ADVERTISEMENT

മിക്കവരുടെയും കൈകളിൽ ഇന്ന് വിവിധ ബ്രാൻഡുകളുടെ സ്മാർട് ഫോണുകളുണ്ട്. എന്നാൽ അമിതമായ സ്മാര്‍ട് ഫോണ്‍ ഉപയോഗം ജനങ്ങളുടെ മാനസികാരോഗ്യം തകര്‍ത്തേക്കാമെന്ന ആശങ്കയാണ് ലോകമെമ്പാടുമുള്ള ഗവേഷകര്‍ പങ്കുവയ്ക്കുന്നത്. ഇതിനിടയിലാണ് ഷൈന്‍ (Shine) എന്ന മാനസികാരോഗ്യ ആപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ ആപ്പിള്‍ മേധാവി ടിം കുക്കിനെ സന്ദര്‍ശിച്ചതെന്ന് 9ടു5മാക് റിപ്പോര്‍ട്ടു ചെയ്യുന്നു. ആപ്പിൾ ആപ് സ്റ്റോറിലെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ആപ്പുകളിലൊന്നാണ് ഷൈന്‍. ഈ ആപ്പിന്റെ ഡെവലപ്പര്‍മാരോടാണ് കുക്ക് സ്മാര്‍ട് ഫോണുകളുടെ അമിതോപയോഗം മൂലം മാനസികാരോഗ്യം പ്രതിസന്ധിയിലാകാമെന്ന് സമ്മതിച്ചത്.

 

∙ ആളുകള്‍ ടെക്‌നോളജി അമിതമായി ഉപയോഗിക്കുന്നതില്‍ ആശങ്ക

 

ആളുകള്‍ ഒരു പരിധിക്കപ്പുറത്ത് ടെക്‌നോളജി ഉപയോഗിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് കുക്ക് പറഞ്ഞു. ആളുകള്‍ ഫോണിൽ നിരന്തരം സ്‌ക്രോൾ ചെയ്തുകൊണ്ടിരിക്കുന്നത് കാണുന്നത് തനിക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് നിഷേധാത്മകത (negativity) അടക്കമുളള പ്രശ്‌നങ്ങള്‍ ബാധിക്കാന്‍ ഇടവരുത്തും. എന്നാല്‍,  ജനങ്ങൾ ടെക്‌നോളജി ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ഐഫോണ്‍ നിര്‍മാണ കമ്പനിയുടെ മേധാവി കൂട്ടിച്ചേര്‍ത്തു. പക്ഷേ, ആളുകള്‍ ബുദ്ധിഹീനമായി, നിരന്തരം സ്‌ക്രോൾ ചെയ്തുകൊണ്ടിരിക്കുന്നത് തനിക്ക് ഇഷ്ടമില്ലാത്തതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ടെക്‌നോളജി മനുഷ്യര്‍ക്ക് ഉപകാരപ്രദമാകുകയാണ് ചെയ്യേണ്ടത്. മറിച്ചല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

∙ മഹാമാരി തനിക്കും വിഷാദം സമ്മാനിച്ചുവെന്ന് കുക്ക്

smartphone-internet

 

താനൊരു സൂപ്പമാന്‍ അല്ല, തന്റെ നെഞ്ചില്‍ എസ് (s) എന്ന് എഴുതിവച്ചിട്ടില്ല, മറ്റെല്ലാവരെയും പോലെ തനിക്കും മഹാമാരി അസ്വാസ്ഥ്യങ്ങള്‍ സമ്മനിച്ചുവെന്നും വെളിപ്പെടുത്തുകയാണ് കുക്ക്. മറ്റുള്ളവരേക്കാളും തനിക്ക് പല സവിശേഷഭാഗ്യങ്ങളും കൈവന്നിട്ടുണ്ട്. എന്നാല്‍, മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ അതൊന്നും ഒരു പ്രതിരോധവും ചമയ്ക്കുന്നില്ലെന്നാണ് കുക്ക് പറഞ്ഞുവയ്ക്കുന്നത്. 

 

∙ നിങ്ങള്‍ കൂടുതല്‍ ടെക്‌നോളജി ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ കുക്കിന്റെ വിദ്യ

 

കഴിഞ്ഞ വര്‍ഷവും കുക്ക് ടെക്‌നോളജിയുടെ അമിത ഉപയോഗത്തിനെതിരെ സംസാരിച്ചിരുന്നു. നിങ്ങളുടെ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയാനായി കുക്കിന്റെ സമവാക്യം ഉപയോഗിക്കാം: താന്‍ പങ്കുവയ്ക്കുന്നത് ലളിതമായൊരു നിയമമാണ്. നിങ്ങള്‍ ആളുകളുടെ കണ്ണിലേക്കല്ല, പകരം ഉപകരണത്തിലേക്കാണ് ഓരോ ദിവസവും കൂടുതലായി നോക്കുന്നതെങ്കില്‍ നിങ്ങള്‍ തെറ്റായ കാര്യമാണ് ചെയ്യുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

 

∙ ആര്‍എസ്എസിന്റെ വിദ്വേഷ പ്രചാരണം തടയാതിരുന്നത് ഹിന്ദി അറിയാത്തതിനാല്‍ – ഫെയ്‌സ്ബുക്കിന്റെ മുന്‍ ജീവനക്കാരി

tesla

 

ഇന്ത്യയില്‍ ആര്‍എസ്എസുകാരും ഗ്രൂപ്പുകളും തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷപ്രചരണം നടത്തുന്ന കാര്യത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിന് അറിയാമായിരുന്നു എന്ന് കമ്പനിയുടെ മുന്‍ ജീവനക്കാരി ഫ്രാന്‍സെസ് ഹൗഗന്‍ പറഞ്ഞു എന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍, ഇതിനെതിരെ നടപടി എടുക്കാന്‍ സാധിക്കാതിരുന്നത് തങ്ങള്‍ക്ക് ഹിന്ദിയിലും ബംഗാളിയിലും ക്ലാസിഫയറുകള്‍ (classifiers) ഇല്ലാതിരുന്നതിനാലാണ് എന്നാണ് അവര്‍ പറഞ്ഞത്. ഫെയ്‌സ്ബുക്കിന്റെ വിദ്വേഷപ്രചാരണം തിരിച്ചറിയാനുള്ള അല്‍ഗോരിതത്തിനാണ് ക്ലാസിഫയറുകള്‍ എന്നു പറയുന്നത്. ഹിന്ദിയും ബംഗാളിയും അടക്കമുള്ള പ്രാദേശിക ഭാഷകളിലാണ് ഫെയ്‌സ്ബുക്കിന് ക്ലാസിഫയറുകള്‍ ഇല്ലാതിരുന്നത്.

 

∙ ആമസോണ്‍ സ്വന്തം സ്മാര്‍ട് ഫ്രിജ് നിർമിച്ചേക്കുമെന്ന്

 

പ്രോജക്ട് പള്‍സ് എന്ന പേരിലുള്ള ആമസോണിന്റെ പരീക്ഷണങ്ങള്‍ സ്വന്തമായി സ്മാര്‍ട് ഫ്രിജ് നിര്‍മിക്കാനുള്ള ശ്രമം ആയിരിക്കാമെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ ഫ്രിജിന് അതിനുള്ളല്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ എക്‌സ്പയറി ഡേറ്റ് അറിയാന്‍ സാധിച്ചേക്കും. അതില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന സാധനങ്ങളുടെ റെസിപി തയാറാക്കി നല്‍കാനും, ആമസോണ്‍ ഫ്രെഷ് കടയില്‍ നിന്ന് കൂടുതല്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള കഴിവും എല്ലാമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ള ഫ്രിജുകള്‍ സാംസങും എല്‍ജിയും ഇപ്പോള്‍ത്തന്നെ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍, ആമസോണിന് ഇവരുടെ മുന്നില്‍ കയറാനായേക്കുമെന്നാണ് ദി വേര്‍ജ് റിപ്പോര്‍ട്ടു ചെയ്യുന്നത്.  

 

∙ അടുത്ത 12.9-ഇഞ്ച് ഐപാഡിനുള്ള ഓലെഡ് പാനലുകള്‍ നിര്‍മിക്കുന്നത് എല്‍ജി

 

ആപ്പിള്‍ കമ്പനിയുടെ അടുത്ത 12.9-ഇഞ്ച് വലുപ്പമുള്ള ഐപാഡ് മോഡലുകള്‍ക്കുള്ള ഓലെഡ് പാനലുകള്‍ നിര്‍മിക്കുന്നത് എല്‍ജി ആയിരിക്കുമെന്ന് ദി എലെക് (The Elec) റിപ്പോര്‍ട്ടു ചെയ്യുന്നു. ആപ്പിള്‍ 2023-24 കാലഘട്ടത്തില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന, അധികം ബാറ്ററി പവര്‍ ഉപയോഗിക്കാത്ത എല്‍ടിപിഒ ഓലെഡ് ഡിസ്‌പ്ലെയായിരിക്കും എല്‍ജി നിര്‍മിക്കുക. ആപ്പിള്‍ നിര്‍മിക്കാനിരുന്ന 10.8-ഇഞ്ച് ഐപാഡ് എയറിന്റെ സ്‌ക്രീന്‍ നിര്‍മിക്കാനേറ്റത് സാംസങ് ആയിരുന്നു. ഇതു നടക്കാതെ പോയത് ഇരു കമ്പനികളും തമ്മിലുള്ള ബന്ധം മോശമാക്കി. ഇതോടൊണ് എല്‍ജിയ്ക്ക് പുതിയ കരാര്‍ നല്‍കാൻ പോകുന്നത്. അതേസമയം, ആപ്പിളിനായി സാംസങ് ഇനിയും ഡിസ്‌പ്ലെ നൽകിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

∙ വിന്‍ഡോസ് 11ല്‍ മെമ്മറി ലീക്ക് പ്രശ്‌നമെന്ന് റിപ്പോര്‍ട്ട്

 

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷനായ വിന്‍ഡോസ് 11 ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ തുടങ്ങിയ പല ഉപയോക്താക്കള്‍ക്കും അപ്രതീക്ഷിത പ്രശ്‌നം നേരിട്ടുവെന്ന് റിപ്പോര്‍ട്ട്. വിന്‍ഡോസ് 11ന്റെ ഫയല്‍ എക്‌സ്‌പ്ലോററിലാണ് പ്രശ്‌നം. ഫയല്‍എക്‌സ്‌പ്ലോററിനായി സിസ്റ്റം അമിതമായി റാം നീക്കിവയ്ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ ഒരു ആപ്പിന് അനാവശ്യമായി റാം മാറ്റിവയ്ക്കുന്ന ബഗിനാണ് മെമ്മറി ലീക്ക് പ്രശ്‌നമെന്നു പറയുന്നത്. ഗൈറോഹന്‍269 (Gyrohan269) എന്ന റെഡിറ്റ് യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്.

 

∙ വിന്‍ഡോസ് 11 ൽ ആറു പുതിയ ലാപ്‌ടോപ്പുകള്‍ എയ്‌സര്‍ അവതരിപ്പിച്ചു, തുടക്ക വില 54,999 രൂപ

 

വിന്‍ഡോസ് 11ല്‍ പ്രവര്‍ത്തിക്കുന്ന ആറു പുതിയ ലാപ്‌ടോപ്പുകൾ എയ്‌സര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കുറഞ്ഞ മോഡലിന്റെ വില 54,999 രൂപയാണ്. ഏറ്റവും മികച്ച മോഡലിന് 1,29,99 രൂപയാണ് വില. എയ്‌സര്‍ സ്വിഫ്റ്റ് എക്‌സ്, സ്വിഫ്റ്റ് 3, അസ്പയര്‍ 5, അസ്പയര്‍ 3, സ്പിന്‍ 3, സ്പിന്‍ 5 എന്നീ പേരുകളിലാണ് ലാപ്‌ടോപ്പുകള്‍ ഇറക്കിയിരിക്കുന്നത്. ഏറ്റവും വില കുറഞ്ഞ മോഡല്‍ അസ്പയര്‍ 5 ആണ്. ഇതിന് എഎംഡി റയ്‌സണ്‍ 5-5500യു ആണ് പ്രോസസര്‍. 8ജിബി റാമാണ് ഉള്ളത്. എന്നാല്‍ റാം പിന്നീട് 24 ജിബി വരെ വര്‍ധിപ്പിക്കാം. എസ്എസ്ഡി, എച്ഡിഡി സംഭരണ രീതികള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.

 

∙ ടെസ്‌ല കരാര്‍ ജീവനക്കാരന് 137 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം: വിധിയില്‍ നിക്ഷേപകര്‍ക്ക് ആശങ്ക

 

ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെസ്‌ലയിലെ കരാര്‍ ജീവനക്കാരന് 137 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധി കമ്പനിയുടെ നിക്ഷേപകരിൽ ആശങ്കയുണ്ടാക്കിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ജോലിക്കാരനോട് വര്‍ണവിവേചനം കാട്ടിയെന്ന കാരണത്താലാണ് നഷ്ടപരിഹാരം നല്‍കണമെന്ന വിധി വന്നിരിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉടലെടുത്താല്‍ എന്തു ചെയ്യണമെന്നതിന് ചില നിര്‍ദേശങ്ങളും നിക്ഷേപകര്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

 

English Summary: Tim Cook: Mental health is an issue for all of us; tech can help or hinder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com