നിർമിത ബുദ്ധിയുടേത് ഞെട്ടിക്കുന്ന പാളിച്ച; ടെസ്‌ലയിലും ഫെയ്സ്ബുക്കിലും പൊളിഞ്ഞു

tesla-ai
SHARE

ഇനിയെല്ലാം കംപ്യൂട്ടർ ചെയ്തോളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ മാറ്റി മറിക്കാൻ പോവുകയാണ്, മനുഷ്യ മസ്തിഷ്ക്കത്തെ വെല്ലും എഐ, ഡ്രൈവറില്ലാതെ കാറോടും, ഡോക്ടറില്ലാതെ രോഗം നിർണയിക്കും...!!! എന്തെല്ലാമായിരുന്നു നിർമിത ബുദ്ധിയെക്കുറിച്ചുള്ള പ്രചാരണങ്ങളും അവകാശവാദങ്ങളും! ഇപ്പോൾ അതെല്ലാം തണുത്തിരിക്കുന്നു. മനുഷ്യ മസ്തിഷ്ക്കം ചെയ്യുന്നതിന്റെ ഏഴയലത്തെത്താൻ എഐ മ്മിണി പുളിക്കും എന്ന ലൈനിലേക്ക് ടെസ്‌ലയുടെ ഇലോൺ മസ്ക്കും ഫെയ്സ്ബുക്കിന്റെ മാർക്ക് സർക്കർബർഗും വന്നിരിക്കുന്നു.

അൽഗോരിതം ഉണ്ടെങ്കിൽ ഫെയ്സ്ബുക്കിലെ വ്യാജ പ്രചാരണങ്ങളെ നേരിടാം എന്നായിരുന്നു സക്കർബർഗിന്റെ അവകാശവാദം. വിദ്വേഷപ്രചാരണവും തെറ്റായ വിവരം പ്രചരിപ്പിക്കലും തടയാൻ എഐ ഉപയോഗിച്ചുള്ള പലതരം അൽഗോരിതങ്ങൾ ഏർപ്പെടുത്തി. എന്നിട്ടു വ്യാജപ്രചാരണം കുറഞ്ഞോ? എബടെ? അൽഗോരിതങ്ങൾക്കു കണ്ടുപിടിക്കാൻ കഴിയുന്നതിനപ്പുറത്താണ് പ്രചാരണം നടത്തുന്നവരുടെ യഥാർഥ ബുദ്ധി എന്നു കണ്ടെത്തിയതു മിച്ചം.

വ്യാജപ്രചാരണങ്ങൾ കണ്ടെത്താനും നീക്കം ചെയ്യാനും ഫെയ്സ്ബുക് 15,000 ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. അൽഗോരിതങ്ങൾ മാറ്റി വച്ച് അവരുടെ എണ്ണം ഇരട്ടിയാക്കണമെന്നാണ് ഇപ്പോൾ ആവശ്യം. ചില കീ വാക്കുകൾ തിരഞ്ഞാണ് അൽഗോരിതങ്ങൾ വ്യാജപ്രചാരണങ്ങൾ കണ്ടെത്തുന്നത്. വാക്സീനുകൾക്കെതിരെ വൻ പ്രചാരണം നടക്കുന്നതിനാൽ ആ വാക്ക് എവിടെ കണ്ടാലും അൽഗോരിതം പിടിക്കും. പക്ഷേ വാക്സീനെതിരെ പ്രചാരണം നടത്തുന്നവർ അതോടെ ലൈൻ മാറ്റി. വാക്സീന്റെ സ്പെല്ലിങ് തെറ്റിച്ച് കൊടുക്കാൻ തുടങ്ങി. അൽഗോരിതത്തിന് അതു കണ്ടെത്താൻ കഴിയില്ല.

ai-facebook

ഫെയ്സ്ബുക്കിലൂടെ തോക്ക് വിൽക്കാൻ ശ്രമിക്കുന്നവരുണ്ട്. തോക്കിന്റെ പടം കണ്ടാലുടൻ അൽഗോരിതം പിടിക്കുമെന്നു വന്നതോടെ തോക്ക് ഇരിക്കുന്ന പെട്ടിയുടെ പടം കൊടുക്കാൻ തുടങ്ങി. എഐക്ക് ഈ കളി മനസിലാവുന്നില്ല. മനുഷ്യന്റെ മസ്തിഷ്ക്കത്തിന് ഒറ്റ നോട്ടത്തിൽത്തന്നെ ഈ കളി മനസ്സിലാവുകയും ചെയ്യും.

ഡ്രൈവറില്ലാത്ത കാറുകൾ നിരത്തുകളാകെ കീഴടക്കുമെന്നാണു വിചാരിച്ചിരുന്നത്. ടെസ്‌ല കാറുകൾ 10 ലക്ഷം 2020 ആവുമ്പോഴേക്കും റോഡുകളിലെത്തുമെന്നു മസ്ക് തന്നെ പറഞ്ഞിരുന്നു. നടന്നില്ല. വണ്ടി പാർക്ക് ചെയ്യാനോ റോഡിലെ ട്രാക്ക് മാറാനോ ഹൈവേകളിലൂടെ നേർരേഖയിൽ ഓടാനോ കഴിയുമെന്നു മാത്രം. അതിലും ഇടയ്ക്കിടെ വൻ അപകടങ്ങളുണ്ടാക്കുന്ന അബദ്ധങ്ങൾ സംഭവിക്കുന്നുണ്ട്. പൊതു നിരത്തുകളിൽ എഐ നിയന്ത്രിക്കുന്ന, ഡ്രൈവർ ഇല്ലാത്ത കാറുകൾ വരാൻ ഇനിയുമേറെ വർഷങ്ങളെടുക്കും. എഐ വൻ പ്രശ്നമാണെന്ന് ഇലോൺ മസ്ക് അടുത്തിടെ പറഞ്ഞിരുന്നു. ഹാർഡ് പ്രോബ്ളം എന്നാണു വിശേഷിപ്പിച്ചത്.

Hindu God Krishna on blue background

ആരോഗ്യ രംഗത്താണ് എഐയുടെ പേടിപ്പെടുത്തുന്ന പരാജയം. സ്കാൻ റിപ്പോർട്ട് പരിശോധിച്ച് അർബുദം ഉണ്ടോ എന്നൊക്കെ നിർണയിക്കാൻ ഇനി ഡോക്ടർ വേണ്ട, എഐ മതി എന്നൊക്കെ അവകാശപ്പെട്ടവരുണ്ട്. ആയിരക്കണക്കിനു സ്കാൻ റിപ്പോർട്ടുകളുടെ ഡേറ്റയുമായി താരതമ്യം ചെയ്താണ് നിർണയം നടത്തുക. പക്ഷേ അതിൽ അബദ്ധം പറ്റുന്നത് അമേരിക്കയിൽ 9%, യുകെയിൽ 4%. പതിനായിരക്കണക്കിനു രോഗികളാവുമ്പോൾ ശതമാനക്കണക്ക് എത്ര ചെറുതായിരുന്നാലും നൂറു കണക്കിനാളുകൾക്കു തെറ്റായ റിസൽറ്റ് ലഭിക്കും. രോഗം ഉണ്ടെന്നോ ഇല്ലെന്നോ തെറ്റായ റിപ്പോർട്ട് വരുന്നത് എത്ര അപകടമാവുമെന്ന് ആലോചിക്കുക.

കുറേപ്പേർക്ക് തെറ്റായ രോഗനിർണയം വന്നാൽപോലും നമുക്ക് പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കാം എന്നാരെങ്കിലും കരുതുമോ? രോഗങ്ങൾ എഐ കൃത്യമായി നിർണയിക്കുന്നില്ലെന്നതു തന്നെയാണ് നിലവിലെ സ്ഥിതി. ഇല്ലാത്ത കാൻസർ ഉണ്ടെന്നോ ഉള്ള കാൻസർ ഇല്ലെന്നോ റിസൽറ്റ് വന്നാലെന്താവും സ്ഥിതി?

പക്ഷേ, എഐ ഗവേഷണത്തിലേക്ക് ബില്യൻ കണക്കിനു ഡോളർ ഒഴുകുന്നതിൽ ഇത്തരം മുന്നറിയിപ്പുകളൊന്നും തടസ്സമല്ല. എഐ സ്റ്റാർട്ടപ് കമ്പനികളിലേക്ക് മൂലധന നിക്ഷേപം പ്രവഹിക്കുകയാണു ലോകമാകെ. ഇത്രയധികം കാശിറക്കിയിട്ടും എന്തുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രതീക്ഷിച്ച പോലെ ഉയരുന്നില്ല? സാങ്കേതികവിദ്യയെക്കുറിച്ചുള്ള ‘തള്ളൽ’ കൂടിപ്പോയതാണ് ഒരു കാരണം.

എഐ ഫലപ്രദമാകണമെങ്കിൽ ഡേറ്റ വൻ തോതിൽ ശേഖരിച്ച് വിവിധ വിഭാഗങ്ങളിലാക്കി സൂക്ഷിക്കണം. അതുപയോഗിക്കാൻ കൃത്യമായ മോഡൽ വേണം. ഈ ഡേറ്റ റെഫർ ചെയ്താണ് എഐ അൽഗോരിതം തീരുമാനങ്ങളിലെത്തുന്നത്. ഡേറ്റ ശേഖരണത്തിലെ വീഴ്ചയാണു പലപ്പോഴും പ്രശ്നം. ഇതൊരു മുഷിപ്പൻ പണിയാണ്. പക്ഷേ ഈ പണിയാണ് എഐ പ്രോഗ്രാം ഉണ്ടാക്കുന്നതിന്റെ 90% സമയം അപഹരിക്കുന്നത്.

Ai-human-chat-bot

മനുഷ്യന്റെ വിവിധ ഭാഷകളുടെ അന്തരാർഥങ്ങളും വിവക്ഷകളും മനസ്സിലാക്കാൻ അൽഗോരിതം ഇനിയും നൂറ് ജന്മം ജനിക്കണം! ഓരോ വാക്കും പറയുന്നതിലെ നേരിയ വ്യത്യാസങ്ങളും സന്ദർഭവും അനുസരിച്ച് അർഥം മാറാമല്ലോ. അതു മനുഷ്യനേ മനസ്സിലാവൂ. യന്ത്രത്തിനു മനസ്സിലാവില്ല. ബെസ്റ്റ് എന്നു പറഞ്ഞാൽ അർഥം കൊള്ളാം എന്നാവണമെന്നില്ലെന്നും നേരേ വിപരീതാർഥം ആവാമെന്നും അൽഗോരിതത്തിന് എങ്ങനെ മനസ്സിലാവും?

സിനിമ ശുപാർശ ചെയ്യുന്നതിലോ മുഖം കണ്ട് സ്മാർട് ഫോൺ അൺലോക്ക് ചെയ്യുന്നതിലോ എഐ ഉപയോഗിക്കാം. വലിയ കാര്യമുള്ളതല്ല. അതിൽ കവിഞ്ഞ ഗൗരവമുള്ള കാര്യങ്ങൾക്ക് എഐ വളർന്നിട്ടില്ല എന്നതു തന്നെയാണു വസ്തുത.

English Summary: Massive Failures of Artificial Intelligence

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA