sections
MORE

വെര്‍ജിന്‍ ഗലാക്റ്റിക്കിന് ബഹിരാകാശ യാത്രാ വിലക്ക്! ശരിക്കും ആദ്യ യാത്രയിൽ സംഭവിച്ചതെന്ത്?

SPACE-EXPLORATION/VIRGINGALACTIC
Virgin Galactic/Handout via REUTERS
SHARE

ആമസോണ്‍ മേധാവി ജെഫ് ബെസോസിനെയും അദ്ദേഹത്തിന്റെ ബ്ലൂ ഒറിജിനെയും പരാജയപ്പെടുത്തി ആദ്യ ബഹിരാകാശ യാത്ര നടത്തിയ റിച്ചഡ് ബ്രാന്‍സന്റെ വെര്‍ജിന്‍ ഗലാക്റ്റിക്കിന് താത്കാലിക വിലക്ക്. യുഎസ് വ്യോമയാന നിയന്ത്രണാധികാരികളായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനാണ് വിലക്കേർപ്പെടുത്തിയതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. കന്നിപ്പറക്കലിനു ശേഷം ഗലാക്റ്റിക്കിന്റെ ബഹിരാകാശ പേടകം സുരക്ഷിതമായി തിരിച്ചിറങ്ങി എന്ന തോന്നലാണ് ആദ്യമുണ്ടായത്. ഗലാക്റ്റിക്കിന്റെ സ്‌പേസ് പ്രോഗ്രാമിന്റെ ചുമതലയുള്ള മൈക്കിൾ മോസസ് പറഞ്ഞത് എല്ലാം മികച്ച രീതിയില്‍ നടന്നു എന്നാണ്. ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും പറക്കലിനിടയില്‍ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം എടുത്തു പറഞ്ഞിരുന്നു. എന്നാല്‍, ഇത് ഫ്‌ളൈറ്റിനെക്കുറിച്ച് പൈലറ്റ് ഔദ്യോഗികമായി തന്റെ അനുഭവം വിവരിക്കുന്നതിനു മുൻപുള്ള പ്രസ്താവനയായിരുന്നു.

∙ വഴുതി മാറിയോ?

ദി ന്യൂയോര്‍ക്കര്‍ മാധ്യമപ്രവര്‍ത്തകന്‍ നിക്കൊളാസ് സ്‌ക്മിഡ്‌ലിന്റെ (Nicholas Schmidle) റിപ്പോര്‍ട്ടാണ് പുതിയ രഹസ്യങ്ങൾ വെളിപ്പെടുത്തിത്. ജൂലൈ 11ന് ബ്രാന്‍സനെ അടക്കം വഹിച്ചുകൊണ്ടു പൊങ്ങിയ പേടകം അംഗീകരിക്കപ്പെട്ട ഉയരത്തിനു താഴെ വച്ച് അല്‍പം പിടിവിട്ടു പറന്നു (drift) എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കോക്പിറ്റില്‍ മുന്നറിയിപ്പു ലൈറ്റുകള്‍ പ്രകാശിക്കുകയും ചെയ്തു. അതേസമയം, ഇത് വേഗമേറിയ കാറ്റ് മൂലം സംഭവിച്ചതാണ്, യാത്രക്കാരും ജീവനക്കാരും അപകടത്തിലായിരുന്നില്ല എന്നും വെര്‍ജിന്‍ ഗലാക്റ്റിക് പ്രതികരിച്ചു. ഇത്തരം അവസരങ്ങളില്‍ പാലിക്കേണ്ട ഔദ്യോഗിക മാനദണ്ഡങ്ങള്‍ പൈലറ്റ് കൃത്യമായി പാലിച്ചുവെന്നും കമ്പനി പറഞ്ഞു. എന്തായാലും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നു ബോധ്യപ്പെടുത്തിയ ശേഷം മതി ഇനി യാത്ര എന്നാണ് എഫ്എഎ അധികാരികളുടെ നിലപാട്. അതേസമയം, കമ്പനിക്ക് നേരത്തെ അറിയാമായിരുന്ന ഈ വിവരം എന്തുകൊണ്ട് വെര്‍ജിന്‍ പുറത്തുവിട്ടില്ല എന്നത് നിക്ഷേപകര്‍ക്ക് കമ്പനിയോടുള്ള മതിപ്പു കുറച്ചേക്കുമെന്നും പറയുന്നു. 

∙ വാട്‌സാപ് സന്ദേശങ്ങള്‍ ഫെയ്‌സ്ബുക്കിനു വായിക്കാമെന്ന് റിപ്പോര്‍ട്ട്

വാട്‌സാപ്പില്‍ അയയ്ക്കുന്ന എല്ലാ സന്ദേശങ്ങളും ആപ്പിന്റെ ഉടമയായ ഫെയ്‌സ്ബുക്കിനു വായിക്കാമെന്ന് പ്രോപബ്ലിക്കാ (ProPublica) പുറത്തിറക്കിയ റിപ്പോര്‍ട്ട് ടെക്‌നോളജി ലോകത്ത് ഞെട്ടലുണ്ടാക്കി. വാട്‌സാപ്പിലുണ്ടെന്നു പറയുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ (ഇ2ഇ) ഭേദിച്ച് ഫെയ്‌സ്ബുക്കിന്റെ മോഡറേറ്റര്‍മാര്‍ക്ക് സന്ദേശങ്ങൾ, ഫോട്ടോ, വിഡിയോ എന്നിവ കാണാം എന്നായിരുന്നു ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അത് ടെക്‌നോളജി വൃത്തങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവയ്ക്കുകയായിരുന്നു. എന്നാല്‍, തങ്ങളുടെ റിപ്പോര്‍ട്ട് എഴുതിയ രീതിയില്‍ അല്‍പം പ്രശ്‌നമുണ്ടെന്നു പറഞ്ഞ് അവര്‍ അത് പുതുക്കി പ്രസിദ്ധീകരിച്ചു. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് പ്രകാരവും ഫെയ്‌സ്ബുക്കിന്റെ മോഡറേറ്റര്‍മാര്‍ക്ക് വാട്‌സാപ് വഴി കൈമാറുന്ന സന്ദേശങ്ങള്‍ വായിക്കാമെന്നു തന്നെയാണ് പറയുന്നത്.

രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ ഒരു പ്രധാന മാറ്റമാണ് വരുത്തിയത്: നിലവില്‍ ഇങ്ങനെ പരിശോധിക്കുന്നത് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന പോസ്റ്റുകളാണ് എന്നതാണ് അത്. കുഴപ്പംപിടിച്ച ഒരു പോസ്റ്റ് ആരെങ്കിലും ഇട്ടുവെന്നു പറഞ്ഞാല്‍ മാത്രമാണ് മോഡറേറ്റര്‍മാര്‍ അതു പരിശോധിക്കുന്നതെന്നും ഇവര്‍ ഫെയ്‌സ്ബുക്കിനായി കരാര്‍ അടിസ്ഥാനത്തില്‍ ജോലിയെടുക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, 9ടു5 മാക്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരു ചിത്രത്തെക്കുറിച്ചോ, വിഡിയോയെക്കുറിച്ചോ ഏതെങ്കിലും യൂസര്‍ വാട്‌സാപ്പിലെ 'റിപ്പോര്‍ട്ട്' ബട്ടണ്‍ ഉപയോഗിച്ച് റിപ്പോര്‍ട്ടു ചെയ്യുമ്പോഴാണ് അത് ഫെയ്‌സ്ബുക്കിന് ഓട്ടോഫോര്‍വേഡ് ആകുന്നത് എന്നാണ്. ഇങ്ങനെ ഫോര്‍വേഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ പുതിയ ഇ2ഇ എന്‍ക്രിപ്ഷന്‍ നടത്തിയാണ് ഫെയ്‌സ്ബുക്കിന്റെ കയ്യിലെത്തുന്നത്. ഇത് പിന്നീട് പ്രോപബ്ലിക്കയും സമ്മതിക്കുകയായിരുന്നു. ഇതുവരെ ഇ2ഇ എന്‍ക്രിപ്ഷന്‍ നിലനിര്‍ത്തിയിട്ടുണ്ട് എന്നാണ് അവര്‍ സമ്മതിച്ചത്. എന്തായാലും, രാഷ്ട്രീയ സന്ദേശങ്ങളും മറ്റും എതിരാളികളുടെ കൈകളിലെത്തിയാല്‍ അവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാം.

WHATSAPP-INDIA/FAKENEWS

∙ ഗൂഗിളിനെതിരെ യൂറോപ്യന്‍ യൂണിയന്‍ വീണ്ടും അന്വേഷണം നടത്തും

യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിലെതിരെ വീണ്ടും ആന്റിട്രസ്റ്റ് അന്വേഷണം നടത്തുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഗൂഗിള്‍ അസിറ്റന്റ് ഉപയോഗിക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിതരാക്കുന്നു എന്ന ആരോപണമാണ് അന്വേഷിക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തങ്ങള്‍ ഉപകണ നിര്‍മാതാക്കളെ നിര്‍ബന്ധിക്കുന്നില്ല എന്നതിനുള്ള തെളിവു സമര്‍പ്പിക്കാനാണ് അധികാരികള്‍ ഗൂഗിളിനോട്  ആവശ്യപ്പെട്ടിരിക്കുന്നത്.

∙ ടെക്‌നോളിജി കമ്പനികളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ അമേരിക്കയും ഇയുവും

ഇന്റര്‍നെറ്റിന്റെ ജനാധിപത്യ മൂല്യങ്ങള്‍ നിലിര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും പ്രതിനിധികള്‍ ഈ മാസം തന്നെ സംയുക്തമായി യോഗം ചേരും. ടെക്‌നോളജി കമ്പനികളെ എങ്ങനെ നിയന്ത്രിക്കണമെന്ന കാര്യത്തെക്കുറിച്ച് ഇരു കൂട്ടരും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. ഭാവിയില്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെ ബിസിനസ് രീതികളെ കാര്യമായി മാറ്റിമറിച്ചേക്കാവുന്ന തീരുമാനങ്ങള്‍ ഉണ്ടായേക്കാമെന്ന് എഎഫ്പി റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, ചൈനീസ് ടെക്‌നോളജി കമ്പനികളുടെ കടന്നുകയറ്റം തടയാനുള്ള സഹായം അമേരിക്ക ഇയുവിനോട് അഭ്യര്‍ഥിക്കുമെന്നത് ഉറപ്പാണെന്നും പറയുന്നു. 

∙ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ കാശുവാങ്ങി ഉൽപന്നങ്ങൾ റിവ്യൂ ചെയ്യുന്നത് പരസ്യ വിഭാഗത്തില്‍ പെടുത്തണമെന്ന്

വിവിധ കമ്പനികളില്‍ നിന്ന് പണം വാങ്ങിയ ശേഷം ഉൽപന്നങ്ങള്‍ പരിചയപ്പെടുത്തുന്ന സമൂഹ മാധ്യമ പോസ്റ്റുകള്‍ക്കൊപ്പം ഇത് പരസ്യമാണ് എന്ന വിവരണം ഉള്‍ക്കൊള്ളിക്കണമെന്ന് ജര്‍മന്‍ കോടതി ഉത്തരവിട്ടു. ഫെഡറല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസാണ് ഉത്തരവിട്ടത്.

∙ ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക് 4കെ മാക്‌സിൽ വൈഫൈ 6

ആമസോണിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച വിഡിയോ സ്ട്രീമിങ് ഉപകരണമായ ഫയർ ടിവി സ്റ്റിക് 4 കെ മാക്സ് അവതരിച്ചു. ഫയര്‍ ടിവി സ്റ്റിക് 4കെ മാക്‌സിന്റെ പ്രീ ഓര്‍ഡറും തുടങ്ങിയിട്ടുണ്ട്. സാധാരണ ഫയര്‍ ടിവി സ്റ്റിക്ക് 4കെയേക്കാള്‍ 40 ശതമാനം കരുത്തു കൂടിയതാണ് പുതിയ ഉപകരണമെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ ക്വാഡ് കോര്‍ 1.8 ഗിഗാഹെട്‌സ് പ്രോസസറും, 2ജിബി റാമും ഉള്‍ക്കൊള്ളിച്ചാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ, വൈ-ഫൈ 6 സപ്പോര്‍ട്ടും ഉണ്ട്. ഇതിനാല്‍ സ്ട്രീമിങ് കൂടുതല്‍ സുഗമമാക്കും. ഇതിന് 4കെ യുഎച്ഡി, എച്ഡിആര്‍, എച്ഡിആര്‍ 10 സ്ട്രീമിങ്, ഡോള്‍ബി വിഷന്‍, ഡോള്‍ബി അട്‌മോസ് സപ്പോര്‍ട്ടും ഉണ്ട്. പുതിയ അലക്‌സ റിമോട്ടും ഒപ്പം ലഭിക്കും. വില 6,499 രൂപ. 

∙ ജെബിഎല്‍ പുതിയ ഷോട്ഗണ്‍ മൈക്രോഫോണ്‍ അവതരിപ്പിച്ചു

പുതിയ ഷോട്ഗണ്‍ മൈക്രോഫോണായ ജിഎസ്എസ്ജി20 മോഡല്‍ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുകയാണ് ജെബിഎല്‍. കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും വ്‌ളോഗര്‍മാര്‍ക്കും വിഡിയോഗ്രാഫര്‍മാര്‍ക്കും മികച്ച ശബ്ദം പിടിച്ചെടുക്കാന്‍ സഹായിക്കുന്നതാണ് പുതിയ മൈക്രോഫോണ്‍ എന്ന് കമ്പനി പറയുന്നു. വില 4,999 രൂപ.

∙ റിയല്‍മി പുതിയ രണ്ടു ബ്ലൂടൂത്ത് സ്പീക്കറുകള്‍ അവതരിപ്പിച്ചു

കോബിൾ, പോക്കറ്റ് എന്ന പേരുകളില്‍ റിയൽമിയുടെ പുതിയ രണ്ടു ബ്ലൂടൂത്ത് സ്പീക്കറുകള്‍ ഇന്ത്യയിലെത്തി. ഒമ്പതു മണിക്കൂര്‍ വരെ ബാറ്ററി ലഭിക്കുന്ന കോബിൾ സ്പീക്കറിന് 1,799 രൂപയാണ് എംആര്‍പി. അതേസമയം, തുടക്ക ഓഫറെന്ന നിലയില്‍ ഇത് കുറച്ചു കാലത്തേക്ക് 1,499 രൂപയ്ക്കും വില്‍ക്കും. റിയല്‍മി പോക്കറ്റിന്റെ എംആര്‍പി 1,099 രൂപയാണ്. ഓഫര്‍ വില 999 രൂപയായിരിക്കും. 

∙ ചൈനീസ് ഗെയ്മിങ് കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു 

ചൈന ഓണ്‍ലൈന്‍ ഗെയ്മിങ്ങിനെതിരെ കടുത്ത നിലപാടുകളുമായി മുന്നോട്ടു പോകാന്‍ ഒരുങ്ങുന്നുവെന്ന സൂചന ലഭിച്ചതോടെ ചൈനീസ് ഗെയിം നിര്‍മാതാക്കളുടെ ഓഹരി വില ഹോങ്കോങ് ഓഹരി വിപണിയില്‍ ഇടിഞ്ഞു. ടെന്‍സന്റിന്റെ ഓഹരി വില 4 ശതമാനം ഇടിഞ്ഞു. നെറ്റ്ഈസിന്റെ (NetEase) വില 6.45 ശതമാനവും ഇടിഞ്ഞു. അതേസമയം, എന്തുവന്നാലും തങ്ങള്‍ അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പരിപൂര്‍ണമായി പാലിക്കുമെന്ന് ഇരു കമ്പനികളും പ്രതികരിച്ചു.

English Summary: US FAA Suspends Virgin Galactic 'SpaceShip Two' Over July 11 Flight Mishap Probe

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA