ADVERTISEMENT

ജീവിതം വേണ്ടുവോളം ആസ്വദിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ കോടീശ്വരനായിരുന്നു കഴിഞ്ഞ ദിവസം ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജോണ്‍ മാകഫി. കംപ്യൂട്ടർ ആന്റി വൈറസ് കമ്പനിയായ മാകഫീയുടെ സ്ഥാപകനായ ജോൺ നല്ലതിനേക്കാൾ കൂടുതൽ ചീത്ത കാര്യങ്ങൾ ചെയ്ത് ജീവിതം തകർത്താസ്വദിച്ചിരുന്ന വ്യക്തിയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മാകഫി അറസ്റ്റിലായി ജയിലിൽ പോകുന്നത്. അമേരിക്കയിൽ നികുതിവെട്ടിപ്പ് നടത്തിയ കേസിലാണ് സൈബർ സുരക്ഷാ വ്യവസായ ഭീമൻ ജോൺ മാകഫി സ്പെയിനിൽ അറസ്റ്റിലായത്. 2014 മുതൽ 2018 വരെയുള്ള കാലയളവിൽ തുടർച്ചയായ നാലു വർഷം നികുതി വെട്ടിപ്പ് നടത്തിയതായിരുന്നു കേസ്. ആർഭാടപൂർണമായ ജീവിതം നയിച്ചിരുന്ന മാകഫി ജയിലിൽ കിടക്കുമ്പോഴും അദ്ദേഹത്തിന്റെ ഓരോ നിമിഷവും ട്വീറ്റ് ചെയ്തിരുന്നു. ജയിലിൽ വല്ലപ്പോഴും ലഭിക്കുന്ന ഇന്റർനെറ്റ് റേഷൻ ഉപയോഗിച്ചായിരുന്നു കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം ലോകത്തോട് സംസാരിച്ചിരുന്നത്.

 

മാകഫിയെ വിചാരണ ചെയ്യുന്നതിനായി യുഎസിലേക്ക് കൊണ്ടുപോകാൻ സ്പെയിനിലെ കോടതി അനുമതി നൽകിയിരുന്നു. ഈ വിധി വന്ന് മണിക്കൂറുകൾക്കുള്ളിലാണ് മാകഫിയുടെ മരണം സംഭവിച്ചത്. മകഫി ആത്മഹത്യ ചെയ്തതാണ് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

∙ ശരിക്കും ആരാണ് ജോൺ മാകഫി?

ജോൺ‍ മക്‌കഫീ (Photo by Fred DUFOUR / AFP)
ജോൺ‍ മക്‌കഫീ (Photo by Fred DUFOUR / AFP)

 

കംപ്യൂട്ടര്‍ ആന്റിവൈറസ് സോഫ്റ്റ്‌വെയറിന്റെ പിതാക്കന്മാരില്‍ ഒരാളായി അറിയപ്പെടുന്ന വ്യക്തിയാണ് ജോണ്‍ മാകഫി. മാകഫി വർഷങ്ങളായി പൊലീസിനെ ഭയന്ന് ലോകം ചുറ്റിനടക്കുകയായിരുന്നു. എന്നാൽ, അമേരിക്കന്‍ പൊലീസ് മാകഫിയുടെ പിന്നാലെയുണ്ടായിരുന്നു. മാകഫി എന്ന സ്വന്തം പേരിലിറക്കിയ സോഫ്റ്റ്‌വെയര്‍ പണവും പ്രശസ്തിയും കൊണ്ടുവന്നതോടെയാണ് അദ്ദേഹത്തിന്റെ സ്വഭാവത്തിന് കാര്യമായ മാറ്റം വരാന്‍ തുടങ്ങിയത്. മാകഫി സോഫ്റ്റ്‌വെയറിലൂടെ 1990കളില്‍ അദ്ദേഹത്തിന് ഏകദേശം 10 കോടി ഡോളറാണ് ലഭിച്ചത്. 2009ല്‍ എല്ലാം വിറ്റുപെറുക്കി മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസില്‍ (Belize) നിന്ന് കുറച്ചകലെയുള്ള ഒറ്റപ്പെട്ട ദ്വീപായ അബേര്‍ഗ്രിസ് കീയിലെ (Ambergris Caye) വന്മതിലുകള്‍ക്കുള്ളിലെ കൊട്ടാരം പോലുളള വീട്ടില്‍ അദ്ദേഹം താമസിച്ചു തുടങ്ങി. അവിടെ ഒരു നിയന്ത്രണവുമില്ലാതെ ലൈംഗികതയും മയക്കുമരുന്നും യഥേഷ്ടം ഉപയോഗിച്ചു വരികയായിരുന്നു. നിരവധി പെൺസുഹൃത്തുക്കളുടെ കൂടെയായിരുന്നു മാകഫി അവിടെ താമസിച്ചിരുന്നത്. 

 

അദ്ദേഹത്തിന്റെ രീതികള്‍ ഒരു ചിത്തഭ്രമക്കാരന്റെതു പോലെയാണെന്നു പോലും ആളുകള്‍ പറഞ്ഞിരുന്നു. വിശ്രുത അമേരിക്കന്‍ നോവലിസ്റ്റ് ജോസഫ് കോണ്‍റാഡിന്റെ ഹാര്‍ട്ട് ഓഫ് ഡാര്‍ക്‌നസിലെ കഥാപാത്രമായ കേണല്‍ കേട്‌സിനോടാണ് അദ്ദേഹം ഉപമിക്കപ്പെട്ടിരുന്നത്. ചുറ്റും തോക്കേന്തിയ ബോഡിഗാർഡുകളില്ലാതെ അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല.

 

∙ സ്വന്തം കൊട്ടാരത്തിലെ ജീവിതം, കൊലപാതകം

 

മാകഫിയ്ക്ക് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് 2012ല്‍ ആണ്. അദ്ദേഹം മയക്കുമരുന്നു നിര്‍മാണശാല നടത്തുന്നുണ്ടെന്നു കരുതി ബെലീസ് പൊലീസ് കൊട്ടാരത്തിലേക്ക് ഇരച്ചുകയറി. എന്നാല്‍ അവര്‍ക്ക് മയക്കുമരുന്നൊന്നും കിട്ടിയില്ല. അടുത്ത നാളുകളില്‍ മാകഫിയുടെ അയല്‍ക്കാരന്‍, അമേരിക്കയില്‍ നിന്നുള്ള ഗ്രിഗറി ഫോള്‍ മരിച്ചു. മാകഫിയായിരിക്കാം ഇതിനു കാരണക്കാരന്‍ എന്നായിരുന്നു പൊലീസിന്റെ നിഗമനം. കാരണം മാകഫിയുടെ പട്ടികള്‍ക്ക് വിഷം നല്‍കി കൊന്നതിനു ശേഷമാണ് ഗ്രിഗറി തലയില്‍ വെടിയേറ്റ് മരിച്ചത്. തനിക്ക് ഈ കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്നു പറഞ്ഞെങ്കിലും അദ്ദേഹം പിന്നെ ആ കൊട്ടാരത്തില്‍ താമസം തുടര്‍ന്നില്ല. അവിടെ നിന്ന് ഒളിച്ചോടിയ അദ്ദേഹം പറഞ്ഞത് മെക്‌സിക്കന്‍ മയക്കുമരുന്നു രാജാക്കന്മാരുടെ നിര്‍ദേശപ്രകാരം ബെലീസ് പൊലീസ് തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ് എന്നാണ്. എന്നാല്‍ ഗോട്ടിമാലയില്‍ അഭയം തേടാനുള്ള വിഫലമായ ശ്രമത്തിനിടയില്‍ ആഴ്ചകള്‍ക്കുള്ളില്‍ പിടിയിലായി. അമേരിക്കയിലേക്ക് തിരിച്ചു നാടുകടത്തുകയും ചെയ്തു.

 

അമേരിക്കയിലെത്തിയ മാകഫി വെറുതെ ഇരിക്കുകയായിരുന്നില്ല. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചു. 2020ലെ തെരഞ്ഞെടുപ്പിലും താന്‍ മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. ബ്ലോക്‌ചെയ്ന്‍, ക്രിപ്‌റ്റോകറന്‍സി വിപ്ലവത്തിലേക്ക് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള സമയമായി എന്നാണ് അദ്ദേഹം തന്റെ സ്ഥാനാര്‍ഥിത്തത്തെക്കുറിച്ചു സംസാരിക്കവെ അന്ന് പറഞ്ഞിരുന്നത്.

 

john-mcafee

എന്നാല്‍, 2019 ജനുവരിയില്‍ അദ്ദേഹം ഒരു ബോട്ടില്‍ കയറി അമേരിക്ക വിട്ടു. എട്ടു വര്‍ഷമായി ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്തില്ലെന്ന കാരണവും പറഞ്ഞ് അമേരിക്കയുടെ ഇന്റേണല്‍ റവന്യൂ സര്‍വീസ് തന്റെ പിന്നാലെ കൂടിയിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഈ കേസിലാണ് സ്പെയ്നിൽ അറസ്റ്റിലായത്. പക്ഷേ, ഒളിവിലായിരുന്നെങ്കില്‍ പോലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മാകഫി ഇടക്കിടെ പറഞ്ഞിരുന്നു.

 

2019 മാര്‍ച്ചില്‍ ഗ്രിഗറിയുടെ കൊലപാതകത്തിൽ ഫോളോറിഡാ കോടതി മാകഫി 2.5 കോടി ഡോളര്‍ പിഴയൊടുക്കണമെന്ന് വിധിച്ചു. ഗ്രിഗറിയെ ശാരീരികമായി ഉപദ്രവിച്ച ശേഷം മാകഫി കൊന്നുവെന്നാണ് കോടതി കണ്ടെത്തിയത്. ഗ്രിഗറിയുടെ മകള്‍ നല്‍കിയ കേസിലാണ് വിധി വന്നത്. എന്നാല്‍ താനൊരു പിഴയും അടയ്ക്കില്ലെന്നു മാകഫി പറഞ്ഞു. അല്ലെങ്കില്‍ തന്നെ കൈയ്യില്‍ നയാ പൈസയില്ലാത്ത താന്‍ എവിടെ നിന്നെടുത്തിട്ടാണ് ഇതടയ്ക്കുന്നതെന്നാണ് അന്നദ്ദേഹം ചോദിച്ചത്.

 

∙ മാകഫിക്കെതിരെ 200ലധികം കേസുകള്‍

 

ഗ്രിഗറിയുടെ മരണം ഒരു സിവില്‍ കേസായിരുന്നു. ഇത്തരത്തിലുള്ള 200ലേറെ കേസുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. ചിലരൊക്കെ എന്റെ വാസസ്ഥലത്തേക്കു വന്നുവെന്നും അവരവിടെ വഴുതി വീണു എന്നുമൊക്കെ പറഞ്ഞാണ് ചില കേസുകള്‍ കൊടുത്തിരിക്കുന്നത്. ഞാനിത്തരം കേസുകളെക്കുറിച്ച് ഓര്‍ക്കാറുപോലുമില്ല. പ്രതികരിക്കുന്ന പ്രശ്‌നമേയില്ല. ചുരുക്കി പറഞ്ഞാല്‍ ഗ്രിഗറിയുടെ കേസില്‍ സംഭവിച്ചത് ഇതാണ്. വാദി പറഞ്ഞതെല്ലാം ന്യായാധിപന്‍ അംഗീകരിച്ചു. അതെല്ലാം അങ്ങനെയാണ്. ഞാന്‍ പ്രതികരിക്കാറില്ലെന്നും അദ്ദേഹം അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

∙ കൊണ്ടുനടന്നിരുന്നത് അതിശക്തമായ യുദ്ധോപകരണങ്ങള്‍

 

അമേരിക്കയില്‍ നിന്നൊളിച്ചോടിയ മാകഫിയെ 2019 ജൂലൈയില്‍ ഡൊമിനിക്കന്‍ റിപ്പപ്ലിക്കിന്റെ നിയമപാലകര്‍ തടഞ്ഞുവച്ചു. മാകഫിയും സന്തതസഹചാരികളും യാത്രചെയ്തിരുന്ന നൗകയില്‍ അത്യാധുനിക ആയുധങ്ങളും യുദ്ധോപകരണങ്ങളും കണ്ടെത്തിയിരുന്നു. ഇവയില്‍ പലതും ആധുനിക സൈന്യങ്ങളുടെ കൈവശമുള്ളതായിരുന്നു.

 

എന്തായാലും പിന്നീട് അദ്ദേഹം ഒരു കാര്യം സമ്മതിച്ചിരുന്നു. തനിക്കിനി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കാനാവില്ല. ദേശീയതലത്തില്‍ തന്റെ സന്ദേശം എത്തിക്കുക എന്ന ഉദ്ദേശം മാത്രമായിരുന്നു തനിക്കുണ്ടായിരുന്നത്. നേരത്തെ നല്‍കിയ അഭിമുഖത്തിലും അദ്ദേഹം സർക്കാർ ഏജന്‍സികളുടെ നിരീക്ഷണ രീതിയെ വിമര്‍ശിക്കാതെ വിട്ടിരുന്നില്ല. ഏറ്റവും വലിയ ഭീഷണി സിഐഎ, എന്‍എസ്എ, എഫ്ബിഐ തുടങ്ങിയവരുടെ നിരീക്ഷണമാണ്. ഇക്കാലത്ത് എല്ലാവരുടെ ഡേറ്റയും നിയമപാലകരുടെ കൈയ്യിലുണ്ട്. അത് പ്രതികളെ പിടിക്കാന്‍ അവരെ സഹായിക്കുന്നുമുണ്ട്. എന്നാല്‍ ആളുകളുടെ സ്വകാര്യത പൂര്‍ണമായി നശിച്ചിരിക്കുന്നു. സ്വകാര്യതയില്ലെങ്കില്‍ സ്വാതന്ത്ര്യമില്ല. ഇതാണ് അമേരിക്കയിലെ ഏറ്റവും വലിയ പ്രശ്‌നം. ഇതാണ് ലോകത്തെ തന്നെ ഏറ്റവും വലിയ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

അമേരിക്കയിലെ രാഷ്ട്രീയ കാലാവസ്ഥ മാറാന്‍ പോകുകയാണെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. കൂടുതല്‍ ആളുകള്‍ ഇന്‍കം ടാക്‌സിന്റെ കാര്യത്തില്‍ നിരാശരാകുകയാണ്. എന്റെ പേരിലുള്ള പ്രധാന ആരോപണം ഇന്‍കം ടാക്‌സ് നല്‍കാത്തതും വഞ്ചനയുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്‍കം ടാക്‌സ് നിയമവിരുദ്ധമാക്കണം. ഇതെല്ലാം മാറണമെങ്കില്‍ ക്രപ്‌റ്റോകറന്‍സി യുഗം തുടങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

 

∙ അമേരിക്കയുടെ ഭരണാധികാരി പ്രസിഡന്റല്ല

 

മുൻ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ചും ഒരിക്കൽ മാകഫിയോടു ചോദിച്ചു. ആര് പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കുന്നു എന്നതില്‍ ഒരു കാര്യവുമില്ല. ഒരു പുതിയ പ്രസിഡന്റ് വരുമ്പോള്‍ സിഐഎ, എന്‍എസ്എ തുടങ്ങിയ രഹസ്യ ഏജന്‍സികളുടെ പ്രതിനിധികള്‍ അയാളെ തങ്ങള്‍ക്കു മുന്നില്‍ ഇരുത്തി ഈ ലോകം എന്താണെന്നു വിശദീകരിച്ചുകൊടുക്കും. അവര്‍ അധികമൊന്നും പറഞ്ഞുകൊടുക്കുകയുമില്ല. ഇയാള്‍ അടുത്ത നാലുകൊല്ലത്തേക്ക് ഇവിടെ കാണുമെന്നും പ്രാധാന്യമുളള പദവിയാണിതെന്നും അവര്‍ക്കറിയാം. പ്രസിഡന്റിനെ അത്രകാലം നിശബ്ദനാക്കി ഇരുത്തേണ്ട കാര്യം അവര്‍ക്കുണ്ട്. അതിനായി പ്രസിഡന്റിനെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യിപ്പിക്കും. അമേരിക്ക ഭരിക്കുന്നത് പ്രസിഡന്റല്ല. അതു നടത്തുന്നത് രഹസ്യാന്വേഷണ ഏജന്‍സികളാണ്. അതാണ് പരമമായ സത്യമെന്നും മാകഫി പറഞ്ഞിരുന്നു. 17 വര്‍ഷത്തിലേറെയായി തനിക്ക് മാകഫി ആന്റിവൈറസ് സോഫ്റ്റ്‌വെയറുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിവരങ്ങൾക്ക് കടപ്പാട്: റോയിട്ടേഴ്സ്, വിക്കിപീഡിയ

English Summary: Antivirus creator John McAfee dies by hanging in prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com