ADVERTISEMENT

ജിയോഫോണ്‍ നെക്‌സ്റ്റ് ദീപാവലിക്ക് എത്തുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചു. പുതിയ ഹാൻഡ്സെറ്റ് നവംബര്‍ 4ന് എങ്കിലും അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. ഗൂഗിള്‍ പ്ലേ കണ്‍സോള്‍ ലിസ്റ്റിങ്ങില്‍ ഫോണിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും നൽകിയിട്ടുണ്ട്. ഇവ പ്രകാരം ഫോണിന് 5.5-ഇഞ്ച് വലുപ്പമുള്ള എച്ഡിപ്ലസ് ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടാകുക, ആന്‍ഡ്രോയിഡ് ഗോ അടിസ്ഥാനമാക്കി സൃഷ്ടിച്ച ഒഎസ് ആയിരിക്കും ഉപയോഗിക്കുക എന്നും കാണാം. വില കുറഞ്ഞ 4ജി ഫോണായിരിക്കും ഇതെന്നാണ് കരുതുന്നത്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 215 പ്രോസസര്‍, അഡ്രെനോ 306 ജിപിയു എന്നിവയായിരിക്കും മറ്റു പ്രധാന ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകള്‍. ഫോണില്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനായി ഗൂഗിള്‍ പ്ലേയും ലഭ്യമായിരിക്കും. 

 

ഡുവോഗോ, ഗൂഗിള്‍ ക്യാമറാ ഗോ തുടങ്ങിയവയും ഫോണില്‍ പ്രീലോഡ് ചെയ്തിരിക്കും. സ്‌നാപ്ചാറ്റ് ലെന്‍സ് ഫോണ്‍ ക്യാമറയില്‍ നേരിട്ടു ലഭ്യമാക്കും. പ്രധാനപ്പെട്ട ആന്‍ഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകള്‍ കുറച്ചു കാലത്തേക്ക് ഫോണിന് ലഭ്യമാകുമെന്ന് റിലയന്‍സ് അറിയിച്ചിട്ടുമുണ്ട്. ഫോണിന് 2 ജിബി, 3 ജിബി റാം ഉള്ള രണ്ടു വേര്‍ഷനുകള്‍ ഉണ്ടായിരിക്കുമെന്നു കരുതുന്നു. ഫോണിന് 32 ജിബി വരെയായിരിക്കും സ്റ്റോറേജ് ശേഷി. പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ജിയോഫോൺ നെക്സ്റ്റ് തുടക്ക മോഡലിന്റെ വില 3,499 രൂപയായിരിക്കും. ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ജിയോയുടെ 4ജി നെറ്റ്‌വര്‍ക്കിലേക്ക് ആകര്‍ഷിക്കാനായിരിക്കും പുതിയ ഫോണെന്ന് കമ്പനി നേരത്തെ സൂചിപ്പിച്ചിരുന്നു.

 

∙ ഫോട്ടോഷോപ്പ് ഇനി വെബ് ബ്രൗസറിലും! 

 

ഇനി ഫോട്ടോഷോപ്പില്‍ എഡിറ്റു ചെയ്യുന്ന ഫോട്ടോകള്‍ വെബില്‍ പോസ്റ്റ് ചെയ്താൽ അത് തട്ടിയെടുക്കല്‍ എളുപ്പമായേക്കില്ലെന്ന് ഫോട്ടോ, വിഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ രംഗത്തെ ഭീമന്‍ അഡോബിയുടെ വാര്‍ഷിക സമ്മേളനമായ മാക്‌സില്‍ പ്രഖ്യാപനം. കണ്ടെന്റ് ക്രെഡന്‍ഷ്യല്‍സ് എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. വെബില്‍ പോസ്റ്റു ചെയ്യുന്ന ഫോട്ടോകള്‍ യഥേഷ്ടം തട്ടിയെടുത്ത് ഉപയോഗിക്കുന്ന രീതി കൂടിക്കൂടിവരുന്നത് ഫൊട്ടോഗ്രഫര്‍മാര്‍ക്കും കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും മറ്റും തലവേദനയായിരുന്നു.

 

∙ കണ്ടെന്റ് ക്രെഡന്‍ഷ്യല്‍സ്

 

അഡോബി ക്രിയേറ്റീവ് സൂട്ടില്‍ ഒരു ബീറ്റാ പ്രോഗ്രാമായാണ് കണ്ടെന്റ് ക്രെഡന്‍ഷ്യല്‍സ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചര്‍ ഡെസ്‌ക്ടോപ്പ് ആപ്പില്‍ എനേബിൾ ചെയ്തുകഴിഞ്ഞാല്‍ അതിന് ഫോട്ടോകളെയും മറ്റും തിരിച്ചറിയാനുള്ള വിവരങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും. ഈ വിവരം ഉള്‍ക്കൊള്ളിച്ച് ഫോട്ടോ എക്‌സ്‌പോര്‍ട്ടു ചെയ്യാം. എന്നാല്‍, ഇത് സാധാരണ ഫോട്ടോ എഡിറ്റു ചെയ്യുന്നവരെ മാത്രം ലക്ഷ്യമിട്ട് ഇറക്കിയിരിക്കുന്ന ഫീച്ചറുമല്ല. ഇന്ന് ലോകത്ത് വില്‍ക്കാനും വാങ്ങാനും സാധിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കളായി ഉയര്‍ന്നുവന്നു കൊണ്ടിരിക്കുന്ന നോണ്‍-ഫഞ്ജ്ബിൾ ടോക്കണ്‍സ് (എന്‍എഫ്ടി) സൃഷ്ടിക്കുമ്പോള്‍ അതിന്റെ ഉടമസ്ഥതാവകാശം ഉറപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗം കൂടിയാണ്. ഇവ തട്ടിയെടുത്തുള്ള വില്‍പനയും വര്‍ധിക്കുകയാണ്. ഇതിനെതിരെ എന്‍എഫ്ടി മാര്‍ക്കറ്റ്‌പ്ലെയ്‌സുകളായ നോണ്‍ഒറിജിന്‍, ഓപ്പണ്‍സീ റെയറിബിൾ, സൂപ്പര്‍റെയര്‍ തുടങ്ങിയവയുമായി ചേര്‍ന്നായിരിക്കും അഡോബി പ്രവര്‍ത്തിക്കുക. 

 

∙ അഡോബി ആപ്പുകളില്‍ നിന്ന് നേരിട്ട് സോഷ്യല്‍ മീഡിയയിലേക്ക്

 

ക്രിപ്‌റ്റോ, സോഷ്യല്‍ അക്കൗണ്ടുകളില്‍ ഫോട്ടോഷോപ്പ് ഡെസ്‌ക്ടോപ്പുമായി കണക്ടുചെയ്തും ഉപയോഗിക്കാം. നിങ്ങളുടെ സോഷ്യല്‍ മീഡിയ, വോലറ്റ് അക്കൗണ്ടുകള്‍ കണ്ടെന്റ് ക്രെഡന്‍ഷ്യല്‍സുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിച്ചാല്‍ അവിടെ പ്രദര്‍ശിപ്പിക്കുന്ന കണ്ടെന്റിന്റെ ഉടമസ്ഥത കൂടുതല്‍ ഉറപ്പാക്കാന്‍ സാധിക്കുമെന്നും അഡോബി പറയുന്നു. 

 

∙ ഫോട്ടോഷോപ്പും ഇലസ്‌ട്രേറ്ററും വെബ് ബ്രൗസറില്‍!

 

അഡോബി ഈ വര്‍ഷം അവതരിപ്പിച്ച പുതിയ ഫീച്ചറുകളില്‍ പ്രധാനപ്പെട്ട മറ്റൊന്ന് ഫോട്ടോഷോപ്പും ഇലസ്‌ട്രേറ്ററും വെബ് ബ്രൗസറില്‍ തന്നെ ഉപയോഗിക്കാമെന്നതാണ്. എന്നാല്‍, ഡെസ്‌ക്ടോപ്പ് ആപ്പിലേതു പോലെ വിശദമായ എഡിറ്റിങ് ഒന്നും സാധിക്കില്ല. ചില്ലറ മിനുക്കുപണികളൊക്കെ നടത്താനേ സാധിക്കൂ. വെറുതെ ഒരു ഫയല്‍ തുറന്നു പരിശോധിക്കാന്‍ ക്രിയേറ്റീവ് ക്ലൗഡ് അംഗത്വവും വേണ്ട. അതേസമയം, അല്‍പമെങ്കിലും എഡിറ്റിങ് നടത്തണമെങ്കില്‍ അംഗത്വം വേണം. പലര്‍ക്കും ഒരു ഫയല്‍ ഒരേസമയം തുറന്നു പരിശോധിക്കാനായിരിക്കും ഇത് ഗുണകരമാകുക. ഫോട്ടോഷോപ്പ് ഓണ്‍ ദി വെബ് പബ്ലിക്ബീറ്റയാണ്. അതേസമയം, ഇലസ്‌ട്രേറ്റര്‍ ഓണ്‍ ദി വെബ് പ്രൈവറ്റ് ഫീച്ചറാണിപ്പോള്‍.

 

xiaomi-store

∙ പുതിയ നിരവധി ഫീച്ചറുകള്‍

 

ഫോട്ടോഷോപ്പിനും പ്രീമിയര്‍ പ്രോയ്ക്കും ഫ്രെസ്‌കോയ്ക്കും എല്ലാം മൂന്നു പുതിയ ന്യൂറല്‍ ഫില്‍റ്ററുകള്‍ കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുകയാണെന്നും കമ്പനി പറഞ്ഞു. ഇവയ്ക്ക് മൂന്നിനും അഡോബിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയ സെന്‍സെയ് എഐ ഉപയോഗിക്കുമെന്നും കമ്പനിയുടെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നുണ്ട്. ഐപാഡിലുള്ള ഫോട്ടോഷോപ്പ് ആപ്പിനും വെക്ടറൈസ്ഡ് ടെക്‌നോളജിയടക്കം ഏതാനും ചില പുതിയ ഫീച്ചറുകള്‍ ലഭിക്കും.

 

∙ ഇറാനിലെ ഗ്യാസ് സ്റ്റേഷനുകള്‍ക്കു നേരെ സൈബര്‍ ആക്രമണം

 

ഇറാനില്‍ സബ്‌സിഡിയോടു കൂടി വില്‍ക്കുന്ന ഗ്യാസലിന്റെ വിതരണം സൈബര്‍ ആക്രമണം മൂലം തടസപ്പെട്ടു. രാജ്യത്തെ ഇന്ധന വില വര്‍ധനയ്‌ക്കെതിരെ 2019ല്‍ നടന്ന പ്രതിഷേധത്തിന്റെ വാര്‍ഷികം അടുക്കവെയാണ് ആക്രമണം. ഓണ്‍ലൈന്‍ ആക്രമണത്തെതുടര്‍ന്ന് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് ഇറാന്‍ അറിയിച്ചു. ഇസ്രയേലിനെയും അമേരിക്കയെയും ആണ് ആക്രമണത്തിന്റെ കാര്യത്തില്‍ ഇറാന്‍ പഴിചാരുന്നത്. അതേസമയം, ഇറാന്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് അമേരിക്കയും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളും ആരോപിക്കുന്നത്.

 

∙ സാംസങ് ഇന്ത്യയ്ക്ക് 4,041 കോടി രൂപ ലാഭം

 

സാംസങ് ഇന്ത്യ ഇലക്ട്രോണിക്‌സിന് ഈ വര്‍ഷം 4,041 കോടി രൂപ മൊത്ത ലാഭമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് 39 ശതമാനം വര്‍ധനയാണിത്. അതേസമയം വരുമാനത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല. വരുമാനം 75,886.3 കോടി രൂപയാണ്. ഇത് 2020-21 സാമ്പത്തിക വര്‍ഷത്തെ കണക്കാണ്. 

 

∙ ആപ്പിള്‍ വാച്ച് സീരീസ് 8ല്‍ ബ്ലഡ് ഷുഗര്‍ നിരീക്ഷണ ഫീച്ചര്‍ ഉണ്ടായേക്കുമെന്ന്

 

ആപ്പിള്‍ വാച്ചിന്റെ അടുത്ത എഡിഷനായ സീരീസ് 8ല്‍ ബ്ലഡ് ഗ്ലൂക്കോസിന്റെ അളവു പരിശോധിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ ഉണ്ടായിരിക്കുമെന്ന് ഡിജിടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ വര്‍ഷം ഇറങ്ങിയ സീരീസ് 7ല്‍ ഈ ഫീച്ചര്‍ പ്രതീക്ഷിച്ചിരുന്നു. പുതിയ ഫീച്ചറിനായി എനോസ്റ്റാര്‍, ടാസ് എന്നീ കമ്പനികളുമായി ആപ്പിള്‍ സഹകരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇരു കമ്പനികളും വികസിപ്പിച്ചെടുത്ത ഷോര്‍ട്ട് വേവ്‌ലെങ്ത് ഇന്‍ഫ്രാറെഡ് എല്‍ഇഡി സെന്‍സറുകള്‍ ആയിരിക്കാം ആപ്പിള്‍ പ്രയോജനപ്പെടുത്തുക.

 

∙ പുതിയ മാക്ക്ബുക്ക് പ്രോ മോഡലുകള്‍ ഇന്ത്യയിലെത്താന്‍ വൈകും

 

ആപ്പിള്‍ അടുത്തിടെ പുറത്തിറക്കിയ മാക്ക്ബുക്ക് പ്രോ മോഡലുകളും എയര്‍പോഡ്‌സ് 3യും ഇന്ത്യയിലെത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 26ന് വില്‍പന തുടങ്ങുമെന്നു പറഞ്ഞിരുന്ന ഇവ ഓക്ടോബര്‍ 29 മുതലായിരിക്കും ലഭ്യമാക്കുക എന്നാണ് പറയുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ എം1 പ്രോ, എം1 പ്രോ മാക്‌സ് ചിപ്പുകളാണ് ഇവയ്ക്ക് ശക്തിപകരുന്നത്.

 

∙ ദീപാവലിക്ക് നിരവധി ഓഫറുകളുമായി ഷഓമി

 

‘ദിവാലി വിത് മി’ എന്ന പുതിയ ഓഫ്‌ലൈന്‍ ഓഫറുകള്‍ ഷഓമി അവതരിപ്പിച്ചു. നവംബര്‍ 6 വരെയായിരിക്കും ഇത്. സ്മാര്‍ട് ഫോണുകള്‍ മുതല്‍ ടിവികള്‍ വരെ കടകളില്‍ നിന്നു വാങ്ങുമ്പോള്‍ ഇളവുകള്‍ ലഭ്യമായിരിക്കും. ദിവസവും 64 ലക്കി ഡ്രോകളും ഉണ്ടായിരിക്കും. ഇതുവഴി 1000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങള്‍ ഓരോ ദിവസവും കമ്പനി നല്‍കും. മി ഹോംസ്, മി സ്റ്റിയൂഡിയോസ്, മി സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ പുതിയ ഓഫര്‍ ലഭ്യമായിരിക്കും. 

 

English Summary: JioPhone Next Specifications Teased; to Run Pragati OS, Feature 13-Megapixel Rear Camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com