ADVERTISEMENT

പണംകൊയ്യാനുള്ള പുതിയ പദ്ധതിയായ ബഹിരാകാശ ടൂറിസം ബിസിനസ് തുടങ്ങുന്നതിനു മുൻപെ രണ്ടു കോടീശ്വരൻമാര്‍ തമ്മില്‍ ഓണ്‍ലൈന്‍ വാക്‌പോരും തുടങ്ങി. വെര്‍ജിന്‍ ഗ്യാലാറ്റിക് ഉടമ റിച്ചാഡ് ബ്രാന്‍സണ്‍ ജൂലൈ 11ന് വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ പേടകത്തിലാണ് യാത്ര പോകുന്നത്. എന്നാൽ, ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് ജൂലൈ 20നായിരിക്കും ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ബഹിരാകാശ വാഹനമായ ന്യൂ ഷെപ്പെഡില്‍ പറന്നുയരുക. ഇരു പേടകങ്ങളുടെയും ജനാലയുടെ വലുപ്പം, അപകടത്തില്‍ പെട്ടാല്‍ രക്ഷപ്പെടാനുള്ള സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി പല കാര്യങ്ങളും എടുത്തുകാട്ടിയാണ് ബ്ലൂ ഒറിജിന്‍ ആദ്യാസ്ത്രം തൊടുത്തത്. ഇതോടൊപ്പം തന്നെ കര്‍മന്‍ രേഖയെക്കുറിച്ചും (Karman line) പരാമര്‍ശിച്ചിരുന്നു. ഭൂമിയില്‍ നിന്ന് 100 കിലോമീറ്റര്‍ മുകളിലുള്ള ഭാഗത്തെയാണ് കര്‍മന്‍ രേഖ എന്നു വിളിക്കുന്നത്. ഇതാണ് ബഹിരാകാശത്തിന്റെ അതിര്‍ത്തിയും.

 

ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പെഡ് പേടകം കര്‍മെന്‍ രേഖയ്ക്കു മുകളില്‍ പറക്കാനുള്ള ശേഷിയോടെയാണ് നിര്‍മിച്ചിരിക്കുന്നത്. തങ്ങളുടെ പേടകത്തില്‍ ബഹിരാകാശ യാത്ര നടക്കുന്നവരുടെ പേരിനൊപ്പം ഒരു ആസ്‌റ്റെറിസ്‌കും (* നക്ഷത്രചിഹ്നം. പ്രത്യേക ശ്രദ്ധ വേണ്ട വാക്കുകള്‍ക്കൊപ്പം അച്ചടിക്കുന്നതാണല്ലോ ഈ ചിഹ്നം) വേണ്ടിവരാതിരിക്കാനാണിത് എന്നായിരുന്നു ബ്ലൂ ഒറിജിന്റെ ട്വീറ്റ്. ബെസോസ് പറക്കുന്നതിന് 9 ദിവസം മുൻപ് ബ്രാന്‍സൺ ബഹിരാകാശ യാത്ര നടത്തുമെന്ന് വെര്‍ജിന്‍ പ്രഖ്യാപിച്ചപ്പോൾ മുതലാണ് ഇരു കമ്പനികളും വാക്തർക്കം തുടങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്. 

 

ഇതിനാലാണ് വെര്‍ജിന്റെ ബഹിരാകാശ പേടകത്തെ തരംതാഴ്ത്താനുള്ള ശ്രമം തുടങ്ങിയതെന്നാണ് കരുതുന്നത്. ആദ്യം ബഹിരാകാശത്തേക്ക് പറന്ന കോടീശ്വരൻ ബ്രാന്‍സനായിരിക്കാമെങ്കിലും, ആദ്യം കര്‍മന്‍ ലൈന്‍ ഭേദിച്ചയാള്‍ ബെസോസാണെന്ന് സ്ഥാപിക്കാനാണ് ബ്ലൂ ഒറിജിന്‍ ശ്രമിക്കുന്നത്. അവര്‍ കര്‍മന്‍ ലൈനിനു മുകളില്‍ പറക്കുന്നില്ല. അവിടെ വ്യത്യസ്തമായ അനുഭവമാണുള്ളതെന്ന് ബ്ലൂ ഒറിജിന്‍ സിഇഒ ബോബ് സ്മിത് പറയുന്നു. ശരിക്കും ബഹിരാകാശമെന്നു പറയണമെങ്കിര്‍ കര്‍മന്‍ രേഖ ഭേദിക്കണമെന്നാണ് അദ്ദേഹം വാദിക്കുന്നത്. അതിനാലാണ് ബ്രാന്‍സണ്‍ന്റെ പേരിനടുത്ത് ആസ്റ്ററിസ്‌ക് വേണ്ടിവരുന്നത്.

 

∙ ഇത് തലമുടി നാരിഴ കീറലോ?

spacex-blue-origin-virgin

 

കര്‍മന്‍ ലൈന്‍ 62 മൈല്‍ ഉയരത്തിലാണെന്ന് കണ്ടെത്തിയിരിക്കുന്നത് സ്വീഡന്റെ സംഘടനയായ എഫ്എഐ ആണ്. അതേസമയം, അമേരിക്കന്‍ സർക്കാർ ബഹിരാകാശ പരിധിയായി നിര്‍ണയിച്ചിരിക്കുന്നത് 50 മൈലാണ്. ഇതിന് അല്‍പം മുകളില്‍ വരെയാണ് (55 മൈല്‍) ഗ്യാലാറ്റിക്കിന്റെ സഞ്ചാരികള്‍ പറക്കുക. രണ്ടു രാജ്യങ്ങള്‍ നിശ്ചയിച്ച പരിധികളാണിവ. അതേസമയം, ലോകത്തെ 96 ശതമാനം ജനങ്ങള്‍ക്കും ബഹിരാകാശ പരിധി 100 കിലോമീറ്റര്‍ ഉയരത്തിലാണ് എന്നാണ് ബ്ലൂ ഒറിജിന്‍ പരിഹസിക്കുന്നത്. അവിടം മുതലാണ് ഭാരമില്ലായ്മ അനുഭവിക്കാനാകുക എന്നാണ് അവരുടെ വാദം. ഇതിനാല്‍ തന്നെ ഗ്യാലാറ്റിക്കില്‍ പറക്കുന്നവര്‍ക്ക് ബഹിരാകാശ സഞ്ചാരികളാണെന്ന് അവകാശപ്പെടാനാവില്ലെന്ന് അവര്‍ വാദിക്കുന്നു. അമേരിക്ക മാത്രമാണ് 80 കിലോമീറ്റര്‍ അല്ലെങ്കില്‍ 50 മൈലാണ് ബഹിരാകാശത്തിന്റെ പരിധി എന്നു പറയുന്നത്. ഇതിനാലാണ് അമേരിക്കന്‍ ജനസംഖ്യ കുറച്ച് 96 ശതമാനം ജനങ്ങളെക്കുറിച്ചു പറയുന്നത്. അതേസമയം, മിക്ക രാജ്യങ്ങളും കര്‍മന്‍ ലൈനിനെക്കുറിച്ച് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന വാദവും ഉണ്ട്.

 

ഇതിനെതിരെ തിരിച്ചടിച്ച് ഗ്യാലാറ്റിക്കിന്റെ പൈലറ്റ് നിക്കോളാ പെസിലെ രംത്തെത്തി. കര്‍മന്‍ രേഖയെക്കുറിച്ചുള്ള ഈ മൂത്രമൊഴിക്കല്‍ മത്സരം (pissing contest) ബാലിശമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഈ ട്വീറ്റ് പിന്നീട് ഡിലീറ്റു ചെയ്തു. ബ്ലൂ ഒറിജിന്‍ പറക്കുന്നത്ര ഉയരെ പറക്കുക എന്നത് അതിസങ്കീര്‍ണമാണെന്നും, അങ്ങനെ പറക്കുന്നവര്‍ക്ക് പ്രത്യേക ആദരവ് തന്നെ നല്‍കണമെന്നും അദ്ദഹം പരിഹസിച്ചു. ബഹിരാകാശ സഞ്ചാരം തങ്ങള്‍ക്ക് പുതിയ കാര്യമൊന്നുമല്ലെന്നും യാത്രികരുമായി തങ്ങള്‍ 2018ല്‍ പറന്നിട്ടുണ്ടെന്നും, ബ്ലൂ ഒറിജിന്‍ ഇതുവരെ പാവകളുമായി മാത്രമെ പറക്കല്‍ നടത്തിയിട്ടുള്ളുവെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. 

 

അതേസമയം, ബ്രാന്‍സണോട് താങ്കള്‍ ജെഫ് ബെസോസിനെ ബഹിരാകാശ യുദ്ധത്തില്‍ തോല്‍പ്പിക്കാനൊരുങ്ങുകയാണോ എന്ന ചോദ്യത്തിന് 'അതേതു ജെഫ്?' എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. ബഹിരാകാശ ടൂറിസം യുദ്ധത്തിലെ മൂന്നാമനായ സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കിനോടും 2016ല്‍ ബിബിസി ഇതേ ചോദ്യം ചോദിച്ചപ്പോള്‍ നല്‍കിയ ഉത്തരവും ഇതു തന്നെയായിരുന്നു. 

 

∙ ഇറാന്റെ റെയില്‍ ഗതാഗതം ഹാക്കര്‍മാര്‍ താറുമാറാക്കി

 

ഇറാന്റെ റെയില്‍റോഡ് സംവിധാനം ഹാക്കര്‍മാര്‍ താറുമാറാക്കി. രാജ്യത്തെ ഡിസ്‌പ്ലെ സംവിധാനങ്ങളില്‍ ട്രെയിനുകള്‍ റദ്ദു ചെയ്‌തെന്നോ, വൈകി വരുന്നെന്നോ ഒക്കെയുള്ള സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് സൈബര്‍ ആക്രമണകാരികള്‍ ഗതാഗതം താറുമാറാക്കിയത്. എന്നാല്‍ അതുകൊണ്ടൊന്നും നിർത്താനും ഹാക്കര്‍മാര്‍ക്ക് ഉദ്ദേശമില്ലായിരുന്നു. ഡിസ്‌പ്ലെ ബോര്‍ഡുകളില്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ നിശ്ചയമായും വിളിച്ച് അന്വേഷിക്കണമെന്നു പറഞ്ഞ് ഒരു ഫോണ്‍ നമ്പറും നല്‍കി. ഇത് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ (Ayatollah AliKhamenei) ഓഫിസിലേക്കുള്ള നമ്പര്‍ ആയിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹാക്കർ ഗ്രൂപ്പുകളൊന്നും രംഗത്തു വന്നിട്ടില്ല. അതേസമയം, ഇറാനിലെ ട്രെയിനുകളുടെ ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനവും ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇറാന്റെ വാര്‍ത്താ ഏജൻസിയായ ഫാര്‍സ് പിന്നീട് ഈ റിപ്പോര്‍ട്ട് നീക്കം ചെയ്ത് ട്രെയിന്‍ സര്‍വീസിന് ഒരു മുടക്കവും വന്നിട്ടില്ലെന്നാക്കി മാറ്റിയെന്നും പിടിഐ പറയുന്നു. സർക്കാർ വക്താവിനെ ഉദ്ധരിച്ചാണ് പുതിയ റിപ്പോര്‍ട്ട് നല്‍കിയത്. ഇറാനില്‍ ഇത്തരം ഹാക്കിങ് ആദ്യമായല്ല നടക്കുന്നതെന്നാണ് പറയുന്നത്. 

 

∙ മസ്‌കിന്റെ പേരില്‍ നിഷ്‌കളങ്കരായ ഇറാന്‍കാരുടെ പണവും തട്ടി

 

ട്രെയിന്‍ ഗതാഗത പ്രശ്‌നങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സൈബര്‍ തട്ടിപ്പും ഇറാനില്‍ അരങ്ങേറി. ഇതിനു ഇരയായത് നിഷ്‌കളങ്കരായ ഇറാനികളാണെന്ന് പിസിമാഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇലോണ്‍ മസ്‌കിന്റെ കമ്പനിയുടേതാണെന്ന രീതിയില്‍ വ്യാജ വെബ്‌സൈറ്റ് നിർമിച്ചാണ് (Starlinkiran[.]com) തട്ടിപ്പ് നടത്തിയത്. കൂടുതല്‍ മെച്ചപ്പെട്ട ഇന്റര്‍നെറ്റ് നല്‍കാമെന്നായിരുന്നു വെബ്‌സൈറ്റ് വഴിയുള്ള വാഗ്ദാനം. ഇതിനായി ബിറ്റ്‌കോയിന്‍ വഴി പണമടയ്ക്കാനാണ് പേര്‍ഷ്യന്‍ ഭാഷയിലുള്ള വെബ്‌സൈറ്റ് ആവശ്യപ്പെട്ടത്. മാസവരിയായി 39 ഡോളറും, ഉപകരണത്തിനായി 249 ഡോളറും വീതമാണ് പിരിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

 

∙ വിആര്‍ ഉപകരണങ്ങളില്‍ സ്‌പെഷ്യല്‍ ഓഡിയോ ഉള്‍പ്പെടുത്താന്‍ ആപ്പിള്‍

 

ആപ്പിള്‍ ഇറക്കിയേക്കുമെന്നു പറയുന്ന വെര്‍ച്വല്‍ റിയാലിറ്റി, മിക്‌സ്ഡ് റിയാലിറ്റി ഉപകരണങ്ങളില്‍ സ്‌പേഷ്യല്‍ ഓഡിയോ ഫീച്ചര്‍ അവതരിപ്പിച്ചേക്കുമെന്നു പറയുന്നു. കമ്പനിയുടെ ആപ്പിള്‍ ഗ്ലാസ് പോലെയുള്ള ഉപകരണങ്ങളിലായിരിക്കും ഈ വോയ്സ് സംവിധാനം ഒരുക്കുക എന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

∙ 6,990 രൂപയ്ക്ക് സ്മാര്‍ട്‌ ഫോണുമായി റിയല്‍മി

 

വിലകുറഞ്ഞ ഹാന്‍ഡ്‌സെറ്റായ സി11 2021 അവതരിപ്പിച്ചിരിക്കുകയാണ് റിയല്‍മി. ഇതിന് 6,990 രൂപയാണ് വില. ഫോണിന് 2 ജിബി റാമും, 32 ജിബി സ്റ്റോറേജ് ശേഷിയും ഉണ്ടായിരിക്കും. ഇരട്ട സിംകാര്‍ഡുകളും, മൈക്രോഎസ്ഡി കാര്‍ഡും ഇടാം. എട്ടുകോറുള്ള പ്രോസസര്‍ ശക്തിപകരുന്ന ഫോണിന് 6.5-ഇഞ്ച് സ്‌ക്രീനാണുള്ളത്. 8 എംപിയാണ് പ്രധാന ക്യാമറയുടെ റെസലൂഷന്‍. 5000 എംഎഎച് ബാറ്ററിയുമുണ്ട്. 

 

കടപ്പാട്: ദി വേര്‍ജ്, പിടിഐ, പിസിമാഗ്

 

English Summary: Space tourism rivalry gets extremely petty ahead of Branson’s spaceflight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com