ADVERTISEMENT

മൈക്രോസോഫ്റ്റ് ഓഫിസിലെ ലൈംഗിക പീഡന നയങ്ങളെയും നടപടികളെയും സംബന്ധിച്ച് പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ചു. മുൻ മേധാവിയായിരുന്ന ബിൽ ഗേറ്റ്‌സിന്റെ പേരിലും മറ്റു ജീവനക്കാരുടെ പേരിലുമുള്ള ലൈംഗിക പീഡന കേസുകളുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണവും സ്ഥാപനത്തിലെ ലൈംഗിക പീഡന നയങ്ങളും അവലോകനം ചെയ്യും. ഇക്കാര്യങ്ങൾ വിലയിരുത്താൻ മൈക്രോസോഫ്റ്റിന്റെ ഡയറക്ടർ ബോർഡ് പ്രശസ്ത നിയമ സ്ഥാപനത്തെയാണ് നിയമിച്ചിരിക്കുന്നത്.

 

മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ഗേറ്റ്‌സ് ഉൾപ്പെട്ട ബോർഡ് കമ്മിറ്റി 2019 മുതൽ അന്വേഷിച്ചു വരുന്ന ലൈംഗിക പീഡന ആരോപണങ്ങളെല്ലാം വിദഗ്ധ സമിതി പരിശോധിക്കും. ഡയറക്ടർ ബോർഡിലെ അംഗങ്ങൾക്കും കമ്പനിയുടെ മുതിർന്ന നേതൃത്വ ടീമിനുമെതിരായ ലൈംഗിക പീഡന അന്വേഷണങ്ങളുടെ റിപ്പോർട്ടുകളെല്ലാം നിയമ സ്ഥാപനമായ ആറന്റ് ഫോക്‌സ് പരിശോധിച്ച് റിപ്പോർട്ട് തയാറാക്കും.

 

റിപ്പോർട്ട് അവലോകനം ചെയ്യാൻ മാത്രമല്ല, മൂല്യനിർണയത്തിൽ നിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇതിലൂടെ ഞങ്ങളുടെ ജീവനക്കാർക്ക് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഈ സമഗ്രമായ അവലോകനം ജീവനക്കാർക്ക് അവരുടെ ജീവിത രീതികൾ മെച്ചപ്പെടുത്താനുള്ള അവസരമാണെന്നും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പറഞ്ഞു. അവലോകനം നടത്തിയതിനു ശേഷം ഈ വർഷം തന്നെ ജീവനക്കാർക്കും ഓഹരി ഉടമകൾക്കും പൊതുജനങ്ങൾക്കുമായി ബോർഡ് സമഗ്രമായ ഒരു സുതാര്യത റിപ്പോർട്ട് നൽകും.

 

‘ഇൻ നീഡ് ഓഫ് അസിസ്റ്റൻസ്’ എന്ന ഇമെയിലിലേക്ക് 2019-ൽ ജീവനക്കാർ അയച്ച ആശങ്കകളും ഈ ആശങ്കകളോട് പ്രതികരിക്കാൻ കമ്പനി സ്വീകരിച്ച നടപടികളും കമ്പനിയിലെ നിലവിലെ സുരക്ഷാ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുന്ന അധിക നടപടികളും അവലോകനത്തിൽ ഉൾപ്പെടും.

 

2010-നും 2016-നും ഇടയിൽ മൈക്രോസോഫ്റ്റ് വനിതാ ജീവനക്കാർ നേരിട്ട ലൈംഗികാതിക്രമങ്ങൾ, വർണ വിവേചനവുമായും ബന്ധപ്പെട്ടുള്ള 238 കേസുകൾ ഉണ്ടെന്ന് ആരോപിച്ച് 2018 മാർച്ചിൽ ഫയൽ ചെയ്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇമെയിൽ വഴി പരാതികൾ സ്വീകരിക്കാൻ തുടങ്ങിയത്.

 

ലൈംഗിക പീഡനത്തിനോ ലിംഗ വിവേചനത്തിനോ എക്സിക്യൂട്ടീവുകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്കു നേരെ  സ്വീകരിച്ച നടപടികൾ ഇത് വിലയിരുത്തും. ലൈംഗിക പീഡനക്കേസുകളുടെ എണ്ണം പരിശോധിച്ചതിന്റെയും അവയുടെ പരിഹാരത്തിന്റെയും ഡേറ്റ റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.

 

∙ ബിൽഗേറ്റ്സിനെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍

 

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സ് സഹപ്രവർത്തകയെ വഴിവിട്ട ബന്ധത്തിനായി ഇമെയിലിലൂടെ ശല്യം ചെയ്തിരുന്നതായി റിപ്പോർട്ട് വന്നിരുന്നു. ഇതേസംഭവത്തിൽ അന്ന് തന്നെ മൈക്രോസോഫ്റ്റ് ബോർഡ് അംഗങ്ങള്‍ ഗേറ്റ്സിനെ താക്കീത് ചെയ്തിരുന്നു. ജീവനക്കാരിമായുള്ള ബന്ധം പുറത്തുവന്നതിനെ തുടർന്നാണ് 2020 ൽ ബിൽഗേറ്റ്സ് കമ്പനിയുടെ പ്രധാന സ്ഥാനത്തുനിന്ന് രാജിവച്ചത്.

 

ജീവനക്കാരിയുടെ പരാതിയിൽ 2008ലാണ് ഗേറ്റ്സിനെ താക്കീതു ചെയ്തത്. 2007 ൽ ബിൽഗേറ്റ്സ് സഹപ്രവർത്തകയുമായി നിരന്തരം ചാറ്റ് ചെയ്യുകയും പുറത്തേക്ക് ക്ഷണിക്കുകയും ചെയ്തെന്നാണ് ആരോപണം. മൈക്രോസോഫ്റ്റ് വക്താവ് തന്നെയാണ് ഈ റിപ്പോർട്ട് സ്ഥിരീകരിച്ചത്. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ബ്രാഡ് സമിത്തും മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനുമാണ് ജീവനക്കാരിയുടെ മെയിലുകൾ പരിശോധിച്ച് ഗേറ്റ്സിനു മുന്നറിയിപ്പ് നൽകിയത്.

 

2007 ൽ മൈക്രോസോഫ്റ്റിന്റെ മുഴുവൻ സമയ ജീവനക്കാരനും പ്രസിഡന്റുമായിരുന്നു ഗേറ്റ്സ്. എന്നാൽ, സഹപ്രവർത്തകയുമായി മറ്റുതരത്തിലുള്ള ബന്ധങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല. ഇതിനാലാണ് ഗേറ്റ്സ് മറ്റു ശിക്ഷാനടപടികളില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാൽ, ഈ ആരോപണം ബിൽഗേറ്റ്സിന്റെ ഓഫിസ് തള്ളി. എന്നാൽ, വിദേശ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം ഗേറ്റ്സ് വസ്തുതകൾ സമ്മതിക്കുകയും ഇനി അത് ആവർത്തിക്കില്ലെന്ന് പറയുകയും ചെയ്തിരുന്നു. 2008 ൽ പ്രസിഡന്റ് സ്ഥാനം രാജിവച്ച് 2020 മാർച്ച് വരെ മൈക്രോസോഫ്റ്റിന്റെ ഡയറക്ടർ ബോർഡിൽ ഗേറ്റ്സ് തുടർന്നു.

 

സഹപ്രവര്‍ത്തകയുമായുള്ള അതിരുവിട്ട ബന്ധങ്ങളാണ് ബില്‍ ഗേറ്റ്‌സിന്റെ മൈക്രോസോഫ്റ്റില്‍ നിന്നുള്ള രാജിക്ക് കാരണമായതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മൈക്രോസോഫ്റ്റ് ഉന്നതാധികാര സമിതിയില്‍ ബില്‍ഗേറ്റ്‌സ് തുടരുന്നതിനെ മൈക്രോസോഫ്റ്റ് ബോര്‍ഡ് എതിര്‍ത്തിരുന്നു. ഇതാണ് ബില്‍ ഗേറ്റ്‌സിന്റെ മൈക്രോസോഫ്റ്റില്‍ നിന്നു പെട്ടെന്നുള്ള രാജിക്ക് കാരണമായത്.

 

തനിക്ക് ബില്‍ഗേറ്റ്‌സുമായി വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന മൈക്രോസോഫ്റ്റ് എൻജിനീയറുടെ കത്തും വൻ വിവാദമായിരുന്നു. മൈക്രോസോഫ്റ്റിനു പുറത്തുനിന്നുള്ള അന്വേഷണ ഏജന്‍സിയാണ് ഈ വിഷയം അന്വേഷിച്ചത്. അന്വേഷണകാലയളവില്‍ ആരോപണം ഉന്നയിച്ച ജീവനക്കാരിക്ക് വേണ്ട പിന്തുണ മൈക്രോസോഫ്റ്റ് നല്‍കുകയും ചെയ്തിരുന്നു.

 

മൈക്രോസോഫ്റ്റ് ബോര്‍ഡിന്റെ അന്വേഷണം പൂര്‍ത്തിയാകും മുൻപ് തന്നെ ബില്‍ഗേറ്റ്‌സ് മൈക്രോസോഫ്റ്റില്‍ നിന്നു രാജിവച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്നാണ് സ്ഥാനമൊഴിയുമ്പോള്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞത്. എന്നാല്‍ അതിനപ്പുറത്തുള്ള കാരണങ്ങളായിരുന്നു രാജിയിലേക്ക് നയിച്ചതെന്ന സൂചനകളാണ് ഈ വിവാദത്തോടെ പുറത്തുവന്നത്.

 

'തന്റെ ജീവനക്കാരുമായി ചോദ്യം ചെയ്യപ്പെടേണ്ട വിധത്തിലുള്ള ബന്ധമാണ്' ബില്‍ ഗേറ്റ്‌സ് പുലര്‍ത്തിയിരുന്നതെന്ന് നേരത്തെ ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ടു ചെയ്തിരുന്നു. മൈക്രോസോഫ്റ്റിലേയും ബില്‍ ആൻഡ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷനിലേയും വനിതാ സഹപ്രവര്‍ത്തകരുമായി വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ ബില്‍ ഗേറ്റ്‌സ് ഇഷ്ടപ്പെട്ടിരുന്നുവെന്ന് ബില്‍ ഗേറ്റ്‌സുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

 

English Summary: Microsoft to review Bill Gates inquiry, sexual harassment policies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com