ADVERTISEMENT

ആപ്പിള്‍ ഈ വര്‍ഷം മൂന്നു ഡിസ്‌പ്ലേയുള്ള ഉപകരണം ഇറക്കിയേക്കുമെന്ന് പ്രവചനം. ഐഫോണിന് അപ്പുറത്തേക്കുള്ള കമ്പനിയുടെ നീക്കത്തിന്റെ ഭാഗമായിട്ടായിരിക്കാം ഇതെന്നാണ് സൂചന. ആപ്പിള്‍ കമ്പനിയെക്കുറിച്ച് വിശ്വസനീയമായ പ്രവചനങ്ങള്‍ നടത്തുന്ന മിങ്-ചി കുവോയിൽ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി 9ടു5മാക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പുതിയ ഉപകരണം 2022 അവസാനം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം, പരിമിതമായ എണ്ണം മാത്രമായിരിക്കും വില്‍ക്കുക എന്നും പറയുന്നു. അതേമയം, ഈ ഉപകരണം ഉപയോക്താക്കള്‍ക്ക് ലഭിക്കുക 2023 ആദ്യ പാദത്തില്‍ മാത്രമായിരിക്കുമെന്നും പറയുന്നു.

 

∙ മൂന്നു ഡിസ്‌പ്ലേയുള്ള ഉപകരണം എആര്‍ ഹെഡ്‌സെറ്റോ?

 

ആപ്പിളിന്റെ ആദ്യ ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണെന്ന സൂചനകളുണ്ട്. 'ഡിസ്‌പ്ലേ സപ്ലൈ ചെയിന്‍' വെബ്സൈറ്റ് ഏതാനും ദിവസം മുൻപ് ആപ്പിൾ പുതിയ ഹെഡ്‌സെറ്റ് അവതരിപ്പിച്ചേക്കുമെന്ന  സൂചനകള്‍ പുറത്തുവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് മൂന്നു ഡിസ്‌പ്ലേയുള്ള ആപ്പിള്‍ ഉപകരണം എആര്‍ ഹെഡ്‌സെറ്റ് ആണെന്നു പറയുന്നത്. രണ്ടു മൈക്രോ എല്‍ഇഡി ഡിസ്‌പ്ലേയും ഒരു അമോലെഡ് ഡിസ്‌പ്ലേയും ആയിരിക്കും ഹെഡ്‌സെറ്റില്‍ ഉപയോഗിക്കുക എന്നും പറയുന്നു. കുവോ നേരത്തേ പുറത്തുവിട്ട വിവര പ്രകാരം ആപ്പിള്‍ ഹെഡ്‌സെറ്റിന് ഏകദേശം 300-400 ഗ്രാം ഭാരമായിരിക്കും ഉണ്ടായിരിക്കുക. മാക്ബുക്കുകളില്‍ ഉപയോഗിക്കുന്ന എം1 പ്രോസസറിന്റെ കരുത്തും ഉണ്ടായിരിക്കും. ആംഗ്യങ്ങള്‍ തിരിച്ചറിയാന്‍ ശേഷിയുള്ള സെന്‍സറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കും.

 

∙ ഐഫോണിനെ ആശ്രയിച്ചേക്കും

 

ആപ്പിളിന്റെ ഹെഡ്‌സെറ്റ് സ്വതന്ത്ര ഉപകരണമായി പ്രവര്‍ത്തിക്കുമെന്നും അതല്ല ധാരാളമായി ഐഫോണിനെ ആശ്രയിച്ചേക്കുമെന്നും വാദങ്ങള്‍ ഉണ്ട്. ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ആപ്പിളിന്റെ എആര്‍/വിആര്‍ ഹെഡ്‌സെറ്റില്‍ ടെക്സ്റ്റ്, ഇമെയിൽ, മാപ്പുകൾ, ഗെയിമുകൾ അടക്കം പലതും കാണാന്‍ സാധിച്ചേക്കുമെന്നാണ്. ഇതിനായി ഹോളോഗ്രാഫിക് ഡിസ്‌പ്ലേ ലെന്‍സിനുള്ളില്‍ വച്ചിരിക്കുന്നതായും പറയുന്നു. ആദ്യ തലമുറയിലെ ഹെഡ്‌സെറ്റ് ഐഫോണിനെ കുറച്ചൊന്നുമായിരിക്കില്ല ആശ്രയിക്കുക എന്നും പറയുന്നു. അതേസമയം, ആപ്പിള്‍ അടുത്തതായി അവതരിപ്പിക്കാന്‍ പോകുന്ന ഉപകരണം ഐഫോണ്‍ എസ്ഇ ആയിരിക്കുമെന്നും പ്രവചിക്കുന്നു.

 

∙ ഐഫോണ്‍ 15 പ്രോ മാക്‌സില്‍ 10 എക്‌സ് സൂം?

 

ആപ്പിള്‍ 2023ല്‍ ഇറക്കാന്‍ പോകുന്ന ഐഫോണ്‍ മോഡലുകളില്‍ ഒന്നിലെങ്കിലും 10എക്‌സ് ടെലി സൂം ഉള്‍പ്പെടുത്തിയേക്കുമെന്ന് വിശകലന വിദഗ്ധനായ ജെഫ് പു (Jeff Pu) പറഞ്ഞതായി മാക്‌റൂമേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിനായി പെരസ്‌കോപ് ക്യാമറാ സാങ്കേതികവിദ്യ ആയിരിക്കും ഉള്‍പ്പെടുത്തുക. ഇപ്പോഴുള്ള ഐഫോണ്‍ 13 പ്രോ മോഡലുകള്‍ക്ക് 3 എക്‌സ് ടെലി ലെന്‍സാണ് ഉള്ളത്. അതേസമയം, ഐഫോണില്‍ പെരിസ്‌കോപ് ലെന്‍സ് ഉള്‍പ്പെടുത്താനുള്ള ശ്രമത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ 2020 മുതല്‍ പ്രചരിച്ചു തുടങ്ങിയിരുന്നു എന്നും പറയുന്നു. വിശകലന വിദഗ്ധന്‍ കുവോ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ പെരിസ്‌കോപ് ക്യാമറ എത്തുമെന്നായിരുന്നു പൊതുവെ വിശ്വസിച്ചിരുന്നത്. പെരിസ്‌കോപ് ക്യാമറാ ഫീച്ചര്‍ സാംസങ് ഗാലക്‌സി എസ്21 അള്‍ട്രാ, വാവെയ് പി40 പ്രോ പ്ലസ് തുടങ്ങിയ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമാണ്.

 

∙ ഇറക്കുമതി ചുങ്കം വെട്ടിപ്പ്: ഷഓമിക്കെതിരെ 653 കോടിയുടെ നോട്ടീസ്

 

crypto-currency-representational-image

ഇറക്കുമതി ചുങ്കം വെട്ടിപ്പിൽ ചൈനീസ് കമ്പനിയായ ഷഓമിക്കെതിരെ 653 കോടി രൂപയുടെ നോട്ടീസ് നല്‍കിയെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇക്കാര്യം കേന്ദ്ര ധനകാര്യ വകുപ്പ് ശരിവച്ചു. ഇത് 01.04.2017 - 30.06.2020 വരെയുള്ള കാലയളവിലെ ഇടപാടുകള്‍ പരിശോധിച്ചതിനു ശേഷം നല്‍കിയ നോട്ടീസാണിത്. കസ്റ്റംസ് ആക്ട് 1962 പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം, തങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് പാലിക്കുന്നതെന്ന് ഷഓമി അറിയിച്ചു. ഉത്തരവാദിത്വമുള്ള കമ്പനിയാണെന്നും തങ്ങള്‍ക്കു ലഭിച്ച നോട്ടിസ് പഠിച്ചു വരികയാണെന്നും ഷഓമി പ്രതികരിച്ചു.

 

∙ ഗൂഗിള്‍ പ്ലേ സ്റ്റോറിനെതിരെയുള്ള അന്വേഷണം 60 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

 

ഗൂഗിള്‍ പ്ലേ സ്റ്റോറിനെതിരെയുള്ള അന്വേഷണം 60 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ കര്‍ണാടക ഹൈക്കോടിതിയെ അറിയിച്ചു. ഈ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് ഗൂഗിളും അറിയിച്ചു.

 

∙ മൈക്രോസോഫ്റ്റിന്റെ സിഗ്നേച്ചര്‍ വേരിഫിക്കേഷന്‍ സിസ്റ്റത്തിനെതിരെ ആക്രമണം, ഇന്ത്യയിലും ഇരകള്‍

 

അമേരിക്കന്‍ ടെക്‌നോളജി ഭീമന്‍ മൈക്രോസോഫ്റ്റിന്റെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ വേരിഫിക്കേഷന്‍ സിസ്റ്റത്തിനെതിരെ ഹാക്കര്‍മാരുടെ ആക്രമണം. ഇതില്‍ 111 രാജ്യങ്ങളില്‍ നിന്നുള്ള 2,170 പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ചെക്ക് പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരകളിലേറെയും അമേരിക്കക്കാരാണ്. തുടര്‍ന്ന് കാനഡ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്കു നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. പുതിയ സെഡ്‌ലോഡര്‍ ( ZLoader) ക്യാംപെയിന്‍ ആണ് മൈക്രോസോഫ്റ്റിന്റെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ വേരിഫിക്കേഷന്‍ സംവിധാനത്തിനെതിരെ നടന്നിരിക്കുന്നത്.

 

∙ ടെസ്‌ലയ്‌ക്കെതിരെ മഹായുദ്ധത്തിന് ഫോക്‌സ്‌വാഗനും ടൊയോട്ടയും 

 

ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ മേല്‍ക്കോയ്മ നേടിയ ടെസ്‌ലയ്ക്കെതിരെ പരമ്പരാഗത വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗനും ടൊയോട്ടയും ഒരു കൈ നോക്കാന്‍ ഒരുങ്ങുകയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആദ്യ റൗണ്ടില്‍ വെന്നിക്കൊടിപാറിച്ച ടെസ്‌ലയ്‌ക്കെതിരെ മഹായുദ്ധത്തിന് ഒരുങ്ങുകയാണ് ഇരു കമ്പനികളും എന്നാണ് റിപ്പോര്‍ട്ട്. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ ടെസ്‌ല ഒരു വാഹനം കഴിഞ്ഞ വര്‍ഷം വിറ്റപ്പോള്‍, 10-11 വാഹനം വീതമാണ് ഫോക്‌സ്‌വാഗനും ടൊയോട്ടയും വിറ്റിരിക്കുന്നത്. അതായത് ടെസ്‌ലയേക്കാള്‍ പത്തിരട്ടിയിലേറെ വാഹനങ്ങള്‍ വിറ്റ കമ്പനികള്‍ പോലും ഇലക്ട്രിക് വാഹന നിര്‍മാണം തന്നെയാണ് ഭാവി എന്ന് ഉറപ്പിച്ചു കഴിഞ്ഞു എന്നു പറയുന്നു.

 

ഈ മേഖലയില്‍ ശ്രദ്ധപതിപ്പിക്കാനായി ഇരു കമ്പനികളും ഏകദേശം 17000 കോടി ഡോളറോളമാണ് മാറ്റിവച്ചിരിക്കുന്നത്. അതേസമയം, ഇരു കമ്പനികള്‍ക്കും ഇന്റേണല്‍ കംബസ്റ്റ്യന്‍ എൻജിന്‍ മാറ്റി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പെട്ടെന്നു നിര്‍മിച്ചു തുടങ്ങുക എന്നത് എളുപ്പമായിരിക്കില്ലെന്നു കരുതുന്നവരും ഉണ്ട്. ആപ്പിളിന്റെ ഐഫോണിനോട്, ഫിനിഷ് കമ്പനി നോക്കിയ നടത്തിയ യുദ്ധം പോലെ ആയിരിക്കും ഇതെന്നു വരെ അഭിപ്രായപ്പെടുന്നവരുണ്ട്. എന്തായാലും മസ്‌കിന്റെ കമ്പനിക്ക് ശക്തരായ എതിരാളികളാകാനാണ് ഫോക്‌സ്‌വാഗനും ടൊയോട്ടയും ശ്രമിക്കുന്നത്. ഇവ അടക്കം പുതിയ കമ്പനികള്‍ വരുന്നതോടെ ടെസ്‌ലയ്ക്ക് അവരുടെ ലീഡ് നിലനിര്‍ത്താനാവില്ലെന്നും പ്രവചിക്കപ്പെടുന്നു. ഈ വര്‍ഷം അമേരിക്കയില്‍ വിറ്റ ഇലക്ട്രിക് കാറുകളില്‍ 50 ശതമാനവും ടെസ്‌ലയുടേതാണ്. എന്നാല്‍, 2025 ആകുമ്പോഴേക്ക് ഇത് 20 ശതമാനമായി കുറയുമെന്നും ഐഎച്എസ് മാര്‍ക്കിറ്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

 

∙ ഇന്ത്യയില്‍ മുന്നിലൊരാള്‍ക്ക് പുതിയ ക്രിപ്‌റ്റോ നിയമത്തിനോട് എതിര്‍പ്പാണെന്ന് സര്‍വേ

 

മാര്‍ക്കറ്റ് ഗവേഷണ കമ്പനിയായ യുഗവ് (YouGov) അര്‍ബന്‍ ഇന്ത്യയില്‍ നടത്തിയ സര്‍വേ പ്രകാരം നഗരവാസികളില്‍ മൂന്നിലൊരാള്‍ക്ക് ഇന്ത്യ കൊണ്ടുവരാന്‍ ഒരുങ്ങുന്ന പുതിയ ക്രിപ്‌റ്റോ നയത്തോട് എതിര്‍പ്പാണെന്നു പറയുന്നു. ക്രിപ്‌റ്റോ പണത്തില്‍ ഇപ്പോള്‍ നിക്ഷേപം ഉള്ളവരില്‍ 50 ശതമാനത്തിനും പുതിയ നയത്തോട് എതിര്‍പ്പാണെന്നും സര്‍വേ പറയുന്നു എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. കുതിച്ചുയരുന്ന ഇന്ത്യന്‍ ക്രിപ്‌റ്റോകറന്‍സി മേഖല ആശങ്കയോടെയാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന ബില്ലിനെ കാത്തിരിക്കുന്നത്.

 

English Summary: Apple to reportedly feature three displays in its upcoming AR/VR headset

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com