സക്കർബർഗിന്റെ മെറ്റാവേഴ്‌സിന് തുടക്കത്തിലെ തിരിച്ചടി, ഒഎസ് വികസിപ്പിക്കല്‍ നിർത്തി?

mark-zuckerberg-
SHARE

കൊട്ടിഘോഷിച്ചെത്തിയ ഫെയ്‌സ്ബുക് മേധാവി മാർക് സക്കർബര്‍ഗിന്റെ മെറ്റാവേഴ്‌സിന് തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടി നേരിട്ടെന്ന് റിപ്പോര്‍ട്ടുകള്‍. മെറ്റാവേഴ്‌സിനായി വികസിപ്പിച്ചു വന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പണി പാതിവഴിയില്‍ ഉപേക്ഷിച്ചു എന്നാണ് റിപ്പോര്‍ട്ട്. മെറ്റാവേഴ്‌സിനു വേണ്ടി വെര്‍ച്വല്‍ റിയാലിറ്റി ഓഗ്‌മെന്റഡ് റിയാലിറ്റി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ഒഎസ് വികസിപ്പിക്കുന്നതാണ് നിര്‍ത്തിവച്ചിരിക്കുന്നത് എന്ന് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വര്‍ഷങ്ങളായി സ്വന്തം ഒഎസ് വികസിപ്പിക്കാനായി കമ്പനി ശ്രമിച്ചുവരികയായിരുന്നു, നൂറുകണക്കിനു എൻജിനീയര്‍മാര്‍ ഈ പദ്ധതിക്കായി ജോലിയെടുത്തിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. എക്‌സ്ആർഒഎസ് എന്ന പേരില്‍ കമ്പനി വികസിപ്പിച്ചു വന്ന ഒഎസ് ആണ് ഇപ്പോള്‍ വേണ്ടന്നുവച്ചിരിക്കുന്നത്.

∙ അതൊക്കെ തെറ്റാണെന്ന് മെറ്റാ

എന്നാല്‍ ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ട് തെറ്റാണെന്ന് പറഞ്ഞ് മെറ്റാ കമ്പനി (ഫെയ്‌സ്ബുക്) രംഗത്തെത്തിയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. തങ്ങള്‍ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുന്നതു നിർത്തുകയോ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുകയോ ചെയ്യുന്നില്ലെന്നാണ് കമ്പനി വക്താവ് പ്രതികരിച്ചത്. എആര്‍ ഗ്ലാസുകള്‍ക്കും വെയറബിൾ ഉപകരണങ്ങള്‍ക്കും വേണ്ടി കൂടുതല്‍ പണം ഇറക്കുമെന്നും കമ്പനി പറയുന്നു. മെറ്റാ കമ്പനിയുടെ മേധാവി മാര്‍ക് സക്കര്‍ബര്‍ഗിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം. ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെയും ആപ്പിളിന്റെ ഐഒഎസിനെയും പോലെ ഫെയ്ബുക്കിന്റെ ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കമ്പനി പ്രവര്‍ത്തിച്ചു വന്നത്. ഇതിനായി 300ലേറെ എൻജിനീയര്‍മാര്‍ വര്‍ഷങ്ങളായി പ്രവർത്തിച്ചുവരികയായിരുന്നു.

∙ ഏതാണ് സത്യം?

രണ്ടു വാര്‍ത്തകളും ശരിയാണ് എന്നാണ് മനസിലാക്കേണ്ടത്. ഫെയ്‌സ്ബുക് സ്വന്തമായി വികസിപ്പിച്ചു വന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ജോലികൾ പാതിവഴിയില്‍ ഉപേക്ഷിച്ചത് ശരിയാണെന്നു പറയുന്നു. സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം എന്ന സക്കര്‍ബര്‍ഗിന്റെ സ്വപ്‌നം ഇതോടെ തത്കാലത്തേക്കെങ്കിലും പൊലിഞ്ഞു. അതേസമയം, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഒഎസിനെ മെരുക്കിയെടുത്ത് മുന്നോട്ടു നീങ്ങാനാണ് ഇനി മെറ്റാ കമ്പനിയുടെ പദ്ധതി. ആന്‍ഡ്രോയിഡിന്റെ ഓപ്പണ്‍-സോഴ്‌സ് വേര്‍ഷന്‍ ഉപയോഗിച്ച് മെറ്റാവേഴ്‌സിന്റെ പദ്ധതിയുമായി മുന്നോട്ടു നീങ്ങാനായിരിക്കും കമ്പനി ശ്രമിക്കുക. ഫെയ്‌സ്ബുക്കിന്റെ ഇപ്പോഴത്തെ ഒക്യുലസ് വിആര്‍ ഹെഡ്‌സെറ്റുകള്‍ പ്രവര്‍ത്തിക്കുന്നതും ആന്‍ഡ്രോയിഡ് ഉപയോഗിച്ചാണ്. സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം തന്നെ മെറ്റാവേഴ്‌സിനു വേണമെന്ന സക്കര്‍ബര്‍ഗിന്റെ ചിരകാലാഭിലാഷം തത്കാലത്തേക്കെങ്കിലും പൊലിഞ്ഞിരിക്കുകയാണ് എന്നു പറയുന്നു. സ്വന്തം ഒഎസ് ശരിയായിട്ടു പ്രവര്‍ത്തിച്ചാല്‍ മതി എന്നാണെങ്കില്‍ അടുത്തെങ്ങും മെറ്റാവേഴ്‌സ് അവതരിപ്പിക്കാന്‍ സാധിച്ചേക്കില്ല എന്ന തിരിച്ചറിവാണ് ആ പദ്ധതിക്ക് ഷട്ടറിടാന്‍ കാരണമെന്നു പറയുന്നു.

zuckerberg-vr

∙ കൂടംകുളത്തെ ആണവ നിലയത്തിന് സാങ്കേതിക തകരാര്‍, പ്രവര്‍ത്തനം നിർത്തി

കൂടംകുളത്തെ ഒരു ആണവ നിലയത്തിന് സാങ്കേതിക തകരാര്‍ നേരിട്ടതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നിർത്തിയെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഒരു 1000 മെഗാവാട്ട് പ്ലാന്റാണ് പ്രവര്‍ത്തനം നിർത്തിയിരിക്കുന്നത്. ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൂടംകുളം ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനിലുള്ളതാണ് ഈ പ്ലാന്റ്. എപ്പോള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്ന കാര്യത്തെക്കുറിച്ച് വിവരമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

∙ ഡിജിലോക്കര്‍ ഡോക്യുമെന്റുകള്‍ അംഗീകരിക്കണമെന്ന് യുജിസി

ഡിജിലോക്കര്‍ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡിഗ്രി, മാര്‍ക്ക് ലിസ്റ്റ്, മറ്റു രേഖകള്‍ തുടങ്ങിയവ അംഗീകരിക്കണമെന്ന് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ (യുജിസി) ആവശ്യപ്പെട്ടു എന്ന് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ വീടു നിരീക്ഷിക്കാനും എയര്‍ടെല്‍, പ്രതിമാസം 99 രൂപ

എയര്‍ടെല്‍ എക്‌സ്-സെയ്ഫ് (Airtel X-Safe) എന്ന പേരില്‍ നിരീക്ഷണ ഉപകരണം അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. സേവനത്തിന് പ്രതിമാസം 99 രൂപയോ, പ്രതിവര്‍ഷം 999 രൂപയോ ആയിരിക്കും വരിസംഖ്യ. എന്നാല്‍, ഇത് തിരഞ്ഞെടുത്ത എയര്‍ടെല്‍ എക്ട്രീം ഫൈബര്‍ വരിക്കാര്‍ക്കു മാത്രമാണ് നല്‍കുന്നത്. തുടക്കത്തില്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലയിലാണ് ലഭിക്കുന്നത്. മൂന്നു ക്യാമറകള്‍ നല്‍കും. ഇവയ്ക്ക് ഒരു തവണ പണം നല്‍കണം. ക്യാമറകള്‍ക്ക് 30 മീറ്റര്‍ വരെ നൈറ്റ് വിഷനും ഉണ്ടെന്ന് പറയുന്നു. ക്യാമറകളില്‍ നിന്നുള്ള വിഡിയോകളും ഫോട്ടോകളും എയര്‍ടെല്‍ ക്ലൗഡില്‍ സൂക്ഷിക്കാം.

∙ സോണോസിന്റെ സ്പീക്കര്‍ ടെക്‌നോളജി ഗൂഗിള്‍ കോപ്പിയടിച്ചെന്ന് കോടതിയും

ടെക്‌നോളജി മേഖല കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ഒരു കോടതി വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഹൈ-ടെക് സ്പീക്കര്‍, ഓഡിയോ കമ്പനിയായ സോണോസിനു ലഭിച്ച അഞ്ചു പേറ്റന്റുകളാണ് ഗൂഗിള്‍ ലംഘിച്ചിരിക്കുന്നത് എന്നാണ് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മിഷന്‍ വിധിച്ചിരിക്കുന്നത്. താരതമ്യേന ചെറിയ കമ്പനികള്‍ അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ തട്ടിയെടുത്തു തങ്ങളുടേതാക്കുന്നു എന്ന ആരോപണം പല വന്‍കിട കമ്പനികള്‍ക്കെതിരെയും നിലനില്‍ക്കുന്നു. 

google-search-2021-trends

∙ ലെനോവോയുടെ പുതിയ സ്മാര്‍ട് ക്ലോക്ക് 2 എത്തി

ലെനോവോയുടെ വയര്‍ലെസ് ചാര്‍ജിങ് ഡോക്ക് ഉള്ള പുതിയ സ്മാര്‍ട് ക്ലോക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതിന് 4-ഇഞ്ച് വലുപ്പമുള്ള ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഉള്ളത്. ക്ലോക്ക് എന്നാണ് ഇതിനെ വിളിക്കുന്നതെങ്കിലും നിരവിധി കാര്യങ്ങള്‍ ചെയ്യിപ്പിക്കാവുന്ന ഉപകരണമാണിത്. ഇതില്‍ ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്നു എന്നതാണ് മുഖ്യ ആകര്‍ഷണം. സമയം, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചും അറിയാം. ഗൂഗിള്‍ ഫോട്ടോസ് ആല്‍ബങ്ങള്‍ ഇതില്‍ കാണാം. വിവിധ ക്ലോക് ഫെയ്‌സുകളും സെറ്റു ചെയ്യാം. അലാം വയ്ക്കാം, ട്രാഫിക് എങ്ങനെയെന്ന് ആരായാം, സ്മാര്‍ട് ബള്‍ബ് പോലെയുള്ള മറ്റ് സ്മാര്‍ട് ഉപകരണങ്ങളെ നിയന്ത്രിക്കാം. സ്മാര്‍ട് ക്ലോക്ക് 1നെ അപേക്ഷിച്ച് സ്മാര്‍ട് ക്ലോക്ക് 2നുള്ള പ്രധാന മാറ്റങ്ങളിലൊന്ന് ചാര്‍ജിങ് ഡോക്കാണ്. ക്ലോക്ക് 2 മീഡിയ ടെക് എംടി8167എസ് പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നു. 1 ജിബിയാണ് റാമെങ്കില്‍ 8 ജിബി സ്റ്റോറേജ് ശേഷിയും ഉണ്ട്. ബ്ലൂടൂത്ത് 4.2 വേര്‍ഷനാണ് നല്‍കിയിരിക്കുന്നത്. ചാര്‍ജിങ് ഡോക്ക് മാക്‌സെയ്ഫ് കോംപാറ്റിബിൾ ആണ്. ഫ്‌ളിപ്കാര്‍ട്, റിലയന്‍സ് ഡിജിറ്റല്‍ എന്നീ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴിയാണ് വില്‍പന. വില 6,999 രൂപ.

∙ പുതിയ വിന്‍ഡോസ് 11 മീഡിയ പ്ലെയര്‍ എത്തി

വിന്‍ഡോസ് 11 ഉപയോഗിക്കുന്നവരില്‍ പലര്‍ക്കും പുതിയ മീഡിയാ പ്ലെയര്‍ ഉടനെ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് ഇത് നേരത്തെ ലഭിച്ചിരിക്കുന്നു. ഗ്രൂവ് മ്യൂസിക് എന്ന പേരില്‍ വിന്‍ഡോസില്‍ പ്രവര്‍ത്തിച്ചുവരുന്ന ആപ്പിനു പകരമായിരിക്കും പുതിയ മീഡിയ പ്ലെയര്‍.

English Summary: Meta reportedly abandons plans to develop its own AR/VR OS, defers to a modded version of Android instead

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA