ADVERTISEMENT

എല്ലാ സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ഫോറന്‍സിക് ലാബുകള്‍ സ്ഥാപിക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം 18 സൈബര്‍ ഫോറന്‍സിക്-കം-ട്രെയിനിങ് ലാബുകള്‍ കമ്മിഷന്‍ ചെയ്തു. കൂടുതല്‍ ലാബുകള്‍ താമസിയാതെ തുറക്കും. പണമിടപാട് മേഖലയിലും, സ്ത്രീകള്‍ക്കെതിരെയും വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു തടയിടാനായാണ് പുതിയ ലാബുകളെന്ന് ഐടി മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ലാബുകള്‍ ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇല്ല. ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലാബുകള്‍ കമ്മിഷന്‍ ചെയ്തു കഴിഞ്ഞു. അതേസമയം, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ബംഗാള്‍, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, മിസോറാം, മണിപ്പൂര്‍, ത്രിപുര, ഡല്‍ഹി എന്നിവടങ്ങളില്‍ ഫോറന്‍സിക് ലാബിന്റെ നിർമാണം അന്തിമഘട്ടത്തിലാണെന്നും പറയുന്നു.

 

∙ ഫോറന്‍സിക് പരിശീലന ലാബ് കേരളത്തിലും

 

പുതിയ നീക്കത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഫോറന്‍സിക് പരിശീലന ലാബുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളം, ഉത്തരാഖണ്ഡ്, മുംബൈ, പുണെ, ഗാസിയാബാദ് (സിബിഐ അക്കാദമി), കൊല്‍ക്കൊത്ത, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവടങ്ങളിലാണ് പരിശീലനകേന്ദ്രങ്ങള്‍ തുറന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും, അവ തടയുന്നതിനും, ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതിനും അടക്കമുള്ള പരിശീലനങ്ങളാണ് ഇപ്പോള്‍ നല്‍കുന്നത്. ഈ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തി 28,000 ലേറെ പൊലീസ്, എല്‍ഇഎ ഉദ്യോഗസ്ഥരും, ഏകദേശം 1,000 ജുഡീഷ്യല്‍ ഉദ്യോഗസ്ഥരും പരിശീലനം നേടിവരികയാണ്. ഐടി മന്ത്രാലയത്തിന് കീഴിയിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സൈബര്‍ ക്രൈം പ്രിവന്‍ഷന്‍ എഗെയിന്‍സ്റ്റ് വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ (സിസിപിഡബ്ല്യൂസി) പദ്ധതി പ്രകാരം സൈബര്‍ ഫോറന്‍സിക്-കം-ട്രെയിനിങ് ലാബുകള്‍ സ്ഥാപിക്കും. ലാബുകളിൽ പരിശീലനത്തിനും, ജൂനിയര്‍ സൈബര്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കാനുമായി ധനസഹായവും നല്‍കി.

 

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള ശ്രമവും കേന്ദ്രം നടത്തുന്നുണ്ട്. മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പുറത്തിറക്കുക എന്നതടക്കമുള്ള നീക്കങ്ങളാണ് കേന്ദ്രം നടത്തുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. 

 

∙ ഒളിംപിക്‌സ് ലൈവ് സ്ട്രീം ചെയ്യുന്നത് എങ്ങനെ?

 

ഇപ്പോള്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്‌സ് കാണാന്‍ ടിവി തന്നെ വേണമെന്നില്ല. വലിയ സ്‌ക്രീനിൽ മൽസരങ്ങൾ കാണണമെന്നില്ലെങ്കില്‍ ഫോണിൽ സോണിലൈവ് (SonyLiv) ആപ്പ് ഇന്‍സ്‌റ്റാള്‍ ചെയ്താല്‍ ഒളിംപിക്‌സ് ഓണ്‍ലൈനായി വീക്ഷിക്കാം. സോണി സ്‌പോര്‍ട്‌സ്നെറ്റ്‌വര്‍ക് ആണ് ഒളിംപിക്‌സിന്റെ സംപ്രേക്ഷണാവകാശം നേടിയിരിക്കുന്നത്. സോണി ടെന്‍ 1 എച്ഡി/എസ്ഡി (Sony TEN 1 HD/SD), സോണി ടെന്‍ 2 എച്ഡി/എസ്ഡി, സോണി ടെന്‍ 3 എച്ഡി/എസ്ഡി എന്നിവയിലും വീക്ഷിക്കാം. 

 

∙ ഇന്റര്‍നെറ്റിന് സ്വന്തം കറന്‍സി വേണമെന്ന് ട്വിറ്റര്‍ മേധാവി

 

ഓണ്‍ലൈന്‍ ലോകത്തിന്, ആഗോള തലത്തില്‍ സ്വീകാര്യതയുള്ള ഒരു നാണ്യവ്യവസ്ഥ വേണമെന്ന് ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സി. ഇതിനായി തങ്ങള്‍ ബിറ്റ്‌കോയിനിലാണ് ശ്രദ്ധ പതിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ക്രിപ്‌റ്റോകറന്‍സി ലോകത്തെവിടെയും ഉപയോഗിക്കാൻ സാധിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇതുവഴി ഇടപാടുകളുടെ വേഗം വര്‍ധിപ്പിക്കാമെന്നും, ഈ നൂതന മാര്‍ഗം പുതിയ രീതികള്‍ക്കു തുടക്കമിടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

ട്വിറ്ററിനും അതിലെ നിക്ഷേപകര്‍ക്കും പ്രാധാന്യമുള്ള മൂന്നു പ്രവണതകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വികേന്ദ്രീകരണം, ഇന്റര്‍നെറ്റ് എന്നിവയാണെന്നാണ് കമ്പനി മേധാവി പറഞ്ഞത്. ഇതു കൂടാതെ മറ്റൊരു ഘടകവുമുണ്ട്. ഇന്റര്‍നെറ്റിന്റെ ആഗോള കറന്‍സിയായ ബിറ്റ്‌കോയിന്‍. ഈ മേഖലയിലെല്ലാം തങ്ങള്‍ നേതൃനിരയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെന്നും ജാക്ക് വെളിപ്പെടുത്തി.

oneplus-nord-ce

 

∙ പുതിയ കമ്പനി തുടങ്ങാന്‍ ആല്‍ഫബെറ്റ്

 

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റ് റോബോട്ടിക് സോഫ്റ്റ്‌വെയര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പദ്ധതികള്‍ക്കായി പുതിയ കമ്പനി തുടങ്ങുന്നു. 'ഇന്‍ട്രിന്‍സിക്' എന്നായിരിക്കും കമ്പനിയുടെ പേര്. അത്യാധുനികമായ ബിസിനസ് സംരംഭങ്ങളായ വെരിലി, വെയ്‌മോ തുടങ്ങിയ ബിസിനസ് സംരംഭങ്ങള്‍ക്കു കീഴിലായിരിക്കും പുതിയ കമ്പനി. വ്യവസായ ആവശ്യങ്ങള്‍ക്കുള്ള റോബോട്ടുകളെ നിര്‍മിക്കുക എന്നത് ഇന്‍ട്രിന്‍സിക്കിന്റെ ഭാഗമായി നടത്തും. ഇവയെ കാറുകള്‍ക്കുള്ള സോളാര്‍ പാനലുകളുടെ നിര്‍മാണത്തിലടക്കം പ്രയോജനപ്പെടുത്താം. ഇത് ഗൂഗിളിന്റെ ഗവേഷണ വിഭാഗമായ 'എക്‌സ്' ല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി വികസിപ്പിച്ചു വരികയായിരുന്നു എന്നും കമ്പനി അറിയിക്കുന്നു. പുതിയ സ്വതന്ത്ര കമ്പനി തുടങ്ങാന്‍ തങ്ങളിപ്പോള്‍ സജ്ജരാണ് എന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. 

 

∙ ആപ്പിള്‍ മ്യൂസിക്കിന്റെ ലോസ്‌ലെസ് സ്‌പെഷ്യല്‍ ഓഡിയോ ആന്‍ഡ്രോയിഡിലും

 

ഈ ആഴ്ച ആദ്യം ആപ്പിളിന്റെ സംഗീത സ്ട്രീമിങ് വിഭാഗമായ ആപ്പിള്‍ മ്യൂസിക്കില്‍ ലോസ്‌ലെസ് മ്യൂസിക്, സ്‌പെഷ്യല്‍ ഓഡിയോ സപ്പോര്‍ട്ട് തുടങ്ങിയിരുന്നു. ഇത് ഐഒഎസ്, മാക് ഉപകരണങ്ങളിലായിരുന്നു ലഭ്യമായിരുന്നതെങ്കില്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡിലെ ആപ്പിള്‍ മ്യൂസിക് ആപ്പിലും എത്തിയിരിക്കുകയാണ്. ഇതു ലഭിക്കാന്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പിള്‍ മ്യൂസിക് ആപ്പിന്റെ 3.6 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയോ, അതിലേക്ക് അപ്‌ഡേറ്റു ചെയ്യുകയോ വേണം. 

 

∙ ഐഫോണ്‍ 13നൊപ്പം പുതിയ എയര്‍പോഡ്‌സും അവതരിപ്പിച്ചേക്കും

 

ഐഫോണ്‍ 13 സീരീസ് എന്നു വിളിച്ചേക്കാവുന്ന ആപ്പിളിന്റെ ഈ വര്‍ഷത്തെ പ്രീമിയം സ്മാര്‍ട് ഫോണുകള്‍ക്കൊപ്പം പുതിയ എയര്‍പോഡ്‌സും ഉണ്ടായേക്കാമെന്ന് ഡിജിടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. സ്‌പെഷ്യല്‍ ഓഡിയോ, ഡോള്‍ബി അറ്റ്‌മോസ് തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും ഇവ എത്തുക. എയര്‍പോഡ്‌സ് 3 വിഭാഗത്തില്‍ പെട്ട ഇയര്‍ഫോണുകളാകാം പുറത്തിറക്കുക. ഇവയ്ക്ക് ഇന്ത്യയില്‍ 15,000 രൂപയില്‍ താഴെയാണ് വില.

 

∙ ഗുരുതര ആരോപണത്തിന് പരിഹാരവുമായി വണ്‍പ്ലസ്

 

ഫോണുകളുടെ ബെഞ്ച് മാര്‍ക്കിങ് കൗശലത്തിലൂടെ നടത്തുന്നുവെന്ന ഗുരുതര ആരോപണം വണ്‍പ്ലസിനെതിരെ ഉയര്‍ന്നിരുന്നു. കൂടുതല്‍ മികച്ച ബാറ്ററി പ്രകടനത്തിനായാണ് കമ്പനി പ്രോസസറിന്റെ ശക്തി കുറയ്ക്കുന്നത് എന്നായിരുന്നു ആരോപണം. ഇതിനൊരു പരിഹാരം നല്‍കാന്‍ ഒരുങ്ങുകയാണ് കമ്പനി. സോഫ്റ്റ്‌വെയറില്‍ ഇതു ക്രമീകരിക്കാനുള്ള അവസരം ഉപയോക്താക്കള്‍ക്കു നല്‍കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

 

∙ വോഡഫോണ്‍ യൂറോപ്പിന് 3.3 ശതമാനം വളര്‍ച്ച

 

ഈ വര്‍ഷത്തെ ഒന്നാം പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നടത്തിയിരിക്കുകയാണ് വോഡഫോണ്‍ യൂറോപ്പ്. കമ്പനി 3.3 ശതമാനം അധിക വളര്‍ച്ചയാണ് ഈ കാലയളവില്‍ കാണിച്ചിരിക്കുന്നത്. 

 

കടപ്പാട്: എഎന്‍ഐ, 9ടു5ഗൂഗിള്‍, റോയിട്ടേഴ്‌സ്, ഡിജിടൈംസ്, വണ്‍പ്ലസ്‌

 

English Summary: 18 cyber forensic labs commissioned in India, more in pipeline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com