ഇത് ഇന്റര്‍നെറ്റിലെ പുതിയ കൊടുങ്കാറ്റ്, 2022ന്റെ ആദ്യ വൈറല്‍ ഗെയിം 'വേഡ്ൽ'

wordle
SHARE

മുന്‍ വര്‍ഷങ്ങളില്‍ കണ്ടിട്ടില്ലാത്ത എന്തൊക്കെയോ പുതുമകള്‍ ചാലിച്ചൊരുക്കിയ വേഡ്ൽ (Wordle) ഗെയിം വളരെ പെട്ടെന്നാണ് ലോകമെമ്പാടും പ്രചാരം നേടിയത്. ഇന്റര്‍നെറ്റിലെ കൊടുങ്കാറ്റ് എന്നാണ് എബിസി ന്യൂസ് ഈ ഗെയിമിനെ വിശേഷിപ്പിച്ചത്. പുതുവര്‍ഷം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഗെയിമിനെ '2022ന്റെ ആദ്യ വൈറല്‍ ട്രെന്‍ഡിന്റെ' ഭാഗമായി കൂടി വിലയിരുത്തപ്പെട്ടു തുടങ്ങി എന്നതും ശ്രദ്ധിക്കണം. എന്തിനേറെ, വേഡ്‌ലിന്റെ വിജയത്തിന്റെ പങ്കുപറ്റാനായി പലരും അനുകരണ ആപ്പുകളുണ്ടാക്കി ആപ് സ്റ്റോറിലിട്ടു. ഇതു ശ്രദ്ധയില്‍പെട്ട ആപ്പിള്‍ അവയെ നിഷ്‌കരുണം നീക്കംചെയ്യുകയും ചെയ്തു. കൊറോണാവൈറസ് കാലത്ത് തന്റെ പങ്കാളിയുമൊത്ത് അര്‍ഥവത്തായ രീതിയില്‍ സമയം ചെലവഴിക്കാനുള്ള ഒരു മാര്‍ഗമായാണ് വേഡ്ല്‍ രൂപംകൊള്ളുന്നതെന്ന് അതിന്റെ സൃഷ്ടാവായ ജോഷ് വാഡ്ല്‍ (Josh Wardle) ന്യൂസ്‌വീക്കിനോടു പറഞ്ഞു. വേഡ്ല്‍ കളിക്കുക വഴി സമയംകളയുക എന്നതു മാത്രമല്ല ആംഗല പദസമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്യാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

∙ നിഗൂഢത അനാവരണം ചെയ്യാനുള്ള പ്രേരണ

ഗെയിമിന്റെ സാധ്യത മനസിലാക്കിയ അദ്ദേഹം ഇത് കൂടുതല്‍ പേരിലേക്ക് എത്തിക്കാനായി ഒരു പൊതു വെബ്‌സൈറ്റിനെ സമീപിക്കുകയായിരുന്നു. തുടക്കത്തില്‍ വെറും 90 പേര്‍ മാത്രം കളിച്ചിരുന്ന ഗെയിം കളിക്കുന്നവരുടെ എണ്ണം മാസങ്ങള്‍ക്കകം 20 ലക്ഷം കടന്നു. ഗെയിമിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയും അവിശ്വസനീയമായ വേഗത്തിലായിരുന്നു. നിഗൂഢ കോഡുകളുടെ അര്‍ഥം മനസിലാക്കിയെടുക്കുക എന്ന താത്പര്യം പൊതുവെ മനുഷ്യരില്‍ നിക്ഷിപ്തമാണ്. തങ്ങള്‍ എത്ര ബുദ്ധിയുളളവരാണ് എന്ന് ഓണ്‍ലൈനില്‍ കാണിച്ചുകൊടുക്കാനുള്ള അവസരം മുതലാക്കാനാണ് ആളുകള്‍ ഈ ഗെയിമില്‍ ആകൃഷ്ടരായിരിക്കുന്നത് എന്നും പറയുന്നു. മറ്റു രണ്ട് ഉള്‍പ്രേരണയും ഗെയിമിന്റെ വിജയത്തിനു പിന്നിലുണ്ടെന്നും വാഡ്ല്‍ വിശ്വസിക്കുന്നു - ഗെയിം കളിക്കാന്‍ പൈസ ചെലവിടേണ്ട എന്നതും, കുറച്ചു സമയം മാത്രം കളഞ്ഞാല്‍ മതി എന്നതും. ദിവസത്തില്‍ ഒരിക്കല്‍ ലോഗ്-ഇന്‍ ചെയ്ത് അഞ്ചു മിനിറ്റിനുള്ളില്‍ ഈ പസിളിനുളള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം. കൂട്ടുകാരും മറ്റുമായി ഉത്തരത്തെക്കുറിച്ച് ചര്‍ച്ചയും ചെയ്യാം.

∙ എന്താണ് വേഡ്ല്‍?

അതിലളിതമായ ഒരു സമവാക്യമാണ് ഗെയിമിനെ വൈറല്‍ ആക്കിയത്. ഒരു ദിവസം ഒരു പസില്‍. അഞ്ച് അക്ഷരങ്ങള്‍ ഉള്ള ഒരു വാക്ക് കണ്ടെത്തണം, ആറ് തവണ 'വേഡ് ഓഫ് ദി ഡേ' പരിഹരിക്കാന്‍ പരിശ്രമിക്കാം. 'അത് തന്നെ അത്രമേല്‍ ആകര്‍ഷിക്കുന്നു,' എന്നാണ് ദിവസവും വേഡ്ല്‍ കളിക്കുന്ന സൂസ്ന്‍ഡ്രബിന്‍ എഎഫ്പിയോട് പറഞ്ഞത്. ബോര്‍ഡ് ഉപയോഗിച്ചു കളിക്കുന്ന കളിയായ മാസ്റ്റര്‍മൈന്‍ഡിന്റെയും ഒരു കാലത്ത് പത്രങ്ങളില്‍ ദിവസവും ഉണ്ടായിരുന്ന ക്രോസ്‌വേഡ് കളിയുടെയും ഒരു മിശ്രണമാണിത് എന്നു വേണമങ്കില്‍ വേഡ്‌ലിനെ വിശേഷിപ്പിക്കാം. പ്രത്യേകിച്ചു ക്രമമില്ലാതെ (random) അഞ്ചു വാക്കുകള്‍ കാണിക്കുന്നു. നിങ്ങള്‍ തിരഞ്ഞെടുത്ത എല്ലാ അക്ഷരങ്ങള്‍ ഉള്ള വാക്കാണ് ശരിയുത്തരം, എന്നാല്‍ അവ ക്രമത്തിലല്ലെങ്കില്‍ വേഡ്ല്‍ അത് മഞ്ഞ നിറം ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യും. ശരിയാണെങ്കില്‍ പച്ച നിറത്തില്‍ അവ ഹൈലൈറ്റ് ചെയ്യും. ഗ്രേ നിറത്തിലാണെങ്കില്‍ വാക്ക് അതല്ല. 

∙ ലാളിത്യത്തിനും നൂതന ശൈലിക്കും കൈയ്യടി

ഗെയിമിന്റെ സൃഷ്ടാവായ വാഡ്ല്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍ ആണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 2ന് തുടങ്ങി 90 പേര്‍ മാത്രം കളിച്ചിരുന്ന ഗെയിം ദശലക്ഷങ്ങള്‍ കളിക്കുന്ന ഒന്നായി തീര്‍ന്നത് 2022ല്‍ ആണ്. ഇതിനാലാണ് ഇത് പുതിയ വര്‍ഷത്തിന്റെ ട്രെന്‍ഡുകള്‍ക്കിടയില്‍ ഇടം പിടിച്ചിരിക്കുന്നത്. ആളുകള്‍ ഓരോ ദിവസവും തങ്ങള്‍ വേഡ്ല്‍ കളിച്ച റിസള്‍ട്ട് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനും തുടങ്ങിയിരിക്കുകയാണ്. വേഡ്‌ലിന്റെ നവീനവും വേറിട്ടതുമായ ശൈലിക്കാണ് കൈയ്യടി നല്‍കേണ്ടതെന്ന് ഗിസ്‌മോഡോ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആന്‍ഡ്രൂ കൗട്‌സ് പറയുന്നു.

∙ കളിയില്‍ തനിക്ക് സാമര്‍ഥ്യം കുറവാണെന്ന് വാഡ്ല്‍

കളി സൃഷ്ടിച്ചത് താനാണെങ്കിലും ജയിക്കാനുള്ള പ്രവീണ്യം തനിക്കു കുറവാണെന്നും വാഡ്ല്‍ പറയുന്നു. തന്റെ പങ്കാളിക്ക് പസില്‍ പരിഹരിക്കാന്‍ മൂന്നു തവണ ശ്രമിച്ചാല്‍ മതി. എന്നാല്‍ തനിക്ക് 4-5 തവണ ശ്രമിക്കേണ്ടതായി വരുന്നുവെന്ന് വാഡ്ല്‍ പറയുന്നു. ഗെയിമിന്റെ സൃഷ്ടാവിന് വാക്കുകള്‍ അനുമാനിച്ചെടുക്കാന്‍ എളുപ്പമായിരിക്കും എന്ന തോന്നല്‍ തെറ്റാണെന്നു പറയുന്നു. വേഡ്‌ലിന്റെ ഡേറ്റാ ബെയ്‌സില്‍ ഇപ്പോള്‍ 2500 വാക്കുകള്‍ മാത്രമാണ് ഉള്ളതെന്നത് ഗെയിമിന് എത്ര കാലം ആളുകളെ ആകര്‍ഷിച്ചു നിർത്താനാകുമെന്ന കാര്യത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നു. 

∙ പിച്ചൈ കുരുക്കിലേക്ക്? ഗൂഗിളും ഫെയ്‌സ്ബുക്കും തമ്മിലുള്ള രഹസ്യ ധാരണയിലേക്കും അന്വേഷണം

ഗൂഗിള്‍, ഫെയ്‌സ്ബുക് എന്നീ കമ്പനികള്‍ ആഗോള പരസ്യ വരുമാനത്തിന്റെ സിംഹഭാഗവും പിടിച്ചെടുക്കുന്നു എന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് യൂറോപ്യന്‍ യൂണിയനും അമേരിക്കയും അന്വേഷണം നടത്തിവരികയാണ്. പുതിയ വെളിപ്പെടുത്തല്‍ പ്രകാരം ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവര്‍ നിയമപരമല്ലാത്ത ഒരു രഹസ്യ ധാരണയില്‍ എത്തിച്ചേര്‍ന്നിരിക്കാമെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇത്തരം ഒരു ഉടമ്പടിയില്‍ ഇരു കമ്പനികളും 2018ല്‍ എത്തിച്ചേര്‍ന്നു എന്നും അതില്‍ പിച്ചൈ നേരിട്ട് ഒപ്പുവച്ചു എന്നുമാണ് ന്യൂയോര്‍ക്കിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലുള്ളതെന്ന് എഎഫ്പി റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത് ഇരു കമ്പനികള്‍ക്കുമെതിരെ അമേരിക്കയില്‍ ഇപ്പോള്‍ നടന്നുവരുന്ന ആന്റിട്രസ്റ്റ് അന്വേഷണത്തിന്റെ ആക്കം കൂട്ടുമെന്നു കരുതപ്പെടുന്നു.

∙ ഫെയ്‌സ്ബുക്കിന്റെ ഒക്യുലസ് ബിസിനസിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ എഫ്ടിസി

പുതിയ മെറ്റാവേഴ്‌സിലേക്കുളള വാതിലായിരിക്കാമെന്നു കരുതപ്പെടുന്ന പ്രോജക്ട് കെംബ്രിയ ഹെഡ്‌സെറ്റ് അടക്കം വികസിപ്പിച്ചു വരുന്ന ഫെയ്‌സ്ബുക്കിന്റെ വിആര്‍ വിഭാഗമായ ഒക്യുലസ് ബിസിനസിലേക്കും അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ (എഫ്ടിസി) അന്വേഷണം നീട്ടിയേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഫെയ്‌സ്ബുക് വാങ്ങിയ ആപ്പുകളാണ് ഇന്‍സ്റ്റഗ്രാമും വാട്‌സ്പ്പും. ഇവ ഫെയ്‌സ്ബുക്കില്‍ നിന്ന് വേര്‍പെടുത്തി വേറെ കമ്പനികളാക്കണം എന്നാണ് എഫിടിസി വാദിക്കുന്നത്. അതുപോലെ പിന്നീട് വാങ്ങിച്ച കമ്പനിയാണ് ഒക്യുലസും. തങ്ങളുടെ അന്വേഷണം ഒക്യുലസിലേക്കും കൂടി നീട്ടാനാണ് എഫ്ടിസി ശ്രമിക്കുന്നത്. ന്യൂയോര്‍ക്ക്, നോര്‍ത് കാരൊലൈന, ടെനസി എന്നിവ അടക്കം ഏകദേശം 50 സ്‌റ്റേറ്റുകളാണ് ഫെയ്‌സ്ബുക്കിനെതിരെ സമര്‍പ്പിച്ച പരാതി വീണ്ടും പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ച് എഫിടിസിയുടെ നീക്കത്തിനു പിന്തുണയുമായി എത്തിയിരിക്കുന്നതെന്നും പറയുന്നു. 

∙ ആമസോണിന്റെ റിപ്പബ്ലിക് ദിന വില്‍പനയില്‍ എക്കോ ഉപകരണങ്ങള്‍ക്ക് 40 ശതമാനം വരെ വിലക്കുറവ്

ആമസോണിന്റെ റിപ്പബ്ലിക് ദിന വില്‍പന പ്രൈം മെംബര്‍മാര്‍ക്കായി ജനുവരി 16ന് തുറന്നു. കമ്പനിയുടെ സ്വന്തം എക്കോ സ്മാര്‍ട് സ്പീക്കര്‍, ഫയര്‍ ടിവി സ്റ്റിക്, കിന്‍ഡ്ല്‍ ഇ-റീഡര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് 40 ശതമാനത്തോളം വരെ കിഴിവാണ് നല്‍കുന്നത്. 

English Summary: Wordle: Why so many people are obsessed with the new online game

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA