ADVERTISEMENT

കോട്ടയം ∙ മഹാമാരിയിൽ സ്തംഭിച്ചുപോയ ലോകത്തെ വഴിനടത്തിയ ഡിജിറ്റൽ വിപ്ലവത്തിന്റെ മാറ്റൊലിയായി മനോരമ ഓൺലൈൻ ടെക്സ്പെക്ടേഷൻസ് എജ്യുക്കേറ്റ് 2021 ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടി. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പുതുസങ്കേതങ്ങളും സാധ്യതകളും വെല്ലുവിളികളുമായിരുന്നു ഈ വർഷത്തെ ഉച്ചകോടിയിൽ ചർച്ചയായത്. ഡേറ്റാ വിപ്ലവത്തിനൊപ്പം ഡിജിറ്റൽ പഠനമേഖലയിലും ആശയങ്ങളുടെയും അവസരങ്ങളുടെയും ഘോഷയാത്രയാണെന്നു തെളിയിക്കുന്നതായിരുന്നു ഉച്ചകോടിയിലെ ഓരോ സെഷനും. നവസംരംഭകരും മാർഗദർശികളും ഒരുപോലെ പിന്തുണച്ചതോടെ, ഡിജിറ്റലിലൂന്നിയ ഹൈബ്രിഡ് വിദ്യാഭ്യാസമാകും ഭാവിയുടെ വഴിത്താരയെന്നും ഉച്ചകോടിയിൽ തെളിഞ്ഞു.

ഡിജിറ്റൽ വേർതിരിവ് ഒഴിവാക്കിയാൽ മാത്രമേ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രയോജനം എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ ഉറപ്പാക്കാനാകൂവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസം സാർവത്രികമാകണമെങ്കിൽ എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ഒരുപോലെ ലഭ്യമാക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായെത്തിയ കോവിഡ് മഹാമാരി വലിയൊരു വെല്ലുവിളിയാണ് അധ്യാപകർക്കു മുന്നിൽ ഉയർത്തിയത്. എന്നാൽ, സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി, അവസരത്തിനൊത്തുയർന്ന അധ്യാപകർ പുത്തൻ സാങ്കേതിക സാധ്യതകൾ പഠിച്ചെടുത്ത് അവ നടപ്പിലാക്കി. രാജ്യമെമ്പാടും അധ്യാപകർ നടത്തിയ ഈ പരിശ്രമത്തെ അഭിനന്ദിക്കുന്നു. ഇത്തരത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം തുറന്നു നൽകുന്നത് പുത്തൻ സാധ്യതകളാണെന്നും രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ വരുംവർഷങ്ങളിൽ അതു മാറ്റിമറിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

∙ പരമ്പരാഗത, ഡിജിറ്റൽ വിദ്യാഭ്യാസ രീതികൾ സമന്വയിപ്പിക്കണം: ഡോ. അശ്വഥ് നാരായൺ

 

ദേശീയ വിദ്യാഭ്യാസ നയം ജനങ്ങൾ സ്വീകരിച്ചാൽ ഇന്ത്യയെ നോളജ് സൂപ്പർ പവർ ആക്കി മാറ്റാമെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ–ഐടി മന്ത്രി ഡോ. സി.എൻ. അശ്വഥ് നാരായൺ പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി ആൾബലമാണ്. അത് നമ്മൾ നേട്ടമാക്കി മാറ്റണം. അതിന് വിദ്യാഭ്യാസമല്ലാതെ മറ്റൊരു മാർഗമില്ല. എല്ലാവർക്കും വിദ്യാഭ്യാസം കൊടുക്കുന്നത് സാമൂഹിക തുല്യതയ്ക്കു കാരണമാകും. കോവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലയിലെ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിച്ചു. അതിനാൽ കുട്ടികളുടെ പഠനം യാതൊരു തടസ്സവുമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചു. സാങ്കേതികവിദ്യയെ വിദ്യാഭ്യാസ രംഗത്തേക്കു കൊണ്ടുവരാൻ കർണാടക കോവിഡിന്റെ തുടക്കം മുതൽ പദ്ധതികൾ തയാറാക്കി. അതിന്റെ ഭാഗമായി ഒരു പഠന പ്രക്രിയയും തയാറാക്കി. രാജ്യത്തുതന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ബൃഹത്തായ പഠന പ്രക്രിയ ഉണ്ടാക്കുന്നത്. സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചുള്ള പഠനരീതിയായിരുന്നു അത്. 30 ലക്ഷം ക്ലാസുകൾ ഇതിനായി തയാറാക്കിയെന്നും അശ്വഥ് നാരായൺ പറഞ്ഞു.

 

∙ ഓൺലൈൻ പഠനം കാലത്തിന്റെ ആവശ്യം: ഡോ. ചെൻരാജ് റോയ്ചന്ദ്

 

വരുന്ന മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തെ ഓൺലൈൻ വിദ്യാഭ്യാസ ഉപയോക്താക്കളുടെ എണ്ണം എട്ടിരട്ടി വർധിക്കുമെന്ന് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ എടുത്തു നോക്കിയാൽ അതിൽ 15.7 ലക്ഷത്തിൽനിന്ന് 95 ലക്ഷത്തിലേക്കുള്ള കുതിപ്പാണ് കണ്ടത്. രാജ്യത്തെ സർവകലാശാലകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാഹചര്യങ്ങളോടു പൊരുത്തപ്പെട്ട് ഓൺലൈൻ വിദ്യാഭ്യാസത്തിലേക്കു ചുവടുമാറ്റിയതാണ് ഈ കുതിപ്പിനു കാരണമായത്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ തുടക്കക്കാർ പുതിയ സാങ്കേതിക വിദ്യകളുമായി രംഗത്തു വരുന്നത് കുതിപ്പിനു കൂടുതൽ ഗതിവേഗം പകരും.

 

വരുന്ന രണ്ടു മൂന്നു വർഷത്തിനുളളില്‍ രാജ്യത്തിന്റെ അടിസ്ഥാന മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഓൺലൈനിലേക്ക് മാറുന്നതിലൂടെ വിദ്യാഭ്യാസ ചെലവ് ഗണ്യമായി കുറയും. സാങ്കേതിക മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ ഗ്രാമങ്ങളിലേക്ക് എത്തും. അതോടെ ഡിജിറ്റൽ വേർതിരിവ് ഇല്ലതാകും. ഓൺലൈൻ വിദ്യാഭ്യാസമെന്നത് പകർച്ചവ്യാധിക്കാലം സമ്മാനിച്ച ഒരു മാറ്റം മാത്രമല്ല, ഇതു കാലഘട്ടത്തിന്റെ അനിവാര്യത കൂടിയായിരുന്നു. ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികൾ ആർജിച്ചെടുക്കുന്ന അറിവുകൾ 25 മുതൽ 60 ശതമാനം വരെ ഓർത്തെടുക്കാൻ സാധിക്കുമ്പോൾ സാധാരണ ക്ലാസ്റൂം പഠനത്തിൽ അത് എട്ടു മുതൽ 10 ശതമാനം വരെ കുറവാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ഓൺലൈൻ പഠനത്തിലേക്കു വിദ്യാർഥികൾക്ക് എത്തിച്ചേരാൻ സാധാരണയെക്കാൾ 40 മുതൽ 60 ശതമാനം വരെ കുറവു സമയം മതിയെന്നതും ചൂണ്ടിക്കാട്ടുന്നു.

 

∙ പത്തു വർഷം കൊണ്ട് എജ്യുടെക് സ്റ്റാർട്ടപ്പുകളിലെത്തുക 2,25,000 കോടി രൂപ: കിറുബ ശങ്കർ

 

അടുത്ത പത്തു വർഷത്തിനുള്ളിൽ വിദ്യാഭ്യാസ സാങ്കേതിക (എജ്യുടെക്) സ്റ്റാർട്ടപ്പുകളിലേക്ക് ഒഴുകിയെത്തുന്നത് 2,25,000 കോടി രൂപയായിരിക്കുമെന്ന് ബിസിനസ് ബ്ലോഗിങ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കിറുബ ശങ്കർ പറഞ്ഞു. കഴിഞ്ഞ കോവിഡ് കാലത്ത് കണക്കുകൾ പ്രകാരം 8,411 വിദ്യാഭ്യാസാധിഷ്ഠിത സ്റ്റാർട്ടപ് കമ്പനികളാണ് രംഗത്തെത്തിയത്. 30,000 കോടിയിൽ അധികം രൂപയാണ് ഈ സ്റ്റാർട്ടപ്പുകളിൽ മാത്രം മുടക്കിയിരിക്കുന്നത്. ഇത് ഒരു തുടക്കം മാത്രമാണ്. സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ എത്രത്തോളം ഉണ്ടെന്ന് പലരും ആശങ്കപ്പെടുന്നുണ്ടെങ്കിലും അതെല്ലാം അസ്ഥാനത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

 

∙ കേരള സ്റ്റാർട്ടപ് മിഷനെ വാനോളം പ്രശംസിച്ച് യുവ സംരംഭകർ

 

സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ തങ്ങളെ സാമ്പത്തികമായി സഹായിച്ചതും പണം എങ്ങനെ വിനിയോഗിക്കണമെന്നു പഠിപ്പിച്ചതും കേരള സ്റ്റാർട്ടപ് മിഷനാണെന്ന് കേരളത്തിലെ പ്രമുഖ യുവ സംരംഭകർ ‘കേരള എഡ്ടെക്ക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എന്ന് പാനൽ ചർച്ചയിൽ പറഞ്ഞു. ഇൻഫോപാർക്സ് കേരള സിഇഒ ജോൺ എം. തോമസ്, ട്യൂട്ടർകോംപ് സിഇഒ ഷെറി എസ്. കുര്യൻ, കോഡ്സാപ് സിഇഒ മുഹമ്മദ് റാഷിദ്, എജ്യുബ്രിസ്ക് സിഇഒ സൈജു അരവിന്ദ്, ടീച്ചർഇൻഡ് സ്ഥാപകൻ ജോയൽ ജോസഫ് ജോയി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. 

 

ഡിജിറ്റൽ വിദ്യാഭ്യാസം കൂടുതൽ പ്രസക്തമായത് കോവിഡിന്റെ വരവിനു ശേഷമാണെന്ന് ജോൺ തോമസ് പറഞ്ഞു. ‘സ്റ്റാർട്ടപ് എങ്ങനെ തുടങ്ങണമെന്ന് അറിയാതിരുന്ന എന്നെ ഏറെ സഹായിച്ചത് കേരള സ്റ്റാർട്ടപ് മിഷനാണ്. ആരും നമുക്ക് ഒന്നും വെറുതെ തരില്ല. നമുക്ക് ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ എല്ലാവരും നമ്മെ സഹായിക്കും. പൂജ്യത്തിൽ നിന്നാണ് ഞങ്ങൾ ആദ്യം ആരംഭിച്ചതെന്ന് കോഡ്സാപ്പ് സിഇഒ മുഹമ്മദ് റാഷിദ് പറഞ്ഞു. നമ്മുടെ ഉൽപന്നത്തിലുള്ള വിശ്വാസമാണ് പ്രധാനമെന്നും ലോകോത്തര കമ്പനികളുമായി ഒരു സ്റ്റാർട്ടപ് എന്ന നിലയിൽ മത്സരിക്കുമ്പോൾ സ്വന്തം കഴിവിലും ഉൽപന്നത്തിലും വിശ്വാസമുണ്ടായിരിക്കണമെന്നും ഷെറി എസ്. കുര്യൻ വ്യക്തമാക്കി. വിദ്യാഭ്യാസത്തെ ജനാധിപത്യവൽക്കരിക്കുകയായിരുന്നു ലക്ഷ്യമെന്ന് ജോയൽ ജോസഫ് ജോയി പറഞ്ഞു. ഇൗ മേഖലയോട് ഒരുപാട് ഇഷ്ടവും താൽപര്യവും ഉണ്ടെങ്കിൽ മാത്രമേ സ്റ്റാർട്ടപ്പ് മേഖലയിലേക്കു വരാവൂ. 4 വർഷം കൊണ്ടാണ് പ്രോഡക്ട് നിർമിച്ചത്. ഒരുപാട് വെല്ലുവിളികൾ ഉണ്ടായി. കേരളാ സ്റ്റാർട്ടപ് മിഷൻ മികച്ച അവസരങ്ങളാണ് സ്റ്റാർട്ടപ്പുകൾക്ക് ഒരുക്കുന്നത്.’– സൈജു അരവിന്ദ് പറഞ്ഞു.

 

∙ വിദ്യാർഥികളെ ആകർഷിക്കാൻ ഫലപ്രദം ഓൺലൈൻ പഠനം: വിദഗ്ധർ

 

കൂടുതൽ വിദ്യാർഥികളെ വിദ്യാഭ്യാസ മേഖലയിലേക്കു കൊണ്ടുവരാൻ ഓൺലൈൻ പഠനമാണ് ഫലപ്രദമെന്ന് ‘ഓൺലൈൻ കഴിവുകൾ വർധിപ്പിക്കുന്നതിലെ വെല്ലുവിളികളും ഭാവിയും’ എന്ന വിഷയത്തിലെ ചർച്ചയിൽ വിദഗ്ധർ പറഞ്ഞു. പരമ്പരാഗത രീതിയിൽ കെട്ടിടങ്ങൾ കെട്ടി വിദ്യാർഥികളെ അങ്ങോട്ട് ആകർഷിക്കുന്നത് ഇനി അസാധ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. 

 

പരമ്പരാഗത രീതിയും ഓൺലൈൻ രീതിയും സംയോജിപ്പിച്ചു കൊണ്ടുള്ള ഹൈബ്രിഡ് രീതിയിലേക്കു നാം പോകേണ്ട സമയമായെന്നും നമുക്കതിൽ സൂപ്പർ പവർ ആകാനുള്ള സാഹചര്യമുണ്ടെന്നും ഇന്ത്യ അപ്ഗ്രേഡ് സിഇഒ അർജുൻ മോഹൻ പറഞ്ഞു.

 

പരമ്പരാഗത വിദ്യാഭ്യാസ രീതികളിലേക്കുള്ള തിരിച്ചുപോക്ക് ആലോചിക്കേണ്ടതില്ലെന്നും പുതിയൊരു സാധാരണത്വത്തെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നും ജയിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ രാജ് സിങ് പറഞ്ഞു. അതിന് ഓൺലൈനും പരമ്പരാഗത രീതിയും സംയോജിപ്പിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് വേണ്ടതെന്നും രാജ് സിങ് വ്യക്തമാക്കി.

 

ജോലി ചെയ്യാൻ യോഗ്യനാക്കുക എന്നതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെയ്യേണ്ടതെന്ന് കോൺട്യുറ സിഇഒ ശശാങ്ക് പൊട്ടുറു ചർച്ചയിൽ പറഞ്ഞു. അവിടെയാണ് യൂണിവേഴ്സിറ്റികളും എഡ്ടെക്ക് കമ്പനികളും സഹകരിക്കേണ്ടത്. ക്യാംപസ് റിക്രൂട്ട്മെന്‍റ് വഴി തിരഞ്ഞെടുക്കുന്ന 99 ശതമാനം വിദ്യാർഥികളും കമ്പനിക്കുവേണ്ട വൈദഗ്ധ്യം ഉള്ളവരായിരിക്കില്ല. അതിനു കമ്പനി 6 മാസം പ്രത്യേക പരിശീലനം നൽകേണ്ടിവരുന്നു. അതിനു പകരം പഠന സമയത്തുതന്നെ ഓൺലൈൻ പരിശീലന ക്ലാസുകൾ കൊടുത്ത് ആ സമയത്ത് നിലവാരം ഉയർത്തി കഴിവുള്ളവരെ കണ്ടെത്തുകയാണ് വേണ്ടതെന്നും ശശാങ്ക് പൊട്ടുറു പറഞ്ഞു.

 

ഓൺലൈനിലേക്കു മാറുമ്പോൾ ഗ്രാമീണ വിദ്യാർഥികൾ നേരിടുന്ന പ്രശ്നം നെറ്റ്‌വർക്കാണെന്ന് മനോരമ ഹൊറൈസൺ ബിസിനസ് മേധാവി ഡോ.രാജീവ് രാമചന്ദ്രൻ. തൊഴിലിൽ വൈദഗ്ധ്യം ഉള്ള കോഴ്സുകൾ സർവകലാശാലകൾ പഠിപ്പിക്കുന്നില്ല. അതിനാലാണ് നിരവധി ഓൺലൈന്‍ കോഴ്സുകളിലേക്കു വിദ്യാർഥികൾ ആകൃഷ്ടരാകുന്നതെന്നും ഡോ.രാജീവ് രാമചന്ദ്രൻ പറഞ്ഞു.

 

ഓൺലൈൻ വന്നതോടെ ഉപഭോക്താവ് എന്ന രീതിയിലാണ് വിദ്യാർഥികൾ പെരുമാറുന്നതെന്ന് ജയിൻ യൂണിവേഴ്സിറ്റി ന്യൂ ഇൻഷ്യേറ്റീവ്സ് ഡയറക്ടർ ടോം ജോസഫ്. പണത്തെക്കുറിച്ചും ബ്രാൻഡിനെക്കുറിച്ചും അവര്‍ ബോധവാൻമാരാണ്. അവർക്കു വ്യത്യസ്ത കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ഓൺലൈന്‍ മേഖലയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

 

∙ വിദ്യാർഥികൾ കഴിവുകൾ സ്വയം പുതുക്കണം: സിദ്ധാർഥ് ബാനർജി

 

പുതിയ കാലഘട്ടത്തിൽ വിദ്യാർഥികൾ കഴിവുകൾ സ്വയം പുതുക്കണമെന്നും അതിനായി വലിയ അവസരം മുന്നിലുണ്ടെന്നും പിയേഴ്സൺ ഇന്ത്യ ആൻഡ് ഏഷ്യ മാനേജിങ് ഡയറക്ടർ സിദ്ധാർഥ് ബാനർജി. ‘ക്രിയേറ്റീവ് എജ്യുക്കേഷൻ ഇൻ ന്യൂ നോർമൽ വിത്ത് ദ് ട്രാൻസ്ഫർമേറ്റീവ് ഇംപാക്ട്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിയേഴ്സൺ ഗ്ലോബൽ ലേണർ സർവേ അനുസരിച്ച്, ലോകത്തിലെ പത്തിൽ ഒൻപതു പേരും ഇന്റർനെറ്റ് അടിസ്ഥാന മനുഷ്യാവകാശമാണെന്നു വിശ്വസിക്കുന്നു. കരിയർപാതയിൽ പുനർവിചിന്തനം വേണമെന്ന് 56 ശതമാനം വിദ്യാർഥികളും കരുതുന്നുണ്ട്. സ്വന്തമായി ബിസിനസ് തുടങ്ങുന്നതിൽ 53 ശതമാനം വിദ്യാർഥികൾ താൽപര്യം കാണിക്കുന്നു. പരമ്പരാഗത ബിരുദങ്ങൾക്ക് അപ്പുറത്തേക്കു വിദ്യാഭ്യാസരീതി മാറണമെന്നു ചിന്തിക്കുന്ന 88 ശതമാനം വിദ്യാർഥികൾ, കോളജുകളിൽ കരിയർ അധിഷ്ഠിത സ്കിൽ പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

∙ സ്വീകരിക്കേണ്ടത് സമന്വയ സാധ്യതകൾ

 

മഹത്തരമായ മാറ്റങ്ങളാണ് ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ സാധ്യമായതെങ്കിലും ഓഫ്‌ലൈൻ വിദ്യാഭ്യാസ രീതികളും നിലനിൽക്കേണ്ടതുണ്ടെന്ന് വിദഗ്ധർ. സാങ്കേതിക വിദ്യയെ ഒഴിവാക്കി മുന്നോട്ടു പോകാനാകില്ല. എന്നാൽ സാമൂഹിക ജീവിതത്തിന്റെ ഭാഗം എന്ന നിലയിൽ ക്ലാസ്മുറികൾക്കും അധ്യാപകർക്കും പ്രാധാന്യമുണ്ടെന്നും എആർ/വിആർ ആൻഡ് ന്യൂ ഏജ് ടെക്നോളജി എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അഭിപ്രായം ഉയർന്നു.

 

മികച്ച മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ സംഭവിക്കുന്നതെന്ന് ഇന്റർനാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ തെരേസ ജേക്കബ്സ് പറഞ്ഞു. നെഗറ്റീവ് വശങ്ങൾ ഉണ്ടെങ്കിലും പോസിറ്റിവ് കാര്യങ്ങളിലൂന്നി മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു. 

 

വളരെ നേരത്തേതന്നെ വെർച്വൽ സാധ്യതകൾ മനസ്സിലാക്കിയിരുന്നെന്നും വിദ്യാർഥികൾക്ക് ആത്മവിശ്വാസം നൽകാനും കാര്യങ്ങളെ അടുത്തറിയാനും ഇതു സഹായകരമായെന്നും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ഓൺലൈൻ എജ്യുക്കേഷൻ ഡയറക്ടർ ഡോ. മനോജ് നാഗസംപിഗെ പറഞ്ഞു. വിദ്യാർഥികളുടെ പ്രതീക്ഷകൾ, സമീപനം എന്നിവ മാറുകയാണ്. അവരുടെ കഴിവുകളും രീതികളും മനസ്സിലാക്കി ഉള്ളടക്കം നിർമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സാങ്കേതിക വിദ്യയുടെ സാധ്യതകളെ എടുത്തു പറഞ്ഞും എന്നാൽ ഓണ്‍ലൈനിലേക്ക് മാത്രമായി വിദ്യാഭ്യാസം ചുരുങ്ങിയാലുണ്ടാകുന്ന പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടിയുമാണ് തൃശൂർ ഹരിശ്രീ വിദ്യാനിധി സ്കൂൾ പ്രിൻസിപ്പൽ ജയ നാഗരാജൻ സംസാരിച്ചത്. സാങ്കേതികപരമായ സംശയങ്ങളിൽ കുട്ടികളാണ് അധ്യാപകർക്ക് സഹായവുമായി എത്തുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികളുടെ മാനസികനിലയെ ഓൺലൈൻ ക്ലാസുകൾ കാര്യമായി ബാധിക്കുന്നുണ്ട്. പരസ്പരമുള്ള ഇടപഴകലിനു പകരമാകാൻ ഒരു സാങ്കേതിക വിദ്യയ്ക്കും കഴിയില്ല. അതിനാൽ ഓഫ്‌ലൈനായും പഠനം നടക്കേണ്ടതുണ്ട് എന്നും ജയ പറഞ്ഞു. 

 

ടെക്നോളജി മനുഷ്യന്റെ ആയാസം കുറയ്ക്കുന്നുവെന്ന് ആർ ആൻഡ് ഐ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ഡയറക്ടർ അദിതി ചാറ്റർജി. ഒാൺലൈൻ വിദ്യാഭ്യാസം നടപ്പിലാക്കിയപ്പോൾ ആളുകൾക്ക് മടിയായിരുന്നു. കോവിഡ് കാരണം പെട്ടെന്നൊരു സുപ്രഭാതത്തിൽ ഓഫ് ലൈനിൽനിന്ന് ഓൺലൈനിലേക്ക് മാറേണ്ടി വന്നു. എപ്പോള്‍ പഠിക്കണം, എങ്ങനെ പഠിക്കണം, ആരിൽനിന്നു പഠിക്കണം എന്നെല്ലാം കുട്ടികൾക്ക് തീരുമാനിക്കാവുന്ന അവസ്ഥ ഉണ്ടായി. അധ്യാപനത്തിന് വിവിധ രീതികൾ സ്വീകരിക്കണമെന്ന് അധ്യാപകർ തിരിച്ചറിഞ്ഞു. സാങ്കേതിക രീതികളെ തമസ്കരിച്ച് മുന്നോട്ടു പോകാനില്ല. പക്ഷേ അതിനുമപ്പുറത്തേക്ക് ചിന്തിച്ചു വേണം വിദ്യാഭ്യാസ നയം രൂപീകരിക്കേണ്ടതെന്നായിരുന്നു അദിതി ചാറ്റർജി അഭിപ്രായപ്പെട്ടത്. 

 

കഴിഞ്ഞ ഒന്നരവർഷത്തെ അനുഭവം വ്യത്യസ്തമായിരുന്നെന്ന് ദ് ചോയ്സ് സ്കൂൾ പ്രിൻസിപ്പൽ അജിത് ജേക്കബ് പറഞ്ഞു. അധ്യാപകരും വിദ്യാർഥികളും ഇൗ മാറ്റത്തിനോട് പൊരുത്തപ്പെട്ട രീതി പ്രതീക്ഷയ്ക്കു വക നൽകുന്നതാണ്. നമ്മുടെ രാജ്യത്തെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നേടാനുള്ള സ്രോതസ്സുകൾ ലഭ്യമാകണമെന്നും അജിത് ജേക്കബ് പറഞ്ഞു.

 

English Summary: Techspectations Educate -2021- Digital Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com