ADVERTISEMENT

 സ്‌പേസ്എക്‌സ്, ടെസ്‌ല കമ്പനികളുടെ മേധാവിയായ ഇലോൺ മസ്ക് ഔദ്യോഗിക ജീവിതം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി അറിയിച്ചു. ഇനിയൊരു മുഴുവൻസമയ ഇന്‍ഫ്‌ലുവന്‍സര്‍ ആകാനാണ് താത്പര്യമെന്നും 50കാരനായ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. ഇക്കാര്യത്തിൽ അഭിപ്രായം പറയാന്‍ തന്റെ 6.6 കോടിയോളം വരുന്ന ട്വിറ്റര്‍ ഫോളോവേഴ്സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌ക്. ഇതാദ്യമായല്ല, രാജിവയ്ക്കുന്ന കാര്യം മസ്ക് സൂചിപ്പിക്കുന്നത്. ഒരു ഇലക്ട്രിക് കാര്‍ കമ്പനിയുടെ നേതൃസ്ഥാനത്ത് ഇരിക്കുന്ന കാര്യം താന്‍ വെറുക്കുന്നു എന്നും, പക്ഷേ താന്‍ രാജിവച്ചാല്‍ കമ്പനി തകരുമെന്നും അദ്ദേഹം അടുത്തിടെ ഒരു കോണ്‍ഫറന്‍സ് കോളില്‍ പറഞ്ഞിരുന്നു. കമ്പനി തകര്‍ന്നേക്കാം എന്ന കാരണത്താല്‍ മേധാവി സ്ഥാനത്ത് വര്‍ഷങ്ങളോളം തുടര്‍ന്നേക്കുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. https://bit.ly/3oJm04V

 

∙ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ അഭിപ്രായം മാനിച്ച് ഓഹരി വില്‍പന

 

തന്റെ കൈവശമിരിക്കുന്ന ടെസ്‌ലയുടെ 10 ശതമാനം ഓഹരി വില്‍ക്കണമോ എന്ന് ട്വിറ്ററിലൂടെ അദ്ദേഹം ചോദിക്കുകയും ഫോളോവേഴ്സ് വേണമന്നു പറയുകയും ചെയ്തതോടെ വാക്കു പാലിക്കാനായി വില്‍പന തുടരുകയാണ്. ഇതുവരെ 11.8 ബില്ല്യന്‍ ഡോളര്‍ മൂല്യമുള്ള ഓഹരിയാണ് അദ്ദേഹം വിറ്റിരിക്കുന്നത്. പത്തു ശതമാനം ആകാന്‍ ഇനിയും ഇപ്പോള്‍ വിറ്റതിന്റെ നാലിലൊന്ന് ഓഹരികള്‍ കൂടി വില്‍ക്കണമെന്നാണ് ബ്ലൂംബര്‍ഗ് പറയുന്നത്. 

 

∙ തമാശയോ കാര്യമോ?

 

പകുതി തമാശയും പകുതി കാര്യമായും പരസ്യ ഇടപെടലുകള്‍ നടത്തുന്ന വ്യക്തിയാണ് മസ്‌ക്. അദ്ദേഹം 2018 ലെ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ടെസ്‌ല പാപ്പരായി എന്നു ട്വീറ്റു ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനിയുടെ ഓഹരിവില കുത്തനെ ഇടിഞ്ഞിരുന്നു. ഇതേ വര്‍ഷം തന്നെ കഞ്ചാവ് ഉപയോഗത്തെക്കുറിച്ചുള്ള ട്വീറ്റുകളുടെ പേരിൽ അമേരിക്കയുടെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സചേഞ്ച് കമ്മിഷന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് തന്റെ കാമുകിയെ രസിപ്പിക്കാന്‍ നടത്തിയതാണ് എന്നാണ് അന്ന് അദ്ദേഹം മറുപടി നല്‍കിയത്. താന്‍ രാജിവച്ച് ഇന്‍ഫ്‌ളുവന്‍സര്‍ ആയാലോ എന്നു ചോദിക്കുന്ന ട്വീറ്റ് വന്നതിനു ശേഷം ടെസ്‌ലയുടെ ഓഹരി രണ്ട് ശതമാനം ഇടിഞ്ഞു. ഇത്തരം ട്വീറ്റുകള്‍ തന്റെ ഗുണത്തിനായി നടത്തുന്ന വ്യക്തിയാണ് മസ്‌ക് എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. 

 

∙ മസ്‌കിന്റെ തമാശ ഓഹരി ഉടമകളുടെ നെഞ്ചിടിപ്പു കൂട്ടും

 

മസ്‌കിന്റെ ഇത്തരത്തിലുളള ട്വീറ്റുകള്‍ അധികാരികള്‍ക്കു മാത്രമല്ല ടെസ്‌ലയുടെ ഓഹരി ഉടമകള്‍ക്കും കടുത്ത സമ്മര്‍ദം ഏല്‍പ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ നേതൃസ്ഥാനം കണ്ടാണ് പലരും ടെസ്‌ലയില്‍ ഓഹരി നിക്ഷേപിച്ചിരിക്കുന്നതു തന്നെ. താന്‍ കമ്പനിയുടെ ഓഹരി വില്‍ക്കണമോ എന്ന് അദ്ദേഹം ട്വിറ്ററില്‍ നടത്തിയ സര്‍വേയില്‍ 42 ശതമാനം പേരാണ് വേണ്ടെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം, 58 ശതമാനം പേര്‍ വില്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. താന്‍ ഫോളോവേഴ്സിന്റെ വിധി മാനിക്കുന്നു എന്നു പറഞ്ഞാണ് മസ്‌ക് ഓഹരി വില്‍പന തുടങ്ങിയത്. ഇന്‍ഫ്‌ളുവന്‍സര്‍ ആകണമോ എന്ന ചോദ്യത്തിന് ആകണം എന്നാണ് അഭിപ്രായമെങ്കില്‍ അദ്ദേഹം തന്റെ കമ്പനികളുടെ നേതൃസ്ഥാനങ്ങള്‍ രാജിവയ്ക്കുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അതേസമയം, ലോകത്തെ ഏറ്റവും വലിയ ധനികനായി തീര്‍ന്നതിനെ തുടര്‍ന്ന് ടാക്‌സ് അധികാരികളും മറ്റും അദ്ദേഹത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മസ്കിനെ കൂടുതൽ സമ്മര്‍ദത്തിലാക്കിയിട്ടുണ്ടോ എന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. തലച്ചോറും കംപ്യൂട്ടര്‍ ചിപ്പുമായി യോജിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്ന കമ്പനിയായ ന്യൂറാലിങ്ക്, അടിസ്ഥാന സൗകര്യ വികസനത്തിനുളള ദി ബോറിങ് കമ്പനി എന്നിവയാണ് മസ്‌ക് നേതൃസ്ഥാനത്തുള്ള മറ്റു കമ്പനികള്‍.

 

isro-chandrayaan-2

∙ ആപ്പിളിന്റെ സിറി അവതരിപ്പിക്കാന്‍ സഹായിച്ച കമ്പനിയെ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയേക്കും

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സംസാരം തിരിച്ചറിയല്‍ തുടങ്ങിയ മേഖലകളില്‍ കഴിവു തെളിയിച്ച കമ്പനിയായ നൂആന്‍സ് (Nuance) 1600 കോടി ഡോളറിനു വാങ്ങാന്‍ ശ്രമിച്ചുവരികയായിരുന്നു മൈക്രോസോഫ്റ്റ്. എന്നാല്‍, ചെറുകിട കമ്പനികളെ ഇത്തരം വലിയ കമ്പനികള്‍ വിഴുങ്ങുന്നതിനെതിരെ രാജ്യങ്ങള്‍ ശ്രദ്ധപുലര്‍ത്തുന്ന കാലവുമാണിത്. മൈക്രോസോഫ്റ്റിന്റെ നീക്കത്തിനെതിരെ യൂറോപ്യന്‍ യൂണിയനിലും യുകെയിലും കേസുകള്‍ ഉണ്ടായിരുന്നു. എന്നാൽ, യൂറോപ്യന്‍ യൂണിന്റെ ആന്റിട്രസ്റ്റ് പാനല്‍ മൈക്രോസോഫ്റ്റിന് അനുകൂലമായ നിലപാട് സ്വീകരിച്ചേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നത്. കമ്പനിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ വാങ്ങലായിരിക്കും ഇത്.

 

നേരത്തെ 2016ല്‍ മൈക്രോസോഫ്റ്റ് 26.2 ബില്ല്യന്‍ ഡോളറിന് ലിങ്ക്ട്ഇന്‍ സ്വന്തമാക്കിയതാണ് കമ്പനി ഇതുവരെ നടത്തിയിരിക്കുന്ന ഏറ്റവും വലിയ വാങ്ങല്‍. മള്‍ട്ടിനാഷണല്‍ കമ്പനിയായ നൂആന്‍സിന്റെ ആസ്ഥാനം അമേരിക്കയിലെ  ബേളിങ്ടണ്‍ ആണ്. ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് ആയ സിറിക്കു തുടക്കമിടാന്‍ സഹായിച്ച കമ്പനിയാണ് നൂആന്‍സ്. കൂടാതെ, അമേരിക്കയിലെ 77 ശതമാനം ആശുപത്രികളിലും നൂആന്‍സിന്റെ സാന്നിധ്യമുണ്ടെന്നും പറയുന്നു. യൂറോപ്യന്‍ കമ്മിഷന്‍ ഡിസംബര്‍ 21ന് വിധി പറയുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. ഈ കച്ചവടത്തിന് അമേരിക്കയില്‍ നേരത്തെ തന്നെ അംഗീകാരം ലഭിച്ചിരുന്നു. 

 

∙ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവുമധികം നടന്നത് 2021ല്‍

 

രാജ്യത്ത് ഏറ്റവുമധികം ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ നിര്‍മിക്കപ്പെട്ട സാമ്പത്തിക വര്‍ഷം 2020-21 ആണ് എന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റിനെ അറിയിച്ചു. ഏകദേശം 5,33,670 കോടി രൂപയുടെ ഉല്‍പാദനമാണ് നടന്നിരിക്കുന്നത്. 

 

∙ സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം ആപ്പ് വികസിപ്പിക്കാന്‍ ഇസ്രോ-ഒപ്പോ ധാരണ

 

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഇസ്രോ), ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസും, ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ഇന്ത്യയില്‍ സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം (NavIC) മെസേജിങ് സര്‍വീസ് ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് ഒപ്പോ ധാരണാപത്രം ഒപ്പുവച്ചെന്ന് ഹെഡ്‌ലൈന്‍സ് ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതുപ്രകാരം നാവ്‌ഐസി ഷോര്‍ട്ട് മെസേജിങ് സേവനം ഒപ്പോ ഫോണുകളില്‍ ലഭ്യമാക്കും. നേരത്തെ ഷഓമിയും ഇത്തരം ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇതുപ്രകാരം, പിന്നീട് ഇറങ്ങിയ പല ഷഓമി ഫോണുകളിലും നാവ്‌ഐസി ആപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്രോ വികസിപ്പിച്ച പ്രാദേശിക ജിയോ പ്രോസഷണിങ് സിസ്റ്റം ആണ് നാവ്‌ഐസി. ഇതിന് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിപിഎസ്, റഷ്യയുടെ ഗ്ലോണാസ്, യൂറോപ്പിന്റെ ഗലിലിയോ തുടങ്ങിയ സേവനങ്ങളോട് മൽസരിക്കാനുള്ള ശേഷിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 

 

∙ വോള്‍വോ കാര്‍സ് ഹാക്കു ചെയ്തു

 

സൈബര്‍ ആക്രമണത്തില്‍ തങ്ങളുടെ ഡേറ്റ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് വോള്‍വോ കാര്‍സ് (Volvo Cars) കമ്പനി അറിയിച്ചു. സ്വീഡന്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ചു വരുന്ന വോള്‍വോ കാര്‍സ് ഇപ്പോള്‍ ചൈനീസ് കമ്പനിയായ ഗീലിയുടെ ഉടമസ്ഥതയിലാണ്. വിവരം പുറത്തുവിട്ടതിനെ തുടര്‍ന്ന് കമ്പനിയുട ഓഹരി വില 3.2 ശതമാനം ഇടിഞ്ഞു.

 

∙ ആപ്പിള്‍ എആര്‍ ഹെഡ്‌സെറ്റില്‍ അതിനൂതന 3ഡി സെന്‍സര്‍ ഉള്‍പ്പെടുത്തുമെന്ന് പ്രവചനം

 

ആപ്പിള്‍ കമ്പനിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിടുന്ന മങ്-ചി കുവോ പുതിയൊരു പ്രവചനം നടത്തിയിരിക്കുകയാണ്. ആപ്പിള്‍ അടുത്ത വര്‍ഷം ഇറക്കുമെന്നു പ്രതീക്ഷിക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റില്‍ അതിനൂതനമായ 3ഡി സെന്‍സറുകള്‍, ജെചര്‍, മോഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം ഉള്‍പ്പെടുത്തുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കൈകൊണ്ടു നടത്തുന്ന ആംഗ്യങ്ങള്‍ മനസ്സിലാക്കാന്‍ ആപ്പിളിന്റെ ഹെഡ്‌സെറ്റിന് സാധിക്കുമെന്നും, ഐഫോണിലെ ഫെയ്‌സ്‌ഐഡിയേക്കാള്‍ നൂതനമായ 3ഡി ട്രാക്കിങ് സിസ്റ്റമായിരിക്കും ഉള്‍പ്പെടുത്തുക എന്നും അദ്ദേഹം അവകാശപ്പെടുന്നു.

 

English Summary: Tesla's Elon Musk says he is 'thinking of' quitting his jobs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com