ADVERTISEMENT

ഇന്ത്യയിൽ തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയായേക്കാവുന്ന ആന്റിട്രസ്റ്റ് അന്വേഷണം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ആമസോണും ഫ്ലിപ്കാര്‍ട്ടും സുപ്രീംകോടതിയെ സമീപിച്ചു. കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ) 2020ല്‍ പ്രഖ്യാപിച്ച അന്വേഷത്തില്‍ പറയുന്നത് ഇരു കമ്പനികളും സങ്കീര്‍ണമായ മറ്റു വഴികളിലൂടെ ഇന്ത്യയുടെ നിയമങ്ങളെ മറികടക്കുന്നു എന്നാണ്. ഈ അന്വേഷണത്തിനെതിരെ 2020ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയിരുന്ന പരാതിയില്‍ കഴിഞ്ഞ മാസം തീര്‍പ്പു കല്‍പ്പിച്ചിരുന്നു. അന്വേഷണം നേരിടുന്നതില്‍ നിന്ന് കമ്പനികള്‍ നാണിച്ചു മാറിനില്‍ക്കേണ്ട കാര്യമില്ല എന്നാണ് കോടതി നിരീക്ഷിച്ചത്. ഇതിനെതിരെയാണ് ഫ്ലിപ്കാര്‍ട്ടും ആമസോണും ഇപ്പോള്‍ പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്. 

 

സിസിഐ തങ്ങളോട് ജൂലൈ മാസത്തില്‍ ഏറെ പ്രതിസന്ധിയിലാക്കുന്ന 32 ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നു എന്നാണ് ഫ്ലിപ്കാര്‍ട്ടിന്റെ പരാതിയില്‍ പറയുന്നത്. ഇത് നിയന്ത്രിക്കണമെന്നാണ് അവരുടെ അഭ്യര്‍ഥന. കമ്പനി ഫയൽ ചെയ്ത അഭ്യര്‍ഥന 700 പേജുകളുണ്ട്. ഇത് ഇനിയും പരസ്യമാക്കിയിട്ടില്ല. ഇത് കമ്പനിയുടെ കടുത്ത ആശങ്കയുടെ പ്രതിഫലനമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ഇപ്പോള്‍ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാര്‍ട്ടിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ പരസ്യമായ വാഗ്വാദങ്ങള്‍ ഉണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളുമായുള്ള ധാരണയെക്കുറിച്ചായിരിക്കാം ജൂലൈ 15ന് സിസിഐ ചോദിച്ച 32 ചോദ്യങ്ങളില്‍ ചിലതെന്നാണ് റിപ്പോര്‍ട്ടില്‍ അനുമാനിക്കുന്നത്. തങ്ങള്‍ക്കെതിരെ കടന്നുകയറ്റ സ്വഭാവമുള്ള അന്വേഷണമാണ് നടക്കുന്നതെന്നാണ് സുപ്രീംകോടതിയില്‍ കമ്പനി പറഞ്ഞിരിക്കുന്നത്. അതേസമയം, ആമസോണിന്റെ വാദങ്ങളില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് വ്യക്തമല്ല. 

 

സിസിഐ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ വളരെ സ്വകാര്യമായാണ്. ഇത് വെളിപ്പെടുത്തുന്നത് തങ്ങളുടെ ഖ്യാതിക്കും വിശ്വാസ്യതയ്ക്കും കളങ്കംവരുത്തുമെന്നാണ് ഫ്ലിപ്കാര്‍ട്ട് പറയുന്നത്. തങ്ങള്‍ക്കെതിരെ നടപടിയെടുത്തേ അടങ്ങൂ എന്ന വാശിയിലാണ് സിസിഐ ഡയറക്ടര്‍ - ജനറല്‍ നീങ്ങുന്നതെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങളെക്കുറിച്ചു പരസ്യമായി പ്രതികരിക്കാന്‍ ഫ്ലിപ്കാര്‍ട്ടും ആമസോണും സിസിഐയും തയാറായില്ല. ഇന്ത്യയുടെ വാണിജ്യകാര്യ മന്ത്രിയും കര്‍ണാടക ഹൈക്കോടതിയും പറയുന്നത് ഇരു കമ്പനികളും അന്വേഷണം നേരിടാന്‍ തയാറാകണമെന്നാണ്. അതേസമയം, ഇത്തരത്തിലുള്ള ഒരു അന്വേഷണം തങ്ങള്‍ക്കെതിരെ അഴിച്ചുവിടാന്‍ തക്ക എന്തു തെളിവാണ് സിസിഐ സംഘടിപ്പിച്ചിരിക്കുന്നത് എന്നാണ് കമ്പനികളുടെ മറുചോദ്യം. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള അവസാന ദിവസമായി ഫ്ലിപ്കാര്‍ട്ടിനു നല്‍കിയിരിക്കുന്ന സമയപരിധി ജൂലൈ 30ന് അവസാനിക്കും.

 

ഫ്ലിപ്കാര്‍ട്ടില്‍ ഉൽപന്നങ്ങള്‍ ലിസ്റ്റു ചെയ്യാന്‍ സ്വീകരിച്ചിരിക്കുന്ന നയം, സെയിലുകളുടെ സമയത്ത് സെല്ലര്‍മാരുമായി നടത്തിയിരിക്കുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍, ഫ്ലിപ്കാര്‍ട്ടിലെ ഏറ്റവും പ്രധാനപ്പെട്ട 100 സെല്ലര്‍മാരുമായി നടത്തിയിരിക്കുന്ന ഇടപാടുകളുടെ രേഖകള്‍, മുഖ്യമായി വിറ്റുപോയ ഉൽപന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയാണ് സിസിഐ നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. കമ്പനി 2015നും 2020നുമിടയില്‍ നടത്തിയിരിക്കുന്ന കച്ചവടത്തെക്കുറിച്ചുള്ള വിവരങ്ങളും ചോദിച്ചിരിക്കുന്നു. ഇതെല്ലാം കടന്നുകയറ്റമാണെന്നും, ഇത്തരം വിവരങ്ങള്‍ നല്‍കിയാല്‍ അത് തങ്ങള്‍ക്ക് കടുത്ത ആഘാതം സമ്മാനിക്കുമെന്നുമാണ് കമ്പനി പറഞ്ഞിരിക്കുന്നത്. 

 

ഉപഭോക്താവില്‍ നിന്ന് എംആര്‍പി തന്നെ വാങ്ങാൻ ഉത്സാഹം കാട്ടിയിരുന്ന പ്രാദേശിക കടകളില്‍ നിന്ന് വിഭിന്ന കച്ചവട രീതി പ്രചരിപ്പിച്ച ഫ്ലിപ്കാര്‍ട്ടും ആമസോണും രാജ്യമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് മുൻപെങ്ങുമില്ലാത്ത തൃപ്തി നല്‍കി. സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും തുടങ്ങിയ ഫ്ലിപ്കാര്‍ട്ട് ആദ്യ കാലത്ത് വില്‍ക്കുന്ന പല ഉൽപന്നങ്ങള്‍ക്കും പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ 30 ദിവസത്തിനുള്ളിൽ മാറ്റിനല്‍കുമെന്ന വാഗ്ദാനം വരെ നല്‍കിയാണ് ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജിച്ചത്. എന്നാല്‍, ഫ്ലിപ്കാര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പരാതിയില്‍ കാണുന്ന പരിഭ്രാന്തി, രാജ്യത്തെ വില്‍ക്കല്‍ വാങ്ങലുകള്‍ പുതിയ കൈകളിലേക്കു നീങ്ങിയേക്കും എന്നതിന്റെ സൂചനകളാകാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഇരു കമ്പനികള്‍ക്കുമെതിരെയുള്ള നടപടികള്‍ ഒരു ഇന്ത്യ-അമേരിക്ക പ്രശ്‌നമായിതീരാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും നിരീക്ഷകർ പറയുന്നു.

 

∙ ട്വിറ്ററുമായുള്ള പ്രശ്‌നത്തിനൊടുവില്‍ കേന്ദ്ര സർക്കാർ കൂ ആപ്പിലേക്കു മാറുന്നു

 

അമേരിക്കന്‍ കമ്പനിയായ ട്വിറ്ററും ഇന്ത്യയും തമ്മില്‍ നടന്നുവന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സർക്കാർ പ്രാദേശിക ആപ്പായ കൂ ഉപയോഗിക്കാന്‍ തുടങ്ങി. പുതിയ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇപ്പോള്‍ പുതിയ കൂ അക്കൗണ്ട് എടുത്തിരിക്കുന്നത്. തന്റെ മുന്‍ഗാമി രവിശങ്കര്‍ പ്രസാദ് തുടങ്ങിവച്ച നീക്കങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ക്കെതിരെ തുടരുമെന്ന വ്യക്തമായ സൂചനയാണ് അദ്ദേഹവും നല്‍കുന്നത്. രാജ്യത്തിന്റെ നിയമങ്ങള്‍ വിദേശ കമ്പനികള്‍ അനുസരിക്കണമെന്ന തന്റെ അഭിപ്രായം കൂ അക്കൗണ്ടിലാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇതാകട്ടെ തന്റെ 258,000 ഫോളോവര്‍മാരുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിട്ടുമില്ല.

facebooks-oculus-connect-vr

 

∙ ട്വിറ്റര്‍ പുതിയ ഐടി നിയമങ്ങള്‍ അനുസരിക്കാത്തതില്‍ അസംതൃപ്തി പ്രകടിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി

 

ട്വിറ്റര്‍ ഇനിയും ഇന്ത്യയില്‍ ഒരു ചീഫ് കംപ്ലയന്‍സ് ഓഫിസറെ (സിസിഒ) മാനേജറിയല്‍ തസ്തികയില്‍ നിയമിക്കാത്തതില്‍ അസംതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് ഡല്‍ഹി ഹൈക്കോടതി. ട്വിറ്റര്‍ നിയമിച്ചിരിക്കുന്ന സിസിഒ താന്‍ കമ്പനിയുടെ ജോലിക്കാരനല്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. അതു പറ്റില്ലെന്നാണ് കോടതി പറയുന്നത്.

 

∙ ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിളും ചേര്‍ന്ന് കഴിഞ്ഞ പാദത്തില്‍ നേടിയത് 5000 കോടി ഡോളര്‍!

 

അമേരിക്കന്‍ കമ്പനികളായ ആപ്പിളും മൈക്രോസോഫ്റ്റും ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റും ചേര്‍ന്ന് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നേടിയത് 5000 കോടി ഡോളര്‍! ഈ കമ്പനികള്‍ ലേകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ പ്രതിഫലനമാണ് ഈ തുകയെന്നു വിലയിരുത്തപ്പെടുന്നു. ഈ മൂന്നു കമ്പനികള്‍ക്കും സംയുക്തമായുള്ള വിപണി മൂല്യമാകട്ടെ 6.4 ട്രില്ല്യന്‍ ഡോളറും! ഇവയുടെ മൊത്തത്തിലുള്ള മൂല്യം കഴിഞ്ഞ 16 മാസത്തിനിടയില്‍ ഇരട്ടിച്ചു.

 

∙ ആസ്‌ക് അലക്‌സ വിജറ്റ് ഐഫോണില്‍

 

ആമസോണ്‍ ഐഒഎസ് അലക്‌സ ആപ്പ് പുതുക്കി ഇറക്കി. ഐഒഎസിലെ മറ്റ് വിജറ്റുകളെപ്പോലെ ആസ്‌ക് അലക്‌സ വിജറ്റും ഇനി ഫോണിന്റെ ഹോം സ്‌ക്രീനില്‍ വരുത്താം. ഒറ്റ ടാപ്പില്‍ തന്നെ ഉപയോക്താക്കള്‍ക്ക് ഇനി അലക്‌സയോട് കാര്യങ്ങള്‍ ആവശ്യപ്പെടാം. ആപ്പിളിന്റെ സിരി വോയിസ് അസിസ്റ്റന്റിനേക്കാള്‍ സ്വീകാര്യതയുള്ള സേവനമാണ് ആമസോണ്‍ അലക്‌സ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അലക്‌സ സേവനം ഹോം സ്‌ക്രീനില്‍ വേണമെങ്കില്‍ നിലവില്‍ അലക്‌സ ആപ്പ് ഉപയോക്താവാണെങ്കില്‍ അപ്‌ഡേറ്റു ചെയ്യുക. ഉപയോക്താവല്ലെങ്കില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക. തുടര്‍ന്ന് ഫോണിന്റെ വിജറ്റ് സ്‌ക്രീനിലെത്തി '+' ഐക്കണില്‍ ക്ലിക്കു ചെയ്യുക. തുടര്‍ന്ന് അലക്‌സാ സേവനം സ്‌ക്രീനില്‍ എവിടെ വേണമെങ്കിലും വയ്ക്കാന്‍ സാധിക്കുമെന്ന് ഐമോര്‍ പറയുന്നു. 

 

∙ ചില ഉപയോക്താക്കള്‍ക്ക് ചൊറിച്ചില്‍, ഫെയ്‌സ്ബുക് ഒക്യുലസ് ക്വെസ്റ്റ് 2ന്റെ വില്‍പന നിർത്തി

 

ഫെയ്‌സ്ബുക്കിന്റെ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റായ ഒക്യുലസ് ക്വെസ്റ്റിന്റെ 2-ാം തലമുറയുടെ വില്‍പന താത്കാലികമായി നിർത്തി. ഇത് ഉപയോഗിക്കുമ്പോള്‍ തൊലിപ്പുറത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നുവെന്ന് പല ഉപയോക്താക്കളും റിപ്പോര്‍ട്ടു ചെയ്തതോടെയാണ് വില്‍പന തത്കാലത്തേക്ക് നിർത്തിയത്. കമ്പനി പറയുന്നത് ചെറിയൊരു ശതമാനം ആളുകള്‍ക്കു മാത്രമാണ് ചൊറിച്ചില്‍ അനുഭവപ്പെടുന്നത് എന്നാണ്. 

 

കടപ്പാട്: റോയിട്ടേഴ്‌സ്, എപി, ഐമോര്‍, സെഡ്ഡി നെറ്റ്

 

English Summary: After Flipkart, Amazon Said to File Appeal at India's Supreme Court in Antitrust Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com