ADVERTISEMENT

കയ്യില്‍ സ്മാര്‍ട് ഫോണില്ലെങ്കില്‍ എന്തോ നഷ്ടമായ തോന്നലാണ് നമ്മളില്‍ ഭൂരിഭാഗത്തിനും. ഇതിന്റെയൊക്കെ ഫലമായി യൂട്യൂബിലും ഫെയ്സ്ബുക്കിലും വാട്‌സാപ്പിലുമൊക്കെയായി 2021ലെ എത്ര സമയം നിങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ടാവുമെന്ന് അറിയുമോ? അതറിയിക്കാനായി ഒരു ഓണ്‍ലൈന്‍ കാല്‍കുലേറ്ററുമായി എത്തിയിരിക്കുകയാണ് സോര്‍ട്ട്‌ലിസ്റ്റ്. അവരുടെ കണക്കു പ്രകാരം 16 മുതല്‍ 64 വയസു വരെ പ്രായമുള്ളവര്‍ ശരാശരി 52,925 മിനിറ്റാണ് സമൂഹ മാധ്യമങ്ങളില്‍ ചെലവിട്ടത്. ഇത് 36 ദിവസവും 18 മണിക്കൂറും അഞ്ച് മിനിറ്റും വരും!

'തിരിച്ചറിയുക പോലും ചെയ്യാതെയാണ് നമ്മള്‍ ഒരുപാട് സമയം സ്‌ക്രീനുകള്‍ക്ക് മുൻപില്‍ ചെലവിടുന്നത്. ഇതു മനസിലാക്കിയാണ് ഇത്തരമൊരു കാല്‍ക്കുലേറ്റര്‍ നിര്‍മിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്. നമ്മുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ യഥാര്‍ഥ ദൈര്‍ഘ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയായിരുന്നു ലക്ഷ്യമെന്ന് സോര്‍ട്ട്‌ലിസ്റ്റ് സഹസ്ഥാപകനും സിഎംഒയുമായ നിക്കോളസ് ഫിനെറ്റ് പറയുന്നു.

പഠനത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റിലും സമൂഹ മാധ്യമങ്ങളിലും ചെലവിടുന്ന പ്രതിദിന സമയം ഹൂട്ടസ്യൂട്ടിന്റെ ഗ്ലോബല്‍ സ്‌റ്റേറ്റ് ഓഫ് ഡിജിറ്റല്‍ 2021 റിപ്പോര്‍ട്ട് പ്രകാരം വിശകലനം ചെയ്തിരുന്നു. ഇതുപ്രകാരം പ്രതിദിനം ഏകദേശം 145 മിനിറ്റാണ് ഓരോ വ്യക്തിയും 2021ല്‍ സ്മാര്‍ട് ഫോണിന് മുന്നില്‍ ചെലവിട്ടത്. 2020 ല്‍ ഇത് 142 മിനിറ്റായിരുന്നു. ഇതുപ്രകാരം ആഴ്ചയില്‍ 1,015 മിനിറ്റും മാസത്തില്‍ 4,410 മിനിറ്റും വര്‍ഷത്തില്‍ 52,925 മിനിറ്റും സ്മാര്‍ട് ഫോണുകള്‍ക്കു മുന്നില്‍ നഷ്ടമാവുന്നുണ്ട്. കഴിഞ്ഞ 18 മാസത്തിലാണ് മുന്‍പെങ്ങുമില്ലാത്തവിധം മനുഷ്യര്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ സമയം കളഞ്ഞതെന്നും ഫിനെറ്റ് കൂട്ടിച്ചേര്‍ക്കുന്നു.

കോവിഡിനെ തുടര്‍ന്ന് വലിയൊരു വിഭാഗത്തിന് ഓഫിസ് വീടുകളിലേക്ക് മാറ്റേണ്ടി വന്നു. സൂം കോളുകള്‍ക്കും മറ്റുമായി ഒഫീഷ്യലായി വലിയ സമയം സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ഇരിക്കേണ്ടി വന്നു. ഇതിനു പുറമേ കിട്ടിയ ഒഴിവു സമയമാകട്ടെ സമൂഹ മാധ്യമങ്ങൾ കവര്‍ന്നെടുക്കുകയും ചെയ്തു. ഓരോ വ്യക്തികളുടേയും 2021ലെ സ്‌ക്രീന്‍ സമയം കണ്ടെത്തുന്നതിന് സോര്‍ട്ട്‌ലിസ്റ്റില്‍ അവസരമുണ്ട്. ഇതിനായി നിങ്ങള്‍ ഒരു ദിവസം സ്മാര്‍ട് ഫോണുകള്‍ക്കു മുന്നില്‍ ചെലവിട്ട സമയം നല്‍കണം. സോര്‍ട്ട്‌ലിസ്റ്റ് ഒരു വര്‍ഷത്തെ കണക്കും ശരാശരി കണക്കുമെല്ലാം കാണിച്ചു തരും.

2021ല്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിട്ടത് യൂട്യൂബിന് മുന്നിലാണെന്ന് സോര്‍ട്ട്‌ലിസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. യൂട്യൂബില്‍ മാത്രം 2021ലെ ഓരോ മാസവും ഏതാണ്ട് 23 മണിക്കൂറും 12 മിനിറ്റുമാണ് നമ്മള്‍ ചെലവിട്ടത്. രണ്ടാം സ്ഥാനത്തുള്ള ഫെയ്സ്ബുക്കിനായി പ്രതിമാസം നമ്മള്‍ ശരാശരി 19.30 മണിക്കൂര്‍ നീക്കിവച്ചു. തൊട്ടു പിന്നാലെ മൂന്നാമതുള്ള വാട്‌സാപ്പിനായി 19 മണിക്കൂറും 24 മിനിറ്റുമാണ് പ്രതിമാസം നമ്മള്‍ ചെലവാക്കിയത്.

രാജ്യങ്ങള്‍ തിരിച്ചുള്ള സ്‌ക്രീന്‍ ടൈം കണക്കും സോര്‍ട്ട് ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ സമയം സ്മാര്‍ട് ഫോണുകള്‍ക്ക് മുന്നില്‍ ചെലവിട്ടത് ഫിലിപ്പീന്‍സുകാരാണ്. ഓരോ ദിവസവും 10.56 മണിക്കൂറാണ് ഇവര്‍ സ്മാര്‍ട് ഫോണുകള്‍ക്ക് മുന്നില്‍ സ്‌ക്രോള്‍ ചെയ്ത് ചെലവിട്ടത്! ബ്രസീല്‍ 10 മണിക്കൂര്‍ എട്ട് മിനിറ്റ്, കൊളംബിയ 10 മണിക്കൂര്‍ ഏഴ് മിനിറ്റ്, ദക്ഷിണാഫ്രിക്ക 10 മണിക്കൂര്‍ ആറ് മിനിറ്റ് തുടങ്ങിയ രാജ്യങ്ങളും സ്മാര്‍ട് ഫോണുകള്‍ക്ക് മുന്നില്‍ സമയം കളയുന്നതില്‍ ഒട്ടും പിന്നിലല്ല.

'മാറിയ കാലത്ത് ജോലിയുടെ ഭാഗമായി വലിയ സമയം സ്‌ക്രീനുകള്‍ക്ക് മുന്നില്‍ നമുക്ക് ഇരിക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ടു തന്നെ ഓണ്‍ലൈനില്‍ ചെലവിടുന്ന സമയം പൂര്‍ണമായും തെറ്റായ കാര്യമാണെന്ന് പറയാനാവില്ല. അതേസമയം, സമൂഹ മാധ്യമങ്ങളിലും ഓണ്‍ലൈനില്‍ പരതിയും കളയുന്ന സമയത്തെക്കുറിച്ച് ഒരു കണക്കു നല്ലതാണ്. ഇതിനു പുറത്തുമുള്ള ജീവിതം ആസ്വദിക്കേണ്ടതുണ്ട്. സമൂഹ മാധ്യമങ്ങളില്‍ നമ്മള്‍ പാഴാക്കുന്ന സമയം എത്രത്തോളമുണ്ടെന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ് ഈയൊരു ശ്രമമെന്നും നിക്കോളസ് ഫിനെറ്റ് പറയുന്നു.

English Summary: How much screen time have YOU endured in 2021?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com