ന ആപ്പിള്‍ ഇതാദ്യമായാണ് വിപുലമായ രീതിയില്‍ വിഡിയോ കോളിങ് സേവനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അധ്യാപകരുടെ കൈയ്യില്‍ ഐഒഎസ് ഉപകരണം നല്‍കിയാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പോലും കൂടുതല്‍ സുരക്ഷയോടെ നടത്താമെന്ന മെച്ചം ഇതില്‍ കാണാം. പാശ്ചാത്യ നാടുകളില്‍ ഇതൊരു നല്ല നീക്കം തന്നെയാണെങ്കിലും മറ്റിടങ്ങളില്‍ ഇത് എന്തെങ്കിലും പ്രഭാവം ഉണ്ടാക്കുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. അതേസമയം, ഇത് കഴിഞ്ഞ വര്‍ഷം അവതരിപ്പിക്കേണ്ടതായിരുന്നു. അന്ന് അധികമാര്‍ക്കും സൂം സേവനത്തെക്കുറിച്ച് അറിയില്ലായിരുന്നു എന്ന വാദമുള്ളവരുമുണ്ട്.

∙ ഐഫോണ്‍ 6എസ്, ഐപാഡ് എയര്‍2 ഉപയോക്താക്കൾക്കും പുതിയ ഒഎസ്

ഐഫോണ്‍ 6എസ് സീരീസ്, ഐഫോണ്‍ എസ്ഇ, ഐപാഡ് എയര്‍2, 2015ല്‍ ഇറക്കിയ ഐപാഡ് മിനി തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്ക് ആഹ്ലാദിക്കാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ആപ്പിള്‍. ഈ ഉപകരണങ്ങളെല്ലാം ഐഒഎസ് 15, ഐപാഡ് ഓഎസ്15 എന്നിവ ലഭ്യമാക്കുന്ന ഉപകരണങ്ങളുടെ പട്ടികയില്‍ നിന്നു പുറത്താണ് എന്നാണ് അടുത്തിടെ വരെ പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍, പുതിയ പ്രഖ്യാപനത്തില്‍ ആറു വര്‍ഷത്തോളം പഴക്കമുള്ള ഈ മോഡലുകളെയും പുതിയ ഒഎസിൽ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ് ആപ്പിള്‍.

∙ അമേരിക്കയിലെ ടിക്‌ടോക്, വിചാറ്റ് നിരോധനം പിന്‍വലിച്ചു

മുന്‍ അമേരിക്കന്‍ സർക്കാർ ചൈനീസ് ആപ്പുകളായ ടിക്‌ടോക്, വിചാറ്റ് തുടങ്ങിയവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. രാജ്യത്തെ ജോ ബൈഡന്‍ ഭരണകൂടം ചൈനീസ് ആപ്പുകളുടെ സോഫ്റ്റ്‌വെയര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചു. ഇത് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമോ എന്നായിരിക്കും അന്വേഷണം. പ്രസിഡന്റ് ബൈഡന്റെ പുതിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ പറയുന്നത് ആപ്പുകളുടെ സുരക്ഷ പരിശോധിച്ച ശേഷം സുരക്ഷാ ഭീഷണിയുള്ളവയെ നിരോധിക്കണമെന്നാണ്. അതേസമയം, നിരോധനം പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ ചൈനീസ് ആപ്പുകള്‍ക്ക് ആഹ്‌ളാദിക്കാന്‍ എന്തെങ്കിലും ഉണ്ടോ എന്ന കാര്യം വരും മാസങ്ങളില്‍ മാത്രമെ അറിയാനൊക്കൂ. അമേരിക്കക്കാരുടെ സ്വകാര്യ ഡേറ്റയിലേക്ക് ആപ്പുകള്‍ കടന്നു കയറുന്നുണ്ടോ എന്ന വിശദമായ അന്വേഷണം നടത്താനാണ് സെക്രട്ടറി ഓഫ് കൊമേഴ്‌സ് ഗിനാ റെയ്മണ്‍ഡോയ്ക്കു പ്രസിഡന്റ് നല്‍കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. ഉത്തരവിറക്കിയ ശേഷം ബൈഡന്‍ ഒരു യൂറോപ്യന്‍ പര്യടനത്തിന് ഇറങ്ങുകയാണ്. ഈ പര്യടനത്തിനിടയിലെ മുഖ്യ വിഷയങ്ങളിലൊന്ന് ചൈന തന്നെയാണ്.

wechat-tiktok

∙ ആദ്യ ലാപ്‌ടോപ്പുമായി റിയല്‍മി

വാവേയ്ക്കും, ഷഓമിക്കും പിന്നാലെ മറ്റൊരു ചൈനീസ് കമ്പനിയായ റിയല്‍മിയും ലാപ്‌ടോപ്പുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ആപ്പിള്‍ മാക്ബുക്ക് സീരീസിന്റെ ഡിസൈന്‍ ഭാഷയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ലാപ്‌ടോപ് നിർമിക്കുന്നതെന്നാണ് റിയല്‍മി പറയുന്നത്. ഷഓമി പരീക്ഷിച്ച അതേ രീതിയില്‍ തന്നെ 40,000-60,000 റെയ്ഞ്ചിലായിരിക്കും വിലയിടല്‍. ഇന്റല്‍ ഐ5 പ്രോസസര്‍ ആയിരിക്കും ഉപയോഗിക്കുക. ഐ3 വകഭേദവും ഉണ്ടായിരിക്കാം. 

∙ ക്യാനന്‍ ലെന്‍സ് ലേലത്തില്‍ വാങ്ങാം; വില 180,000 ഡോളറിനു മുകളിലായേക്കാം!

ലോകത്തെ ഏറ്റവും വിരളമായ ലെന്‍സുകളിലൊന്ന് ജര്‍മനിയില്‍ ലേലത്തിൽ വച്ചിരിക്കുകയാണ്. ക്യാനന്‍ ഇഎഫ് 1200എംഎം ( EF 1200mm F5.6 L USM) ആണ് ഇപ്പോള്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഈ ലെന്‍സിന്റെ ഏതാനും കോപ്പികള്‍ മാത്രമാണ് ഉള്ളത്. 1993ലാണ് ക്യാനന്‍ ഇത് അവതരിപ്പിക്കുന്നത്. ഓട്ടോഫോക്കസുള്ള, ഏറ്റവും റീച്ചുള്ള ടെലി ലെന്‍സ് എന്ന റെക്കോഡ് ഇപ്പോഴും ഈ ലെന്‍സിനാണെന്ന് വിശ്വസിക്കപ്പെടുന്നു. ലെന്‍സിന്റെ ഭാരം 16.5 കിലോയാണ്! ഈ ലെന്‍സിന്റെ ഒരു കോപ്പി 2015ല്‍ ബിആന്‍ഡ്എച് വഴി വില്‍പ്പനയ്ക്കു വച്ചിരുന്നു. അന്ന് ഇട്ടിരുന്ന വില 180,000 ഡോളറായിരുന്നു. ലെന്‍സിനെക്കുറിച്ച് ഇറക്കിയിരിക്കുന്ന വിഡിയോ കാണാം. https://youtu.be/RnJohvOKxJA

∙ വര്‍ക്ക് ഫ്രം ഹോം നീട്ടുമെന്ന് ഫെയ്‌സ്ബുക്

ആപ്പിള്‍ കമ്പനി ഓഫിസിലെത്തി ജോലി ചെയ്യുന്ന കാര്യം പറഞ്ഞപ്പോള്‍ തന്നെ ജോലിക്കാര്‍ക്കിടയില്‍ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. എന്തായാലും മറ്റൊരു ടെക്‌നോളജി ഭീമന്‍ ഫെയ്‌സ്ബുക് പറയുന്നത് തങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നീട്ടുകയാണ് എന്നാണ്.

English Summary: Apple’s FaceTime is coming to Android

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA