ADVERTISEMENT

കോട്ടയം∙ ഡിജിറ്റൽ വേർതിരിവ് ഒഴിവാക്കിയാൽ മാത്രമേ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രയോജനം എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ ഉറപ്പാക്കാനാകൂവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് 2021 ഡിജിറ്റൽ ഉച്ചകോടിയിൽ 'ദേശീയ വിദ്യാഭ്യാസ നയം: സമീപനം, അവസരങ്ങൾ, വെല്ലുവിളികൾ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓൺലൈൻ വിദ്യാഭ്യാസം സാർവത്രികമാകണമെങ്കിൽ എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ഒരുപോലെ ലഭ്യമാകേണ്ടതുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

അപ്രതീക്ഷിതമായെത്തിയ കോവിഡ് മഹാമാരി വലിയൊരു വെല്ലുവിളിയാണ് അധ്യാപകർക്കു മുന്നിൽ ഉയർത്തിയത്. എന്നാൽ, സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി, അവസരത്തിനൊത്തുയർന്ന അധ്യാപകർ പുത്തൻ സാങ്കേതിക സാധ്യതകൾ പഠിച്ചെടുത്ത് അവ അധ്യാപനത്തിൽ നടപ്പിലാക്കി. രാജ്യമെമ്പാടും അധ്യാപകർ നടത്തിയ ഈ പരിശ്രമത്തെ അഭിനന്ദിക്കുന്നു. ഇത്തരത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം തുറന്നു നൽകുന്നത് പുത്തൻ സാധ്യതകളാണ്.

ദേശീയ വിദ്യാഭ്യാസ നയം 2020 ശ്രദ്ധയൂന്നുന്നത് ഡിജിറ്റൽ വിദ്യാഭ്യാസത്തിലാണ്. രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ വരുംവർഷങ്ങളിൽ അതു മാറ്റിമറിക്കും. ഡിജിറ്റൽ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിട്ടാണ് നാഷനൽ ഡിജിറ്റൽ എജ്യൂക്കേഷൻ ആർക്കിടെക്ചറിന് (എൻഡിഇഎആർ അഥവാ എൻഡിയർ) കേന്ദ്രസർക്കാർ രൂപം നൽകിയത്. ഡിജിറ്റൽ വിദ്യാഭ്യാസം വ്യാപകമാക്കാനുള്ള പ്രവർത്തനങ്ങൾ എൻഡിയർ ഏകോപിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ബാങ്കിങ് മേഖലയിൽ യുപിഐ(യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ്) സംവിധാനം വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചതിനു സമാനമായ മാറ്റങ്ങളാകും ഡിജിറ്റൽ വിദ്യാഭ്യാസരംഗത്ത് എൻഡിയർ കൊണ്ടുവരികയെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. വിദ്യാഭ്യാസ വളർച്ചയ്ക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടത് സംബന്ധിച്ച മാർഗരേഖ എൻഡിയർ തയാറാക്കും. വിദ്യാർഥികൾ, അധ്യാപകർ, മാതാപിതാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന 'സൂപ്പർ കണക്ട്' ആയി എൻഡിയർ പ്രവർത്തിക്കും. 

 

രാജ്യത്തെ ഡിജിറ്റൽ വേർതിരിവ് ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രധാനമന്ത്രി ഇ–വിദ്യ പദ്ധതിയും വിദ്യാഞ്ജലി പോർട്ടലും കേന്ദ്രമന്ത്രി പരിചയപ്പെടുത്തി. വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും പ്രയോജനകരമായ ഇ–ലേണിങ് പ്ലാറ്റ്ഫോമാണ് പ്രധാനമന്ത്രി ഇ–വിദ്യ. ഒരു രാജ്യം–ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം മാതൃകയിൽ 'ഒരു ക്ലാസ്–ഒരു ചാനൽ' നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ വിദ്യാഭ്യാസത്തിനു വേണ്ട അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിനാണ് വിദ്യാഞ്ജലി  പോർട്ടൽ. ഇതിനായി സാങ്കേതികരംഗത്തെ മികച്ച കമ്പനികളുടെ പങ്കാളിത്തമുണ്ടാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

 

ഇന്ത്യയിലുടനീളമുള്ള സ്കൂളുകളെ പൂർവ വിദ്യാർഥികളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിന് വിദ്യാഞ്ജലി പോർട്ടൽ വഴിയൊരുക്കും. പഠിച്ച സ്കൂളിനും ഗ്രാമത്തിനും എന്തെങ്കിലും തിരികെ നൽകുന്നതിന് ഈ അവസരം വിനിയോഗിക്കാൻ രാജ്യത്തെ ടെക്നോളജി രംഗത്തെ മുൻനിരക്കാരോട് കേന്ദ്രമന്ത്രി അഭ്യർഥിച്ചു. ഒരിക്കൽ ഈ ഗ്രാമങ്ങളിലെ പ്രൈമറി വിദ്യാർഥികൾ ആയിരുന്നവരാണ് ഇന്ന് ടെക്നോളജി രംഗത്ത് മികച്ച നേട്ടങ്ങളുമായി മുന്നിലുള്ളത്. സ്വന്തം സ്കൂളുകൾക്കും ഗ്രാമങ്ങൾക്കും ഡിജിറ്റൽ വിദ്യാഭ്യാസ സാങ്കേതികവിദ്യ ഉറപ്പാക്കാൻ ഇവർ വിദ്യാഞ്ജലി പോർട്ടൽ ഉപയോഗിക്കണമെന്ന് ടെക്സ്‌പെക്റ്റേഷൻസ് എജ്യുക്കേറ്റ് ഡിജിറ്റൽ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു.  

 

ഡിജിറ്റൽ വേർതിരിവ് ഒഴിവാക്കാൻ ശ്രമിക്കുമ്പോഴും ചില വിദ്യാർഥികളിൽ കണ്ടുവരുന്ന ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അമിത ആസക്തി മുതലായ വിഷയങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം 2020 ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ന്യൂനതകൾ പരിഹരിച്ച്, ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രയോജനം കൂടുതൽ പേരിലേക്കെത്തിക്കാൻ ഉതകുന്ന തരത്തിൽ പാഠ്യപദ്ധതി രൂപവൽക്കുന്നതിനായുളള മാതൃകാ പദ്ധതികൾ പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു.  

 

വിദ്യാഭ്യാസത്തിലേക്കുള്ള സാങ്കേതികവിദ്യയുടെ വളർച്ചയെ ശക്തിപ്പെടുത്തുന്നതിനായി നാഷനൽ എജ്യുക്കേഷൻ ടെക്നോളജി ഫോറത്തിനു(എൻഇടിഎഫ്) രൂപം നൽകിയതായും കേന്ദ്രമന്ത്രി പറഞ്ഞു. പഠനം, മൂല്യനിർണയം, ആസൂത്രണം, ഭരണനിർവഹണം തുടങ്ങി സ്കൂളുകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവിധ മേഖലകളിൽ സാങ്കേതികവിദ്യ ഫലപ്രദമായി വിനിയോഗിക്കുന്നതിന് സഹായകരമായ ആശയങ്ങൾ ലഭ്യമാക്കുന്ന വേദിയായി ഈ ഫോറം പ്രവർത്തിക്കുമെന്നും ധർമേന്ദ്ര പ്രധാൻ അറിയിച്ചു.

 

English Summary: Universal access to digital devices a must to reap full benefits of digital education: Dharmendra Pradhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com