ADVERTISEMENT

സ്മാർട് ഫോണുകള്‍ക്കും ഇലക്ട്രിക് കാറുകൾക്കും മറ്റും സുദീര്‍ഘമായ ബാറ്ററി ലൈഫ് ലഭിക്കുക എന്നത് ഏവരും സ്വപ്‌നം കാണുന്ന ഫീച്ചറുകളിലൊന്നാണ്. അത്തരം സാങ്കേതികവിദ്യ എത്തിക്കഴിഞ്ഞിരിക്കുന്നു എന്നാണ് പ്രമുഖ ടെക്‌നോളജി വെബ്‌സൈറ്റായ വയേഡ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ (സിഇഎസ്) പ്രദര്‍ശിപ്പിച്ച ഒരു ഉപകരണമാണ് പുതിയ ടെക്‌നോളജി ഉദയം ചെയ്തു കഴിഞ്ഞുവെന്ന് ഉറപ്പിക്കാന്‍ ഇടയാക്കിയിരിക്കുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിപ്പക്കുന്ന ഫോണുകളും കംപ്യൂട്ടറുകളും കാറുകളും അടക്കമുള്ള മറ്റ് ഉപകരണ നിര്‍മാതാക്കളും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു തുടങ്ങിയേക്കുമെന്നു പ്രതീക്ഷിക്കുന്നു. ഹൈപ്പര്‍എക്‌സ് കമ്പനി പ്രദര്‍ശിപ്പിച്ച 300 മണിക്കൂര്‍ നേരത്തേക്ക് ചാര്‍ജ് നിലനില്‍ക്കുന്ന ഹെഡ്‌ഫോണാണ് ഏവരെയും അദ്ഭുതപ്പെടുത്തിയത്. ക്ലൗഡ് ആല്‍ഫാ വയര്‍ലെസ് എന്ന പേരില്‍ പുറത്തിറക്കുന്ന ഹെഡ്‌ഫോണാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം.

 

∙ ഹൈപ്പര്‍എക്‌സിന്റെ ഡ്യൂവല്‍ ചെയ്ംബര്‍ ടെക്‌നോളജി

 

ഹൈപ്പര്‍എക്‌സ് ക്ലൗഡ് ആല്‍ഫാ വയര്‍ലെസ് മോഡലിനു മുൻപ് ഇറക്കി വിറ്റുവരുന്ന ക്ലൗഡ് 2 വയര്‍ലെസ് ഹെഡ്‌ഫോണിന് ഒരു ഫുള്‍ ചാര്‍ജില്‍ ഏകദേശം 300 മണിക്കൂറാണ് പ്രവര്‍ത്തിപ്പിക്കാനാകുക. അതായത് പുതിയ ഹെഡ്‌ഫോണില്‍ 10 മടങ്ങാണ് ബാറ്ററി ലൈഫ് ഒറ്റയടിക്കു വര്‍ധിപ്പിക്കാന്‍ സാധിച്ചിരിക്കുന്നത്. ഇത്തരം ഒരു വര്‍ധന സാങ്കേതികവിദ്യയുടെ ചരിത്രത്തിലെങ്ങും ആരും കേട്ടിട്ടില്ല. എന്നാല്‍, പുതിയ സാങ്കേതികവിദ്യയുടെ കൃത്യമായ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ഹൈപ്പര്‍എക്‌സ് തയാറായില്ല എന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, അല്‍പം വലുപ്പംകൂടിയ ബാറ്ററിയും പുതിയ ചിപ്പ് ടെക്‌നോളജിയും തങ്ങളുടെ പുതുക്കിയ ഡ്യൂവല്‍ ചെയ്ംബര്‍ ടെക്‌നോളജിയും ഡ്രൈവറുകളുമാണ് മാജിക് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. 'ഹൈപ്പര്‍എക്‌സിന്റെ പുതിയ ഗെയ്മിങ് ഹെഡ്‌ഫോണിന് 300 മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കുമെന്നു പറയുന്നു. പക്ഷേ ഇതെങ്ങനെ സാധ്യമാകുമെന്നു മനിസിലാകുന്നില്ല,’ എന്നാണ് ഗിസ്‌മോഡോ എന്ന വെബ്‌സൈറ്റ് നല്‍കിയ തലവാചകം.

 

∙ 24 മണിക്കൂര്‍ ബാറ്ററി ലൈഫ് ഉള്ള ലാപ്‌ടോപ്പുകള്‍ താമസിയാതെ എത്തിയേക്കും

 

സിഇഎസില്‍ ഏറ്റവുമധികം അമ്പരപ്പിച്ചത് ഹൈപ്പര്‍എക്‌സ് ആണെങ്കിലും മറ്റു കമ്പനികളും ബാറ്ററി ചാര്‍ജ് ദീര്‍ഘിപ്പിക്കുന്നതില്‍ പുരോഗതി കാണിച്ചിരിക്കുകയാണ്. ടെക്‌നിക്‌സ് (Technics) കമ്പനിയുടെ പുതിയ വയര്‍ലെസ് ഹെഡ്‌ഫോണിന് 50 മണിക്കൂര്‍ ബാറ്ററി ലൈഫാണ് ലഭിക്കുന്നത്. പ്രമുഖ ചിപ് നിര്‍മാതാവായ എഎംഡി പറയുന്നത് തങ്ങളുടെ പുതിയ റൈസണ്‍ പ്രോസസറുകള്‍ക്ക് ലാപ്‌ടോപ്പുകളുടെ ബാറ്ററി ലൈഫ് 24 മണിക്കൂര്‍ വരെ ദീര്‍ഘിപ്പിക്കാന്‍ സാധിക്കുമെന്നാണ്. ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളും തങ്ങളുടെ വര്‍ധിച്ച ബാറ്ററി ശേഷി വിളംബരം ചെയ്തു തുടങ്ങിയിരിക്കുന്നു. മേഴ്‌സിഡീസിന്റെ വിഷന്‍ ഇക്യുക്‌സ് (Vision EQXX) മോഡലിന്റെ ആദിമരൂപത്തിന് (പ്രോട്ടോടൈപ്) 600 മൈലിലേറെ ഒറ്റ ചാര്‍ജില്‍ ഓടാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

 

∙ തള്ളാണോ എന്നു സംശയമുണ്ടെന്നും വാദം

 

അതേസമയം, ഈ ഉപകരണങ്ങളൊക്കെ വിപണിയിലെത്തി പരിശോധിച്ച ശേഷം മതി ആവേശമെന്ന് വാദിക്കുന്നവരും ഉണ്ട്. അടുത്ത തലമുറയിലെ ഉപകരണങ്ങളാണ് ബാറ്ററി ഉപയോഗ മികവുമായി എത്തുന്നത്. അവയിലൊന്നു പോലും ഇപ്പോള്‍ വാങ്ങി പരിശോധിക്കാന്‍ വിപണിയിൽ ഇല്ലെന്നതാണ് ഇങ്ങനെ പറയുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന കാര്യം. എന്നാല്‍, പുതിയ ബാറ്ററി ടെക്‌നോളജി വന്നു തുടങ്ങിയെന്ന് വിദഗ്ധരും സമ്മതിക്കുന്നു. അത്യന്തം മികവാര്‍ന്ന പ്രോസസറുകള്‍, അധികം ശക്തി വേണ്ടാത്ത മോഡുകള്‍, അതിനൂതന സിലിക്കന്‍ ആനോഡ് സാങ്കേതികവിദ്യ തുടങ്ങിയവയാണ് ഇതിനു പിന്നില്‍. എന്നാല്‍, പത്തു മടങ്ങ് വര്‍ധനയൊക്കെ സാധ്യമാണോ എന്ന കാര്യം പരീക്ഷിച്ചു തന്നെ അറിയേണ്ടിവരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പരമ്പരാഗത ലിതിയം-അയണ്‍ ബാറ്ററി സാങ്കേതികവിദ്യയ്ക്ക് പരിമിതികള്‍ ഉണ്ട്. അവയ്ക്ക് ഒരോ വര്‍ഷവും 10 ശതമനത്തോളം വര്‍ധന വരുത്താന്‍ കമ്പനികള്‍ക്ക് സാധിക്കുന്നുമുണ്ട്. എന്നാല്‍ അതിനപ്പുറം ഒറ്റയടിക്ക് വര്‍ധന കൊണ്ടുവരിക എന്നുപറയുന്നത് വിശ്വസനീയമാണോ എന്നാണ് ചോദ്യം. 

samsung

 

∙ ലൈഫ് സൈക്കിള്‍ കുറയും?

 

അതേസമയം, ബാറ്ററി സാങ്കേതികവിദ്യ മെച്ചപ്പെടുന്നു എന്നുതന്നെ വിശ്വസിക്കുന്നവരാണ് കൂടുതല്‍ ഗവേഷകരും. പക്ഷേ, അതിനൊരു മറുവശവും ഉണ്ടായിരിക്കാമത്രെ. പൊതുവെ ഉപകണങ്ങളുടെ ബാറ്ററികള്‍ നിര്‍മിക്കുന്നത് ഏകദേശം 500 ലൈഫ് സൈക്കിളുകള്‍ ലഭിക്കുന്ന രീതിയിലാണ്. ഏകദേശം രണ്ടുമൂന്നു വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലായിരിക്കും നിർമിച്ചിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യകള്‍ ഒരു പക്ഷേ കൂടുതല്‍ നേരത്തേക്ക് ബാറ്ററിയെ പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലായരിക്കാം വരിക. പക്ഷേ, ലൈഫ് സൈക്കിളുകളുടെ എണ്ണം കുറഞ്ഞേക്കുമെന്ന വാദവും ഉയരുന്നു. അതായത് കൂടുതല്‍ നേരത്തെ ബാറ്ററി മാറ്റേണ്ടി വന്നേക്കും. സിലിക്കന്‍-ആനോഡ് ബാറ്ററികളിലാണ് പലരും പ്രതീക്ഷ അര്‍പ്പിക്കുന്നത്. തങ്ങള്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ച് ഹൈപ്പര്‍എക്‌സ് ഒന്നും വിട്ടുപറയാന്‍ തയാറായില്ലെങ്കിലും അത് 300 മണിക്കൂര്‍ ഒറ്ററീച്ചാര്‍ജില്‍ പ്രവര്‍ത്തിപ്പിക്കാം എന്ന അവകാശവാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കമ്പനി. ആപ്പിളിന്റെ എം1 ചിപ്പുകള്‍ അടക്കമുള്ള പ്രോസസറുകളുടെ പ്രവര്‍ത്തനം, മികച്ച ബാറ്ററി പ്രകടനമുള്ള ഉപകരണങ്ങള്‍ വിപണിയിലെത്തുക തന്നെ ചെയ്യുമെന്ന സൂചന നല്‍കുന്നവയാണ്.

 

∙ മസ്‌കിന് സ്വാഗതം പറഞ്ഞ് നാല് സംസ്ഥാനങ്ങള്‍

 

ഇന്ത്യയില്‍ ബിസിനസ് നടത്താനുള്ള പ്രതിബന്ധങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഇറക്കുമതി ചുങ്കത്തെക്കുറിച്ച് ടെസ്‌ല കമ്പനി മേധാവി ഇലോണ്‍ മസ്‌ക് നടത്തിയ ട്വീറ്റിനു മറുപടിയായി നാലു സംസ്ഥാനങ്ങള്‍ കമ്പനിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. തെലങ്കാന മന്ത്രി കെ.ടി. രാമ റാവു ആണ് അദ്യം ടെസ്‌ലയുമായി സഹകരിക്കാമെന്നു പറഞ്ഞ് എത്തിയത്. മഹാരാഷ്ടയിലെ എന്‍സിപി മന്ത്രി ജയന്ത് പാട്ടീലിന്റെ ഊഴമായിരുന്നു അടുത്തത്. അധികം താമസിയാതെ പഞ്ചാബിലേക്ക് ടെസ്‌ലയെ സ്വാഗതം ചെയ്ത് സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ധുവും രംഗത്തെത്തി. തങ്ങളുടെ സംസ്ഥാനത്ത് നിര്‍മാണ യൂണിറ്റ് സ്ഥാപിക്കണമെന്നു പറഞ്ഞ് എത്തിയ മറ്റൊരു സ്റ്റേറ്റ് പശ്ചിമ ബംഗാള്‍ ആണ്. മന്ത്രി മുഹമ്മദ് ഗുലാം റബാനിയാണ് ബംഗാളിലേക്ക് കമ്പനിയെ സ്വാഗതം ചെയ്തത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

∙ രണ്ടു തവണ മടക്കാവുന്ന ലാപ്‌ടോപ്പിന് പേറ്റന്റ് അപേക്ഷ നല്‍കി സാംസങ്

 

സ്മാര്‍ട് ഫോണുകള്‍ക്കു വരുന്ന മാറ്റങ്ങളിലാണ് പൊതുവെ ജനശ്രദ്ധ. എന്നാല്‍, ലാപ്‌ടോപ്പുകള്‍ക്കും നൂതന ഡിസൈന്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് എന്ന് ലെറ്റ്‌സ്‌ഗോ ഡിജിറ്റല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സാംസങ് നല്‍കിയ പേറ്റന്റ് അപേക്ഷകള്‍ കണ്ട ശേഷമാണ് അവര്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. വളയ്ക്കാവുന്ന അല്ലെങ്കില്‍ മടക്കാവുന്ന സ്‌ക്രീനാണ് ഇതിന്റെ സവിശേഷത. അത്തരം ഒരു സ്‌ക്രീന്‍ അവതരിപ്പിക്കുക വഴി കൂടുതല്‍ എളുപ്പത്തില്‍ കൊണ്ടു നടക്കാവുന്ന ലാപ്‌ടോപ്പുകള്‍ പുറത്തിറക്കാനായിരിക്കും കമ്പനി ശ്രമിക്കുക. വേള്‍ഡ് ഇന്റല്ക്ച്വല്‍ പ്രൊപ്പര്‍ട്ടി ഓര്‍ഗനൈസേഷനിലാണ് സാംസങ് പേറ്റന്റ് അപേക്ഷ നല്‍കിയരിക്കുന്നത്. ഒന്നിലേറെ തവണ മടക്കാവുന്ന ഉപകരണം എന്ന വിവരണമാണ് നല്‍കിയിരിക്കുന്നത്. സ്‌ക്രീന്‍ തന്നെയും വളയ്ക്കാവുന്ന ലാപ്‌ടോപ്പാണ് വരുന്നതെന്നു കരുതുന്നു. താഴെയുള്ള ലോഹ നിര്‍മിത ഭാഗവും മടക്കാന്‍ സാധിച്ചേക്കും. ഇതൊരു പേറ്റന്റ് അപേക്ഷ മാത്രമായതിനാല്‍ ലാപ്‌ടോപ് പുറത്തിറങ്ങുമെന്ന് ഉറപ്പില്ലെന്നും പറയുന്നു.

 

∙ ഫെയ്‌സ്ബുക് 2 സ്മാര്‍ട് വാച്ചുകളും ഇറക്കിയേക്കുമെന്ന്

 

മെറ്റാവേഴ്‌സിലേക്ക് പ്രവേശിക്കാനുള്ള ഹെഡ്‌സെറ്റുകള്‍ക്കു പുറമെ, ഈ വര്‍ഷം മെറ്റാ കമ്പനി (ഫെയ്‌സ്ബുക്) രണ്ടു പുതിയ സ്മാര്‍ട് വാച്ചുകള്‍ കൂടി ഇറക്കാനുള്ള പുറപ്പാടിലാണ് എന്നാണ് ഫോണ്‍അരീനയുടെ റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാകുന്നത്. ഇവയ്ക്ക് ആപ്പിൾ വാച്ചിന് കനത്ത വെല്ലുവിളി ഉയര്‍ത്താനാകുമോ ഫെയ്‌സ്ബുക്കിന് എന്ന ചോദ്യമാണ് ഇപ്പോള്‍ ടെക്‌നോളജി പ്രേമികള്‍ ചോദിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ എആര്‍/വിആര്‍ ഹെഡ്‌സെറ്റുമായി ഒത്തു പ്രവര്‍ത്തിക്കാവുന്ന രീതിയിലായിരിക്കാം ഈ വെയറബ്ള്‍ ഉപകരണങ്ങളുടെ ഫീച്ചറുകളെന്നും വിശ്വസിക്കുന്നവരുണ്ട്.

 

English Summary: HyperX's new wireless gaming headset boasts a 300 hour battery life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com