ADVERTISEMENT

പുതിയ കാലഘട്ടത്തിൽ വിദ്യാർഥികൾ കഴിവുകൾ സ്വയം പുതുക്കണമെന്നും അതിനായി വലിയ അവസരം മുന്നിലുണ്ടെന്നും പിയേഴ്സൺ ഇന്ത്യ ആൻഡ് ഏഷ്യ മാനേജിങ് ഡയറക്ടർ സിദ്ധാർഥ് ബാനർജി. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് 2021 ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടിയിൽ ‘ക്രിയേറ്റീവ് എജ്യുക്കേഷൻ ഇൻ ന്യൂ നോർമൽ വിത്ത് ദ് ട്രാൻസ്ഫർമേറ്റീവ് ഇംപാക്ട്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

പിയേഴ്സൺ ഗ്ലോബൽ ലേണർ സർവേ അനുസരിച്ച്, ലോകത്തിലെ പത്തിൽ ഒൻപതു പേരും ഇന്റർനെറ്റ് അടിസ്ഥാന മനുഷ്യാവകാശമാണെന്നു വിശ്വസിക്കുന്നു. കരിയർപാതയിൽ പുനർവിചിന്തനം വേണമെന്ന് 56 ശതമാനം വിദ്യാർഥികളും കരുതുന്നുണ്ട്. സ്വന്തമായി ബിസിനസ് തുടങ്ങുന്നതിൽ 53 ശതമാനം വിദ്യാർഥികൾ താൽപര്യം കാണിക്കുന്നു. പരമ്പരാഗത ബിരുദങ്ങൾക്ക് അപ്പുറത്തേക്കു വിദ്യാഭ്യാസരീതി മാറണമെന്നു ചിന്തിക്കുന്ന 88 ശതമാനം വിദ്യാർഥികൾ, കോളജുകളിൽ കരിയർ അധിഷ്ഠിത സ്കിൽ പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.

 

ഓൺലൈൻ ഉള്ളപ്പോൾതന്നെ മികച്ച പഠനാനുഭവം വേണമെന്ന പക്ഷക്കാരാണു ഭൂരിഭാഗം വിദ്യാർഥികളും. സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് ഉന്നത വിദ്യാഭ്യാസം യന്ത്രം കണക്കെ പ്രവർത്തിക്കുമെന്നാണ് വിശ്വസിക്കുന്നത്. കോവിഡ് മഹാമാരി പോലെയുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ, പ്രത്യേക സ്കില്ലുകൾ ഉള്ളവർക്ക് അതിജീവനം എളുപ്പമാകും. സ്മാർട് ഡിവൈസുകൾ, വെർച്വൽ ലേണിങ്, യുട്യൂബ് തുടങ്ങിയവയാണു ന്യൂ നോർമൽ പഠന ഉപാധികൾ. വിദ്യാഭ്യാസത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാകണമെന്നു കൂടുതൽ പേരും പ്രതീക്ഷിക്കുന്നു. ലോകത്ത് എവിടെയിരുന്നും ജോലി ചെയ്യാനുള്ള കവാടമായി ഇംഗ്ലിഷ് ഭാഷ മാറിയിട്ടുണ്ട്.

 

രാജ്യത്ത് 2025 ഓടെ, 24 വയസ്സിൽ താഴെയുള്ള 638 ദശലക്ഷം പേർ ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്. ഇതേ കാലയളവിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം 1 ബില്യൻ ആയി ഉയരും. 2020 ലെ കണക്കനുസരിച്ച് ഇന്റർനെറ്റ് ഉപയോക്താക്കൾ 700 ദശലക്ഷമാണ്. പ്രത്യേക സ്കില്ലുകളില്ലാത്ത ബിരുദധാരികൾ 70 ശതമാനവും തൊഴിലില്ലായ്മ നിരക്ക് 7.36 ശതമാനവുമാണ്. ഉപയോക്താക്കളുടെ പെരുമാറ്റത്തിൽ കോവിഡ് വലിയ മാറ്റമുണ്ടാക്കി. ഡിജിറ്റൽ കോഴ്സുകൾ മുതൽ ഏകീകൃത രൂപമില്ലാത്ത യുട്യൂബ് വിഡിയോ, ഇന്റർനെറ്റ് വായന എന്നിവയിലേക്കു വരെയുള്ള മാറ്റം പ്രകടമാണ്.

 

ഉള്ളടക്കത്തിന്റെ ഗുണമേന്മ ആണ് ഡിജിറ്റൽ സാങ്കേതികത തിരഞ്ഞെടുക്കപ്പെടുന്നതിന്റെ പ്രധാന മാനദണ്ഡം. ഡിജിറ്റലിലേക്കു മാറിയതോടെ മൂല്യനിർണയം വലിയ വെല്ലുവിളിയായെന്ന് അധ്യാപകരും ഫാക്കൽറ്റികളും ചൂണ്ടിക്കാട്ടുന്നു. ഇ–ബുക്കുകളും ഡിജിറ്റൽ മെറ്റീരിയലുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഗൂഗിൾ ക്ലാസ് റൂം അടക്കമുള്ള പഠന സൗകര്യങ്ങളിലേക്കു വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറിക്കഴിഞ്ഞു. പരമ്പരാഗത രീതിയിൽനിന്നും ഡിജിറ്റലിലേക്കു വളരെ വേഗത്തിലാണു വിദ്യാഭ്യാസക്രമം മാറുന്നത്. വെർച്വൽ ലേണിങ്, ഉന്നത വിദ്യാഭ്യാസം, ഇംഗ്ലിഷ് ഭാഷാപഠനം, വർക്ക്‌ഫോഴ്സ് സ്കിൽ, അസസ്മെന്റ് ആൻഡ് ക്വാളിഫിക്കേഷൻ എന്നീ മേഖലകളിലാണ് ആഗോളതലത്തിൽ പിയേഴ്സൺ ശ്രദ്ധിക്കുന്നത്. എല്ലാ വിദ്യാർഥികളും ഒരുപോലെയല്ല കാര്യങ്ങൾ ഗ്രഹിക്കുന്നത്. അതിനാൽ ബോധനരീതിയിൽ കസ്റ്റമൈസേഷൻ ആവശ്യമാണ്. അതാണു കൂടുതൽ ഫലപ്രദമാവുക.‌

 

English Summary: Techspectations Educate 2021 - Siddharth Banerjee, Creative Education in New Normal with the Transformative Impact

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com