ADVERTISEMENT

ഫോണിൽ ഗൂഗിൾ മാപ്പിനോട് വഴി ചോദിച്ചു ചോദിച്ച് എവിടേക്കെങ്കിലും പോകാനിറങ്ങിയാൽ അവിടെത്തന്നെ എത്തണമെന്നില്ല എന്നൊരു ആക്ഷേപം നിലവിലുണ്ട്. നമ്മുടെ നാട്ടിലെ ഊടുവഴികളൊന്നും ഗൂഗിളിന് അത്ര വേഗം പിടികിട്ടുന്നില്ലായിരിക്കും. എന്നാൽ കൃത്യമായ വഴികളുള്ള പ്രദേശങ്ങളിൽ ഗൂഗിൾ മാപ് വലിയ ഉപകാരം തന്നെയാണ്. എവിടെയാണു ട്രാഫിക് ബ്ലോക് എന്നൊക്കെ നമ്മളെ അറിയിക്കാൻ അതിനാകും. ഒരു പടികൂടി കടന്ന്, ഏറ്റവും പരിസ്ഥിതി സൗഹൃദ റൂട്ട് ഏതെന്നും ഇനി ഗൂഗിൾ മാപ് നമ്മളെ അറിയിക്കും. 

 

അമേരിക്കയിലാണ് ഇതിനു തുടക്കമിട്ടിരിക്കുന്നത്. ‘പച്ചപ്പും ഹരിതാഭയും’ ഉള്ള വഴിയിലൂടെ നയിക്കുമെന്നല്ല, ഏറ്റവും കുറഞ്ഞ ഇന്ധനച്ചെലവിൽ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വഴിയാണ് ഗൂഗിൾ മാപ് പറഞ്ഞുതരുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും യുഎസ് ഊർജ വകുപ്പിൽനിന്നുള്ള വിവരങ്ങളുടെയും സഹായത്തോടെയാണിത്. ഏറ്റവും വേഗമേറിയ റൂട്ട്, ഏറ്റവും മൈലേജ് കിട്ടുന്ന റൂട്ട് എന്നിവയ്ക്കു പുറമേ, 2 റൂട്ടും തമ്മിലുള്ള സമയ വ്യത്യാസം, ഇന്ധനച്ചെലവിലെ വ്യത്യാസം, പരിസ്ഥിതി ആഘാതത്തിന്റെ അഥവാ കാർബൺ നിർഗമനത്തിന്റെ അളവ് എന്നിവയും അറിയാം. ജനത്തിനും പ്രകൃതിക്കും ഒരുപോലെ നേട്ടമുണ്ടാക്കുന്ന സൗകര്യം എന്നാണ് ഗൂഗിൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഓരോ യാത്രയുടെയും കാർബൺ ഫുട്പ്രിന്റ് കുറയ്കുക എന്നത് ഏവരുടെയും ഉത്തരവാദിത്തമായി മാറുന്ന കാലം അകലെ അല്ലാത്തതിനാൽ ഗൂഗിൾ നീക്കത്തിന്റെ പ്രസക്തി കൂടുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കും ഗൂഗിൾ ഈ സൗകര്യം വൈകാതെ എത്തിക്കുമെന്നു കരുതാം.

 

∙ സൈക്കിൾ നാവിഗേഷനും വരുന്നു 

 

കഴിഞ്ഞ വർഷം ഗൂഗിൾ മാപ് നോക്കി യാത്ര ചെയ്ത സൈക്കിൾ യാത്രികരുടെ എണ്ണത്തിൽ മുൻകൊല്ലത്തെ അപേക്ഷിച്ച് 98% വർധന ഉണ്ടായ സാഹചര്യത്തിൽ, സൈക്കിളിങ്ങിനായി ‘ലൈറ്റ്’ നാവിഗേഷൻ അവതരിപ്പിക്കാനും ഗൂഗിൾ റെഡിയായിക്കഴിഞ്ഞു. ഏതാനും മാസത്തിനകം അമേരിക്കയിൽ ഇതും ആരംഭിക്കും. വലിയ വാഹനങ്ങളിൽ ഉപകാരപ്പെടുന്നതരം ടേൺ ബൈ ടേൺ നാവിഗേഷന് സൈക്കിളിൽ വലിയ പ്രാധാന്യമില്ലെന്നും ഫോൺ എപ്പോഴും നോക്കിയിരിക്കാൻ സൈക്ക്ളിസ്റ്റുകൾക്കു പറ്റില്ലെന്നും ഫീഡ്ബാക്ക് കിട്ടിയതു കണക്കിലെടുത്ത് അത്യാവശ്യ വിവരങ്ങൾ മാത്രം അറിയിക്കുന്നതാണു ലൈറ്റ് നാവിഗേഷൻ. 

 

English Summary: Google is updating Maps, Search and other products to help consumers save energy and reduce emissions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com