ADVERTISEMENT

ഇന്ത്യന്‍ ടെക്‌നോളജി മേഖല ലജ്ജിച്ചു തലതാഴ്ത്തിയ 'നീക്കങ്ങളാണ്' ശതകോടീശ്വരനും സെരോദ (Zerodha) സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ മേധാവിയുമായ നിഖില്‍ കമത്ത് നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡ് പ്രതിരോധത്തിനുള്ള ധനശേഖരാണാര്‍ഥം അഞ്ചു തവണ ലോക ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദുമായി നടത്തിയ ചെസ് മത്സരമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ആനന്ദുമായി കളിക്കാന്‍ ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍, പാട്ടുകാരായ അർജിത് സിങ്, അനന്യ ബിര്‍ള, ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ, സിനിമാ നിര്‍മാതാവ് സാജിദ് നാദിയദ്വാല എന്നിവരും നിഖിലിനൊപ്പം ഓണ്‍ലൈനായി എത്തിയിരുന്നു. അക്ഷയപാത്ര ഫൗണ്ടേഷനു വേണ്ടിയായിരുന്നു ധനശേഖരണം. ചെസ്.കോം വഴി നടത്തിയ 'ചെക്‌മെയ്റ്റ് കോവിഡ് സെലിബ്രിറ്റി എഡിഷന്‍' ആണ് വിവാദമായിരിക്കുന്നത്. മത്സരത്തില്‍ നിഖില്‍ വിശ്വനാഥന്‍ ആനന്ദിനെ പരാജയപ്പെടുത്തി. എന്നാല്‍, ചെസ്.കോം തങ്ങളുടെ നീതിയുക്തമായ (fair play) നിയമങ്ങള്‍ നിഖില്‍ ലംഘിച്ചുവെന്നു പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവ കോടീശ്വരന്റെ അക്കൗണ്ട് പൂട്ടി. ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

 

∙ കാര്യങ്ങള്‍ വഷളാക്കി, ക്ഷമാപണവുമായി നിഖില്‍

 

തുടര്‍ന്ന് നിഖില്‍ ക്ഷമാപണവുമായി ട്വിറ്ററിലെത്തി. ഒരു ഗ്രാന്‍ഡ്മാസ്റ്ററെ പോലെ തനിക്കു കളിക്കാനായത് പുറമേ നിന്നുള്ള സഹായം കിട്ടിയതു കൊണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ വിഷി സാറിനെ പരാജയപ്പെടുത്തിയെന്ന് പലരും കരുതുന്നത് വിഡ്ഢിത്തമാണ്. അത് താന്‍ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ പരാജയപ്പെടുത്തി എന്നു പറയുന്നതിന് സമാനമാണ്. തനിക്ക് കളി വിശകലനം ചെയ്യുന്നവരുടെ സഹായം ലഭിച്ചു. കംപ്യൂട്ടറുകളും ആനന്ദ് സാറും പോലും തന്നെ സഹായിച്ചു. ഇതൊരു പഠന അനുഭവമായിരുന്നു. ഇത് രസത്തിനും ദാനധര്‍മങ്ങള്‍ക്കും വേണ്ടിയായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ താന്‍ ചെയ്തത് വിഡ്ഢിത്തമായിരുന്നു, അതിനാല്‍ ക്ഷമാപണം നടത്തുന്നു എന്നുമാണ് നിഖില്‍ കുറിച്ചത്. എന്നാല്‍, ഈ ക്ഷമാപണം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നു.

 

നിഖിൽ ട്വിറ്ററില്‍ കുറിക്കാന്‍ പോകുന്ന കാര്യം അത് പോസ്റ്റു ചെയ്യുന്നതിനു മുൻപ് ആനന്ദുമായി പങ്കുവച്ചുവെന്ന് ആനന്ദിന്റെ മാനേജരും ഭാര്യയുമായ അരുണ പറഞ്ഞു. ആനന്ദ് പറഞ്ഞത് തന്റെ പേര് ഇതില്‍ ഉള്‍പ്പെടുത്തരുത് എന്നായിരുന്നു. ചെസ്.കോമിലെ ഫെയര്‍ പ്ലേ ടീമിന്റെ തീരുമാനത്തിന് അനുസരിച്ചു നീങ്ങാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. താങ്കള്‍ക്ക് ഇഷ്ടമുള്ളതു പറഞ്ഞ് പ്രശ്‌നം പരിഹരിക്കാം. ഇതിനായി താങ്കള്‍ വ്യക്തിപരമായി നടത്തുന്ന ട്വീറ്റിലേക്ക് എന്റെ പേരു വലിച്ചിഴയ്‌ക്കേണ്ട എന്നായിരുന്നു ആനന്ദിന്റെ നിലപാടെന്നും അരുണ പറയുന്നു.

 

∙ ആനന്ദിന്റെ ചെസ് ജീവിതത്തിലെ ഏറ്റവും മോശം അനുഭവമോ?

 

നിഖിലിന്റെ ട്വീറ്റില്‍ ആരോപിക്കുന്നത് ആനന്ദും നിഖിലിന്റെ കള്ളക്കളിക്കു കൂട്ടുനിന്നുവെന്നാണ്. ആനന്ദിന്റെ ചെസ് ജീവിതത്തില്‍ ഇത്തരത്തിലൊരു അനുഭവം മുൻപ് ഉണ്ടായിട്ടില്ലെന്ന് അരുണ പറയുന്നു. നിഖില്‍ ഒരു കള്ളത്തരത്തെ മറ്റൊരു കള്ളത്തരം കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുന്നു. നിഖിലിന് കംപ്യൂട്ടറുകളുടെയും കൂട്ടുകാരുടെയും സഹായം കിട്ടിയിട്ടുണ്ടെങ്കില്‍ അത് അങ്ങനെ ആയിക്കോട്ടെ. അത് അയാളുടെ മനസാക്ഷിയുടെ കാര്യമാണ്. പക്ഷേ, ആനന്ദിന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ നിഖിലിന് ഒരു അവകാശവുമില്ലെന്നാണ് അരുണ പറയുന്നത്.

 

∙ സല്‍പ്പേരിനു കളങ്കമേശാതിരിക്കാന്‍ ആനന്ദ്

 

ചെറിയൊരു ട്വീറ്റ് വഴി തന്റെ പേരിനേറ്റിരിക്കുന്ന കളങ്കം കഴുകിക്കളയാനുള്ള ശ്രമമാണ് ആനന്ദ് നടത്തിയത്. ധനശേഖരാണാര്‍ഥം മത്സരം സംഘടിപ്പിച്ചുവെന്നും, കളിയുടെ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച രസകരമായ ഒരു കളിയായിരുന്നു അതെന്നും, താന്‍ കളിയില്‍ തന്റെ വശത്തെ കാര്യങ്ങള്‍ സംശുദ്ധമായി ചെയ്തുവെന്നും മറ്റുള്ളവരും അത്തരത്തിലായിരിക്കുമെന്നു പ്രതീക്ഷിച്ചു എന്നുമാണ് ആനന്ദ് കുറിച്ചത്.

 

∙ മത്സരം

 

ടീനേജില്‍ ചെസ് കളിച്ചിരുന്ന നിഖില്‍, തുടക്കത്തിൽ അധികമാരും ഉപയോഗിക്കാത്ത ഒരു നീക്കവുമായാണ് രംഗത്തെത്തിയത്. ഇതില്‍ ഒരു കാലാളിനെ (pawn) നഷ്ടമാകുകയും ചെയ്തു. എന്നാല്‍, ഈ തിരിച്ചടിക്കു ശേഷം, എല്ലാവരെയും അത്ഭുതപ്പെടുത്തി കറുത്ത കരുക്കളുമായി കളിച്ച നിഖില്‍ മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. ഇതൊരു 30 മിനിറ്റ് റാപ്പിഡ് കളിയായിരുന്നു. അവസാനം ആനന്ദ് സൗമ്യതയോടെ പിൻമാറുകയായിരുന്നു. 

 

∙ പ്രതികരണം

 

തന്ത്രങ്ങളുടെയും കൃത്യതയുടെയും കണക്കുകൂട്ടലുകളുടെും ഉസ്താദാണ് ആനന്ദ്. ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണ്‍ പോലും ഈ രീതിയില്‍ ആനന്ദിനെ പരാജയപ്പെടുത്തിയിട്ടില്ല. നിഖിലിന് പുറമേ നിന്നുള്ള സഹായം ലഭിച്ചിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രവിണ്‍ തിപ്‌സെ പ്രതികരിച്ചത്. 

 

∙ ചെസ്.കോമിന്റെ പ്രതികരണം

 

നിഖിലിന്റെ അക്കൗണ്ട് ബ്ലോക്കു ചെയ്ത ചെസ്.കോമിന്റെ ഫെയര്‍ പ്ലേ ടീമില്‍ നിരവധി വിദഗ്ധരും എൻജിനീയര്‍മാരും അല്‍ഗോറിതം വിദഗ്ധരും ഉണ്ടെന്നാണ് അറിയുന്നത്. ഗണിതശാസ്ത്ര വിദഗ്ധരും, ഡേറ്റാ സയന്‍സ് വിദഗ്ധരും അടങ്ങുന്ന ചെസ്.കോം വളരെ വിരളമായേ ആരുടെയെങ്കിലും അക്കൗണ്ട് ബ്ലോക്ക് ചെയ്യൂ. ഒരാള്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ലംഘിച്ചുവെന്ന ഉറപ്പുണ്ടെങ്കില്‍ മാത്രമെ നിരോധനം നടത്താറുള്ളുവെന്ന് ചെസ്.കോമിന്റെ ചീഫ് ചെസ് ഓഫിസര്‍ ഡാനി റെന്‍സ്ച് ഒരു പ്രസ്താവനയില്‍ പറഞ്ഞു. നിഖിലിന്റെ പ്രവൃത്തികള്‍ നാണക്കേടിലേക്കാണ് എത്തിച്ചതെങ്കിലും ഈ പ്രോഗ്രാം വഴി 12 ലക്ഷം രൂപ ലഭിച്ചുവെന്ന് അറിയിച്ചിട്ടുണ്ട്.

 

English Summary: Indian tech billionaire drags Viswanathan Anand into controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com